മികവിന്റെ ഔന്നത്യത്തില്‍ എത്താന്‍ അല്പം കാര്യമായൊന്നു പരിശ്രമിച്ചാല്‍ സാധിച്ചേക്കും. എന്നാല്‍, ഔന്നത്യം നിലനിര്‍ത്തുക എന്നത് അങ്ങേയറ്റം ക്ലേശകരമാണ്. വിശേഷിച്ചും ഒന്നാം സ്ഥാനമാണെങ്കില്‍ കഷ്ടപ്പാടും ബുദ്ധിമുട്ടും പറയുകയേ വേണ്ട! യൂണിവേഴ്സിറ്റി കോളേജിന്റെ അവസ്ഥ ഇതാണ്. അതില്‍ വിജയിക്കുന്നു എന്നത് ചെറിയ കാര്യമല്ല.
യൂണിവേഴ്സിറ്റി കോളേജിന്റെ കോട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു വിമര്‍ശിക്കാന്‍ ധാരാളം പേര്‍ മുന്നോട്ടു വരാറുണ്ട്. ശരിക്കും അര്‍ഹിക്കുന്നതിലുമേറെ വിമര്‍ശനം കോളേജ് നേരിട്ടിട്ടുണ്ട്, നേരിടാറുണ്ട്, ഇനിയും നേരിടുമെന്നും അറിയാം. പക്ഷേ, കോട്ടങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ മറുഭാഗത്ത് നേട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലേ? എന്തുകൊണ്ടോ അതിന് ഇവിടെ പലരും തയ്യാറാവുന്നില്ല.
കോട്ടങ്ങള്‍ ആര്‍ക്കാണ് ഇല്ലാത്തത്? കോട്ടങ്ങളെ കവച്ചുവെയ്ക്കാന്‍ നേട്ടങ്ങള്‍ വേണം. അത്തരത്തിലുള്ള നേട്ടങ്ങള്‍ യൂണിവേഴ്സിറ്റി കോളേജ് സ്വന്തമാക്കുന്നുണ്ട്. യൂണിവേഴ്സിറ്റി കോളേജ് മികവുകേന്ദ്രമാകുന്നത് ആ നിലയിലാണ്.
കോളേജുകളുടെ മികവ് അളക്കാന്‍ ഇപ്പോള്‍ ദേശീയ തലത്തില്‍ സംവിധാനമുണ്ട്. കേന്ദ്ര മാനവശേഷി വികസന വകുപ്പ് ഏര്‍പ്പെടുത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക്. 2015 സെപ്റ്റംബര്‍ 29നാണ് എന്‍.ഐ.ആര്‍.എഫ്. നിലവില്‍ വന്നത്. ആദ്യ റാങ്കിങ് പട്ടിക പുറത്തുവന്നത് 2016 ഏപ്രില്‍ 4ന്.
ആദ്യ ഘട്ടത്തില്‍ സര്‍വ്വകലാശാലകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും മാത്രമായിരുന്നു റാങ്കിങ്. 2017ലാണ് സാധാരണ കോളേജുകളെയും റാങ്കിങ്ങിന് പരിഗണിച്ചു തുടങ്ങിയത്. 2018ല്‍ ആദ്യമായി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളുടെ റാങ്കിങ് പട്ടിക പുറത്തു വന്നു. പിന്നെ 2019ല്‍; 2020ലേത് ഇപ്പോള്‍ വന്നു.
മികവിന്റെ പൊങ്ങച്ചങ്ങള്‍ പൊളിച്ചടുക്കുന്നതിന് ഈ റാങ്കിങ് പട്ടിക കാരണമായിട്ടുണ്ട്, കുറഞ്ഞ പക്ഷം കേരളത്തിലെങ്കിലും. കേരളത്തിലെ മികച്ച കോളേജ് ഏതാണെന്നു ചോദിച്ചാല്‍ ഇവിടത്തെ വിദഗ്ദ്ധര്‍ കണ്ണും പൂട്ടി പറയുന്ന പട്ടികയുണ്ട്. മുന്നില്‍ ചില സ്വകാര്യ എയ്ഡഡ് കോളേജുകളായിരിക്കും. ആദ്യ ഇരുപതില്‍ പോലും ഒരു പക്ഷേ, ഈ അവലോകകര്‍ യൂണിവേഴ്സിറ്റി കോളേജിനെ പെടുത്തില്ല.
