ബി.ജെ.പിയെ ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തിക്കാന്‍ നരേന്ദ്ര മോദിക്കു സാധിച്ചിരിക്കുന്നു, മുമ്പുണ്ടായിരുന്നതിനെക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ. ഇനിയുള്ള 5 വര്‍ഷം ശരിക്കും മോദിരാജ്യമാണ്. തീര്‍ച്ചയായും ഇതു ചെറിയ കാര്യമല്ല. പക്ഷേ, മോദിക്ക് ഇതു നേടാന്‍ എങ്ങനെയാണ് സാധിച്ചത്? മാത്രമല്ല, രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എങ്ങനെയാണ് വെറും 52 സീറ്റിലൊതുങ്ങിയത്? ചോദ്യങ്ങള്‍ സ്വാഭാവികം. പക്ഷേ, ആ ചോദ്യങ്ങള്‍ക്കൊപ്പം ഉയര്‍ന്നുവരുന്ന സംശയങ്ങള്‍ പ്രശ്‌നമാണ്.
ഇന്ത്യ മാറുകയാണോ? എല്ലാവരെയും, എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന ബഹുസ്വര-മതനിരപേക്ഷ കാഴ്ചപ്പാട് ഉപേക്ഷിക്കുകയാണോ? ഈ ആശയത്തിന്റെ ഉപജ്ഞാതാക്കളായ മഹാത്മാ ഗാന്ധിക്കും ജവാഹര്‍ലാല്‍ നെഹ്രുവിനും രബീന്ദ്രനാഥ് ടാഗോറിനും മൗലാന അബ്ദുള്‍ കലാം ആസാദിനുമെല്ലാം സ്വീകാര്യത കുറയുകയാണോ? ഈ ആശയങ്ങള്‍ക്കായി നിലകൊള്ളുന്ന കോണ്‍ഗ്രസ്സിനുണ്ടായിക്കൊണ്ടിരിക്കുന്ന തിരിച്ചടി ജനങ്ങല്‍ക്കിടയിലെ ഈ നിലപാട് മാറ്റത്തിന്റെ പ്രതിഫലനമാണോ? പുറമേയ്ക്ക് നോക്കിയാല്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഇപ്പോഴുത്തരം ‘അതെ’ എന്നാണ്. പക്ഷേ, ആ ‘അതെ’ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതാണെങ്കിലോ?
വ്യക്തിപ്രഭാവമുള്ള നേതാവ് തന്നെയാണ് നരേന്ദ്ര മോദി, തര്‍ക്കമില്ല. തന്റെ ജോലി നന്നായി ചെയ്യാന്‍ അദ്ദേഹത്തിനറിയാം. വളരെ മികച്ചൊരു പ്രാസംഗികന്‍. പക്ഷേ, തന്റെ ലക്ഷ്യം നിറവേറ്റാന്‍ എതിരാളികള്‍ക്കു മേല്‍ വിഷം ചീറ്റാന്‍ ഒരു മടിയുമില്ല അദ്ദേഹത്തിന്. തന്റെ എതിര്‍പക്ഷത്തു നില്‍ക്കുന്ന ഇടതുപക്ഷം, സ്വതന്ത്ര ബുദ്ധിജീവികള്‍, തത്ത്വചിന്തകര്‍ എന്നിവര്‍ക്കെല്ലാമെതിരെ രാഷ്ട്രീയപരമായ വെറുപ്പും വിദ്വേഷവും പടര്‍ത്താന്‍ മോദി അല്പം പോലും അമാന്തിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പഴയകാല ബി.ജെ.പി. നേതാക്കളായ അടല്‍ ബിഹാരി വാജ്‌പേയിയെപ്പോലുള്ളവര്‍ക്ക് മോദിയോട് മത്സരിക്കാനാവില്ല. എന്തിനേറെ പറയുന്നു, അയോദ്ധ്യ രഥയാത്രയിലൂടെ രാജ്യത്തെ വര്‍ഗ്ഗീയ ധ്രുവീകരണത്തിനും ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കും വിത്തുപാകിയ ലാല്‍ കൃഷ്ണ അദ്വാനി പോലും വെറുപ്പിന്റെ പ്രചാരണത്തില്‍ നരേന്ദ്ര മോദിക്കു മുന്നില്‍ ബിഗ് സീറോയാണ്.
ദേശീയതയായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന പ്രചാരണ വിഷയം. മറ്റെല്ലാം മറച്ചുപിടിക്കാന്‍ വളരെ ആസൂത്രിതമായി അവര്‍ ദേശീയതയെ ഉപയോഗിച്ചു. പുല്‍വാമയിലെ ഭീകരാക്രമണവും അതിനു ശേഷം പാകിസ്താനില്‍ നടത്തിയ മിന്നലാക്രമണവും -അതു വിജയിച്ചോ ഇല്ലയോ എന്ന ചര്‍ച്ച ഇപ്പോഴും നടക്കുന്നേയുള്ളൂ -ബി.ജെ.പി. നന്നായി വിപണനം ചെയ്തു. ഇതിന്റെ ഭാഗമായി യുദ്ധവെറിയും തീവ്രദേശീയതയും അവര്‍ പ്രോത്സാഹിപ്പിച്ചു. നരേന്ദ്ര മോദി തന്നെ ഇതിന്റെ മുന്നില്‍ നിന്നു, വളരെ വിദഗ്ദ്ധമായി നയിച്ചു.
