1971ല്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണ്‍ മയക്കുമരുന്നിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. മയക്കുമരുന്നുപയോഗത്തെ സമൂഹത്തിന്റെ ഒന്നാം നമ്പര്‍ ശത്രു എന്നു വിശേഷിപ്പിച്ചായിരുന്നു യുദ്ധപ്രഖ്യാപനം. “അമേരിക്കയില്‍ മയക്കുമരുന്നിന്റെ ദുസ്സ്വാധീനം ഇല്ലാതാക്കാന്‍ നമുക്കു സാധിച്ചില്ലെങ്കില്‍, അതു തീര്‍ച്ചയായും കാലക്രമേണ നമ്മളെ നശിപ്പിക്കും” -അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് അമേരിക്കയില്‍ ശരിക്കും പ്രതിസന്ധി സൃഷ്ടിച്ചിരുന്നുവെങ്കിലും ആ പ്രചാരണം ശരിക്കും ലക്ഷ്യമിട്ടത് നിക്സന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്നതിലാണ്, വിശേഷിച്ചും വെള്ളക്കാരായ ചെറുപ്പക്കാര്‍ക്കിടയില്‍. അതോടൊപ്പം നിക്സന്റെ രാഷ്ട്രീയ എതിരാളികളെ പിന്തുണച്ചിരുന്നവര്‍ക്കെതിരെ ഉപയോഗിക്കാനുള്ള ആയുധവും ഇതില്‍ നിന്ന് അദ്ദേഹത്തിനു ലഭിച്ചു. ദശകങ്ങള്‍ക്കു ശേഷം ഇതിലെ സത്യസ്ഥിതി നിക്സന്റെ അടുത്ത സഹായിയെ ഉദ്ധരിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ പുറത്തുകൊണ്ടുവന്നു.
“മയക്കുമരുന്നു വിരുദ്ധ യുദ്ധത്തിനെതിരെ നിലനില്‍ക്കുന്നു എന്നതോ കറുത്ത വര്‍ഗ്ഗക്കാരന്‍ ആണെന്നതോ നിയമവിരുദ്ധമായി ചിത്രീകരിക്കാന്‍ പറ്റില്ലെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു. പക്ഷേ, ഹിപ്പികളെ മാരിജുവാനയുമായും കറുത്ത വര്‍ഗ്ഗക്കാരെ ഹെറോയിനുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കാനും അവരെ ക്രിമിനലുകളായി മുദ്ര കുത്താനും അതുവഴി സംശയനിഴലിലാവുന്ന ആ സമുദായങ്ങളെ അസ്ഥിരപ്പെടുത്താനും സാധിച്ചു. അവരുടെ നേതാക്കളെ അറസ്റ്റു ചെയ്യാനും അവരുടെ വീടുകളില്‍ കടന്നുകയറി പരിശോധന നടത്താനും, അവരുടെ യോഗങ്ങള്‍ അലങ്കോലപ്പെടുത്താനും വാര്‍ത്താതലവാചകങ്ങളില്‍ അവരെ കുറ്റപ്പെടുത്തുംവിധം പരത്തിപ്പറയാനും സാധിച്ചു. മയക്കുമരുന്നിനെപ്പറ്റി ഞങ്ങള്‍ കള്ളം പറയുകയാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നില്ലേ? തീര്‍ച്ചയായും ഞങ്ങള്‍ക്ക് അറിയാമായിരുന്നു.”
