വിക്രമൻ നായരുടെയും ശ്യാമളകുമാരി അമ്മയുടെയും മകനെന്ന നിലയിൽ ഞാൻ ജന്മം കൊണ്ട് ശ്യാംലാൽ നായരാണ്! ദേവിക പണിക്കരാണ് ഭാര്യ. മകൻ പ്രണവ് നായർ. ഈ നായർ ബന്ധം തേച്ചാലും മായ്ച്ചാലും പോകില്ല. പക്ഷേ, ഞാൻ എൻ.എസ്.എസ്. അംഗം അല്ല. പെരുന്ന ആസ്ഥാനമാക്കി ഒരു ഒന്നാം നമ്പർ വിവരദോഷി നയിക്കുന്ന സർവ്വീസ് സൊസൈറ്റിക്കാരുടെ ഒരു സേവനവും വേണ്ടെന്ന് നേരത്തേ തന്നെ തീരുമാനിച്ചിട്ടുമുണ്ട്.
ഇരിക്കേണ്ടയാള്‍ ഇരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കിൽ അവിടെ നായ കയറി ഇരിക്കുമെന്ന് ഒരു പഴം ചൊല്ലുണ്ട്. പെരുന്നയിലെ ജനറൽ സെക്രട്ടറിയുടെ കസേരയുടെ അവസ്ഥ ഇപ്പോള്‍ ഏതാണ്ട് ഈ അവസ്ഥയിലാണ്. പെട്ടിയെടുപ്പുകാരൻ ശിപായി എത്ര ഉയർന്ന പദവിയിലെത്തിയാലും വിവരമില്ലായ്മ പ്രകടമാക്കും. സുകൂ നായരിൽ നിന്ന് ഇത്രയേ പ്രതീക്ഷിക്കാനുള്ളൂ. ഒരു കാര്യം മാത്രം മനസ്സിലാകൂന്നില്ല – ഇദ്ദേഹത്തെ എല്ലാവരും ഭയപ്പെടുന്നതെന്തിന്? ഈ മനുഷ്യന്‍ പറയുന്നത് ലോകത്തെ ആത്മാഭിമാനമുള്ള ഒരു നായരും അംഗീകരിക്കില്ല. എൻ.എസ്.എസ്. എന്ന ഇമ്മിണി ബല്യ സംഘടനയുടെ ധനശേഷി പ്രയോജനപ്പെടുത്താൻ ചില നായൻമാർ ജനറൽ സെക്രട്ടറിയുടെ കസേരയോട് ഒട്ടിനിൽക്കുന്നു. അതു തന്നോടുള്ള ബഹുമാനമാണെന്ന് സുകു നായർ വിചാരിച്ചുവശായിരിക്കുകയാണ്. വിഗ്രഹം ചുമക്കുന്ന കഴുതയുടെ കഥ കേട്ടിട്ടില്ലേ!!! ആ കസേരയിൽ നിന്ന് ഇദ്ദ്യേത്തെ ആത്മാഭിമാനമുള്ള നായന്മാർ ചവിട്ടിയിറക്കിയാൽ ബാക്കി കാര്യം നാട്ടുകാർ നോക്കിക്കൊള്ളും.
സുരേഷ് ഗോപിയോട് മോശമായി സുകു നായർ പെരുമാറി എന്നതല്ല ഈ കുറിപ്പിനാധാരം. അരുവിക്കരയിൽ വോട്ടെടുപ്പ് നടക്കുമ്പോൾ ഇപ്പോൾ ബി.ജെ.പിക്കാരനായ സൂപ്പർ താരം പെരുന്നയിൽ എത്തിയതിനു പിന്നിലെ തന്ത്രവും കൂതന്ത്രവുമെല്ലാം ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതെന്തോ ആകട്ടെ. സുകു നായരുടെ വീട്ടിലല്ല സുരേഷ് ഗോപി ചെന്നത്. അഥവാ വീട്ടിലാണ് അദ്ദേഹം ചെന്നിരുന്നതെങ്കിലും മാന്യമായ പെരുമാറ്റം അർഹിച്ചിരുന്നു. അതാണ് സംസ്കാരം! പെട്ടിയെടുപ്പുകാരന് എന്ത് സംസ്കാരം, അല്ലേ?
നായരാണെന്നതിൽ അഭിമാനിക്കേണ്ട എന്തെങ്കിലും സവിശേഷത എനിക്കുള്ളതായി അറിയില്ല. പിന്നെ, ശ്യാംലാൽ എന്ന പേരു കേൾക്കുമ്പോൾ ജാതി മനസ്സിലാകാത്തതിനാൽ പലരും എന്നോട് അച്ഛന്റെ പേര് ചോദിക്കാറുണ്ട്. നായർ പോപ്പിനെ ഒരു അന്യസമുദായക്കാരൻ വിമർശിച്ചുവെന്ന് കരുതി അഖിലലോക നായന്മാർക്ക് ഹാലിളകണ്ടല്ലോ എന്നതിനാൽ മാത്രമാണ് നായർ പശ്ചാത്തലം ആദ്യം തന്നെ പറഞ്ഞത്…