HomeGOVERNANCEമുതലെടുപ്പിന്...

മുതലെടുപ്പിന്റെ ചുഴലി രാഷ്ട്രീയം

-

Reading Time: 12 minutes

chenni.jpg

ഓഖി ചുഴലിക്കൊടുങ്കാറ്റിനെ പറ്റി വ്യക്തമായ മുന്നറിയിപ്പ് കിട്ടിയിട്ടും മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു. മുന്നറിയിപ്പ് ലഭിച്ചിട്ടും അത് അവഗണിച്ചത് അത്യന്തം ഗുരുതരമായ വീഴ്ചയാണ്. ലോകത്തെവിടെയും ചുഴലിക്കൊടുങ്കാറ്റ് വീശുന്നതിന് മുമ്പു തന്നെ ജനങ്ങളെ ഒഴിപ്പിക്കുന്നതുള്‍പ്പടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാറാണ് പതിവ്. ഇവിടെ മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയുന്നതിന് പോലും സര്‍ക്കാരിന് കഴിഞ്ഞില്ല. ചുഴലിക്കൊടുങ്കാറ്റ് അടിച്ചു കഴിഞ്ഞതിന് ശേഷമാണ് സര്‍ക്കാര്‍ അനങ്ങിയതു തന്നെ. ഈ വീഴ്ച കാരണം നൂറ്റമ്പതിലേറെ മത്സ്യത്തൊഴിലാളികളാണ് കടലില്‍ കുടുങ്ങിയത്.
-രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്

KummanamRajasekharan

ഓഖി ദുരന്തം നേരിടുന്നതിലും ഫലപ്രദമായ ആശ്വാസനടപടികള്‍ സ്വീകരിക്കുന്നതിലും കേരള സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. കുറ്റകരമായ കടുത്ത അനാസ്ഥയാണ് സര്‍ക്കാരിന്റെത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ദുരന്ത നിവാരണ അതോറിറ്റി വരുത്തിയ വീഴ്ച മൂലം നിരവധി പേരുടെ വിലപ്പെട്ട ജീവനാണ് നഷ്ടമായത്. മുന്നറിയിപ്പ് നേരത്തെ ലഭ്യമായിട്ടും നടപടികള്‍ സ്വീകരിക്കാതെ വീഴ്ചവരുത്തിയവര്‍ക്കെതിരെ മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക്് കേസെടുക്കണം. ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി അക്കാര്യം തുറന്ന് സമ്മതിച്ച് ജനങ്ങളോട് മാപ്പു പറയണം.
-കുമ്മനം രാജശേഖരന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്

ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച സാഹചര്യത്തില്‍ കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പ്രതിപക്ഷത്തുള്ള 2 വിഭാഗങ്ങളുടെ നേതാക്കള്‍ നടത്തിയ പ്രതികരണങ്ങളാണിത്. ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ. രാഷ്ട്രീയമായി നോക്കിയാല്‍ അവര്‍ക്ക് ആ നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ട്. പക്ഷേ, വസ്തുതാപരമായി കൂടി ആ നിലപാട് ശരിയാകണം. ചെന്നിത്തലയും കുമ്മനവും പറയുന്നത് ശരിയാണെങ്കില്‍ പിണറായിയുടെ ഭാഗത്തുണ്ടായ ‘ഭരണപരമായ വീഴ്ച’ അക്ഷന്തവ്യമായ തെറ്റാണ്. അതു തീര്‍ച്ചയായും പരിശോധിക്കപ്പെടുക തന്നെ വേണം.

രാജ്യത്ത് സാമാന്യം ഭേദപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ സംവിധാനമാണ് കേരളത്തിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ ഇത് അംഗീകരിച്ചിട്ടുണ്ട്. ഈ മികവ് കേരളം ഭരിച്ച സര്‍ക്കാരുകളുടെയാകെ നേട്ടമാണ്. വി.എസ്. സര്‍ക്കാരിന്റെ കാലത്തും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം അടുത്തുനിന്നു കാണാനും മനസ്സിലാക്കാനും അവസരമുണ്ടായ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്നെയാണ് ഇതു പറയുന്നത്. ഭരിക്കുന്നത് ഏതു സര്‍ക്കാരായാലും ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിന് കൃത്യമായ ഒരു സംവിധാനമുണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു നീക്കി ലക്ഷ്യങ്ങള്‍ കൈവരിക്കുകയാണ് പതിവ്. ഒരു വര്‍ഷം മുമ്പ് പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ഉണ്ടായപ്പോഴുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെയാകെ പ്രശംസ പിടിച്ചുപറ്റിയിരുന്നു എന്നതോര്‍ക്കുക.

എന്നാല്‍, മുമ്പ് എന്തൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നു മേനി നടിച്ചിട്ടും കാര്യമില്ല, ചെറിയൊരു വീഴ്ച മതി സല്‍പ്പേര് മുഴുവന്‍ തകര്‍ന്നു തരിപ്പണമാകാന്‍. അത്തരമൊരു വീഴ്ചയാണ് ഓഖിയുടെ പേരില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ മേല്‍ ഇപ്പോള്‍ ആരോപിക്കപ്പെടുന്നത്. സി.പി.എം. നയിക്കുന്ന സര്‍ക്കാരിനെ ആക്രമിക്കാന്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ദുരന്ത നിവാരണത്തിലെ പാളിച്ച ഉയര്‍ത്തിക്കാട്ടുന്നു. ആ പാളിച്ചയുടെ ആഴം പരിശോധിക്കണമെന്നു നിശ്ചയിച്ചത് അതിനാല്‍ത്തന്നെയാണ്. ഇതു വെറും രാഷ്ട്രീയമാണോ എന്നറിയണം. മാത്രമല്ല, പാളിച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഉച്ചത്തില്‍ പറഞ്ഞ് ഇത് ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള സംവിധാനം ഉറപ്പുവരുത്തുകയും വേണം. കേന്ദ്ര എജന്‍സികളില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പിന്റെ വിശദാംശങ്ങളാണ് ഇത്തരമൊരു പരിശോധനയ്ക്ക് ആധാരമാക്കാന്‍ സാധിക്കുക. ആ അറിയിപ്പുകളുടെ മുഴുവന്‍ ഔദ്യോഗിക രേഖകളും ഇതിനായി ശേഖരിച്ചു.

ദുരന്ത നിവാരണ അതോറിറ്റി ഇന്നു വരെ ഒരു അറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കില്‍ അതില്‍ വ്യക്തമായ ദുരന്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതിനാല്‍ത്തന്നെ ദുരന്തനിവാരണ അതോറിറ്റി തരുന്ന അറിയിപ്പുകളില്‍ ദുരന്ത സാഹചര്യം വ്യക്തമായി പറയുകയാണ് പതിവ്. കൃത്യമായ നടപടിക്രമങ്ങള്‍ പ്രകാരമാണ് ദുരന്തനിവാരണ അതോറിറ്റി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ത്തന്നെ മാനദണ്ഡപ്രകാരം അംഗീകാരമില്ലാത്ത കാലാവസ്ഥ സ്ഥിതിഗതികള്‍ സംബന്ധിച്ച അനാവശ്യ മുന്നറിയിപ്പുകള്‍ നല്‍കി ജനങ്ങളില്‍ പരിഭ്രാന്തി പരത്തുവാന്‍ അതോറിറ്റിക്ക് കഴിയില്ല. ഇത്തരത്തില്‍ പരിഭ്രാന്തി പരത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തന്നെ നിയുക്തമായ അതോറിറ്റിക്ക് സ്വമേധയാ പരിഭ്രാന്തി സൃഷ്ടിക്കാനാവുമോ?