നിക്സണെ സംബന്ധിച്ചിടത്തോളം ഈ കുടിലതന്ത്രം വിജയമായിരുന്നു. ഒരു ദശകത്തിനു ശേഷം പ്രസിഡന്റായ റൊണാള്‍ഡ് റീഗനും ഇതേ രൂപത്തില്‍ കുപ്രചാരണ തന്ത്രം പ്രയോഗിച്ചു. ക്രമസമാധാനവും പൊതുധാര്‍മ്മികതയുമായിരുന്നു അന്നത്തെ വിഷയങ്ങള്‍ എന്നു മാത്രം. അതും വിജയിച്ചു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
* * *
കഴിഞ്ഞ ദിവസമാണ് തോമസ് മാനുവല്‍ എഴുതിയ Opium Inc. എന്ന പുസ്തകം വായിച്ചുതീര്‍ത്തത്. പണമുണ്ടാക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം മയക്കുമരുന്ന് കൃഷിയും കച്ചവടവും കള്ളക്കടത്തും പ്രോത്സാഹിപ്പിച്ചതിന്റെ ചരിത്രമാണ് പ്രധാനമായും പുസ്തകത്തിന്റെ ഉള്ളടക്കമെങ്കിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ടായ അനുബന്ധ സംഭവവികാസങ്ങളും പരാമര്‍ശിച്ചു പോകുന്നുണ്ട്. ഇത്തരത്തില്‍ അമേരിക്കയില്‍ നടന്ന ചില കാര്യങ്ങള്‍ തോമസ് മാനുവല്‍ എഴുതിയിട്ടത് മനസ്സിലുടക്കി. ആ പുസ്തകത്തിലെ പേജ് നമ്പര്‍ 239 പല തരത്തിലുള്ള ചിന്തകളുണര്‍ത്തി. ആ പേജ് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയതാണ് മുകളിലുള്ളത്. ഇതു കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളുമായി ആര്‍ക്കെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍ ഞാന്‍ തെറ്റു പറയില്ല.
* * *
അമുസ്ലിങ്ങളായവരെ, പ്രത്യേകിച്ച് യുവജനങ്ങളെ, മയക്കുമരുന്നിന് അടിമകളാക്കി അവരുടെ ജീവിതം നശിപ്പിച്ചുകളയുന്ന രീതിയെ ആണ് നാർക്കോട്ടിക് അഥവാ ഡ്രഗ് ജിഹാദ് എന്ന് നമ്മൾ സാധാരണ പറയുന്നത്. വർധിച്ചുവരുന്ന കഞ്ചാവ്, മയക്കുമരുന്ന് കച്ചവടങ്ങൾ ഇതിലേക്ക് വിരൽ ചൂണ്ടുന്നതാണ് എന്നത് വ്യക്തമാണല്ലോ. തീവ്രനിലപാടു പുലര്‍ത്തുന്ന ജിഹാദികൾ നടത്തുന്ന ഐസ് ക്രീം പാർലറുകൾ, മധുര പാനീയ കടകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ അമുസ്ലിങ്ങളെ നശിപ്പിക്കാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നു എന്നത് നമ്മുടെ സമൂഹത്തിൽ ചർച്ചയാകുന്നുണ്ട്.
പാലാ രൂപതാധ്യക്ഷൻ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകളാണിത്. ഇതും റിച്ചാര്‍ഡ് നിക്സന്റെ സഹായി പറഞ്ഞതും ചേര്‍ത്തു വായിക്കാന്‍ എനിക്കു തോന്നുന്നു. നിങ്ങള്‍ക്കോ?
* * *
ബിഷപ്പിനു പിന്തുണയുമായി ബി.ജെ.പിക്കാര്‍ ചാടിയിറങ്ങി. അവര്‍ക്കിത് മുസ്ലിങ്ങള്‍ക്കെതിരെ ഉപയോഗിക്കാനുള്ള ആയുധമാണ്. പക്ഷേ, ഇടുക്കി രൂപത മെത്രാനായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്ന പേര് അവര്‍ മറന്നു പോയി. ചിലരൊക്കെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.
2015ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പത്താമത് പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. കുപ്രസിദ്ധമാണ് എന്നു പറയുന്നതാണ് കൂടുതല്‍ ശരി. കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കാനും തട്ടിക്കൊണ്ടുപോകാനും എസ്.എന്‍.ഡി.പിയുടെ നിഗൂഢ അജന്‍ഡയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞുവെച്ചത്. സര്‍ക്കാര്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഈ രീതി ശരിയല്ലെന്നും ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. അന്നത് കടുത്ത പ്രതിഷേധത്തിനൊക്കെ കാരണമായിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹം മരിച്ചുപോയി. അതുകൊണ്ടാവണം ആ വാക്കുകള്‍ അങ്ങു വിഴുങ്ങിക്കളയാം എന്ന് ബി.ജെ.പിക്കാര്‍ കരുതിയത്.