2014നെ അപേക്ഷിച്ച് മോദി വ്യത്യസ്തനാവുന്നത് ഇവിടെയാണ്. വാഗ്ദാനങ്ങളുടെ പെരുമഴ തന്നെ 2014ല്‍ മോദി സൃഷ്ടിച്ചു. മികച്ച വിപണി ഇടപെടല്‍, ചുവപ്പുനാടയും അഴിമതിയുമില്ലാത്ത ഭരണം, ഇഷ്ടം പോലെ തൊഴിലവസരങ്ങള്‍, സാമ്പത്തിക വികാസത്തിന്റെ നേട്ടങ്ങളുടെ പങ്കിടല്‍, ആരോഗ്യ -വിദ്യാഭ്യാസ മേഖലകളിലെ വികാസം എന്നിവയെല്ലാമായിരുന്നു വാഗ്ദാനങ്ങള്‍. ഇതെല്ലാം ജനങ്ങള്‍ സ്വീകരിച്ചതിന്റെ ഫലമായിരുന്നു ആദ്യവിജയം. 2019ല്‍ ഇതെക്കുറിച്ചൊന്നും മോദി മിണ്ടിയതേയില്ല. കാരണം, വാഗ്ദാനങ്ങള്‍ പാലിച്ചതിനെപ്പറ്റി കാര്യമായി അവകാശപ്പെടാന്‍ ഒന്നുമില്ലാത്തതുകൊണ്ടു തന്നെ.
രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. സാമ്പത്തികവളര്‍ച്ചയും പാളി. ഇതിന്റെ ഫലമായി പ്രാഥമികാരോഗ്യ രംഗം പോലെ ജനങ്ങള്‍ക്കായുള്ള അത്യാവശ്യ സേവനങ്ങള്‍ തീര്‍ത്തും അവഗണിക്കപ്പെട്ട നിലയിലാണ്. ചുവപ്പുനാടയും അഴിമതിയും ഇല്ലാതായതിന്റെ പ്രകടമായ ലക്ഷണങ്ങളൊന്നും കണ്ടില്ലെന്നു മാത്രമല്ല നോട്ടുനിരോധനവും റഫാല്‍ ഇടപാടുമെല്ലാം വലിയ തിരിച്ചടിയാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വഴി മാറ്റിപ്പിടിച്ച മോദി ജനങ്ങളുടെ മനസ്സില്‍ ഭീതി വളര്‍ത്താനും അതു മുതലെടുക്കാനുമാണ് ശ്രമിച്ചത്. ഭീകരതയെക്കുറിച്ച്, പാകിസ്താന്‍ നടത്താന്‍ സാദ്ധ്യതയുള്ള അട്ടിമറികളെക്കുറിച്ച്, സമൂഹജീവിതത്തില്‍ നുഴഞ്ഞുകയറിയ വിധ്വംസക ശക്തികള്‍ നടത്താനിടയുള്ള ക്രൂരകൃത്യങ്ങളെക്കുറിച്ച് ഒക്കെ പറഞ്ഞ് മോദി ഇന്ത്യക്കാരെ പേടിപ്പിച്ചു. ആ പേടി ഒഴിവാക്കാന്‍ തനിക്കു മാത്രമാണ് ശേഷിയുള്ളതെന്നു പറഞ്ഞു. ജനം വിശ്വസിച്ചു. മോദിയെ വിജയിപ്പിച്ചു.
1982ലെ ഫാക്ക്‌ലാന്‍ഡ്‌സ് യുദ്ധം ബ്രിട്ടനില്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിനു ഗുണമായതു പോലെ അതിര്‍ത്തിയില്‍ പാകിസ്താനുമായുള്ള സംഘര്‍ഷം ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഗുണമായി. പക്ഷേ, മാര്‍ഗരറ്റ് താച്ചറെ പിന്തുണച്ചവരില്‍ എല്ലാ വിഭാഗം ബ്രിട്ടീഷുകാരും ഉണ്ടായിരുന്നു. മോദിയെ പിന്തുണയ്ക്കുന്നത് ഭൂരിപക്ഷ ഹിന്ദു സമുദായം മാത്രമാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസമാര്‍ജ്ജിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സാധിക്കുമെന്നു തോന്നുന്നുമില്ല. ഇന്ത്യക്കാരില്‍ 20 കോടിയോളം മുസ്ലിങ്ങളുണ്ടെന്നാണ് കണക്ക് -മൊത്ത ജനതയുടെ 14 ശതമാനം. രാജ്യത്തിന്റെ ഭരണം നേടിയ ബി.ജെ.പിക്ക് ഈ ഗണത്തില്‍ എത്ര പേരുടെ വിശ്വാസം ആര്‍ജ്ജിക്കാനായി എന്ന ചോദ്യമുണ്ട്. എന്തായാലും 2014നു ശേഷം ഇന്ത്യ മതപരമായി ഏറെ ഭിന്നിപ്പിക്കപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷങ്ങളുടെ -വിശേഷിച്ചും മുസ്ലിങ്ങളുടെ -ജീവിതം ഇവിടെ അങ്ങേയറ്റം ദുസ്സഹമായിരിക്കുന്നു.
പ്രചാരണത്തില്‍ വ്യക്തിപ്രഭാവം മാത്രമല്ല മോദി ഉപയോഗിച്ചത്. പണത്തിന്റെ കുത്തൊഴുക്കായിരുന്നു. കോണ്‍ഗ്രസ്സടക്കമുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കൂടി ചെലവഴിച്ചതിന്റെ എത്രയോ ഇരട്ടി പണം തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ബി.ജെ.പി. ഒഴുക്കിവിട്ടു. ഇതിനു പുറമെയാണ് മാധ്യമങ്ങളില്‍ ബി.ജെ.പിക്കു ലഭിച്ച അമിതപ്രാധാന്യം. സ്വകാര്യ ചാനലുകളുടെ കാര്യം പറഞ്ഞിട്ടു കാര്യമില്ല, പക്ഷേ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശന്റെ കാര്യം പറഞ്ഞേ പറ്റൂ. തിരഞ്ഞെടുപ്പ് കാലത്ത് ഭരണകക്ഷിയായ ബി.ജെ.പിക്ക് ലഭിച്ചതിന്റെ പകുതി സമയം പോലും പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സിന് ദൂരദര്‍ശന്‍ അനുവദിച്ചിട്ടില്ല.
ഇതിനെല്ലാമപ്പുറമാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ നടത്തിയ തിരിമറികളെക്കുറിച്ചുള്ള സംശയങ്ങള്‍. ആദ്യമുണ്ടായിരുന്നത് സംശയം മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഓരോ ദിവസവും പുതിയ പുതിയ തെളിവുകള്‍ തന്നെ പുറത്തുവരികയാണ്. ഉത്തരേന്ത്യയിലെ സ്‌ട്രോങ് റൂമുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി അട്ടിമറി നടത്താന്‍ ബി.ജെ.പിക്കാര്‍ ശ്രമിക്കുന്നത് നാട്ടുകാര്‍ പിടികൂടിയതിന്റെ വീഡിയോയും ഫോട്ടോയും നമ്മളെല്ലാം കണ്ടുകഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈയിലിരുന്ന വോട്ടിങ് യന്ത്രം എങ്ങനെ ബി.ജെ.പിക്കാരുടെ കൈയിലെത്തിയെന്ന സംശയം തോന്നാം. ഈ സംശയത്തിനു മറുപടി ബോംബെ ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ നല്‍കിയൊരു സത്യവാങ്മൂലമുണ്ട് -19 ലക്ഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ കാണാതെ പോയെന്നും അത് എവിടെപ്പോയെന്ന് അറിയില്ലായെന്നും.
ഈ 19 ലക്ഷത്തിന്റെ കണക്ക് വ്യക്തമായി പറയേണ്ടതുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (ഭെല്‍) ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡുമാണ് (ഇസില്‍) വോട്ടിങ് യന്ത്രം നിര്‍മ്മിക്കുന്നത്. 2015 വരെ ഭെല്‍ തയ്യാറാക്കിയത് 19,69,932 വോട്ടിങ് യന്ത്രങ്ങളാണ്. എന്നാല്‍ കമ്മീഷന്റെ കണക്കുപ്രകാരം 10,14,644 യന്ത്രങ്ങളേയുള്ളൂ. 2018 വരെ ഇസില്‍ നിര്‍മ്മിച്ചത് 19,44,593 വോട്ടിങ് യന്ത്രങ്ങളാണ്. എന്നാല്‍, കമ്മീഷനിലെത്തിയത് 10,05,662 യന്ത്രങ്ങള്‍ മാത്രം. ഭെല്‍ നിര്‍മ്മിച്ച 9,64,270 യന്ത്രങ്ങളും ഇസില്‍ നിര്‍മ്മിച്ച 9,29,949 യന്ത്രങ്ങളും കാണ്‍മാനില്ല. ഇതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുംബൈ ഹൈക്കോടതിയില്‍ പറഞ്ഞ 19 ലക്ഷത്തിന്റെ കണക്ക്. കൃത്യമായി പറഞ്ഞാല്‍ 18,94,219 യന്ത്രങ്ങള്‍ കാണാനില്ല.
