Reading Time: 3 minutes

സഹജീവികളുടെ സങ്കടങ്ങള്‍ പങ്കിടാനും, കഴിയുമെങ്കില്‍ അവര്‍ക്ക് ആശ്വാസമേകാനും മനുഷ്യത്വമുള്ള എല്ലാവര്‍ക്കും താല്പര്യമുണ്ടാവും. സഹായിക്കാനുള്ള മനഃസ്ഥിതി പ്രാവര്‍ത്തികമാക്കാന്‍ ജീവിതത്തിരക്കുകള്‍ നിമിത്തം പലര്‍ക്കും സാധിക്കാറില്ല. ഇത്തരക്കാരെ ഏകോപിപ്പിക്കാന്‍ ഒരു സംവിധാനം ഉണ്ടാവുകയാണെങ്കില്‍ സമൂഹത്തിനു തന്നെ വലിയ പ്രയോജനമുണ്ടാവും. ഈ ചിന്താഗതിയില്‍ നിന്ന് ഉടലെടുത്തതാണ് പ്രതിധ്വനി -തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ സാമൂഹിക സാംസ്‌കാരിക സംഘടന.

IMG_20170112_100255640_HDR
കാഴ്ചയില്ലാത്ത ബിന്ദുവിന് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ഫ്‌ളാറ്റ് ലഭിക്കുന്നതിന് ഉപഭോക്തൃ വിഹിതമായി നല്‍കാന്‍ പ്രതിധ്വനി പിരിച്ചെടുത്ത തുക മേയര്‍ വി.കെ.പ്രശാന്ത് കൈമാറുന്നു

ടെക്കികളുടെ ഈ കൂട്ടിനെക്കുറിച്ച് എല്ലാവരുമറിയണം. ഒരു നല്ല കാര്യത്തെക്കുറിച്ച് കൂടുതല്‍ പേരെ അറിയിക്കുന്നത് അത് ആവര്‍ത്തിക്കപ്പെടുന്നതിനു കാരണമാകുമെന്ന ശുഭാപ്തിവിശ്വാസമാണ് ഈ കുറിപ്പിനാധാരം. പ്രതിധ്വനി എന്ന സംഘടന ഇനി ഒരു പക്ഷേ പ്രവര്‍ത്തനം അവസാനിപ്പിച്ചാലും കാഴ്ചയില്ലാത്ത ബിന്ദു എന്ന നിര്‍ധനയുവതി തന്റെ ജീവിതകാലം മുഴുവന്‍ ആ പേര് മനസ്സില്‍ ഓര്‍ത്തുവെയ്ക്കും. കാരണം പ്രതിധ്വനി ബിന്ദുവിന് നല്‍കിയത് സുരക്ഷിതമായ ഒരു കിടപ്പാടമാണ്. സമാനസാഹചര്യത്തില്‍ പെരുമ്പാവൂരില്‍ കഴിഞ്ഞിരുന്ന ജിഷയ്ക്ക് കിടപ്പാടം ലഭിക്കാന്‍ സ്വജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു എന്നോര്‍ക്കുക.

technopark-new630
തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്

കാഴ്ചയില്ലാത്ത ബിന്ദുവിനൊപ്പം വൃദ്ധരായ അച്ഛന്‍ വിക്രമന്‍ ആശാരിയും അമ്മ രാധയും കൂടിച്ചേര്‍ന്നാല്‍ കുടുംബം പൂര്‍ണ്ണമായി. പ്രായാധിക്യത്തിന്റെ അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ അച്ഛനമ്മമാര്‍ക്ക് കനത്ത ജോലിയൊന്നും ചെയ്യാനാവില്ല. അന്നന്നത്തെ അഷ്ടിക്കുള്ള വക തന്നെ കഷ്ടിയാണ്. അങ്ങനെയാവുമ്പോള്‍ സ്വന്തമായി ഒരു വീട് എന്നത് ഇവരുടെ വന്യമായ സ്വപ്‌നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ ചെല്ലമംഗലം വാര്‍ഡില്‍പ്പെടുന്ന ചെമ്പഴന്തി പൊറ്റയില്‍ എന്ന സ്ഥലത്ത് ആസ്ബസ്റ്റോസ് മേഞ്ഞ ഒരു പഴയ കെട്ടിടത്തിലാണ് ഇവരുടെ താമസം.

വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് ഒരു പാര്‍പ്പിട പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പിന്തുണയോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ നടപ്പാക്കുന്നുണ്ട്. നഗരപ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന ബേസിക് സര്‍വീസസ് ടു ദി അര്‍ബന്‍ പൂര്‍ -ബി.എസ്.യു.പി. പദ്ധതി പ്രകാരം ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതാണ് പരിപാടി. കല്ലടിമുഖത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച പുതിയ പാര്‍പ്പിട സമുച്ചയത്തില്‍ ഒരു ഫ്‌ളാറ്റ് ലഭിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളവരില്‍ ഒരാള്‍ ബിന്ദു ആയിരുന്നു. സ്വാഭാവികമായും അമ്മ രാധയുടെ പേരില്‍ അവര്‍ക്ക് ഫ്‌ളാറ്റ് അനുവദിച്ചു. എന്നാല്‍, ഇതു യഥാര്‍ത്ഥത്തില്‍ സ്വന്തമാക്കാന്‍ ഉപഭോക്തൃ വിഹിതമായി 37,002 രൂപ കോര്‍പ്പറേഷനില്‍ കെട്ടിവെയ്ക്കണമായിരുന്നു. രാധയ്ക്ക് അതിനു കഴിയാതെ വന്നതോടെ കൈയില്‍ വന്ന കിടപ്പാടം നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമായി.

ബിന്ദുവിന്റെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ട മേയര്‍ വി.കെ.പ്രശാന്ത് ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കാനാവുമെന്ന് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചു. ഉപഭോക്തൃ വിഹിതത്തില്‍ ഇളവനുവദിക്കാന്‍ വ്യവസ്ഥയില്ലെന്ന് ഉദ്യോഗസ്ഥര്‍ തീര്‍ത്തുപറഞ്ഞതോടെ പ്രശ്‌നം കീറാമുട്ടിയായി. ഈ ഘട്ടത്തിലാണ് പ്രതിധ്വനിയെക്കുറിച്ച് മേയര്‍ ഓര്‍ത്തത്. ടെക്കികളുടെ ഈ സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്ന പ്രശാന്ത്, കഴിഞ്ഞ നവംബറില്‍ ഔദ്യോഗികമായിത്തന്നെ പ്രതിധ്വനിയുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് കത്തുനല്‍കി.

mayorletter
പ്രതിധ്വനിയുടെ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് മേയര്‍ വി.കെ.പ്രശാന്ത് നല്‍കിയ കത്ത്

മേയറുടെ കത്ത് പ്രതിധ്വനി വളരെ ഗൗരവത്തില്‍ കണ്ടു. സംഘടനയിലെ അംഗങ്ങളില്‍ നിന്നും മറ്റ് അഭ്യുദയകാംക്ഷികളില്‍ നിന്നുമായി ബിന്ദുവിനു നല്‍കാന്‍ 49,000 രൂപ പിരിച്ചെടുത്തു. പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിനീത് ചന്ദ്രന്‍, എ.ആര്‍.റെനീഷ്, ബിമല്‍ രാജ്, എ.കെ.ജോഷി എന്നിവരും ഇതിനുവേണ്ടി കാര്യമായി പ്രവര്‍ത്തിച്ചു. ഒടുവില്‍ കഴിഞ്ഞ ദിവസം ഇവരുടെ നേതൃത്വത്തില്‍ മേയര്‍ പ്രശാന്ത് തന്നെ ഈ തുക ബിന്ദുവിനു കൈമാറി. ഫ്‌ളാറ്റ് ലഭിക്കാനുള്ള ഉപഭോക്തൃ വിഹിതം 37,002 രൂപ കോര്‍പ്പറേഷനില്‍ ഒടുക്കി. പിരിച്ചെടുത്തതില്‍ ബാക്കിയായ 12,000 രൂപ ബിന്ദുവിനും കുടുംബത്തിനും കൈമാറി.

IMG_20170112_100255640_HSR
പ്രതിധ്വനി പ്രതിനിധികള്‍ ബിന്ദുവിനൊപ്പം

ഈ സദ്പ്രവര്‍ത്തിയില്‍ പങ്കാളികളായ ഓരോ വ്യക്തിയും അഭിനന്ദനം അര്‍ഹിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ തുകയാണ് സംഭാവനയായി നല്‍കിയത്. എന്നാല്‍, പല തുള്ളി പെരുവെള്ളമായപ്പോള്‍ അന്ധയായ ഒരു യുവതിക്കും കുടുംബത്തിനും കിടപ്പാടമായി. അതൊരു ചെറിയ കാര്യമല്ല. സഹായം ലഭ്യമാക്കുന്നതിന് നിയമത്തിന്റെ നൂലാമാലകള്‍ തടസ്സമായപ്പോള്‍ ബദല്‍ മാര്‍ഗ്ഗം തേടിയ മേയറും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന നടപ്പാക്കാനിറങ്ങിയ ചെറുപ്പക്കാരുടെ സംഘവും പ്രതീക്ഷയുടെ തീനാളങ്ങളാണ്. നന്മ മരിക്കുന്നില്ലെന്ന തിരിച്ചറിവാണ്.

ഈ നന്മയുടെ പ്രതിധ്വനി ഇനിയുമുച്ചത്തില്‍ മുഴങ്ങട്ടെ.

Previous articleഅന്ന കാത്തിരിക്കുന്നു, സാമിനായി…
Next articleരക്തസാക്ഷി ദിനവും ഗാന്ധിജിയും
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here