പക്ഷേ, ഇനി അതു നടപ്പില്ല. ആനിക്കുഴിക്കാട്ടില്‍ പറഞ്ഞത് ഫാ.റോയി കണ്ണന്‍ചിറ കുത്തിപ്പൊക്കി. പ്രമുഖ പ്രഭാഷകനും ദീപിക ബാലജനസഖ്യം ഡയറക്ടറുമാണ് ഫാ.കണ്ണന്‍ചിറ. ചങ്ങനാശ്ശേരി അതിരൂപതയിലെ 5 ഇടവകകളിലെ മതാദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സെടുത്ത വേളയില്‍ അദ്ദേഹം പൊട്ടിച്ച വെടി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങിയ വിഷപ്പാമ്പുകളുടെ പത്തിയിന്മേലേറ്റ അടിയായി.
നമ്മുടെ ഇവിടെയടുത്ത് കോട്ടയത്തിനടുത്തുള്ള ഒരു സിറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒരു മാസത്തിനിടെ 9 പെണ്‍കുട്ടികളെ പ്രണയിച്ചു കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണ്. ലൗ ജിഹാദിനെപ്പറ്റിയും നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റിയും നമ്മള്‍ കൂടുതല്‍ സംസാരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ മറ്റ് ഇതര സ്കൂളുകളിലേക്കും നമ്മുടെ മക്കള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. സ്ട്രാറ്റജിക് ആയിട്ട് അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ട് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ടെന്നു വരെ ഞങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നമ്മള്‍ ജാഗ്രത ഇല്ലാത്തവരാണ്. അതാണ് നമ്മള്‍ നേരിടുന്ന ഒരു വലിയ ക്രൈസിസ്. നമ്മടെ മക്കളെ തട്ടിക്കൊണ്ടുപോകുവാന്‍ ശത്രുക്കള്‍ -ഞാന്‍ ആ വാക്ക് ഉപയോഗിക്കുകയാണ് -പ്രണയം നടിച്ചാണെങ്കിലും അല്ലെങ്കിലും നമ്മടെ മക്കളെ സ്വന്തമാക്കുവാന്‍ സഭയുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ഒരുക്കുന്ന മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും നമ്മടെ മക്കളെ വിശ്വാസത്തില്‍ നിലനിര്‍ത്താനും നമ്മടെ മക്കളെ മാതാപിതാക്കളോടു ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് കത്തോലിക്കാ സമുദായ രൂപീകരണത്തിന്റെ വിസ്തൃതി ഉറപ്പുവരുത്തുവാനും ഇതിനുവേണ്ടി മാത്രം ജീവിതം സമര്‍പ്പിച്ചിരിക്കുന്ന മതാദ്ധ്യാപകര്‍ക്ക്, സമര്‍പ്പിതര്‍ക്ക്, വൈദികർക്ക് കഴിയുന്നില്ല എന്നുള്ളത് ഇന്നത്തെ ഈ വര്‍ത്തമാനകാല കത്തോലിക്ക സഭ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ് എന്നു ഞാൻ പറയുന്നു.
