മതത്തിന്റെ പേരില്‍ വൈരം പ്രോത്സാഹിക്കുന്ന പാഠ്യപദ്ധതി പിന്തുടര്‍ന്നതിന് കൊച്ചിയിലെ പീസ് ഇന്റര്‍ാനഷണല്‍ സ്‌കൂളിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇത് വലിയ വാര്‍ത്തയായതിനാല്‍ എല്ലാവരും അറിഞ്ഞു. എന്നാല്‍, ഈ സ്‌കൂള്‍ കെട്ടിപ്പൊക്കിയതു തന്നെ ചട്ടവിരുദ്ധമായിട്ടാണ് എന്ന കാര്യം എത്രപേര്‍ക്കറിയാം?
പറവൂര്‍ താലൂക്കിലെ തത്തപ്പിള്ളിയില്‍ നെല്‍വയല്‍ നികത്തി പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നിര്‍മ്മിക്കുന്നതിന് റവന്യൂ, കൃഷി ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായമുണ്ടായിരുന്നു. ഈ സ്‌കൂള്‍ നില്‍ക്കുന്നത് നെല്‍വയലിലാണ്. ബി.ടി.ആര്‍. പ്രകാരവും തണ്ടപ്പേര്‍ രജിസ്റ്റര്‍ പ്രകാരവും നെല്‍വയല്‍ -നീര്‍ത്തട നിയമമനുസരിച്ചുള്ള ഡാറ്റാ ബാങ്ക് പ്രകാരവും നെല്‍വയലാണ് ഈ ഭൂമി. ഈ ഭൂമി നികത്താന്‍ ശ്രമിച്ചെന്നും അതിന് സ്റ്റോപ്പ് മെമോ നല്‍കിയെന്നും വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വയല്‍ നികത്താന്‍ ചെമ്മണ്ണ് ഇറക്കിയതും കൊടി കുത്തിയതും നികത്തിയതുമെല്ലാം കൃഷി ഓഫീസറും റിപ്പോര്‍ട്ടുകളാക്കി.
എന്നാല്‍, വയല്‍ നികത്തിയ സ്‌കൂളധികൃതര്‍ അനധികൃതമായി കെട്ടിടം കെട്ടിപ്പൊക്കി. സ്‌കൂളിന്റെ ഭരണസമിതിയിലുള്ള പ്രമുഖ വ്യവസായികള്‍ കള്ളിയത്ത് നൂര്‍ മുഹമ്മദ് നൂര്‍ഷാ, ബാബു മൂപ്പന്‍, സിറാജ് മേത്തര്‍ എന്നിവരുടെ സ്വാധീനത്തിലൂടെ രേഖകള്‍ തിരിമറി നടത്തുകയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. ഈ നെല്‍വയല്‍ കൃഷിക്ക് യോഗ്യമല്ലെന്നും പരിവര്‍ത്തിത ഭൂമിയാണെന്നും രേഖയുണ്ടാക്കി. റവന്യൂ-കൃഷി വകുപ്പുകളിലെ ചില ഉന്നതന്മാര്‍ ഇടപെട്ടാണ് ഈ തിരിമറി നടത്തിയത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നു തന്നെ ശേഖരിച്ചത് തെളിവായുണ്ട്. ഏതു നിയമവിരുദ്ധ പ്രവര്‍ത്തനം കണ്ടെത്തിയാലും അതിനു പിന്നില്‍ നിയമം പാലിക്കാന്‍ ചുമതലയുള്ളവര്‍ ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്‌നം. ഇത്രയുംകാലം ഇതു സംബന്ധിച്ച ആക്ഷേപങ്ങളെല്ലാം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു. എന്നാല്‍, മതവിദ്വേഷം പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് വന്നതോടെ സ്ഥിതിഗതികള്‍ മാറി.
കാസര്‍കോട് നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് ആളെ ചേര്‍ത്ത സംഭവം അന്വേഷിക്കുന്ന എന്‍.ഐ.എ. സംഘം പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനവും അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാസര്‍കോട് നിന്ന് കാണാതായ 21 പേരില്‍ 6 പേര്‍ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ജോലി ചെയ്തിരുന്നവരാണ്. ഐ.എസ്സിന്റെ വേരുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്‌കൂളുമായി ബന്ധമുള്ളവര്‍ നടത്തിയ പണമിടപാടുകള്‍, ഭൂമിയിടപാടുകള്‍ എന്നിവയെല്ലാം പരിശോധിക്കും. ആദ്യം പരിശോധിക്കുന്ന ഫയലുകളിലൊന്ന് പറവൂരിലെ നെല്‍വയല്‍ നികത്തലായിരിക്കും എന്നു വ്യക്തമായിട്ടുണ്ട്.
പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പാഠപുസ്തകങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. അന്താരാഷ്ട്ര സിലബസ് എന്ന പേരില്‍ നടപ്പാക്കുന്ന. ഈ പാഠ്യപദ്ധതിക്ക് കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ അംഗീകാരവും അനുമതിയും ഉണ്ടായിരുന്നില്ല. വിവാദ മതപ്രചാരകന്‍ സക്കീര്‍ നായിക്കുമായി അടുപ്പമുള്ളവരുടെ മേല്‍നോട്ടത്തിലാണ് പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്നാണ് അന്വേഷണത്തില്‍ ലഭിച്ചിട്ടുള്ള പ്രാഥമികവിവരം. പാഠപുസ്തകങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മാത്രമേ അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ കണ്ടെത്താനാവൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
ഇസ്ലാമിന് വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ എത്ര പേര്‍ തയ്യാറാണെന്നാണ് രണ്ടാം ക്ലാസ്സിലെ പാഠപുസ്തകം ഉന്നയിക്കുന്ന ചോദ്യം! മാത്രം അമുസ്ലീങ്ങളോട് എന്തു സമീപനമാണ് സ്വീകരിക്കേണ്ടത് എന്ന ചോദ്യവുമുണ്ട്. മറ്റു മതസ്ഥരെ ഇസ്ലാമിലെത്തിക്കേണ്ടതിന്റെ ആവശ്യകതയും പാഠപുസ്തകത്തില്‍ പറയുന്നുണ്ട്. ഇതൊക്കെയാണ് കേസിലേക്ക് നയിച്ചത്. എറണാകുളം നോര്‍ത്ത് പോലീസാണ് പാഠപുസ്തക കേസ് അന്വേഷിക്കുന്നതെങ്കിലും എന്‍.ഐ.എയും ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.