Reading Time: 2 minutes

യു.എ.ഇയിൽ നിന്ന് സ്വർണ്ണം കടത്താനുപയോഗിച്ചത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെങ്കിലും തിരുവനന്തപുരത്ത് പിടിച്ചത് ഡിപ്ലോമാറ്റിക് ബാഗേജ് തന്നെയെന്ന് എൻ.ഐ.എ. വാർത്താക്കുറിപ്പ് ഇറക്കിയാണ് മന്ത്രിയുടെ വാദം അന്വേഷണ ഏജൻസി ഖണ്ഡിച്ചത്.

എൻ.ഐ.എ. വാർത്താക്കുറിപ്പിന്റെ കൃത്യമായ മലയാള പരിഭാഷ ആവശ്യമാണ്. ഇല്ലെങ്കിൽ പെട്രോൾ വില വർദ്ധിച്ചിട്ടും വർദ്ധിക്കാതിരുന്നിട്ടും വർദ്ധിച്ചതായി തോന്നിയ പോലെ ന്യായീകരണം വരും. ഇതാണ് ആ പരിഭാഷ.

കേരള സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം എൻ.ഐ.എ. ഏറ്റെടുത്തു

കേരള സ്വർണ്ണക്കടത്ത് കേസിൽ (ആർ.സി.-02/2020/എൻ.ഐ.എ./കെ.ഒ.സി.) 1967ലെ നിയമവിരുദ്ധ പ്രവർത്തന (പ്രതിരോധ) നിയമത്തിലെ 16, 17, 18 വകുപ്പുകൾ പ്രകാരം 4 പ്രതികളായ തിരുവനന്തപുരം സ്വദേശി പി.എസ്.സരിത്, തിരുവനന്തപുരം സ്വദേശിനി സ്വപ്ന പ്രഭ സുരേഷ്, എറണാകുളം സ്വദേശി ഫാസിൽ ഫരീദ്, തിരുവനന്തപുരം സ്വദേശി സന്ദീപ് നായർ എന്നിവർക്കും മറ്റുള്ള ചിലർക്കുമെതിരെ ഇന്ന് (2020 ജൂലൈ 10) ദേശീയ അന്വേഷണ ഏജൻസി പ്രഥമ വിവര റിപ്പോർട്ട് ഫയൽ ചെയ്തു. കൊച്ചി കസ്റ്റംസ് (പ്രിവന്റീവ്) കമ്മീഷണറേറ്റ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 14.82 കോടി രൂപ മൂല്യമുള്ള 30 കിലോ 24 കാരറ്റ് സ്വർണ്ണം 2020 ജൂലൈ 5ന് പിടിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.

യു.എ.ഇയിൽ നിന്നു വന്ന, വിയന്ന പ്രഖ്യാപനമനുസരിച്ച് പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ ഒളിപ്പിച്ച നിലയിലാണ് മേൽപ്പറഞ്ഞ പാക്കറ്റ് കണ്ടെത്തിയത്. യു.എ.ഇ. കോൺസുലേറ്റിൽ നേരത്തേ പബ്ലിക് റിലേഷൻസ് ഓഫീസറായി ജോലി ചെയ്തിരുന്ന ഒന്നാം പ്രതി പി.എസ്.സരിത്താണ് ഈ പാക്കറ്റ് ഏറ്റുവാങ്ങേണ്ടിയിരുന്നത്. ഇത്തരത്തിൽ ചില പാക്കറ്റുകൾ പല തവണ പി.എസ്.സരിത്ത് ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് കസ്റ്റംസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വിദേശങ്ങളിൽ നിന്ന് വൻ തോതിൽ സ്വർണ്ണം കടത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്കും ദേശീയ സുരക്ഷയ്ക്കും ഭീഷണിയായതിനാൽ ഈ കേസ് 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രതിരോധ) നിയമത്തിലെ വകുപ്പ് 15 അനുസരിച്ച് ഭീകരപ്രവർത്തനമായി കണക്കാക്കപ്പെടും. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ബന്ധങ്ങളുള്ള ഈ കേസിലെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതു പോലെ കടത്തിയ സ്വർണ്ണം ഇന്ത്യയിലെ ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കപ്പെടും എന്നുള്ളതിനാൽ എൻ.ഐ.എ. ഈ കേസിന്റെ അന്വേഷണം ഏറ്റെടുത്തിരിക്കുന്നു.

തന്റെ വാദത്തിന് അന്വേഷണ ഏജൻസിയുടെ നിലപാടുമായി പൊരുത്തക്കേട് വന്നത് എങ്ങനെയാണെന്നു വിശദീകരിക്കേണ്ട ഉത്തരവാദിത്വം വി.മുരളീധരനാണ്. സ്വർണ്ണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗേജിൽ അല്ല എന്ന് അദ്ദേഹം പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് അറിയാൻ ഒരാൾക്ക് ആഗ്രഹമുണ്ടാവുക സ്വാഭാവികം.

കേന്ദ്ര സഹമന്ത്രി മുരളീധരന് അബദ്ധം പിണയുമ്പോൾ മറുവശത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ 30 കിലോ സ്വർണ്ണക്കടത്ത് പിടിച്ച സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്താൻ എല്ലാ കേന്ദ്ര ഏജൻസികളുടെയും ഫലപ്രദവും ഏകോപിതവുമായ അന്വേഷണം ആവശ്യമാണ് എന്നല്ലേ അദ്ദേഹം പറഞ്ഞത്. ഇത്തരത്തിലുള്ള അന്വേഷണം സാദ്ധ്യമാക്കണമെന്നഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയയ്ക്കുകയും ചെയ്തു. സ്വർണ്ണക്കടത്തു കേസിൽ എൻ.ഐ.എ. അന്വേഷണം പ്രഖ്യാപിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഈ നിലപാടു കൂടി പരിഗണിച്ചിട്ടുണ്ടാവും എന്നത് ഉറപ്പല്ലേ?

അന്വേഷണം നടത്തുന്ന കേന്ദ്ര സർക്കാർ ഏജൻസികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും സംസ്ഥാനം നൽകുമെന്നുള്ള ഉറപ്പുകൂടി പിണറായി നൽകിയിട്ടുണ്ട്. മടിയിൽ കനമില്ലാത്തവർക്ക് പേടിക്കേണ്ടതില്ല എന്നു പ്രമാണം.

Previous articleനിയന്ത്രണം ഒരു വർഷത്തേക്ക്
Next articleചിത്രവധം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here