കുട്ടികളുടെ ദീപികയുടെ ചീഫ് എഡിറ്റർ, ചിൽഡ്രൺസ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാസികയുടെ അസോസിയേറ്റ് എഡിറ്റർ എന്നീ ചുമതലകളും വഹിക്കുന്ന ഫാ.റോയി കണ്ണൻചിറ ചെറിയ പുള്ളിയല്ല. കൊച്ചേട്ടൻ എന്ന പേരിൽ കുട്ടികൾക്കായുള്ള പംക്തി കൈകാര്യം ചെയ്യുന്നതും അദ്ദേഹമാണ്. രഹസ്യമായി പറഞ്ഞത് പരസ്യമായപ്പോൾ പണി പാളിയെന്നു മനസ്സിലായ കണ്ണൻചിറയച്ചന്‍ “ലേലു അല്ലു, ലേലു അല്ലു” എന്നും പറഞ്ഞിറങ്ങിയിട്ടുണ്ട്. പക്ഷേ, എല്ലാം കൈവിട്ടുപോയി.
* * *
മതം മാറ്റം ഇത്രയ്ക്കു ചര്‍ച്ച ചെയ്യാനും മാത്രം വലിയ വിഷയമാണോ? കേരളത്തില്‍ മതം മാറ്റം സംഭവിക്കുന്നുണ്ടോ? മതം മാറ്റം സംഭവിക്കുന്നു എന്നത് ഒരു വസ്തുതയാണ്. പക്ഷേ, അതിന് സര്‍ക്കാരിന്റെ പക്കല്‍ കൃത്യമായ കണക്കുകളും രേഖകളുമുണ്ട്. അതു പരിശോധിക്കുമ്പോഴാണ് ബി.ജെ.പി. അടക്കമുള്ളവര്‍ ഉയര്‍ത്തുന്ന വാദമുഖങ്ങളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. 2020ലെ കണക്കുകളാണ് ഏറ്റവുമൊടുവില്‍ കേരളത്തില്‍ ലഭ്യമായിട്ടുള്ളത്. അതനുസരിച്ച് ആകെ 506 പേര്‍ മതം മാറി. ഇതില്‍ ഹിന്ദു മതത്തിലേക്കു വന്നവര്‍ എത്രയെന്നല്ലേ? 241 പേരാണ് പുതിയതായി ഹിന്ദു മതം സ്വീകരിച്ചത്. ആകെ മതം മാറ്റം നടന്നതിന്റെ 47 ശതമാനവും ഹിന്ദു മതത്തിലേക്കാണെന്നര്‍ത്ഥം. ക്രിസ്തു മതത്തില്‍ നിന്ന് ഹിന്ദു മതത്തിലേക്ക് 209 പേരാണ് മാറിയത് -101 പുരുഷന്മാരും 108 സ്ത്രീകളും. ഇസ്ലാമില്‍ നിന്ന് ഹിന്ദു മതത്തിലേക്കെത്തിയത് 32 പേരാണ് -10 പുരുഷന്മാരും 22 സ്ത്രീകളും.
ആകെ 144 പേരാണ് പുതിയതായി ഇസ്ലാം മതം സ്വീകരിച്ചത്. 119 പുതിയ വിശ്വാസികളെ ക്രിസ്തു മതത്തിനും കിട്ടി. 39 പുരുഷന്മാരും 72 സ്ത്രീകളുമടക്കം 111 പേര്‍ ഹിന്ദു മതത്തില്‍ നിന്ന് ഇസ്ലാമിലെത്തി. 14 പുരുഷന്മാരും 19 സ്ത്രീകളുമടക്കം 33 പേരാണ് ക്രിസ്തു മതത്തില്‍ നിന്ന് ഇസ്ലാമിലേക്കു മാറിയത്. 51 പുരുഷന്മാരും 60 സ്ത്രീകളുമടക്കം 111 പേര്‍ ഹിന്ദു മതത്തില്‍ നിന്ന് പുതിയതായി ക്രൈസ്തവ സമൂഹത്തിന്റെ ഭാഗമായി. ഇസ്ലാമില്‍ നിന്ന് 6 പുരുഷന്മാരും 2 സ്ത്രീകളുമടക്കം 8 പേരും ക്രൈസ്തവരുടെ കൂട്ടത്തിലെത്തി. ഇതിനെല്ലാം പുറമെ ഹിന്ദു മതത്തില്‍ നിന്ന് ഒരു പുരുഷനും ഒരു സ്ത്രീയും ബുദ്ധമതം സ്വീകരിച്ചിട്ടുണ്ട്.
മതം മാറുന്നവര്‍ ആ വിവരം ഔദ്യോഗികമായി സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കണം എന്നാണ് ചട്ടം. ഇതനുസരിച്ചുള്ളതാണ് ഈ കണക്കുകള്‍. ഹിന്ദു മതത്തിലേക്ക് എത്തിയവരില്‍ 72 ശതമാനവും ദളിത് ക്രൈസ്തവരാണ് -ക്രിസ്ത്യന്‍ ചേരമര്‍, ക്രിസ്ത്യന്‍ സാംബവര്‍, ക്രിസ്ത്യന്‍ പുലയര്‍ എന്നിവര്‍. മതവിശ്വാസത്തിന്റെ പേരിലല്ല ഇവരുടെ മാറ്റം. സംവരണാനുകൂല്യം ലഭിക്കാന്‍ ഈ മാറ്റം നല്ലതാണെന്നു മനസ്സിലാക്കിയിട്ടാണ് അവര്‍ അതിനു തയ്യാറായിട്ടുള്ളത്.
ഹിന്ദു മതത്തിലേക്ക് 241 പേര്‍ പുതിയതായി വന്നപ്പോള്‍ 222 പേര്‍ മതമുപേക്ഷിച്ചു പോയി. ക്രൈസ്തവരുടെ കൂട്ടത്തിലേക്ക് 119 പേര്‍ എത്തിയപ്പോള്‍ 242 പേര്‍ ആ കൂട്ടത്തില്‍ നിന്നു പോയി. ഇസ്ലാമിലേക്ക് 144 പേര്‍ എത്തിയെങ്കില്‍ പോയത് 40 പേര്‍ മാത്രം. ഇസ്ലാമിലേക്ക് എത്തിയവരില്‍ ഭൂരിഭാഗവും ഈഴവ, തീയ്യ, നായര്‍ സമുദായങ്ങളില്‍പ്പെട്ടവരാണ്. ഇതൊന്നും ആരുടെയും സമ്മര്‍ദ്ദത്താലല്ല. ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍. അപൂര്‍വ്വമായി സംഭവിച്ച ഒന്നോ രണ്ടോ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി സമൂഹമനസ്സില്‍ തീകോരിയിടാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം വേറെയാണ്.
പോഞ്ചാനടിക്കുന്നവര് സ്വന്തം മതക്കാരില്‍ നിന്നു സാധനം സംഘടിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.. 😤
ദയവുചെയ്ത് നാട്ടില്‍ വര്‍ഗ്ഗീയകലാപം ഉണ്ടാക്കരുത്!! 🙏🏻
— V S Syamlal (@VSSyamlal) September 13, 2021
ഇനി ചിന്തിക്കൂ. മതം ഇത്ര വലിയ പ്രശ്നമാണോ എന്ന്. മനുഷ്യത്വമാണ് വലുത്. മതത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍ക്ക് -അത് ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്ലിമായാലും ശരി -സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മാത്രമാണുള്ളത്. തങ്ങളുടെ ശക്തി ചോരുന്നുവോ എന്ന സംശയമുണ്ടാവുമ്പോള്‍ ഊര്‍ജ്ജം സംഭരിക്കാന്‍ അവര്‍ അന്യമതത്തെ ആക്രമിക്കും. പാകിസ്താനെതിരായ വിരോധം ഇന്ത്യയിലെ ഭരണക്കാരും ഇന്ത്യക്കെതിരായ വിരോധം പാകിസ്താനിലെ ഭരണക്കാരും രാഷ്ട്രീയലാഭത്തിനായി ഊതിപ്പെരുപ്പിക്കുന്നത് ഇതിന്റെ മറ്റൊരു രൂപമായി ചൂണ്ടിക്കാട്ടാം. ഇതൊന്നും മനസ്സിലാക്കാതെ തമ്മിലടിച്ചു ചാവാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്നു മാത്രം.