കാണാതായതിന്റെ ഉത്തരവാദിത്വം ബി.ജെ.പിക്കാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. ഭരണസ്വാധീനമില്ലാതെ ഈ മേഖലയില്‍ തിരിമറികള്‍ ഒന്നും നടക്കില്ല എന്നതിനാലാണ് ബി.ജെ.പിയിലേക്ക് സംശയം നീളുന്നത്. ഉദാഹരണത്തിന്, മോദി ഭരണത്തിന്റെ ആദ്യ വര്‍ഷമായ 2014-15ല്‍ 62,183 വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയെന്ന് ഭെല്‍ പറയുമ്പോള്‍ തങ്ങള്‍ക്കൊന്നും കിട്ടിയിട്ടില്ലെന്നാണ് കമ്മീഷന്റെ വാദം. എന്നാല്‍, നിര്‍മ്മിച്ച യന്ത്രങ്ങള്‍ക്കു മുഴുവന്‍ തങ്ങള്‍ക്ക് വില ലഭിച്ചിട്ടുണ്ടെന്ന് ഭെല്‍. തിരഞ്ഞെടുപ്പ് കമ്മീഷനിലെ കണക്കുകള്‍ പ്രകാരം ഭെല്ലിന് നല്‍കിയിട്ടുള്ളത് 5,36,01,75,485 രൂപയാണ്. എന്നാല്‍, ഭെല്ലിലെ കണക്കുപ്രകാരം വോട്ടിങ് യന്ത്രങ്ങള്‍ക്ക് വിലയായി 6,52,56,44,000 രൂപ കിട്ടിയിട്ടുണ്ട്. അപ്പോള്‍പ്പിന്നെ 1,16,54,68,515 രൂപ കൊടുത്ത് ഈ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ മുഴുവന്‍ വാങ്ങിയതാരാണ് എന്ന ചോദ്യം അവശേഷിക്കുന്നു?
ഇത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ മാറ്റാന്‍ ശ്രമിച്ചതിന്റെ കഥ. വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നതിന്റെ തെളിവുകളും ഇപ്പോള്‍ പുറത്തുവരുന്നു. മോദിക്കനുകൂലമായി വലിയ തരംഗമൊന്നും ഉണ്ടായിരുന്നില്ല എന്ന് ഫലപ്രഖ്യാപനത്തിനു മുമ്പു വരെ എല്ലാവരും അംഗീകരിച്ചിരുന്ന കാര്യമാണ്. ഭരണവിരുദ്ധ വികാരവുമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി പങ്കെടുത്ത തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പതിനായിരങ്ങള്‍ തടിച്ചുകൂടുകയും നരേന്ദ്ര മോദി പങ്കെടുത്ത യോഗങ്ങളില്‍ ഒഴിഞ്ഞ കസേരകള്‍ പ്രകടമാവുകയും ചെയ്ത മണ്ഡലങ്ങളില്‍ പോലും ബി.ജെ.പി. വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിരിക്കുന്നു. വോട്ടിങ് യന്ത്രത്തില്‍ ഭരണകക്ഷിക്കനുകൂലമായി വോട്ട് പെറ്റുപെരുകിയോ എന്ന സംശയം സ്വാഭാവികം.
കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമാണ്. കര്‍ഷകര്‍ക്കു വേണ്ടി മോദി സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തിട്ടില്ല. അതിനാല്‍ത്തന്നെ കര്‍ഷകര്‍ക്കിടയില്‍ ഹിന്ദുത്വ ഓടില്ല. അവര്‍ നിശ്ശബ്ദരായി പോയി മോദിക്കെതിരെ വോട്ട് ചെയ്യും. തങ്ങളുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ കര്‍ഷകര്‍ പിന്തുണച്ചിരിക്കാന്‍ സാദ്ധ്യതയുണ്ട്. പക്ഷേ, വോട്ടിങ് യന്ത്രത്തില്‍ ആ വോട്ടുകള്‍ കാണാനില്ല. ന്യൂനപക്ഷങ്ങള്‍ക്കു മുന്നില്‍ ആര്‍.എസ്.എസ്സിന്റെ ഭീകരമുഖം എത്രയോ തവണ പ്രകടമായതാണ്. അവരില്‍ 99 ശതമാനവും ബി.ജെ.പിക്കെതിരെ വോട്ടു ചെയ്യുമെന്നുറപ്പ്. ആ വോട്ടുകളും വോട്ടിങ് യന്ത്രത്തില്‍ കാണാനില്ല. നോട്ടുനിരോധനത്തിന്റെ അനന്തരഫലമായി ജീവനോപാധിയും വരുമാനം നഷ്ടപ്പെട്ട മധ്യ-ചെറുകിട വ്യവസായികളും കച്ചവടക്കാരും മോദിക്കെതിരെ ചെയ്ത വോട്ടുകളും കാണാനില്ല.
വോട്ടെടുപ്പിലെയും വോട്ടെണ്ണലിലെയും പൊരുത്തക്കേടുകള്‍ സംബന്ധിച്ച തെളിവുകള്‍ പലതും പുറത്തുവന്നിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനത്തിലാണ്. ഒരു വിശദീകരണവുമില്ല, ന്യായീകരണവുമില്ല. ചിലയിടത്തെല്ലാം ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എണ്ണി. ചിലയിടത്ത് ചെയ്ത വോട്ടുകള്‍ കാണാതായി.