എന്നാല്‍, ഇന്നു കഥ മാറി. റാങ്കിങ് നിലവില്‍ വന്ന അന്നു മുതല്‍ ഇന്നു വരെ യൂണിവേഴ്സിറ്റി കോളേജാണ് കേരളത്തിലെ മികച്ച കോളേജ്. ചവിട്ടിത്തേക്കലും ഇടിച്ചുതാഴ്ത്തലും റാങ്കിങ് പട്ടികയില്‍ നടക്കില്ല. മികവ് അളക്കാന്‍ അവിടെ വ്യക്തമായ മാനദണ്ഡങ്ങളുണ്ട്, പൊങ്ങച്ചം പറ്റില്ല.
2018ല്‍ യൂണിവേഴ്സിറ്റി കോളേജിന് ഉണ്ടായിരുന്ന റാങ്കിങ് പോയിന്റ് 57.51.2019ല്‍ യൂണിവേഴ്സിറ്റി കോളേജിന് ഉണ്ടായിരുന്ന റാങ്കിങ് പോയിന്റ് 59.37. 2020ല്‍ യൂണിവേഴ്സിറ്റി കോളേജിന് ഉള്ള റാങ്കിങ് പോയിന്റ് 61.08. കേരളത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു എന്നു മാത്രമല്ല, ക്രമാനുഗതമായി വളരുന്നുമുണ്ട്.
ഇനി ദേശീയ തലത്തിലെ നേട്ടം കൂടി നോക്കാം. 2018ല്‍ രാജ്യത്തെ 1087 കോളേജുകള്‍ വിലയിരുത്തപ്പെട്ടപ്പോള്‍ യൂണിവേഴ്സിറ്റി കോളേജിന്റെ സ്ഥാനം 18. 2019ല്‍ രാജ്യത്തെ 1304 കോളേജുകള്‍ വിലയിരുത്തപ്പെട്ടപ്പോള്‍ യൂണിവേഴ്സിറ്റി കോളേജിന്റെ സ്ഥാനം 23. 2020ല്‍ രാജ്യത്തെ 1659 കോളേജുകള്‍ വിലയിരുത്തപ്പെട്ടപ്പോള്‍ യൂണിവേഴ്സിറ്റി കോളേജിന്റെ സ്ഥാനം 23.
മികവിന്റെ അളവുകോലുകള്‍ പ്രാവര്‍ത്തികമാക്കുക അതികഠിനമാണ്. പഠനവും പഠനസൗകര്യങ്ങളും ഗവേഷണവും വിജയശതമാനവും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രാതിനിധ്യവുമെല്ലാം വിലയിരുത്തപ്പെടും. ഇതിനെല്ലാം പുറമെ ധാരാളം അധികയോഗ്യതകള്‍ കൂടി കൈവരിച്ചാണ് യൂണിവേഴ്സിറ്റി കോളേജ് മികവ് നിലനിര്‍ത്തുന്നത്. ഉന്നതവിദ്യാഭ്യാസ യോഗ്യത, തൊഴില്‍ സാദ്ധ്യത, പെണ്‍കുട്ടികളുടെ ആധിക്യം, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പിന്തുണ, ശാരീരിക വിഷമതകളുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇവയില്‍ ചിലതു മാത്രം.
1866ല്‍ സ്ഥാപിക്കപ്പെട്ട യൂണിവേഴ്സിറ്റി കോളേജ് കേരളത്തിലെ ആദ്യത്തെ കോളേജ് കൂടിയാണ്. ഇതു സംബന്ധിച്ചും ചില വ്യാജ അവകാശവാദങ്ങള്‍ വായുവിലുണ്ടെങ്കിലും ചരിത്രത്തിലെ തെളിവുകള്‍ യൂണിവേഴ്സിറ്റി കോളേജിനൊപ്പം തന്നെ. യൂണിവേഴ്സിറ്റി കോളേജിലെ 18 ബിരുദ കോഴ്സുകള്‍, 20 ബിരുദാനന്തര ബിരുദ കോഴ്സുകള്‍, 13 എം.ഫില്‍ കോഴ്സുകള്‍ എന്നിവയ്ക്കു പുറമെ 17 വിഭാഗങ്ങളില്‍ ഗവേഷണവും അവയുടെ നിലവാരവും റാങ്കിങ്ങിന് പരിഗണിക്കപ്പെട്ടു.
നിലവില്‍ 3500 വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്നു. 221 അദ്ധ്യാപകരുള്ളതില്‍ 70 ശതമാനത്തിലേറെ പേര്‍ ഗവേഷണ ബിരുദമുള്ളവര്‍. അതില്‍ത്തന്നെ 80ലേറെ പേര്‍ ഗവേഷണ മേല്‍നോട്ടം വഹിക്കുന്ന റിസര്‍ച്ച് ഗൈഡുകള്‍. കഴിഞ്ഞ 5 വര്‍ഷത്തിനിടെ മാത്രം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നു പുറത്തുവന്നത് 600ലേറെ ഗവേഷണ പ്രബന്ധങ്ങളാണ്. സര്‍വ്വകലാശാല പരീക്ഷകളില്‍ ഓരോ വര്‍ഷവും ഇവിടെയെത്തുന്ന റാങ്കുകളുടെ എണ്ണം 30ല്‍ കുറയില്ല; അതൊരു ശീലമായിരിക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷവുമുണ്ടായിരുന്നു 32 റാങ്കുകള്‍.
വിവിധ മേഖലകളിലെ 26 ക്ലബ്ബുകള്‍. കായിക ഇനങ്ങളുമായി ബന്ധപ്പെട്ട് 50ലേറെ ടീമുകള്‍. കേരള സര്‍വ്വകലാശാല യുവജനോത്സവത്തിലെ വിജയികള്‍. ദേശീയ തലത്തിലും ഒട്ടേറെ വിജയ നേട്ടങ്ങള്‍.
യൂണിവേഴ്സിറ്റി കോളേജിനെ പൈതൃക മന്ദിരമായി കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്രീകൃത ലൈബ്രറി സജ്ജീകരിക്കാന്‍ സര്‍ക്കാര്‍ സഹായം അനുവദിച്ചത് 9.35 കോടി രൂപ; ഇതിന്റെ പണികള്‍ പുരോഗമിക്കുന്നു. ഗവേഷണത്തിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനു മാത്രം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അനുവദിച്ചത് 1.10 കോടി രൂപയാണ്. ഇതിനു പുറമെ കോളേജിന്റെ വികസന മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന് കിഫ്ബിയിലുള്‍പ്പെടുത്തി 30 കോടി രൂപയും അനുവദിച്ചു.
യു.ജി.സിയുടെ നാക് അക്രഡിറ്റേഷനില്‍ യൂണിവേഴ്സിറ്റി കോളേജ് അടുത്തിടെ എ ഗ്രേഡ് നിലനിര്‍ത്തിയിരുന്നു. ഇതടക്കം യൂണിവേഴ്സിറ്റി കോളേജിന്റെ നേട്ടങ്ങള്‍ എന്തുകൊണ്ടോ ബോധപൂര്‍വ്വം തമസ്കരിക്കപ്പെട്ടു. കോളേജിലുള്ളവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാവാം കാരണം. കോളേജിന്റെ നേട്ടത്തില്‍ അവിടെ നിലനില്‍ക്കുന്ന പുരോഗമന ചിന്തയ്ക്ക് വലിയ പങ്കുണ്ട് എന്നതാണ് സത്യം.
