രമേശ് ചെന്നിത്തല വൈദ്യുതി മേഖല സംബന്ധിച്ച് ചില ആരോപണങ്ങള്‍ ഉന്നയിച്ചു. അതു മുഴുവന്‍ അദ്ദേഹത്തെ പറ്റിക്കാന്‍ ആരോ എഴുതിക്കൊടുത്ത പൊട്ടത്തരമാണെന്നു തെളിയുകയും ചെയ്തു. ആരോപണത്തില്‍ ഉന്നയിച്ച വിഷയങ്ങളുടെ സാങ്കേതികത പരിഗണിക്കുന്നതിനൊപ്പം അതിന്റെ ധാര്‍മ്മികത കൂടി പരിഗണിക്കപ്പെടണം എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. അതെങ്ങനെയാണ് സാധിക്കുക? രമേശ് ചെന്നിത്തലയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പരിശോധിക്കണം. അദ്ദേഹം കൂടി മന്ത്രിയായിരുന്ന യു.ഡി.എഫ്. സര്‍ക്കാര്‍ ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികളും പരിശോധിക്കണം. അതുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്‍റെ കാലത്തു നടന്ന ഇടപാടുകളില്‍ പിശകുണ്ടെങ്കില്‍ നിശിതമായി വിമര്‍ശിക്കണം.
കെ.എസ്.ഇ.ബിക്ക് യൂണിറ്റിന് 2.80 രൂപ നിരക്കിൽ കാറ്റാടി വൈദ്യുതി ലഭിക്കുന്ന കരാറിലൂടെ 1000 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. സ്വാഭാവികമായും കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പഞ്ചാബുമെല്ലാം ഇതിലും കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങുന്നുണ്ടാവണം. രാജസ്ഥാനിലെ കോൺഗ്രസ്സ് സർക്കാർ കാറ്റാടി വൈദ്യുതി യൂണിറ്റിന് 5.02 രൂപയ്ക്കും സോളാർ വൈദ്യുതി യൂണിറ്റിന് 4.29 രൂപയ്ക്കുമാണ് വാങ്ങുന്നത്. പഞ്ചാബിലെ കോൺഗ്രസ്സ് സർക്കാർ യൂണിറ്റിന് 5.67 രൂപ നിരക്കിൽ കാറ്റാടി വൈദ്യുതിയും 7.25 നിരക്കിൽ സോളാർ വൈദ്യുതിയും വാങ്ങുന്നു. കേരളത്തിന്റെ 2.80 രൂപ യൂണിറ്റ് നിരക്കാണോ കൂടുതല്‍?
- രാജസ്ഥാനിൽ കാറ്റാടി വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് 5.02 രൂപയ്ക്ക്
സോളാർ വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് 4.29 രൂപയ്ക്ക് - പഞ്ചാബിൽ കാറ്റാടി വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് 5.67 രൂപയ്ക്ക്
സോളാർ വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് 7.25 രൂപയ്ക്ക്
- രാജസ്ഥാനിൽ കാറ്റാടി വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് 5.02 രൂപയ്ക്ക്
യൂണിറ്റിന് 2.80 രൂപ തോതിൽ കെ.എസ്.ഇ.ബി. ഏർപ്പെട്ട ദീർഘകാല കരാറിനെ രമേശ് ചെന്നിത്തല എതിര്‍ക്കുകയാണ്. പക്ഷേ, അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരന്‍ തന്നെയായ മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഇത് സമ്മതിക്കുമോ എന്നറിയില്ല. കാരണം രമേശ് ചെന്നിത്തല മന്ത്രിയായിരുന്ന സര്‍ക്കാരിന്റെ കാലത്ത് കെ.എസ്.ഇ.ബി. ഏര്‍പ്പെട്ടത് 11 ദീര്‍ഘകാല കരാറുകളിലാണ്. 1565 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറുകള്‍. ഇവയുടെ യൂണിറ്റ് നിരക്ക് 3.91 മുതല്‍ 5.42 വരെ രൂപ. ഇപ്പോഴത്തെ 2.80 രൂപ യൂണിറ്റ് നിരക്കാണോ കൂടുതല്‍?
- യു.ഡി.എഫ്. കാലത്ത് കാലത്ത് 25 വർഷത്തേക്ക് വെച്ചത് 11 ദീർഘകാല കരാറുകള്‍
- ഈ കരാറുകളിലെ യൂണിറ്റ് നിരക്ക് 3.91 മുതൽ 5.42 വരെ രൂപ
വേനൽക്കാലത്തെ വർദ്ധിച്ച ഉപയോഗം നിറവേറ്റാൻ യൂണിറ്റിന് 3.04 നിരക്കിൽ 2 മാസത്തേക്ക് വൈദ്യുതി വാങ്ങുന്നതിനെ രമേശ് ചെന്നിത്തല അഴിമതി എന്നാക്ഷേപിക്കുന്നു. ഇതും ആര്യാടന്‍ സമ്മതിച്ചു തരില്ല. യു.ഡി.എഫ്. കാലത്ത് ഇത്തരം ഹ്രസ്വകാല കരാറുകളിലെ യൂണിറ്റ് നിരക്ക് 3.08 മുതല്‍ 7.45 വരെ രൂപയായിരുന്നു. ഇപ്പോഴത്തെ 3.04 രൂപ യൂണിറ്റ് നിരക്കാണോ കൂടുതല്‍?
- 2012-13 ൽ യൂണിറ്റിന് 3.77 മുതൽ 7.45 വരെ രൂപയ്ക്ക് ഹ്രസ്വകാല കരാര്‍
- 2013-14 ൽ യൂണിറ്റിന് 5.5 മുതൽ 6.97 വരെ രൂപയ്ക്ക് ഹ്രസ്വകാല കരാര്‍
- 2014-16 ൽ യൂണിറ്റിന് 3.08 മുതൽ 5.66 വരെ രൂപയ്ക്ക് ഹ്രസ്വകാല കരാര്‍
പുനരുപയോഗ ഊർജ്ജം നിശ്ചിത അളവിൽ വേണമെന്ന വ്യവസ്ഥ പാലിക്കാനാണല്ലോ കെ.എസ്.ഇ.ബി. കാറ്റാടി വൈദ്യുതി വാങ്ങുന്നത്. എന്നാല്‍ ഇത്തരത്തില്‍ പുനരുപയോഗ ഊര്‍ജ്ജം വാങ്ങാതിരുന്നതിനെ തുടർന്ന് യു.ഡി.എഫ്. സർക്കാർ നിയോഗിച്ച റഗുലേറ്ററി കമ്മീഷൻ 125 കോടി രൂപ കെ.എസ്.ഇ.ബി. യ്ക്ക് പിഴയിടുന്ന സാഹചര്യമുണ്ടായി. അന്ന് രമേശ് ചെന്നിത്തല ഒന്നും മിണ്ടാത്തതിന് എന്തായിരിക്കാം കാരണം?
- യു.ഡി.എഫ്. കാലത്ത് പുനരുപയോഗ ഊര്‍ജ്ജ വ്യവസ്ഥ പാലിക്കാതിരുന്ന കെ.എസ്.ഇ.ബിക്ക് 125 കോടി രൂപ പിഴ
വൈദ്യുതി ആവശ്യകത വരുമ്പോള്‍ കെ.എസ്.ഇ.ബി. ആദ്യം അറിയിക്കുന്നത് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനെയാണ്. കമ്മീഷന്‍ അനുവദിച്ചാല്‍ ഇലക്ട്രോണിക് ബിഡ്ഡിങ് പോര്‍ട്ടലായ ഡീപ് (Discovery of Efficient Electricity Price) വഴി മത്സരാധിഷ്ഠിത ടെൻഡർ മുഖേന ഹ്രസ്വകാല വൈദ്യുതി വാങ്ങുന്നതിനുള്ള നടപടി തുടങ്ങും. ഇപ്രകാരമുള്ള ഇലൿട്രോക്‌ണിക് ടെൻഡറുകളിൽ അദാനിയടക്കമുള്ള വൈദ്യുതി വിതരണക്കാരുമായി നേരിട്ടുള്ള ഒരുവിധ കൂടിയാലോചനയും സാദ്ധ്യമല്ല.
കെ.എസ്.ഇ.ബി. ക്ഷണിക്കുന്ന ഹ്രസ്വകാല ടെൻഡറിന്റെ വിശദാംശങ്ങൾ ഡീപ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും ലഭ്യമാണു താനും. ഇതിനുപുറമേ കെ.എസ്.ഇ.ബി. വെബ്സൈറ്റിലും, രണ്ടു പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളിലും ദര്‍ഘാസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡീപ് പോർട്ടലിലൂടെ വൈദ്യുതി വാങ്ങുമ്പോൾ രണ്ടുമണിക്കൂർ റിവേഴ്‌സ് ഓക്ഷൻ കഴിഞ്ഞിട്ടാണ് നിരക്കുകളും വിജയികളെയും തീരുമാനിക്കുന്നത്. ഇതൊന്നും അറിയാതെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത് എന്നു വിശ്വസിക്കുന്നില്ല. ഇതൊക്കെ അംഗീകരിച്ചാല്‍ പിന്നെ എങ്ങനെ പുകമറ സൃഷ്ടിക്കും?
പൊതുഖജനാവിന് നഷ്ടമുണ്ടാക്കുന്ന കരാറുകള്‍ റദ്ദാക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. ഏതൊക്കെ കരാറുകളാണ് റദ്ദാക്കേണ്ടി വരിക? കേരളത്തിലാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തേര്‍പ്പെട്ട കരാറുകളില്‍ നിന്ന് തുടങ്ങണം. ഇവിടെല്ലാം പൂര്‍ത്തിയാക്കിയിട്ട് നമുക്ക് രാജസ്ഥാനിലേക്കും പഞ്ചാബിലേക്കും വെച്ചുപിടിക്കാം. എന്താ?
നേതാക്കള്‍ എല്ലാം എളുപ്പത്തില്‍ മറക്കുന്നവരാണ്. പക്ഷേ, ജനങ്ങള്‍ ഒന്നും മറക്കില്ല സര്‍.
പിന്‍കുറിപ്പ്: ഈ പറഞ്ഞതൊന്നും വെറുതെയല്ല. എല്ലാ കരാറുകളുടെയും രേഖകള്‍ ഇവിടെയുണ്ട്.
- പഞ്ചാബില്‍ കാറ്റാടി വൈദ്യുതി, സൗര വൈദ്യുതി എന്നിവയുടെ വില വ്യക്തമാക്കുന്ന കരാര്‍ (പേജ് 118 നമ്പര്‍. 59,60)
- രാജസ്ഥാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഉത്തരവ് (താരിഫ് വിശദാംശങ്ങൾ അവസാന പേജിൽ)
- യു.ഡി.എഫ്. കാലത്ത് 25 വർഷത്തേക്ക് വെച്ച 11 ദീർഘ കാല കരാറുകളുടെ വിശദാംശങ്ങൾ
- പുനരുപയോഗ ഊര്‍ജ്ജ വ്യവസ്ഥ പാലിക്കാതിരുന്ന കെ.എസ്.ഇ.ബിക്ക് 125 കോടി രൂപ പിഴയിട്ട ഉത്തരവ്
- യു.ഡി.എഫ്. കാലത്തെ ഹ്രസ്വകാല കരാറുകൾ 2012-13 ൽ യൂണിറ്റിന് 3.77 മുതൽ 7.45 വരെ രൂപ
- യു.ഡി.എഫ്. കാലത്തെ ഹ്രസ്വകാല കരാറുകൾ 2013 – 14 ൽ യൂണിറ്റിന് 5.5 മുതൽ 6.97 വരെ രൂപ
- യു.ഡി.എഫ്. കാലത്തെ ഹ്രസ്വകാല കരാറുകൾ 2014-16 ൽ യൂണിറ്റിന് 3.08 മുതൽ 5.66 വരെ രൂപ