‘കേരള തീരത്ത് 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാദ്ധ്യതയുണ്ട്. കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണം’ -സ്ഥിരമായി മാധ്യമങ്ങളിലൂടെ വരുന്ന അറിയിപ്പാണിത്. ഐ.എം.ഡി. എന്ന പേരിലറിയപ്പെടുന്ന ഇന്ത്യന്‍ മീറ്റിയോറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അഥവാ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഇന്‍കോയ്‌സ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അഥവാ ദേശീയ സമുദ്രതല വിവര സേവന കേന്ദ്രവും ആണ് ശക്തമായ തിരമാല സംബന്ധിച്ചും കാറ്റ് സംബന്ധിച്ചും ഇത്തരം അറിയിപ്പുകള്‍ നല്‍കുന്നത്. ഈ ഗണത്തിലുള്ള അറിയിപ്പുകള്‍ അവര്‍ മാധ്യമങ്ങള്‍, മത്സ്യബന്ധന വകുപ്പ്, തുറമുഖ വകുപ്പ് തുടങ്ങിയവര്‍ക്ക് അവര്‍ നേരിട്ട് കൈമാറും. ഇക്കുറി ആദ്യം ലഭിച്ചതും ഇത്തരത്തില്‍ പതിവ് ഗണത്തിലുള്ള അറിയിപ്പുകള്‍ തന്നെയാണ്.

2017 നവംബര്‍ 29 ഉച്ചയ്ക്ക് 2.30നാണ് ഇന്‍കോയ്‌സിന്റെ ആദ്യ അറിയിപ്പ് വന്നത്.

നവംബര്‍ 29 ഉച്ചതിരിഞ്ഞ് 2.30ന് വന്ന സന്ദേശത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

Latest observations and satellite imageries indicate that a depression has formed over southwest Bay of Bengal off Sri Lanka coast. It lay centred at 0830 hrs IST of today, the 29 November, 2017 near Latitude 6.5 deg N and Longitude 81.8 deg E, about 80 km to the eastsoutheast of Hambantota and 500 km east southeast of Kanyakumari. The system is very likely to move westnorthwestwards and cross Sri Lanka coast close to northeast of Hambantota around noon of today. It would then continue to move west-northwestwards across Sri Lanka and emerge into Comorin area by tomorrow. The system is very likely to intensify further into a deep depression during next 24 hours.

29.11

ശ്രീലങ്കയ്ക്കു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം ഉണ്ടായിട്ടുണ്ടെന്നും കേരള തീരത്ത് 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുമെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നുമാണ് അറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍തന്നെ എല്ലാ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മെസേജ് സര്‍വീസ് മുഖേന ഈ അറിയിപ്പ് നല്‍കി. തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലും ഇത് വന്നിട്ടുണ്ട്. ശക്തമായ മഴ ഡിസംബര്‍ 1 വരെയും കടല്‍ക്ഷോഭം ഡിസംബര്‍ 2 വരെയും ഉണ്ടാകുമെന്ന് അറിയിപ്പും ഇതോടൊപ്പം നല്‍കിയിരുന്നു. ഇത് വിവിധ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

2017 നവംബര്‍ 30 അര്‍ദ്ധരാത്രിക്കു ശേഷം 1.30നായിരുന്നു അടുത്ത അറിയിപ്പ്. ഇക്കുറി വന്നത് ഐ.എം.ഡിയില്‍ നിന്ന്.

നവംബര്‍ 30 പുലര്‍ച്ചെ 1.30ന് വന്ന സന്ദേശത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

30-11-2017 1 am.jpg

Latest observations and satellite imageries indicate that the depression over Comorin area and adjoining Sri Lanka moved nearly westward with a speed of 15 kmph during last 6 hours and lay centred at 2330 hrs IST of yesterday, the 29th November, 2017 over Comorin area and neighbourhood near Latitude 6.3º N and Longitude 79.2º E, about 110 km northwest of Galle (Sri Lanka) and 270 km southeast of Kanyakumari. The system is very likely to move nearly westwards and intensify further into a deep depression during next 12 hours. Squally winds reaching 45-55 kmph gusting to 65 kmph is very likely along and off South Tamil Nadu and South Kerala during next 36 hours and over Lakshadweep Islands and adjoining sea areas on 01st and 02nd December.

30.11.jpeg

ശ്രീലങ്കയ്ക്കടുത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായി തമിഴ്‌നാടിന്റെയും കേരളത്തിന്റെയും തെക്കന്‍ തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശും. ഈ കാറ്റ് ചിലപ്പോള്‍ 65 കിലോമീറ്റര്‍ വരെ വേഗത്തിലാകുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഈ അറിയിപ്പിനൊപ്പം നല്‍കിയ ഭൂപടത്തില്‍ ന്യൂനമര്‍ദ്ദ പാതയും ദിശയും കേരളത്തില്‍നിന്ന് വളരെ ദൂരെയായിരിക്കുമെന്നാണ് അറിയിച്ചത്. ന്യൂനമര്‍ദ്ദം കന്യാകുമാരിക്ക് 270 കിമീ തെക്കു-കിഴക്കായി കേരള തീരത്തുനിന്ന് വളരെ ദൂരെയായിരുന്നു എന്നതിനാലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേരളത്തില്‍ ഇല്ല എന്നതിനാലും അടിയന്തര സാഹചര്യം പ്രഖ്യാപിക്കുവാനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ അറിയിപ്പ് പ്രകാരവും സാധിക്കുമായിരുന്നില്ല.

2017 നവംബര്‍ 30 രാവിലെ 8.30ന് ഐ.എം.ഡിയില്‍ നിന്നുള്ള അടുത്ത അറിയിപ്പ് വന്നു.

നവംബര്‍ 30 രാവിലെ 8.30ന് വന്ന സന്ദേശത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

30-11-2017 8.30 am.jpg

Latest observations and satellite imageries indicate that the deep depression over Comorin area moved west-northwestwards with a speed of 18 kmph during past 06 hours and lay centred at 0530 hrs IST of today, the 30th November, 2017 over Comorin area and neighbourhood near Latitude 6.7º N and Longitude 78.3º E, about 240 km west-northwest of Galle (Sri Lanka), 170 km southeast of Kanyakumari and 600 km east-southeast of Minicoy. The system is very likely to move west-northwestwards and intensify further into a cyclonic storm during next 12 hours.
* Lakshadweep Islands: Fishermen along & off Lakshadweep Islands are advised not to venture into the sea during next 48 hours.
* South Tamil Nadu and South Kerala : Fishermen are advised not to venture into the sea along & off South Tamil Nadu coast during next 24 hrs and along and off South Kerala coasst during next 48 hours.

mano.jpeg

കന്യാകുമാരി സമുദ്ര മേഖലയിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ടെന്നും ഈ അറിയിപ്പില്‍ വ്യക്തമാക്കി. ലക്ഷദ്വീപില്‍ ചുഴലിക്കാറ്റിന് സാദ്ധ്യതയുള്ളതായി ഇതില്‍ പറഞ്ഞിരുന്നുവെങ്കിലും കേരളത്തിന്റെ കാര്യം മിണ്ടിയിട്ടില്ല. ഈ അറിയിപ്പിനോടൊപ്പം നല്‍കിയ ഭൂപടത്തിലും ന്യൂനമര്‍ദ്ദ പാതയും ദിശയും കേരളത്തില്‍ നിന്ന് വളരെ ദൂരെയായിരിക്കുമെന്നാണ് പറഞ്ഞത്. അപ്പോള്‍ ന്യൂനമര്‍ദ്ദം കന്യാകുമാരിക്ക് 170 കിലോമീറ്റര്‍ തെക്കു-കിഴക്ക് മാറി കേരള തീരത്തുനിന്നും വളരെ ദൂരെയാണ് സ്ഥിതി ചെയ്തിരുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേരളത്തിലുണ്ടായിരുന്നുമില്ല. ഇതിനാല്‍ അടിയന്തര സാഹചര്യം പ്രഖ്യാപിക്കുവാന്‍ സാധിക്കുമായിരുന്നില്ല. ശക്തിയായ കാറ്റു വീശാനിടയുള്ള സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന അറിയിപ്പ് പതിവുപോലെ നല്‍കി.

ഒടുവില്‍ 2017 നവംബര്‍ 30ന് ഉച്ചയ്ക്ക് 12ന് ആദ്യമായി കേരളത്തിലെ ചുഴലിക്കാറ്റ് സംബന്ധിച്ച അറിയിപ്പ് വന്നു. ‘ഓഖി ചുഴലിക്കാറ്റ്’ എന്ന തലക്കെട്ടില്‍ തന്നെയായിരുന്നു അറിയിപ്പ്.

നവംബര്‍ 30 ഉച്ചയ്ക്ക് 12.00ന് വന്ന സന്ദേശത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

30-11-2017 12 pm.jpg

Latest observations and satellite imageries indicate that the deep depression over Comorin area moved west-northwestwards with a speed of 38 kmph during past 06 hours and intensified into a cyclonic storm ‘OCKHI’ and lay centred at 0830 hrs IST of today, the 30th November, 2017 over Comorin area and neighbourhood near Latitude 7.5º N and Longitude 77.5º E, about 340 km westnorthwest of Galle (Sri Lanka), 60 km south of Kanyakumari, 120 km southwest of Thiruvananthapuram and 480 km east-southeast of Minicoy. The system is very likely to move westnorthwestwards towards Lakshadweep Islands and intensify further into a severe cyclonic storm during next 24 hours.

ഈ സന്ദേശപ്രകാരം ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി പരിണമിച്ചു. ഓഖിയെന്ന് പേരിട്ട ചുഴലിക്കാറ്റ് തെക്കന്‍ കേരളത്തിലും തമിഴ്‌നാടിന്റെ തെക്കന്‍ പ്രദേശത്തും ലക്ഷദ്വീപിലും വീശുമെന്നും വ്യക്തമായി. ഇതോടൊപ്പം നല്‍കിയ ഭൂപടത്തില്‍ ന്യൂനമര്‍ദ്ദ പാതയുടെ അതിരുകള്‍ കേരള തീരത്തെത്തുമെന്ന് വ്യക്തമാക്കിയിരുന്നു. അപ്പോള്‍ ചുഴലിക്കാറ്റ് കന്യാകുമാരിക്ക് 60 കിലോമീറ്റര്‍ തെക്കും തിരുവനന്തപുരം തീരത്തുനിന്ന് 160 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറും ആണ് നിലക്കൊണ്ടത്. ഇതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞ അറിയിപ്പ്. അദ്ദേഹം പറഞ്ഞത് 100 ശതമാനം സത്യമാണ് -‘ചുഴലിക്കാറ്റ് സംബന്ധിച്ച അറിയിപ്പ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12നാണ് ലഭിച്ചത്.’

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ച് 5 മിനിറ്റനകം ഈ വിവരം പ്രധാന ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും ദുരന്തനിവാരണ അതോറിറ്റി മെസേജ് സര്‍വീസ് മുഖേന അറിയിച്ചു. നടപടിക്രമങ്ങള്‍ പ്രകാരം പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ പ്രത്യേകം നല്‍കി. ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ച് മാരക ചുഴലികൊടുംങ്കാറ്റായി മാറുന്ന സ്ഥിതിയിലെത്തിയാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണറായ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ബന്ധപ്പെട്ട ജില്ലാ ഭരണകൂടങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കി.

കടലില്‍ നടക്കുന്ന തിരച്ചിലിനെയും രക്ഷാപ്രവര്‍ത്തനത്തെയും പറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ തീരരക്ഷാ സേന പശ്ചിമ മേഖല കമാന്‍ഡറായ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ.നടരാജന്‍ വിശദീകരിച്ചു നല്‍കുന്നു

ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ച് 1 മണിക്കൂറിനകം, അതായത് വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിയോടുകൂടി തന്നെ കേന്ദ്ര ദുരന്ത നിവാരണ നിയമം അനുശാസിക്കുന്ന പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളുടെയും നേതൃത്വം ഏറ്റെടുത്തു. നടപടിക്രമം അനുസരിച്ച് കര സേന, നാവിക സേന, വ്യോമ സേന, അഗ്‌നി സേന, തീര രക്ഷാ സേന എന്നിവയുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദേശങ്ങളും ഏകോപനവും ഉറപ്പുവരുത്തി. ഉച്ചതിരിഞ്ഞ് 3.30ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെ കളക്ടര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പിണറായി തന്നെ നല്‍കി. വൈകുന്നേരം 4ന് തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക യോഗവും ചേര്‍ന്നു. ഈ യോഗങ്ങളുടെ തീരുമാനപ്രകാരം തിരുവനന്തപുരം ജില്ലയിലെ തീരദേശത്ത് 100 മീറ്റര്‍ ചുറ്റളവില്‍ കെട്ടുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി.

M_MOHAPATRA
മൃത്യുഞ്ജയ് മഹാപത്ര

അടുത്തകാലത്തൊന്നും സംഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒന്നാണ് ഓഖി ചുഴലിക്കാറ്റ്. ചുരുങ്ങിയ സമയത്തിനുള്ളില്‍, അതായത് നവംബര്‍ 30 രാവിലെ 8.30നും, ഉച്ചക്ക് 12 മണിക്കുമിടയിലാണ് ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയത്. അതിനാലാണ് മുന്‍കൂട്ടി അറിയിപ്പ് നല്‍കാനാവാതെ പോയതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെ ചുഴലിക്കാറ്റ് ജാഗ്രതാ വിഭാഗം തലവന്‍ മൃത്യുഞ്ജയ് മഹാപത്ര പറയുന്നു -‘എല്ലാ ചുഴലിക്കാറ്റുകളും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്നവയല്ല.’ ഇതിനുമുമ്പ് മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയ ലൈല, ഹുദ്ഹുദ്, ഫൈലിന്‍ ചുഴലിക്കാറ്റുകളില്‍നിന്ന് വ്യത്യസ്തമായിരുന്നു ഓഖി. നേരത്തേ വീശിയ ചുഴലിക്കാറ്റുകള്‍ നാലോ അഞ്ചോ ദിവസങ്ങള്‍ക്കു മുമ്പ് പ്രവചിക്കാന്‍ കഴിഞ്ഞിരുന്നു. കൃത്യമായ ഗതി നിര്‍വ്വചിക്കാനും അപകടമേഖല കണ്ടെത്തി ആളുകളെ ഒഴിപ്പിക്കാനും അന്നു സാധിച്ചു. എന്നാല്‍, ഇക്കുറി അത് സാധിച്ചില്ല. അതിനാല്‍ത്തന്നെ ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പിന്റെ മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്കു കഴിഞ്ഞുമില്ല.

proto (4).JPG

കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡം അനുസരിച്ച് ഒരു ചുഴലിക്കാറ്റ് സംബന്ധിച്ച് 3 മുതല്‍ 5 വരെ ദിവസം മുമ്പ് മുതല്‍ ഓരോ 12 മണിക്കൂര്‍ ഇടവിട്ടും Genesis and Cyclone Watch അറിയിപ്പ് നല്‍കേണ്ടതാണ്. 2 ദിവസം മുമ്പ് മുതല്‍ 3 മണിക്കൂര്‍ ഇടവേളയില്‍ കാറ്റിന്റെ ഗതി, പ്രഹരശേഷി, ആഘാത സ്ഥാനം, ആഘാതവ്യാപ്തി എന്നിവ സംബന്ധിച്ച് അറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കണം. ഇത്തരത്തില്‍ ഒരു മുന്നറിയിപ്പും ഓഖിയുടെ കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്നുണ്ടായിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. മുന്‍കൂട്ടി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞില്ല എന്ന് മൃത്യുഞ്ജയ് മഹാപത്ര പറഞ്ഞൊഴിയാന്‍ ശ്രമിക്കുന്നത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. അപ്പോള്‍ സ്വാഭാവികമായും സംശയമുയരുന്നു -സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഉത്സാഹിച്ചവര്‍ യഥാര്‍ത്ഥത്തില്‍ ശ്രമിച്ചത് കേന്ദ്ര ഏജന്‍സികളുടെ പിഴവ് മറച്ചുപിടിക്കാനല്ലേ?