യൂണിവേഴ്സിറ്റി കോളേജിന്റെ നേട്ടം ആഘോഷിക്കപ്പെടാത്തതിന് വേറൊരു കാരണവുമുണ്ട്. യൂണിവേഴ്സിറ്റി കോളേജ് ഒന്നാം സ്ഥാനം നേടുന്നത് വാര്‍ത്തയല്ലാതായിരിക്കുന്നു. സ്ഥിരമായി ഒരാള്‍ തന്നെ ഒന്നാം സ്ഥാനത്താണെങ്കില്‍ അതു വാര്‍ത്തയല്ലല്ലോ. യൂണിവേഴ്സിറ്റി കോളേജിനെ മറികടക്കാന്‍ ആരെങ്കിലും വരുമ്പോഴാണ് ഇനി വാര്‍ത്ത വരിക.
എല്ലാവരും കാത്തിരിക്കുകയാണ് “യൂണിവേഴ്സിറ്റി കോളേജിനെ മറികടന്നു” എന്ന വാര്‍ത്ത കേള്‍ക്കാന്‍. പക്ഷേ, അടുത്ത കാലത്തൊന്നും അതു സംഭവിക്കാന്‍ സാദ്ധ്യതയില്ലെന്നു മാത്രം പറഞ്ഞുവെയ്ക്കട്ടെ!!
ദേശീയ റാങ്കിങ് പട്ടികയിലെ ആദ്യ 100 സ്ഥാനങ്ങള്‍ക്കകം കേരളത്തില്‍ നിന്ന് ഇടം നേടിയ കോളേജുകള്‍ കൂടി അറിഞ്ഞിരിക്കണം. അപ്പോള്‍ മാത്രമാണ് യൂണിവേഴ്സിറ്റി കോളേജിന്റെ നേട്ടത്തിന്റെ വില മനസ്സിലാവുക.
23. യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
28. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, എറണാകുളം
40. ഗവ. വിമന്‍സ് കോളേജ്, തിരുവനന്തപുരം
47. സെന്റ് തെരേസാസ് കോളേജ്, എറണാകുളം
48. മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം
55. സേക്രട്ട് ഹാര്‍ട്ട് കോളേജ്, എറണാകുളം
60. സെന്റ് ജോസഫ്സ് കോളേജ്, കോഴിക്കോട്
63. സെന്റ് തോമസ് കോളേജ്, തൃശ്ശൂര്‍
76. ബിഷപ്പ് മൂര്‍ കോളേജ്, മാവേലിക്കര
79. എസ്.ബി. കോളേജ്, ചങ്ങനാശ്ശേരി
80. ബിഷപ്പ് കുര്യാളച്ചേരി കോളേജ് ഫോര്‍ വിമന്‍, കോട്ടയം
83. ഗവ. കോളേജ്, കാസര്‍കോട്
84. മാര്‍ത്തോമ്മാ കോളേജ്, തിരുവല്ല
88. ഫാറൂഖ് കോളേജ്, കോഴിക്കോട്
93. എം.ജി. കോളേജ്, തിരുവനന്തപുരം
95. നെഹ്രു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, കാഞ്ഞങ്ങാട്
97. സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ്, എറണാകുളം
98. ഗവ. ആര്‍ട്സ് കോളേജ്, തിരുവനന്തപുരം
99. വിമലാ കോളേജ്, തൃശ്ശൂര്‍
100. ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കൊല്ലം
എന്‍.ഐ.ആര്‍.എഫ്. റാങ്കിങ് പട്ടികയില്‍ യൂണിവേഴ്സിറ്റി കോളേജ് ആദ്യമായി മുന്നിലെത്തിയപ്പോല്‍ 2018ല്‍ എഴുതിയത്