ബിഹാറിലെ ജഹാനാബാദ്
ആകെ വോട്ട് 15,75,018
പോളിങ് ശതമാനം 53.67
പോള്‍ ചെയ്തത് 8,45,312
എണ്ണിയ വോട്ട് 8,22,233
കുറഞ്ഞ വോട്ട് 23,079
ജെ.ഡി.യുവിന്റെ ചന്ദേശ്വര്‍ പ്രസാദ് ആര്‍.ജെ.ഡിയുടെ സുരേന്ദ്ര പ്രസാദ് യാദവിനെ തോല്പിച്ചത് വെറും 1,751 വോട്ടുകള്‍ക്ക്.
ബിഹാറിലെ പട്‌നാ സാഹിബ്
ആകെ വോട്ട് 21,36,800
പോളിങ് ശതമാനം 43.10
പോള്‍ ചെയ്തത് 9,20,961
എണ്ണിയ വോട്ട് 9,82,939
അധിക വോട്ട് 61,978
ബി.ജെ.പിയുടെ രവിശങ്കര്‍ പ്രസാദ് കോണ്‍ഗ്രസ്സിന്റെ ശത്രുഘന്‍ സിന്‍ഹയെ തോല്പിച്ചത് 2,84,657 വോട്ടുകള്‍ക്ക്
ബിഹാറിലെ ബെഗുസരായ്
ആകെ വോട്ട് 19,42,769
പോളിങ് ശതമാനം 62.32
പോള്‍ ചെയ്തത് 12,10,734
എണ്ണിയ വോട്ട് 12,26,503
അധിക വോട്ട് 15,769
ബി.ജെ.പിയുടെ ഗിരിരാജ് സിങ് സി.പി.ഐയുടെ കനയ്യ കുമാറിനെ മറികടന്നത് 4,22,217 വോട്ടുകള്‍ക്ക്
ഉത്തര്‍ പ്രദേശിലെ ബദൗന്‍
ആകെ വോട്ട് 18,90,129
പോളിങ് ശതമാനം 56.70
പോള്‍ ചെയ്തത് 10,71,744
എണ്ണിയ വോട്ട് 10,81,108
അധിക വോട്ട് 9,364
ബി.ജെ.പിയുടെ ഡോ.സംഘമിത്ര മൗര്യ എസ്.പിയുടെ ധര്‍മ്മേന്ദ്ര യാദവിനെ തോല്പിച്ചത് 18,454 വോട്ടുകള്‍ക്ക്
ഉത്തര്‍ പ്രദേശിലെ ഫറൂഖാബാദ്
ആകെ വോട്ട് 17,03,926
പോളിങ് ശതമാനം 58.72
പോള്‍ ചെയ്തത് 10,00,563
എണ്ണിയ വോട്ട് 10,02,953
അധിക വോട്ട് 2,390
ബി.ജെ.പിയുടെ മുകേഷ് രാജ്പുത് ബി.എസ്.പിയുടെ മനോജ് അഗര്‍വാളിനെ തോല്പിച്ചത് 2,21,702 വോട്ടുകള്‍ക്ക്
പലയിടത്തും ഫലത്തെ തന്നെ സ്വാധീനിക്കും വിധമാണ് കണക്കിലെ വ്യതിയാനം. ഉദാഹരണത്തിന് ജഹാനാബാദിലെ വിജയമാര്‍ജിന് വെറും 1,751 വോട്ടായിരിക്കുമ്പോഴാണ് 23,079 വോട്ടുകള്‍ കാണാതായിരിക്കുന്നത്.
ബൂത്ത് പിടിത്തം ഇല്ലാതാക്കാമെന്നും കള്ള വോട്ട് ഒരു പരിധി വരെ തടയാണെന്നും പറഞ്ഞാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ പിന്തുണയ്ക്കുന്നത്. ബൂത്ത് പിടിത്തം എന്നത് ഒരു ലോക്‌സഭാ മണ്ഡലത്തിലാകെ നടക്കുന്ന പ്രതിഭാസമല്ല. ഒറ്റപ്പെട്ട മേഖലകളില്‍ മാത്രമാണ് അതുണ്ടാവുക. അല്ലാതെ ഒരു ലോക്‌സഭാ മണ്ഡലത്തിന്റെ ഫലമാകെ ഒറ്റയടിക്ക് അട്ടിമറിക്കാന്‍ ബൂത്ത് പിടിത്തം കൊണ്ട് സാധിക്കാറില്ല. വോട്ടിങ് യന്ത്രത്തിലെ തിരമറിയിലൂടെ സാദ്ധ്യമാകുന്നത് അതാണ് -ഒരു ലോക്‌സഭാ മണ്ഡലത്തിലെ ഫലമാകെ അട്ടിമറിക്കുക. ദേശവ്യാപകമായി ജനഹിതം അട്ടിമറിക്കാന്‍ ഇതു വഴി സാധിക്കുമെന്ന സ്ഥിതി വരുന്നു.
