ഇന്നലെ ഏപ്രില്‍ 17.
ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ നോക്കിയപ്പോള്‍ എല്ലാത്തിലും പൂരം ലൈവ്.
കരി വേണ്ട, കരിമരുന്ന് വേണ്ട എന്നു ചര്‍ച്ചിച്ചവരെല്ലാം ‘പരിപാടിയുടെ ഈ ഭാഗത്തിന്റെ പ്രായോജകര്‍’ ചേര്‍ത്ത് പൂരം വിളമ്പുന്നു.
പൂരപ്പൊലിമയുടെ ആരവം.. വിശകലനം… വിശദീകരണം…
എന്തോ ഒരു അസ്വസ്ഥത.
ഇന്ന് ഏപ്രില്‍ 18.
രാവിലെ പത്രം കൈയിലെടുത്തപ്പോഴും അതു തന്നെ സ്ഥിതി.
തൃശ്ശൂര്‍ നിറഞ്ഞുനില്‍ക്കുന്നു.
എല്ലാത്തിലും പൂരപ്പൊലിമയുടെ ചിത്രവും വിശേഷങ്ങളും.
അസ്വസ്ഥത കൂടുകയാണ്.
ഒരാഴ്ച മുമ്പത്തെ തിങ്കളാഴ്ച. ഏപ്രില്‍ 11.
അന്നത്തെ പത്രം മനസ്സിലൊന്നു മിന്നി മാഞ്ഞപ്പോള്‍ത്തന്നെ വല്ലാത്ത നടുക്കം.
ആ പത്രത്തില്‍ നിറഞ്ഞത് പരവൂരായിരുന്നു.
ഇപ്പോള്‍ തിരിച്ചറിഞ്ഞു.
അന്നു മനസ്സില്‍ കയറിയ അസ്വസ്ഥതയാണ് ഇന്നലെ ടെലിവിഷനും ഇന്നു പത്രവും കണ്ടപ്പോള്‍ തികട്ടി വന്നത്.
ഒരു രാഷ്ട്രീയ നേതാവ് മരിച്ചാല്‍ ഏഴു ദിവസം ദുഃഖാചരണമുണ്ടാവും.
പരവൂരില്‍ വര്‍ണ്ണപ്പൊലിമയ്ക്കുള്ള മോഹം തീയായി പടര്‍ന്നപ്പോള്‍ 112 പേരാണ് എരിഞ്ഞമര്‍ന്നത്.
ശരീരം മുഴുവന്‍ വെന്തുപോയിട്ടും മരണത്തെ വെല്ലുവിളിച്ചു പോരാടുന്നവര്‍ ഇപ്പോഴും ആസ്പത്രികളിലുണ്ട്.
തീരാവേദന ജീവിതകാലം മുഴുവന്‍ പേറാന്‍ വിധിക്കപ്പെട്ട മൂന്നുറോളം പേര്‍ വേറെ.
ഇവരുടെ പേരില്‍ ആരു ദുഃഖിക്കാന്‍?
ഇവര്‍ക്ക് മുഖമില്ലല്ലോ!
തൃശ്ശൂരുകാര്‍ ഇതൊന്നും കണ്ടില്ല.
ആചാരം അനുഷ്ഠാനം അഭിമാനം അതൊക്കെയാണല്ലോ പ്രധാനം.
അന്യന്റെ വേദനയ്ക്കവിടെ സ്ഥാനമില്ല.
കബന്ധങ്ങള്‍ക്കുമേല്‍ ആനകളെ നിരത്തി പൂരം ആടിത്തിമര്‍ത്തു. കത്തിച്ചാര്‍ത്തു.
പൂരത്തിന്റെ ആഘോഷം ഇക്കുറി ഒഴിവാക്കിയിരുന്നെങ്കില്‍ അതായിരുന്നേനെ പൊലിമ.
ആഘോഷങ്ങള്‍ക്ക് ധൂര്‍ത്തടിച്ച പണം സഹായമാക്കി മാറ്റിയിരുന്നെങ്കില്‍ അതായിരുന്നേനെ പൊലിമ.
സഹജീവികളോടുള്ള സ്‌നേഹത്തിന്റെ പൊലിമ.
കാരുണ്യത്തിന്റെ പൊലിമ.
യഥാര്‍ത്ഥ ‘പൂരപ്പൊലിമ’.
തൃശ്ശൂരുകാരേ.. ഇന്നലെ കാട്ടിയ പൂരപ്പൊലിമയ്ക്കു മേല്‍ ഇരുള്‍ പടരുകയാണ്.
മനുഷ്യത്വമില്ലായ്മയുടെ ഇരുള്‍.
മാനിഷാദ…