ചുഴലിക്കാറ്റ് രൂപപ്പെടുന്നതും അതിന്റെ ആയുസ്സും അത് എവിടെ രൂപപ്പെടുന്നു എന്നതുമാണ് പ്രവചനത്തെ സ്വാധീനിക്കുന്നത്. ഓഖി രൂപംകൊണ്ടത് ശ്രീലങ്കയുടെ പടിഞ്ഞാറന്‍ സമുദ്രത്തിലാണ്. ലക്ഷദ്വീപിനെ ലക്ഷ്യമാക്കിയാണിത് നീങ്ങിയത്. കേവലം ഒന്നര ദിവസം കൊണ്ടാണ് കേരള- തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റ് എത്തിയതെന്നും വിശദീകരണം. ഇത് കൃത്യമായ പ്രവചനങ്ങളെ അസാധ്യമാക്കിയെന്ന് മുന്നറിയിപ്പ് നല്‍കാന്‍ ചുമതലപ്പെട്ട കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെ ചുഴലിക്കാറ്റ് ജാഗ്രതാ വിഭാഗം തലവന്‍ തന്നെ പറയുന്നു. അപ്പോള്‍പ്പിന്നെ കേന്ദ്രത്തിന്റെ ഏതു മുന്നറിയിപ്പാണ് കേരള സര്‍ക്കാര്‍ അവഗണിച്ചതെന്ന ചോദ്യമുയരുന്നു. കേന്ദ്ര മുന്നറിയിപ്പ് അവഗണിച്ചതാണ് മത്സ്യത്തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കിയതെന്നാണ് കേന്ദ്ര ഭരണകക്ഷിയുടെ സംസ്ഥാന കക്ഷിക്കാര്‍ പറയുന്നത്. ഇല്ലാത്ത കേന്ദ്ര മുന്നറിയിപ്പ് എങ്ങനെയാണാവോ സംസ്ഥാനം അവഗണിക്കുക?

proto (3).JPG

കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് നല്‍കുന്ന നോഡല്‍ ഏജന്‍സി. ഈ കാലാവസ്ഥാ വകുപ്പിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനുള്ള പ്രവര്‍ത്തന മാനദണ്ഡങ്ങളിലെ പേജ് 9ല്‍ ടേബിള്‍ 1.2 പ്രകാരം ന്യൂനമര്‍ദ്ദം സംബന്ധിച്ച് പ്രത്യേക നടപടികള്‍ ഒന്നും നിര്‍ദ്ദേശിക്കുന്നില്ല. തീവ്ര ന്യൂനമര്‍ദ്ദം ഉണ്ടായാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന ‘ഉപദേശം’ നല്‍കണം -ഉപദേശം മാത്രം!! ചുഴലിക്കാറ്റിനു സാദ്ധ്യതയുണ്ടെങ്കില്‍ മാത്രമാണ് മത്സ്യത്തൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്നു തടയേണ്ടത്!!

ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് കേരളത്തിന് കൃത്യമായ മുന്നറിയിപ്പു നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

ഈ സാഹചര്യത്തില്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചുഴലിക്കാറ്റു വീശുമെന്ന ഔദ്യോഗിക അറിയിപ്പ് നല്‍കാതെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് മുന്നറിയിപ്പ് നല്‍കാന്‍ കഴിയില്ല എന്നതാണ് വാസ്തവും. വീശുന്നത് ചുഴലിക്കാറ്റാണോ എന്നു നിര്‍ണ്ണയിക്കാനുള്ള അധികാരം കേന്ദ്ര കാലാവസ്ഥാ വകുപ്പിന് മാത്രമാണ്. ചുഴലിക്കാറ്റ് സംബന്ധിച്ച അറിയിപ്പ് കേരളത്തിന് ലഭിച്ചത് നവംബര്‍ 30 ഉച്ചയ്ക്ക് 12നാണെന്ന വസ്തുതയ്ക്ക് അതിനാല്‍ത്തന്നെ പ്രാധാന്യം കൈവരിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദ്ദത്തെ വിലയിരുത്തി ചുഴലിയാണോയെന്നു നിര്‍ണ്ണയിച്ച് ശരാശരി 4 ദിവസം മുമ്പ് പ്രവചിക്കുകയും ദിശ നിര്‍ണ്ണയിക്കുകയും പേരിടുകയുമൊക്കെ ചെയ്യുന്നത് പതിവാക്കിയവരാണ് കാലാവസ്ഥാ വകുപ്പുകാര്‍. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ അപൂര്‍വ്വമായി മാത്രം അറബിക്കടലില്‍ രൂപമെടുക്കുന്ന ഗണത്തിലുള്ള ഈ ചുഴലിക്കാറ്റിനെ തിരിച്ചറിയാനും ഓഖി എന്ന പേരിടാനുമൊക്കെ അവര്‍ വല്ലാതെ വൈകിച്ചു.

ഏറ്റവും ഒടുവില്‍ കിട്ടിയതാണ് ഞെട്ടിക്കുന്ന വിവരം. കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിലെ extended range forecast model തകരാറിലായിരുന്നു. ഈ പിശകു കാരണം ഓഖിക്ക് ചുഴലിക്കാറ്റിന്റെ രൂപമുണ്ടെന്നു തിരിച്ചറിയാന്‍ കാലാവസ്ഥാ വകുപ്പിന് കഴിയാതെ പോയി. എന്തോ കുഴപ്പം സംഭവിച്ചുവെന്ന് പെട്ടെന്നു തന്നെ അവര്‍ തിരിച്ചറിഞ്ഞു. forecast model തയ്യാറാക്കിയ വിദഗ്ദ്ധനെ -അദ്ദേഹം ഇപ്പോള്‍ മറ്റൊരു സ്ഥാപനത്തില്‍ ഡെപ്യുട്ടേഷനിലാണ് -കാലാവസ്ഥാ വകുപ്പ് പുണെയിലെ കേന്ദ്രത്തിലേക്ക് ഉടനെ തന്നെ വിളിച്ചു വരുത്തി. അദ്ദേഹം പോയി extended range forecast model തകരാര്‍ പരിഹരിച്ചു. അതിനു ശേഷമാണ് ശ്രീലങ്കന്‍ തീരത്തുണ്ടായത് ചുഴലിക്കാറ്റാണെന്നു മനസ്സിലായതു തന്നെ. ഓഖിയെന്ന പേരു വന്നതും അതിനു ശേഷം. അതുപയോഗിച്ചു തന്നെയാണ് ഏറ്റവും പുതിയ ചുഴലിക്കാറ്റായ സാഗറിനെക്കുറിച്ച് ഇപ്പോള്‍ 48 മണിക്കൂര്‍ മുമ്പ് കൃത്യമായ പ്രവചനം വന്നിരിക്കുന്നത്!! ഓഖിയെക്കുറിച്ച് വിവരം ലഭിച്ച് 4 മണിക്കൂര്‍ കൊണ്ട് ഇത്രയൊക്കെ ചെയ്യാന്‍ സാധിച്ചപ്പോള്‍ 24 മണിക്കൂര്‍ മുമ്പ് വിവരം ലഭിച്ചിരുന്നുവെങ്കില്‍ എന്തു തന്നെ ചെയ്യാമായിരുന്നില്ല!

ഏതായാലും ചുഴലിക്കാറ്റ് സംബന്ധിച്ച അറിയിപ്പ് ലഭിച്ച് 4 മണിക്കൂര്‍ തികഞ്ഞപ്പോഴേക്കും ഇവിടെ വിപുലമായ രക്ഷാപ്രവര്‍ത്തനങ്ങളുടെ ‘ഓപ്പറേഷന്‍ സിനര്‍ജി’ രൂപമെടുത്തിരുന്നു. വിമര്‍ശിച്ചവര്‍ ഇതൊന്നും അറിയാത്തതാണോ, അറിഞ്ഞില്ലെന്നു നടിച്ചതാണോ എന്ന് അറിയില്ല. സേനകളുടെ പിന്തുണ തേടിയുള്ള കേരളത്തിന്റെ അഭ്യര്‍ത്ഥന സ്വീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് കേരള തീരത്ത് മാത്രം 13 കപ്പലുകളും, 4 വിമാനങ്ങളും, 4 ഹെലികോപ്റ്ററുകളും തിരിച്ചിലിനായി വിന്യസിക്കപ്പെട്ടു. ഈ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ കടലില്‍ പെട്ടുപോയ ഏകദേശം 690 മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുവാന്‍ സാധിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിലൊന്നാണിത്.

#HADR #CycloneOckhi #SAR continues off Kerala Coast. IN ac P8i, DO, ALH, Seaking 42B&C in area since dawn. Ships from SNC and ICG in area. Western Fleet ships INS Chennai, Kolkata & Trikand have augmented SAR as well. INS Shardul heading 2 Minicoy for assistance 1/n @nsitharaman pic.twitter.com/PQGMShIn20

— SpokespersonNavy (@indiannavy) December 2, 2017

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ നാവികസേനയുടെ ഹെലികോപ്റ്ററില്‍ രക്ഷിക്കുന്നു

30 ദുരിതാശ്വാസ ക്യാമ്പുകളാണ് 7 ജില്ലകളിലായി തുടങ്ങിയത്. തീരപ്രദേശങ്ങളിലെ അപകടസാഹചര്യങ്ങളില്‍ നിന്ന് 600ഓളം കുടുംബങ്ങളിലെ 3000ഓളം പേരെ മണിക്കൂറുകള്‍ക്കകം സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. കടലിലും തീരത്തും നടന്ന രക്ഷാപ്രവര്‍ത്തനം വാര്‍ത്തയില്‍ നിറഞ്ഞതിനാല്‍ എല്ലാവരും ശ്രദ്ധിച്ചു. എന്നാല്‍, ആസ്പത്രികള്‍ അടക്കമുള്ള കേന്ദ്രങ്ങളില്‍ നടന്ന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടുവോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സുസജ്ജമായിരുന്നു. കൂടുതല്‍ പേരെത്തിയാല്‍ അവരെ ഉള്‍ക്കൊള്ളുവാനായി കൂടുതല്‍ കിടക്കകള്‍ ലഭ്യമാക്കി. ചികില്‍സയാവശ്യമുള്ളവരെ എത്തിക്കുവാനായി ദുരന്തബാധിതപ്രദേശങ്ങളില്‍ അധിക ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തി. അധിക ജീവനക്കാരെയും നിയോഗിച്ചു.

ആരോഗ്യ വകുപ്പിനൊപ്പം തന്നെ പ്രശംസനീയമായിരുന്നു പൊതുമരാമത്ത് -വൈദ്യുതി വകുപ്പുകളുടെ പ്രവര്‍ത്തനം. കാറ്റിലും മഴയിലും കടപുഴകി റോഡില്‍ വീണ മരങ്ങള്‍ കാലതാമസം കൂടാതെ മുറിച്ചു മാറ്റി. വൈദ്യുതി ബന്ധം തകരാറിലായപ്പോഴെല്ലാം വൈകിക്കാതെ പുനഃസ്ഥാപിച്ചു. ഓഖി ചുഴലിക്കാറ്റ് മൂലം കന്യാകുമാരിയില്‍ ഉണ്ടായ ഏറ്റവും വലിയ ബുദ്ധിമുട്ട് അവിടുത്തെ വൈദ്യുതി നിലച്ചു എന്നതാണെന്ന്് തമിഴ്നാട്ടിലെ ദുരന്ത നിവാരണ അതോറിറ്റി തലവന്‍ കെ.സത്യഗോപാല്‍ പറഞ്ഞത്. എന്നാല്‍, കേരളത്തില്‍ ഓഖി ചുഴലിക്കാറ്റടിച്ച ജില്ലകളില്‍ ഒരിടത്തുപോലും വൈദ്യുതി ബന്ധം അധിക നേരത്തേക്ക് വിച്ഛേദിക്കപ്പെട്ടില്ല. കനത്ത മഴയില്‍ അത്യന്തം അപകടകരമായ സാഹചര്യങ്ങളിലായിരുന്നു വൈദ്യുതി കമ്പനി ജീവനക്കാരുടെ പ്രശ്‌നപരിഹാര പ്രവര്‍ത്തനം എന്നോര്‍ക്കണം.

ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരന്തവേളയില്‍ കേരള സര്‍ക്കാര്‍ നടത്തിയ ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ അഭിനന്ദനം. കേരളത്തിന്റെ മാതൃക പിന്തുടരാത്ത തമിഴ്‌നാട് സര്‍ക്കാരിനോട് പ്രതിഷേധം

കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ വിലയില്ലെങ്കിലും കേരളത്തിനു പുറത്ത് നല്ല വിലയാണ്. കേരളത്തിലെ സര്‍ക്കാരിനെ കണ്ടു പഠിക്കണമെന്ന് തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണം അടക്കമുള്ളിടത്തെ മത്സ്യത്തൊഴിലാളികള്‍ പറയാനിടയായത് ഇവിടത്തെ പ്രവര്‍ത്തനമികവിന് തെളിവാണ്. ഈ നന്മകളെല്ലാം മുക്കിക്കളയുന്ന വിധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിഴിഞ്ഞം സന്ദര്‍ശനവേളയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടപ്പെടുന്നത് പ്രതിപക്ഷ പ്രചാരണം വിജയം കണ്ടതിന്റെ തെളിവാണെന്നു പറയേണ്ടി വരും. സര്‍ക്കാരിന്റെ ഭരണപരാജയത്തോടുള്ള മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധമായാണ് അത് വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാല്‍, ആ പ്രതിഷേധം ആസൂത്രിതമായിരുന്നു എന്ന് പിന്നീടുള്ള പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയില്‍ പെട്ടവരാണ് അവരുടെ ശക്തികേന്ദ്രത്തില്‍ ഇരുട്ടിന്റെ മറവില്‍ മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ചത്. ആ സംഘത്തില്‍ പലരും മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു. ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പ് തന്നെ.

കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പിന്തുണച്ചുകൊണ്ട് പൊളിമര്‍ ന്യൂസില്‍ വന്ന വാര്‍ത്ത. തമിഴ്‌നാട് സര്‍ക്കാര്‍ അത്തരം നടപടികള്‍ സ്വീകരിക്കാത്തതിലുള്ള ദുഃഖവും മത്സ്യത്തൊഴിലാളികള്‍ വാര്‍ത്തയില്‍ പ്രകടിപ്പിക്കുന്നുണ്ട്

വ്യാജ ആരോപണങ്ങളുയര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ സ്വാധീനം ചെലുത്തുന്ന ഒരു ദുരന്തമേഖല സന്ദര്‍ശിക്കാന്‍ ഇരുള്‍ പടരുന്ന നേരത്ത് വന്‍ പൊലീസ് അകമ്പടിയോടെ മുഖ്യമന്ത്രിയെ പറഞ്ഞുവിട്ട അദ്ദേഹത്തിന്റെ ഉപദേശകരെ സാഷ്ടാംഗം നമസ്‌കരിക്കുന്നു. അവര്‍ മാത്രമാണ് ഈ ദുരവസ്ഥ വരുത്തിവെച്ചത്. പകല്‍വെളിച്ചത്തിലാണ് പിണറായി വിജയന്‍ വിഴിഞ്ഞം സന്ദര്‍ശിച്ചിരുന്നതെങ്കില്‍ ഇത്തരമൊരനുഭവം ഉണ്ടാവുമായിരുന്നോ എന്ന് ന്യായമായും സംശയിക്കാം. തലയ്ക്കകത്ത് ഒട്ടും ആള്‍താമസമില്ലാത്ത ഉപദേശകരും ആരാധകരുമാണ് പിണറായിയുടെ ശാപം.

നല്ലതു ചെയ്താല്‍ മാത്രം പോരാ, അതു ചെയ്തുവെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുക കൂടി ചെയ്യുന്നതാണ് രാഷ്ട്രീയം. ചെയ്ത കാര്യങ്ങള്‍ ചെയ്തുവെന്ന് പറയുന്നത് കാപട്യമല്ല. അതിനു സാധിക്കാത്തവരെ ഇന്നത്തെ രാഷ്ട്രീയത്തിന് കൊള്ളില്ല. മുമ്പ് പറഞ്ഞത് ആവര്‍ത്തിക്കാതെ തരമില്ല -ഒരു ജനനേതാവിനെ സംബന്ധിച്ചിടത്തോളം ശരീരഭാഷ വളരെ പ്രധാനപ്പെട്ടതാണ്…

ചുഴലിക്കാറ്റ് സംബന്ധിച്ച് കേന്ദ്ര എജന്‍സികളില്‍ നിന്ന് കേരളത്തിന് ലഭിച്ച സന്ദേശങ്ങള്‍ മുഴുവന്‍ ഈ കുറിപ്പിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശോധിക്കാം, വിലയിരുത്താം, തീരുമാനിക്കാം ആരാണ് ശരിയെന്ന്…

മുഖ്യമന്ത്രിയോട് ഒരഭ്യര്‍ത്ഥനയുണ്ട്. ഇത്രയൊക്കെ ചെയ്ത അങ്ങ് ഒരിക്കല്‍ക്കൂടി വിഴിഞ്ഞത്ത് പോകണം. പകല്‍ വെളിച്ചത്തില്‍ പൊലീസിന്റെ അകമ്പടിയില്ലാതെ പോകണം. അങ്ങയെ ആരാണ് തടയുന്നത് എന്നൊന്ന് കാണട്ടെ!!

LATEST insights

TRENDING insights

23 COMMENTS

  1. കേരളത്തിലെ മാധ്യമങ്ങള്‍ ഈ ചോദ്യം തുടക്കത്തില്‍ തന്നെ ചോദിക്കേണ്ടിയിരുന്നു.
    എല്ലാം മറച്ച് വച്ചുകൊണ്ടവര്‍ ഒരു വ്യക്തിയെ കേന്ദീകരിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ച്, തങ്ങളുടെ ആജിവനാന്ത ശത്രുവായ ആ വ്യക്തിയെ പറ്റുമെങ്കില്‍ സ്ഥാനഭ്രഷ്ടനാക്കാനും നോക്കി.
    ബലിയാടുകളായത് പാവപ്പെട്ട കുറെ മത്സ്യത്തൊഴിലാളികളും.

  2. ഇതിനു ഒരു പരിധി വരെ കേരളത്തിലെ ചില മാധ്യമ പ്രവർത്തകരും ഉത്തരവാദികൾ ആണ് . താങ്കളുടെ വിശകലനം വളരെ ശരിയാണ്. ഞങ്ങളെ പോലെ സാദരണക്കാർ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ വിശ്വസിക്കുന്നു. ഇപ്പോൾ താങ്കൾക്ക് വന്നത് പോലെ മെസ്സേജുകൾ മറ്റു മാധ്യമ സുഹൃത്തുക്കൾക്കും വന്നിരിക്കുമല്ലോ. ഏഷ്യാനെറ്റ് പോലുള്ള മുഖ്യധാരാ മാധ്യമങ്ങൾ ഒരു വിശകലനവും നടത്താതെയാണ് മുഖ്യമന്ത്രി അടക്കമുള്ള ആളുകളെ വിമർശിച്ച് വാർത്ത കൊടുത്തു. ന്യൂസ് അവർ എന്ന വാർത്ത പരിപാടിയിൽ വിനു എന്ന മാധ്യമ പ്രവർത്തകൻ വലിയ വിമർശനമാണ് ഉന്നയിച്ചത്. വിഴിഞ്ഞത്തു മുഖ്യമന്തിയെ തടഞ്ഞത് പരിഹാസത്തിൽ പൊതിഞ്ഞു അവതരിപ്പിച്ചു. ഇത് കണ്ടിരിക്കുന്നവർ വിശ്വസിച്ചില്ലെങ്കിലെ അത്ഭുതം ഉള്ളു. വിനുവിനെ പോലെ ഒരു മുഖ്യധാരാ മാധ്യമത്തിന്റെ അമരത്തിരിക്കുന്ന ഒരു ആളിന് ഈ സന്ദേശങ്ങൾ എത്തിയില്ല എന്നതിൽ ഇപ്പോൾ അത്ഭുതം തോന്നുന്നു. സത്യം ഇപ്പോൾ ബോധ്യപ്പെട്ടു. ഇതുപോലെ സത്യസന്ധമായ മാധ്യമ പ്രവർത്തനമാണ് വേണ്ടത്. റേറ്റിംഗ് നോക്കി മാധ്യമ പ്രവർത്തനം നടത്തിയാൽ അത് നന്നാവില്ല. എല്ലാവിധ ആശംസകളും…

  3. ഈ വർഷത്തെ ബെസ്റ്റ് എഴുത്തിന് അവാർഡ് കിട്ടാൻ സാധ്യതയുണ്ട്.. ഒരുപാട് എഴുത്തുകൾ വന്നാലും മുഖ്യന്റെ ആ ക്ഷീണം മറുവെന്നു തോന്നുന്നില്ല..

    • താങ്കൾ ടെ കയ്യിൽ ഈ ലിങ്കിൽ ഇട്ടിരിക്കുന്ന വിവരങ്ങളെ ഖണ്ഡിക്കുന്ന വല്ല ഡോക്യുമെന്റ്സും ഉണ്ടെങ്കിൽ താങ്കൾക്കും പോസ്റ്റമല്ലൊ

  4. ഈ പറയുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ പിന്നെ എന്തിനാ നമുക്ക് ഒരു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, സമുദ്ര ഗവേഷണ കേന്ദ്രം എല്ലാം പിരിച്ചു വിടണം.. വെറുതെ പൊതു ഖജനാവ് കാലി ആക്കാൻ. ശരിയായ ഒരു അന്വേഷണം നടത്താൻ സർക്കാർ തയാർ ആകണം. രാജ്യത്ത് സാധാരണ കാരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ആണ് ഇവന്മാർക്ക് സ്റ്റേറ്റ് കാറും മന്ത്രി mandirangalum കോടി കണക്കിന് രൂപ ചിലവാക്കി personal staff. പിന്നെ അവന്റെ ഒക്കെ അച്ചിമാർക്കും പിള്ളർക്കും ഊര്ചുറ്റാൻ baatayum കൊടുക്കുന്നത്.