രാജ്യത്ത് കാണാതായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ കോടതിയില്‍ സമ്മതിച്ചിട്ടുള്ള 18,94,219 യന്ത്രങ്ങള്‍ പ്രസക്തമാവുന്നത് ഇവിടെയാണ്. യഥാര്‍ത്ഥത്തില്‍ വോട്ട് രേഖപ്പെടുത്തപ്പെട്ട യന്ത്രങ്ങള്‍ മാറ്റി ഇവ സ്ഥാപിച്ചിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഉത്തരേന്ത്യയില്‍ വോട്ടിങ് യന്ത്രങ്ങള്‍ മാറ്റാനുള്ള ശ്രമങ്ങള്‍ നാട്ടുകാര്‍ പിടികൂടിയത് ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. ഇതില്‍ അല്പം റിസ്‌കുണ്ട്. എങ്കിലും തിണ്ണമിടുക്കുള്ളവര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാവില്ല. എന്നാല്‍, ഇതിലും എളുപ്പമാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാന്‍ അഥവാ അതിന്റെ സങ്കേതത്തില്‍ നുഴഞ്ഞുകയറി ഇഷ്ടാനുസരണം പ്രവര്‍ത്തിപ്പിക്കാന്‍. പല മണ്ഡലങ്ങളിലും വിജയികള്‍ക്കു ലഭിച്ച അഭൂതപൂര്‍വ്വമായ ഭൂരിപക്ഷം ഇത്തരമൊരു സാദ്ധ്യത വിശ്വസിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു.
ബി.ജെ.പിക്കാര്‍ ഇപ്പോള്‍ ഏറ്റവും വെറുക്കുന്ന വാക്കാണ് ഹാക്കിങ്! ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ ഒരു വഴിയുമില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം അവര്‍ അതേപടി ആവര്‍ത്തിക്കുന്നു. അതിനു കാരണമായി അവര്‍ പറയുന്നത് വോട്ടിങ് യന്ത്രങ്ങള്‍ വിദൂരനിയന്ത്രിതമല്ല എന്നാണ്. വോട്ടിങ് യന്ത്രത്തില്‍ ഇന്റര്‍നെറ്റോ മറ്റു വിധത്തിലുള്ള വയര്‍ലെസ് ആശയവിനിമയ സംവിധാനങ്ങളോ ഇല്ല എന്നു മാത്രമല്ല ഇത് റിമോട്ട് കണ്‍ട്രോളിനാല്‍ നിയന്ത്രിക്കപ്പെടുന്നുമില്ല. അതാണ് സുരക്ഷയ്ക്ക് നിദാനം. എന്നാല്‍, ഇവര്‍ മനസ്സിലാക്കാത്തതോ, മനസ്സിലാക്കിയിട്ടും മറച്ചുവെയ്ക്കുന്നതോ ആയ വേറൊരു വഴിയുണ്ട് ഹാക്കിങ്ങിന്. അതാണ് പ്രോഗ്രാമിങ്.
വോട്ടിങ് യന്ത്രത്തിനകത്ത് ഒരു പ്രോഗാമുണ്ട്. ആ പ്രോഗ്രാമിന് ഒരു ഭാഷയുണ്ട്. ഈ പ്രോഗ്രാമിങ് ലാംഗ്വേജില്‍ തിരിമറി നടത്തി അനായാസം അട്ടിമറി നടത്താം. യന്ത്രത്തിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ ഇതു ചെയ്യുകയോ, യഥാര്‍ത്ഥ യന്ത്രത്തിനു പകരം പ്രോഗ്രാമില്‍ മാറ്റം വരുത്തിയ യന്ത്രം മാറ്റിവെയ്ക്കുകയോ ആവാം. പ്രോഗ്രാമില്‍ മാറ്റം വരുത്തിയ യന്ത്രത്തിലെ തട്ടിപ്പ് വിവിധ പാര്‍ട്ടി ഏജന്റുമാരുടെ മുന്നില്‍ നടക്കുന്ന മോക്ക് പോളില്‍ കാണില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ഒരു നിശ്ചിത ശതമാനം വോട്ടുകള്‍ പോള്‍ ചെയ്ത ശേഷമായിരിക്കും യന്ത്രത്തിലെ തിരിമറി പ്രാവര്‍ത്തികമാവുക. പിന്നെ പോള്‍ ചെയ്യുന്ന വോട്ടുകളിലെ ഒരു നിശ്ചിത ശതമാനം ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തില്‍ വീഴുന്ന വിധത്തിലായിരിക്കും പ്രോഗ്രാമിങ് ഭാഷ. ഒരു യന്ത്രത്തിലെ മുഴുവന്‍ വോട്ടുകളും ഒരു സ്ഥാനാര്‍ത്ഥിക്കു വീണാല്‍ വിശ്വാസ്യത പോകുമല്ലോ. അതിനാല്‍ സൗകര്യാനുസരണം 70-30, 65-35, 60-40 തുടങ്ങിയ അനുപാതത്തിലായിരിക്കും സാധാരണ തിരിമറി.
പ്രോഗ്രാമിങ് ഭാഷ ഉപയോഗിച്ചുള്ള അട്ടിമറി ചെയ്തു കാണിക്കാന്‍ തയ്യാറാണെന്ന അവകാശവാദവുമായി പ്രോഗ്രാമര്‍മാര്‍ രംഗത്തു വന്നിട്ടുണ്ട്. പക്ഷേ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചില്ല. ഇപ്പോള്‍ ബി.ജെ.പിയും സമ്മതിക്കുന്നില്ല. ഓരോ മണ്ഡലത്തിലെയും ഒരു നിശ്ചിത എണ്ണം വോട്ടിങ് യന്ത്രത്തില്‍ നടത്തുന്ന തിരിമറിയിലൂടെ തന്നെ ഫലം അനായാസം അട്ടിമറിക്കാനാവും. ഇത്തരത്തില്‍ എന്തോ തിരിമറിയുടെ ഫലമായി തന്നെയാണ് ഒട്ടേറെ മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ വലിയ അന്തരം വന്നതെന്ന് ന്യായമായും സംശയിക്കാം. ഇത്തരം തിരിമറികള്‍ക്കുള്ള സാദ്ധ്യത മനസ്സിലാക്കിയാണ് ഇന്ത്യയുടെ എത്രയോ ഇരട്ടി സാങ്കേതികവളര്‍ച്ച പ്രാപിച്ച അമേരിക്ക പോലുള്ള രാഷ്ട്രങ്ങള്‍ ഇപ്പോഴും ബാലറ്റ് പേപ്പറില്‍ തന്നെ കടിച്ചുതൂങ്ങുന്നത്.
അമേരിക്കയില്‍ തിരഞ്ഞെടുപ്പ് അട്ടിമറി നടക്കുന്നില്ലേ എന്നു ചോദിച്ചേക്കാം. തീര്‍ച്ചയായും ഉണ്ട്. 2000ലെ തിരഞ്ഞെടുപ്പില്‍ അല്‍ ഗോറിനെതിരെ ഫ്‌ളോറിഡയിലെ ഫലം അട്ടിമറിച്ച് ജോര്‍ജ്ജ് ബുഷ് പ്രസിഡന്റായതും 2016ലെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തില്‍ റഷ്യന്‍ ഇടപെടല്‍ ആരോപിക്കപ്പെടുന്നതുമെല്ലാം സമീപകാല ഉദാഹരണങ്ങള്‍. പക്ഷേ, അവിടെ ഫലം അട്ടിമറിച്ചതായി പറയുമ്പോഴും ബാലറ്റ് പേപ്പറില്‍ തിരിമറി നടത്തിയതായി പറയുന്നില്ല. അവിടെ അട്ടിമറിയെല്ലാം ജനഹിതത്തെ മുന്‍കൂര്‍ സ്വാധീനിക്കുന്ന രീതിയിലോ ജനഹിതം ദുര്‍വ്യാഖ്യാനം ചെയ്യുന്ന വിധത്തിലോ ആയിരുന്നു. ഇവിടെ ആക്ഷേപമുയര്‍ന്നിരിക്കുന്നത് അങ്ങനെയല്ല.
ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസമായിരുന്നു. 1990കളില്‍ ടി.എന്‍.ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായതോടെ ഈ സംവിധാനത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന് ഇത്രമാത്രം അധികാരങ്ങളുണ്ടെന്ന് ജനങ്ങള്‍ മനസ്സിലാക്കിയത് ശേഷന്‍ വന്നതോടെയാണ്. എന്നാല്‍, 2019ലെ തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം ഈ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത വലിയൊരളവു വരെ നഷ്ടമായിരിക്കുന്നു എന്നതാണ്. അതിന്റെ പ്രധാന ഉത്തരവാദി മറ്റാരുമല്ല, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ. കമ്മീഷന്റെ നിഷ്പക്ഷത സംബന്ധിച്ച് ഗുരുതരമായ സംശയങ്ങളുയരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷായും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതു സംബന്ധിച്ച പരാതി പലവട്ടം തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ വന്നിരുന്നു. പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ആരും പറയുന്ന പരാതികളിലെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്കും ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കി. പരാതികള്‍ പരിഗണിച്ചതു തന്നെ സുപ്രീം കോടതിയുടെ ഇടപെടലിന് ശേഷമായിരുന്നു. അതേസമയം രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പരാതി വന്നാല്‍ തത്സമയ നടപടിയായിരുന്നു കമ്മീഷന്റെ രീതി! നരേന്ദ്ര മോദിക്കെതിരായ പരാതികളില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയും കമ്മീഷണര്‍ സുശീല്‍ ചന്ദ്രയും ചേര്‍ന്നെടുത്ത തീരുമാനത്തോട് മറ്റൊരു കമ്മീഷണറായ അശോക് ലവാസ വിയോജിച്ചിരുന്നു. എന്നാല്‍ ആ വിയോജിപ്പ് രേഖപ്പെടുത്തപ്പെട്ടില്ല. ലവാസയുടെ വിയോജിപ്പ് സംബന്ധിച്ച വിവരം ഏറ്റവും ഒടുവിലാണ് പുറത്തുവന്നത്. അതിനാല്‍ത്തന്നെ തിരഞ്ഞെടുപ്പ് വേളയില്‍ അതു ചര്‍ച്ചയാവാതെ പോയി.
രാജ്യത്തെ തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ആ കമ്മീഷന്റെ വിശ്വാസ്യതയും സംശയത്തിന്റെ നിഴലിലാക്കിയാണ് മോദിരാജ്യം രണ്ടാം ഭാഗം അരങ്ങേറുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജാതകം തപ്പി നടക്കുകയാണ് ജനങ്ങളിപ്പോള്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയും കമ്മീഷണര്‍ അശോക് ലവാസയും വിരമിച്ച ഐ.എ.എസ്. ഓഫീസര്‍മാരാണ്. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി.റാവത്തിനു കീഴില്‍ ഇവര്‍ ഇരുവരും കമ്മീഷണര്‍മാരായിരുന്നു. റാവത്ത് വിരമിച്ചപ്പോള്‍ ഇവര്‍ക്കൊപ്പം ചേര്‍ന്ന മൂന്നാമനായ സുശീല്‍ ചന്ദ്ര ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥനാണ്. ഐ.ആര്‍.എസ്സില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലെത്തുന്ന രണ്ടാമത്തെ മാത്രം ഉദ്യോഗസ്ഥനാണിദ്ദേഹം.
കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് 2017ല്‍ റെയ്ഡ് നടത്തുകയും അവിടെ നിന്ന് ബി.ജെ.പി. നേതാവ് യെദ്യൂരപ്പയുടെ അഴിമതി ഡയറിയുടെ പകര്‍പ്പുകള്‍ കണ്ടെത്തുകയും ചെയ്യുമ്പോള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസില്‍ ഡയറക്ടറായിരുന്നു ചന്ദ്ര. ബി.ജെ.പിയുടെ ഒട്ടു മിക്ക നേതാക്കളുടെയും പേരുണ്ടായിരുന്ന ആ അഴിമതി ഡയറിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നില്ല. നടത്തിയില്ല എന്നു പറയുന്നതാവും ശരി. അന്ന് അന്വേഷണം നടത്താതിരുന്ന സുശീല്‍ ചന്ദ്ര പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷണറാവുന്നത് രാജ്യം കണ്ടു. ഈ മെയ് മാസത്തില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കാനിരിക്കവേയാണ് അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കി മോദി സര്‍ക്കാര്‍ നിയമിച്ചത്.
തങ്ങള്‍ക്കിഷ്ടമുള്ളയാളെ കേന്ദ്ര സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മീഷണറാക്കാം എന്നതാണ് നിലവിലുള്ള രീതി. പ്രതിപക്ഷ നേതാവിനെയും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ പങ്കാളിയാക്കണമെന്ന് ഇടയ്ക്ക് നിര്‍ദ്ദേശം വന്നിരുന്നുവെങ്കിലും പ്രാവര്‍ത്തികമായില്ല. ഇപ്പോള്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്നു, രാഷ്ട്രപതി അംഗീകരിക്കുന്നു. നേരത്തേയും നിയമനം ഇങ്ങനെ തന്നെ ആയിരുന്നുവെങ്കിലും പൊതുവെ നിഷ്പക്ഷരെന്നു വിലയിരുത്തപ്പെടുന്ന ഉദ്യോഗസ്ഥരാണ് കമ്മീഷണര്‍മാരായി വന്നിരുന്നത്. കുറഞ്ഞ പക്ഷം പുറമേക്കെങ്കിലും നിഷ്പക്ഷരാണെന്നു ബോധിപ്പിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സുശീല്‍ ചന്ദ്രയുടെ കാര്യത്തില്‍ സംഭവിച്ചതു പോലെ ഇപ്പോള്‍ അങ്ങനെയല്ല.
നരേന്ദ്ര മോദി നിയോഗിച്ച കമ്മീഷണര്‍ നരേന്ദ്ര മോദിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നതു തന്നെ അല്പം കടന്നതായിപ്പോവില്ലേ? അതിനാല്‍ത്തന്നെ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടിനെക്കുറിച്ചുള്ള മുറവിളിയും വെറും വനരോദനമായി അവസാനിക്കുകയേയുള്ളൂ. പക്ഷേ, പറയാതിരിക്കാന്‍ നമുക്കാവില്ല. അതിനാല്‍ പറഞ്ഞുകൊണ്ടു തന്നെയിരിക്കണം.