മലയോളം ആഗ്രഹിച്ചാൽ മാത്രമേ കുന്നോളം കിട്ടുകയുള്ളൂ എന്നാണ് പഴംചൊല്ല്. പഴംചൊല്ലിൽ പതിരില്ല എന്നും ചൊല്ലുണ്ട്. എന്നാൽ, മലയോളം ആഗ്രഹിച്ച് കഠിനമായി അദ്ധ്വാനിച്ച് വൻമല കീഴടക്കിയ ഒരു കൂട്ടുകാരൻ എനിക്കുണ്ട് -ആർ.എസ്.വിമൽ.
‘എന്നു നിന്റെ മൊയ്തീൻ’ ഒരു ചെറിയ ചിത്രമല്ല. വലിയ ക്യാൻവാസിലുള്ള വലിയ ചിത്രം തന്നെയാണ്. ചിത്രത്തിന് ചെലവേറുമ്പോൾ മുടക്കുമുതൽ തിരിച്ചുപിടിക്കാനുള്ള റിസ്കും കൂടും. പക്ഷേ, വിമലിനെ പൂർണ്ണമായി വിശ്വസിച്ച, അവന് എല്ലാ പിന്തുണയും നൽകിയ രണ്ട് നിർമ്മാതാക്കൾ – ബിനോയ് ശങ്കരത്തും രാജി തോമസും. മറുഭാഗത്ത് എല്ലാവിധ പാരകളുമായിറങ്ങിയ നിർമ്മാണ സംഘത്തിലെ മൂന്നാമനെ മറക്കുന്നില്ല. ബിനോയിയുടെയും രാജിയുടെയും പിന്തുണയോടെ പാരയെ വിമൽ അപ്രസക്തനാക്കി എന്നതും ചരിത്രം.
ബിനോയിയെയും രാജിയെയും കുറിച്ച് വിമലിൽ നിന്ന് ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഇന്നലെയാണ് അവരെ പരിചയപ്പെട്ടത്. ഉയരങ്ങളിൽ വിഹരിക്കുമ്പോഴും നിലത്ത് കാലുറപ്പിച്ച് നിൽക്കുന്ന രണ്ട് സാധാരണ മനുഷ്യർ. ഇവർക്കൊപ്പം വിമലിന് താങ്ങും തണലുമായി യഥാർത്ഥ മൊയ്തീന്റെ സഹോദരൻ ബി.പി.റഷീദും.
എല്ലാവരും വലിയ ആഹ്ളാദത്തിലായിരുന്നു. പുതുമുഖ സംവിധായകനും പുതുമുഖ നിർമ്മാതാക്കളും ചേർന്ന് അഭ്രപാളിയിലെത്തിച്ച ‘എന്നു നിന്റെ മൊയ്തീൻ’ തിയേറ്ററുകളിൽ 150 ദിവസം തികയ്ക്കുമ്പോൾ എങ്ങനെയാണ് ആഹ്ളാദിക്കാതിരിക്കുക? വിമലിനൊപ്പം പൃഥ്വിയും പാർവ്വതിയും ടൊവീനോയും ലെനയും മുതൽ സിനിമയിലെ ഡ്രൈവർമാർ വരെ എല്ലാവരും അണിനിരന്ന ആഘോഷരാവിന് സാക്ഷികളായി ഞാനും മോഹനും.
വിമലീ… നീയൊരു സംഭവാണ് ട്ടാ!