    • ഏറ്റവും ഒടുവില്‍ കിട്ടിയതാണ് ഞെട്ടിക്കുന്ന വിവരം. കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിലെ extended range forecast model തകരാറിലായിരുന്നു. ഈ പിശകു കാരണം ഓഖിക്ക് ചുഴലിക്കാറ്റിന്റെ രൂപമുണ്ടെന്നു തിരിച്ചറിയാന്‍ കാലാവസ്ഥാ വകുപ്പിന് കഴിയാതെ പോയി. എന്തോ കുഴപ്പം സംഭവിച്ചുവെന്ന് പെട്ടെന്നു തന്നെ അവര്‍ തിരിച്ചറിഞ്ഞു. forecast model തയ്യാറാക്കിയ വിദഗ്ദ്ധനെ -അദ്ദേഹം ഇപ്പോള്‍ മറ്റൊരു സ്ഥാപനത്തില്‍ ഡെപ്യുട്ടേഷനിലാണ് -കാലാവസ്ഥാ വകുപ്പ് പുണെയിലെ കേന്ദ്രത്തിലേക്ക് ഉടനെ തന്നെ വിളിച്ചു വരുത്തി. അദ്ദേഹം പോയി extended range forecast model തകരാര്‍ പരിഹരിച്ചു. അതിനു ശേഷമാണ് ശ്രീലങ്കന്‍ തീരത്തുണ്ടായത് ചുഴലിക്കാറ്റാണെന്നു മനസ്സിലായതു തന്നെ. ഓഖിയെന്ന പേരു വന്നതും അതിനു ശേഷം. അതുപയോഗിച്ചു തന്നെയാണ് ഏറ്റവും പുതിയ ചുഴലിക്കാറ്റായ സാഗറിനെക്കുറിച്ച് ഇപ്പോള്‍ 48 മണിക്കൂര്‍ മുമ്പ് കൃത്യമായ പ്രവചനം വന്നിരിക്കുന്നത്!! ഓഖിയെക്കുറിച്ച് വിവരം ലഭിച്ച് 4 മണിക്കൂര്‍ കൊണ്ട് ഇത്രയൊക്കെ ചെയ്യാന്‍ സാധിച്ചപ്പോള്‍ 24 മണിക്കൂര്‍ മുമ്പ് വിവരം ലഭിച്ചിരുന്നുവെങ്കില്‍ എന്തു തന്നെ ചെയ്യാമായിരുന്നില്ല!

  5. Kendra munnariyeepu undayeerinnathu kodumkattu undakum ennalla, sakthamayya mazhayum kattum undakum, athukondu fishing boattukal kadalil vidaruthu ennnanu. Pinney enganey fishing boattukal kadalil poyee? Kodumkattu anennu paranjathu 30nu annu.

    • ആ ലിങ്ക് തുറന്നു മുഴുവൻ വായിക്കു ചേട്ടാ …വ്യക്തമായ ഡാറ്റ വെച്ച് കൊണ്ട് തന്നെയാണ് കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുള്ളത്

  6. ഒരു മുതലെടുപ്പും ഇല്ലാ…. നാട്ടിൽ നിങ്ങൾ നിങ്ങള്ടെ അടുത്ത ബന്ധുവിന്റ മരണത്തിനോ അസുഖമായി കിടക്കുമ്പോളോ നിങ്ങൾ പോകുമോ.അതോ മുതലെടുപ്പു എന്നു വച്ചു പോകാതിരിക്കുമോ, ഒരു ആപത്തു ഉണ്ടാകുമ്പോൾ അവിടെ ചെല്ലണം അതാണ് ഒരു നല്ല ഭരണാധികാരി ചെയ്യേണ്ടത് അല്ലാതെ ഓഫീസിൽ ഇരുന്നു കോർഡിനേറ്റ ചെയ്തതാണ് എന്നു പറഞ്ഞിട്ട് കാര്യമില്ല.. പാർട്ടി സെക്രട്ടറി അരുന്നപ്പോളും മുഖ്യമന്ത്രി എന്നു വച്ചു മാധ്യമങ്ങളോട് കടക്കു പുറത്തു മൈക്ക് തട്ടി എന്നൊക്കെ പറഞ്ഞു ആക്രോശിക്കും ബോളും ഒരു കാര്യം ഓർക്കുക ജങ്ങളോട് കളിച്ചാൽ അവരു കളി പഠിപ്പിക്കും…. എന്താ രുന്നു വിഷിഞ്ഞതു കണ്ടില്ല ധാർഷ്ട്യവും അഹങ്കാരം വും ഒന്നും…

  7. ഈ പോസ്റ്റിൽ ഈ കമന്ററിനു പ്രസക്തിയില്ലെങ്കിൽ ദയവായി നീക്കം ചെയ്യുമല്ലോ.

    കഴിഞ്ഞ കുറച്ചേറെ കാലമായി ഇദ്ദേഹം മാത്രം അഡ്മിൻ ആയുള്ള Tamil Nadu Weatherman എന്ന ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുന്നു. ശാസ്ത്രത്തിന്റെ പിൻബലത്തോടെ ഇദ്ദേഹം ഇന്നുവരെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതുപടി നടന്നിരിക്കുന്നു. എന്നതിന് അർഥം അതേപടി സ്വീകരിക്കണം എന്നല്ല. തീർച്ചയായും നമ്മുടെ രാജ്യത്തെ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകൾ വേണം രാജ്യത്തെ പ്രജകൾ ഔദ്യോഗികമായി പിന്തുടരേണ്ടത്.

    ജോലിയുടെ ഉത്തരവാദിത്വം എന്നതിൽ ഉപരി ഒരു പാഷൻ ആയി കാര്യങ്ങളെ സമീപിക്കുമ്പോൾ കൂടുതൽ മെച്ചമായതു കിട്ടും എന്നത് അനുഭവം. ഇദ്ദേഹത്തെ ഫോളോ ചെയ്യുന്നത് ഒരിക്കലും ഒരു നഷ്ടമാകില്ല.

    Kudos to Tamil Nadu Weatherman!

  8. ഓഖി ചുഴലിക്കാറ്റു സമയത്തു കേരളത്തിലെ പ്രബുദ്ധ മാധ്യമങ്ങൾ നടത്തിയ മുതലെടുപ്പ് റിപ്പോർട്ടിങ്, ഇതിനോടകം ശക്തമായി വിമർശന വിധേയമായിരിക്കുന്നു . അപവാദങ്ങളും ഇല്ലാക്കഥകളും സൃഷ്‌ടിക്കുകയും ജനങ്ങളില്‍ ഭീതി പടര്‍ത്തുകയും ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയ #GetLostMediaLiars എന്ന ഹാഷ്‌ടാഗുമായി രംഗത്തു വരികയും ചെയ്ത അസാധാരണ സാഹചര്യവും നമ്മൾ കാണുന്നു. മാധ്യമ രംഗത്തുള്ള എല്ലാ അടിസ്ഥാന മര്യാദയും കാറ്റിൽ പരത്തിയാണ് ഈ ദുരന്ത സമയ റിപ്പോർട്ടിങ് മലയാള മാധ്യമങ്ങൾ നടത്തിയത്. ഇത്തരം പ്രവർത്തനങ്ങൾ മാധ്യമ പ്രവർത്തനത്തിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കും എന്ന് ഇവരാരും ഇപ്പോൾ തിരിച്ചറിയുന്നില്ല എന്നതും അത്യന്തം അപകടമായ സ്ഥിതി വിശേഷമാണ്.

    ഓഖി ചുഴലിക്കാറ്റു സമയത്ത് യഥാർത്ഥത്തിൽ സംഭവിച്ചത് എന്തെന്ന് ഇതുവരെ വസ്തു നിഷ്ഠമായി അന്വേഷണ വിധേയമാക്കാൻ ഒരു മാധ്യമവും ശ്രമിച്ചിട്ടില്ല. എല്ലാർക്കും വേണ്ടത് പിണറായിയുടെ രക്തം മാത്രം.

    അതിനിടയിലാണ് വസ്തുനിഷ്ഠമായ ഒരു അന്വേഷണവുമായി പ്രശസ്‌ത പത്രപ്രവർത്തകൻ വി.എസ്.ശ്യാംലാൽ എത്തുന്നത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെയും മറ്റു സംവിധാനങ്ങളുടെയും ആധികാരിക രേഖകൾ പരിശോധിച്ചു തയാറാക്കിയ ഈ റിപ്പോർട്ട് കാര്യങ്ങളുടെ യഥാർത്ഥ വസ്തുത പുറം ലോകത്തെ അറിയിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങൾ പരാജയപെട്ടിടത്താണ് ശ്യാംലാൽ, മാധ്യമ പ്രവർത്തനത്തിന്റെ അന്തസ്സ് ഉയർത്തി പിടിക്കുന്ന നിലപാട് എടുക്കുന്നത് ….

  9. പ്രകൃതി ക്ഷോഭങ്ങൾ ആർക്കും തടയാൻ സാധിക്കില്ല. അത് വന്നാൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയെ വഴിയുള്ളൂ. അതിനുള്ള അവസരം മാത്രമേ നമുക്കുള്ളൂ. അത് ആവുന്നത്രയും രീതിയിൽ സർക്കാർ ചെയ്തിട്ടുണ്ട്. എന്നിട്ടും ദുരന്ത ഭീതിയിൽ അകപ്പെട്ടവർക്ക് പ്രത്യാശയും സഹായവും ചെയ്യുന്നതിന് പകരം ദുഷ്ടലാ ക്കോടെ രാഷ്ട്രീയ മുതലെടുപിന് ഉപയോഗിക്കുന്ന ഈ മാധ്യമ പ്രവർത്തനം സാംസ്കാരിക കേരളത്തിന് അപമാനവും മാധ്യമ ധർമ്മം കാത്തുസൂക്ഷിക്കുന്ന പത്ര പ്രവർത്തകർക്ക് കൂടി അപമാനം തന്നെ.

  10. വ്യാജപ്രചരണം അഴിച്ചു വിട്ടത്‌ ചെന്നിത്തലയും കുമ്മനവും മാത്രമല്ല… ഒന്നാം തിയതി മുതൽ ഗുരുതര വീഴ്ച എന്ന് ബ്രേക്കിംഗ്‌ കൊടുത്തു കൊണ്ടിരുന്നത്‌ ചാനലുകളാണു… കുമ്മനത്തിനും മറ്റും രാഷ്ട്രീയലക്ഷ്യങ്ങളാണു… മാധ്യമങ്ങൾക്കോ…

  11. മനോരമയൊക്കെ ആദ്യ ദിവസം തന്നെ മുതലെടുപ്പിന് ശ്രമം തുടങ്ങിയിരുന്നു.. ‘അടച്ചിട്ട, കാറ്റുകടക്കാത്ത റൂമിലിരുന്ന് മുഖ്യമന്ത്രി’ എന്നാണ് എല്ലാ വകുപ്പുകളുടെയും പ്രവർത്തനം ഏകോപിപ്പിച്ചിരുന്നതിനെ കുറിച്ച് പോസ്റ്റിട്ടത്.. കുറെയേറെ ആൾക്കാർക്ക് ഡ്രാമയാണിഷ്ടം, ആരോ പറഞ്ഞപോലെ “എന്തൊക്കെയായാലും ഓഖിയെ നേരിട്ട രീതിയിൽ പിണറായി വിജയനോട്‌ എനിക്ക്‌ കടുത്ത എതിർപ്പുണ്ട്‌. വിവിധ വകുപ്പുകളെയും ജില്ല ഭരണ കൂടങ്ങളേയും കേന്ദ്ര സർക്കാരിനേയും ദുരന്ത നിവാരണ സേനകളേയുമൊക്കെ ഏകോപിപ്പിച്ച്‌ ഓഫീസിലിരുന്നു പണിയെടുക്കുകയാണോ ഒരു മുഖ്യമന്ത്രി ആദ്യം ചെയ്യേനേടിയിരുന്നത് ? ആ പ്രമുഖ മാധ്യമ പ്രവർത്തകരെയൊക്കെ വിളിച്ച്‌ വല്യ കടൽ ക്ഷോഭമൊന്നുമില്ലാത്ത ഏതെങ്കിലും കടൽ തീരത്തിനടുത്ത്‌ മുടിയൊന്നും ചീകാതെ പോയി ‘ പ്രശാന്തേ,രഘു വംശത്തിൽ കുഴപ്പമൊന്നുമില്ലല്ലോ?’ ‘വിനു, ഓർത്തഡൊക്സുകാരെല്ലാം സേഫല്ലേ?’ ” ജയചന്ദ്രാ, കോട്ടയത്തെ ഓഫീസിൽ മഴക്കെടുതിയൊന്നും ഇല്ലല്ലോ?’ എന്നൊക്കെ ചോദിച്ച്‌ എല്ലാ ചാനലിനും നാലു ബൈറ്റൊക്കെ കൊടുത്തിരുന്നേൽ ഈ പുകിലുണ്ടായിരുന്നോ?.. ഇങ്ങേരു ഇത്‌ ആകെ നിരാശപ്പെടുത്തി.”

  12. വിവരണം വസ്തുതാപരമായി തന്നെ അവതരിപ്പിച്ചു….മുഴുവൻ വായിക്കാൻ മനസ്സില്ലാത്തവർ ചൊറിഞ്ഞുകൊണ്ടിരിക്കും..

  13. Latest news arinjille..visit Kerala state human right commission site.. explanation kodukkanam..human right commissioner onnum ariyathe anallo CM nodu officially explanation chodichirikkunnathu..pinne evidathe writers okke athukkum mele..kashtam

    • ഉമ്മന്‍ ചാണ്ടി നിയമിച്ച മനുഷ്യാവകാശ കമ്മീഷന്‍ ഇതും ഇതിലപ്പുറവും ചെയ്യും. ഞാന്‍ എഴുതിയത് വ്യോമസേനയില്‍ നിന്നു നേരിട്ടു ശേഖരിച്ച ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. വെറും ചപ്പടാച്ചി അടിച്ചതല്ല. കള്ളം എഴുതിവെച്ചിട്ട് എനിക്കൊന്നും നേടാനുമില്ല.

      നിങ്ങള്‍ ഒരു അദ്ധ്യാപികയാണെന്ന് പ്രൊഫൈല്‍ പറയുന്നു. എന്നിട്ടാണ് ഈ വിവരക്കേട്. ഞാന്‍ എഴുതിയത് തെറ്റാണെങ്കില്‍ അതു തെളിയിക്കൂ. മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ് നാടകവും മനോരമയൊക്കെ എഴുതിയ വിവരക്കേട് കണ്ടിട്ടാണ്. ആ നോട്ടീസിന്റെ സ്ഥാനം ചവറുകൊട്ട, അത്ര തന്നെ..

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights