HomeGOVERNANCEനിയന്ത്രണം ഒര...

നിയന്ത്രണം ഒരു വർഷത്തേക്ക്

-

Reading Time: 2 minutes

2020 മാർച്ച് 26ന് പുറപ്പെടുവിച്ച കേരള പകർച്ചവ്യാധി ഓർഡിനൻസ് 2020 ഭേദഗതി ചെയ്തു. 2020 ജൂലൈ 3ന് പുറപ്പെടുവിച്ച കേരള പകർച്ചവ്യാധി (ഭേദഗതി) ഓർഡിനന്‍സ് 2020 ആണ് ഇനി പ്രാബല്യത്തിലുണ്ടാവുക. ഇതനുസരിച്ച് കോവിഡ് നിയന്ത്രണങ്ങൾ 2021 ജൂലൈ വരെയോ സർക്കാർ മറിച്ചൊരു തീരുമാനമെടുക്കുന്നതു വരെയോ നിലവിലുണ്ടാവും.

1. തൊഴിലിടങ്ങൾ അടക്കം പൊതുജനങ്ങൾ കൂട്ടമായെത്താനിടയുള്ള എല്ലായിടങ്ങളിലും വാഹനയാത്രാ വേളയിലും വായും മൂക്കും മറയുന്ന രീതിയിൽ മാസ്ക് നിർബന്ധം.

2. പൊതു ഇടങ്ങളിലും ചടങ്ങുകളിലും രണ്ടു പേർ തമ്മിൽ ആറടി സാമൂഹിക അകലം സൂക്ഷിക്കണം.

3. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50ൽ കൂടരുത്. സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ നിർബന്ധം.

4. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20ൽ കൂടരുത്. സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ നിർബന്ധം. കോവിഡ് ബാധിച്ചാണ് മരണമെന്നു സംശയമുണ്ടെങ്കിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിക്കണം.

5. ബന്ധപ്പെട്ട അധികാരകേന്ദ്രത്തിൽ നിന്നു രേഖാമൂലം അനുമതിയില്ലാതെ സൽക്കാരം, ഘോഷയാത്ര, ധർണ്ണ, മതപരമായ ചടങ്ങ്, പ്രകടനം എന്നിവയൊന്നും നടത്താൻ പാടില്ല. ഇത്തരം ഒത്തുചേരലുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 10ൽ കൂടരുത്. സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ നിർബന്ധം.

6. വ്യാപാര -വാണിജ്യ സമുച്ചയങ്ങളിൽ ഒരു സമയം പ്രവേശിപ്പിക്കാവുന്ന ഇടപാടുകാരുടെ എണ്ണം മുറിയുടെ വലിപ്പമനുസരിച്ച് പരമാവധി 20 ആണ്. ഇവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. സാനിറ്റൈസർ സ്ഥാപനയുടമ നൽകണം.

7. പൊതു ഇടങ്ങളിലോ നടപ്പാതയിലോ റോഡിലോ തുപ്പരുത്.

8. വിദേശ രാജ്യങ്ങളിൽ നിന്നോ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നോ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നോ കേരളത്തിലേക്കു വരുന്നവർ കേരള സർക്കാർ സജ്ജീകരിച്ചിട്ടുള്ള കോവിഡ് -19 ജാഗ്രത പോർട്ടലിൽ തങ്ങളുടെ വിവരം നിർബന്ധമായും നൽകണം. സമ്പർക്ക പരിശോധന, ക്വാറന്റൈൻ തുടങ്ങിയ നടപടികൾ സുഗമമാക്കാൻ ഇതാവശ്യമാണ്.

9. റോഡ് മുഖേനയുള്ള സംസ്ഥാനാന്തര പൊതുഗതാഗതം നിർത്തിവെച്ചിരിക്കുന്നു. കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിലുള്ള പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഇതു ബാധകം.

നിയന്ത്രണങ്ങൾ ലംഘിക്കുന്നത് കേരള പകർച്ചവ്യാധി (ഭേദഗതി) ഓർഡിനന്‍സ് 2020 പ്രകാരം ശിക്ഷാർഹമാണ്. ഓർഡിനൻസ് കൃത്യമായി നടപ്പാക്കുന്നു എന്നുറപ്പാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights