HomeLIFEപ്രവചിക്കപ്പെ...

പ്രവചിക്കപ്പെട്ട മരണം!!

-

Reading Time: 6 minutes

പുരട്ചി തലൈവി ജയലളിതയ്ക്ക് ജ്യോതിഷത്തില്‍ വലിയ വിശ്വാസമായിരുന്നു. ജ്യോത്സ്യന്മാരുമായി ആലോചിച്ചു മാത്രമേ അവര്‍ പ്രധാനപ്പെട്ട എന്തും ചെയ്യുമായിരുന്നുള്ളൂ. ജ്യോത്സ്യവിധി പ്രകാരം കേന്ദ്രത്തിലെ ഒരു സര്‍ക്കാരിനെ വരെ അവര്‍ വലിച്ചു താഴെയിട്ടിട്ടുണ്ട്. ജ്യോതിഷത്തില്‍ ഇത്രമാത്രം വിശ്വാസം പുലര്‍ത്തിയിരുന്ന ജയലളിതയുടെ മരണം കൃത്യമായി പ്രവചിക്കപ്പെട്ടിരുന്നോ? അതെ എന്നു തന്നെയാണ് ഉത്തരം. ജയലളിതയുടെ ജീവിതദശയില്‍ ഡിസംബര്‍ 5നുണ്ടാവുന്ന മാറ്റം നിര്‍ണ്ണായകമാണെന്നും അതോടെ മരണത്തിനു കീഴടങ്ങുമെന്നും ഡോ.സി.ഡി.രവീന്ദ്രനാഥ് എന്ന ജ്യോത്സ്യന്‍ കൃത്യമായി പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവചനം ജയലളിത മരിക്കുന്നതിനു മുമ്പു തന്നെ പ്രധാനപ്പെട്ട ജ്യോതിഷ മാസികയില്‍ അച്ചടിച്ചുവരികയും ചെയ്തു. ജയലളിതയുടെ മരണം സംഭവിക്കും വരെ ആരും കാര്യമാക്കിയില്ലെന്നു മാത്രം.

How-Jayalalithaa-went-from-Ammu-to-Tamil-Nadus-Amma-1

‘മോഡേണ്‍ ആസ്‌ട്രോളജി’ എന്നൊരു പ്രസിദ്ധമായ ജ്യോതിഷ പ്രസിദ്ധീകരണമുണ്ട്. 2009 മുതല്‍ മാസത്തില്‍ ഒരെണ്ണം വീതം കൃത്യമായി പുറത്തിറങ്ങുന്നു. 1936 മുതല്‍ 2008 വരെ നിലവിലുണ്ടായിരുന്ന ‘ദി ആസ്‌ട്രോളജിക്കല്‍ മാഗസിന്‍’ എന്ന മാസിക പ്രസിദ്ധീകരണം നിലച്ച ശേഷം അതിന്റെ പത്രാധിപയായിരുന്ന പ്രശസ്ത ജ്യോതിഷി ഗായത്രീ ദേവി വാസുദേവ് തന്നെ തുടങ്ങിയ മാസിക. അമേരിക്കയിലെ അല്‍ ഖ്വെയ്ദ ഭീകരാക്രമണടക്കം കൃത്യമായി പ്രവചിച്ച വ്യക്തിയാണ് ഗായത്രീ ദേവി. അതിനാല്‍ത്തന്നെ ‘മോഡേണ്‍ ആസ്‌ട്രോളജി’ മാസികയ്ക്ക് വായനക്കാര്‍ ഏറെ. ഈ മാസികയുടെ ഡിസംബര്‍ 1ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ ലക്കത്തിന്റെ 28-ാം പേജ് ജയലളിതയെക്കുറിച്ചാണ്. എഴുതിയിരിക്കുന്നത് വിജയവാഡ സ്വദേശിയായ ഡോ.ചെറുകുമിള്ളി ദുര്‍ഗ രവീന്ദ്രനാഥ്. ലേഖനമല്ല, വായനക്കാരന്റെ കത്താണ്!!! കുറിപ്പിനു താഴെ ഒരു കാര്യം പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട് -ഈ കത്ത് ലഭിച്ചത് 2016 ഒക്ടോബര്‍ 7നാണ്!!! ജയലളിത ആസ്പത്രിയിലായി 15 ദിവസങ്ങള്‍ക്കകം നടത്തിയ പ്രവചനം!!!!!

Raveendranath
ഡോ.ചെറുകുമിള്ളി ദുര്‍ഗ രവീന്ദ്രനാഥ്

ഡോ.രവീന്ദ്രനാഥിന്റെ പ്രവചനമാണിത്. ഇത് മലയാളത്തിലേക്കു പരിഭാഷപ്പെടുത്താനുള്ള അറിവില്ലാത്തതിനാല്‍ അതേപടി നല്‍കുന്നു.

Jayalalithaa’s Dasa and Bhukti

Dr.C.D.Ravindranath

The Tamil Nadu chief minister Jayalalithaa Jayaraman was born on February 24, 1948 at Melukote (74E42 12N18) at 14h 34m. Her Ascendant is Gemini in Aridra Nakshatra. Her Janma Nakshatra is Makha ruled by Ketu.

Hamsa, Malavya, Bhagya, Budha-Aditya and Chandra-Mangala Yogas prevail resulting in elevation to the coveted post. Retrograde Saturn in the 2nd and Jupiter in the 7th make her remain single depriving her of family life and marital happiness. Venus and Jupiter in two angles have resulted in Raja Yogas of high magnitude. Exalted Venus in the 10th, Full Moon in the 3rd with Mars (the lord of gains) and Jupiter’s aspect on Rahu who is in the 11th house have given her power and great wealth.

IBR16XKrgy8uc.gifThe 2nd house occupied by retrograde Saturn and the 11th by Rahu with the 11th lord Mars also retrograde resulted in allegations of corruption and disproportionate assets. She was running Jupiter-Saturn-Saturn upto October 13, 2014 during which she faced many legal problems in the Special Court and High Court. But thankfully, her Ascendant lord Mercury who was in retrogression in Libra upto 17th October 2014 moved back into Virgo (his own house) resulting in solace in the form of bail from the Supreme Court.

Presently she is running Jupiter-Saturn-Rahu upto December 5, 2016. The most worrisome point is the adverse 6-8 mutual positions of Jupiter and Saturn. It is said that the 7th lord or planet in the 7th can be the first factor for Maraka (death) followed by the 2nd lord or planet in the 2nd house.

As the 7th lord and also placed in the 7th, Jupiter is a major Maraka. Retrograde Saturn in the 2nd will further support the Maraka. Further they are placed in mutual 6-8 positions. The Antara Dasa lord Rahu who rules kidneys has aggravated renal failure. I therefore opine that Jayalalithaa’s serious health problems may turn out to be fatal with no possible hope of survival.

കാര്‍ഷിക വ്യവസായ സ്ഥാപനമായ വിജയ് അഗ്രോ പ്രൊഡക്ട്‌സില്‍ ജനറല്‍ മാനേജര്‍ പദവി വഹിക്കുന്നയാളാണ് ഈ കുറിപ്പെഴുതിയ ഡോ.രവീന്ദ്രനാഥ്. ജ്യോതിഷത്തിലും കൊമേഴ്‌സിലും ബിരുദാനന്തര ബിരുദം ഭക്ഷ്യ എണ്ണ വ്യവസായത്തിന്റെ സാമ്പത്തിക വശങ്ങളില്‍ എം.ഫില്ലും കൊമേഴ്‌സില്‍ പി.എച്ച്.ഡിയുമുള്ള പക്കാ പ്രൊഫഷണല്‍. പക്ഷേ, ജ്യോതിഷത്തില്‍ ഇദ്ദേഹത്തിന്റേതായി ധാരാളം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

jayalalitha.jpg
ജയലളിതയുടെ മൃതദേഹത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിക്കുന്നു

ജയലളിതയുടെ ജീവിതത്തില്‍ ജ്യോതിഷത്തിന് വളരെ വലിയ പ്രാധാന്യമുണ്ടായിരുന്നു. ആ പ്രാധാന്യം അവര്‍ തന്നെ കല്പിച്ചുകൊടുത്തതാണ്. 1999ല്‍ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിനെ മറിച്ചിടാന്‍ ജയയുടെ തീരുമാനത്തിനുമേല്‍ രാഷ്ട്രീയ ഭിന്നതയെക്കാള്‍ സ്വാധീനം ചെലുത്തിയത് ജ്യോതിഷം തന്നെ. പിന്തുണ പിന്‍വലിക്കുന്ന കത്ത് ഏപ്രില്‍ 14ന് രാവിലെ 9നു ശേഷം 10നു മുമ്പു തന്നെ രാഷ്ട്രപതിക്കു കൈമാറണമെന്നും ജയലളിത ശഠിച്ചു. ജ്യോതിഷികളുടെ നിര്‍ദ്ദേശം കൃത്യമായി നടന്നു എന്നത് പറയേണ്ടതില്ലല്ലോ!

KER homage
ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ പുറത്തേക്കിറങ്ങുന്നു

യാഥാസ്ഥിതികമായ അയ്യങ്കാര്‍ കുടുംബത്തില്‍ ജനിച്ച ജയലളിതയ്ക്ക് ജ്യോതിഷത്തിലും സംഖ്യാജ്യോതിഷത്തിലും വലിയ വിശ്വാസമായിരുന്നു. പഞ്ചാംഗം നോക്കുകയോ ജ്യോതിഷികളോടു ചോദിക്കുകയോ ചെയ്യാതെ പ്രധാനപ്പെട്ട ഒരു കാര്യവും ചെയ്യില്ലെന്ന അവസ്ഥ. വ്യക്തിപരമായ കാര്യങ്ങളായാലും സര്‍ക്കാരിന്റെ പുതിയ പദ്ധതികളുടെ തുടക്കമായാലും ഇക്കാര്യത്തില്‍ ഒരുപോലെ തന്നെ. സമയം നല്ലതല്ലെന്ന് അവസാന നിമിഷം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരിക്കല്‍ സത്യപ്രതിജ്ഞ പോലും ജയലളിത മാറ്റിവെച്ചിട്ടുണ്ട്.

Jaya (1).jpeg

സംഖ്യാജ്യോതിഷം അനുസരിച്ച് 5, 7 എന്നിവ തന്റെ ഭാഗ്യ നമ്പരുകളാണെന്ന് ജയ വിശ്വസിച്ചിരുന്നു.ഡിസംബര്‍ 5നു തന്നെ അവരുടെ മരണം സംഭവിച്ചു എന്നത് വിധിവൈപരീത്യമാവാം. ഡിസംബര്‍ 6 പിറക്കാന്‍ അര മണിക്കൂര്‍ ശേഷിക്കേ, രാത്രി 11.30ന് അന്ത്യം. ജ്യോതിഷവിധി പ്രകാരം ജയ തന്റെ പേരു പോലും മാറ്റി. 2001ല്‍ തഞ്ചാവൂരിലെ കാളീ ക്ഷേത്രത്തില്‍ നടത്തിയ യജ്ഞത്തിനു ശേഷമായിരുന്നു തന്റെ 11 അക്ഷര പേരിനൊടുവില്‍ ഒരു A കൂടി ചേര്‍ത്ത് 12 അക്ഷരമാക്കി മാറ്റിയത്. JAYALALITHAA എന്നായിരിക്കണം ഇനി തന്റെ പേര് എഴുതേണ്ടതെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തു. 2001ലെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ തിരിച്ചെത്തുന്നതിനായിരുന്നു യജ്ഞവും പേരുമാറ്റവുമെല്ലാം. അതു സംഭവിക്കുക തന്നെ ചെയ്തു.

MOURN.jpg

ജ്യോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരില്‍ ജയലളിതയ്ക്കുള്ള വിശ്വാസം പ്രശസ്തമാണ്. അതും 2001ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തന്നെ. 2001ല്‍ ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയാവുമെന്ന് പണിക്കര്‍ പ്രവചിച്ചു. ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ ജയലളിതയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അനുമതിയില്ലാത്ത സമയത്തായിരുന്നു പ്രവചനം. പക്ഷേ, എ.ഐ.എ.ഡി.എം.കെ. തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടുകയും എം.എല്‍.എ. അല്ലാത്ത ജയ മുഖ്യമന്ത്രിയാവുകയും ചെയ്തപ്പോള്‍ എ.ഐ.ഡി.എം.കെക്കാര്‍ 10 ലക്ഷം രൂപയാണ് പണിക്കര്‍ക്ക് സമ്മാനമായി കൊടുത്തത്. അന്നത് വലിയൊരു തുകയായിരുന്നു താനും. 2001നു ശേഷം പണിക്കരുടെ ഉപദേശപ്രകാരമാണ് ഗുരുവായൂരില്‍ ആനയെ നടയ്ക്കിരുത്തിയതടക്കം വിവിധ ക്ഷേത്രങ്ങളില്‍ ജയലളിത പൂജാദി കര്‍മ്മങ്ങള്‍ നടത്തിയിരുന്നത്. എല്ലാ കാര്യങ്ങളിലും പണിക്കരുടെ ഉപദേശം അവര്‍ തേടിയിരുന്നു എന്നാണറിവ്.

BL07_01_FUNERAL_3100064g.jpg

ചെന്നൈയിലെ മാധ്യമസുഹൃത്തുക്കളില്‍ നിന്നു ലഭിക്കുന്ന വിവരമനുസരിച്ച് ജയലളിതയുടെ ശവസംസ്‌കാര സമയം നിശ്ചയിക്കപ്പെട്ടതും ജ്യോതിഷ വിധി പ്രകാരം തന്നെയായിരുന്നു. ജയയുടെ മുഖ്യ ഉപദേശക ഷീലാ ബാലകൃഷ്ണന്‍ തന്നെയാണ് അന്തരിച്ച നേതാവിന്റെ ആഗ്രഹസാഫല്യത്തിനു മേല്‍നോട്ടം വഹിച്ചതെന്നും പറയപ്പെടുന്നു. ഒരു നോക്കു കാണാന്‍ തമിഴ്‌നാടിന്റെ നാനാഭാഗത്തു നിന്നും ചെന്നൈയിലേക്ക് ഒഴുകിയെത്തുന്നവര്‍ക്കു വേണ്ടി ശവസംസ്‌കാരം ഒരു ദിവസം വൈകിപ്പിക്കാമായിരുന്നില്ലേ എന്ന സംശയം പലര്‍ക്കുമുണ്ടായതാണ്. സുരക്ഷാ കാരണങ്ങളാല്‍ ശവസംസ്‌കാരം നേരത്തേയാക്കി എന്നായിരുന്നു ആദ്യമുണ്ടായ ധാരണ. പിന്നീടാണ് ജ്യോതിഷത്തിന്റെ റോള്‍ വെളിവായത്.

qmgsAbhedgaaa.jpg

തിങ്കളാഴ്ച രാത്രി 11.30ന് ജയയുടെ മരണം സംഭവിച്ചു എന്നാണ് അപ്പോളോ ആസ്പത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ജ്യോതിഷവിധി പ്രകാരം ശവസംസ്‌കാരം ചൊവ്വാഴ്ച തന്നെ നടത്തണമായിരുന്നു. ബുധനാഴ്ച അഷ്ടമിയാണ്. പഞ്ചാംഗത്തില്‍ അഷ്ടമിയാണെങ്കില്‍ ജയലളിത അന്നേ ദിവസം പ്രധാനപ്പെട്ട ഒരു കാര്യവും ചെയ്യില്ല. സ്വാഭാവികമായും അന്ത്യയാത്ര അഷ്ടമിയിലാവാന്‍ പാടില്ലല്ലോ! ഇതു മാത്രമല്ല, ചൊവ്വാഴ്ച അന്ത്യയാത്രയുടെ സമയം നിശ്ചയിച്ചതും രാഹുകാലമനുസരിച്ച്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി എത്താന്‍ വൈകി എന്നൊക്കെ പറഞ്ഞത് ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള നമ്പര്‍ മാത്രം. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30നും 4.30നുമിടയ്ക്ക് രാഹുകാലമാണ്. രാഹുകാലത്തില്‍ ജയലളിത ഒന്നും ചെയ്യില്ല. അതിനാല്‍ത്തന്നെ അന്ത്യയാത്ര ആരംഭിച്ചത് 4.30ന് ശേഷം.

Death_certificate.jpg

ജ്യോതിഷം ഒരു ശാസ്ത്രമാണെന്ന് പറയാറുണ്ട്. ജയലളിതയുടെ മരണം പ്രവചിച്ച ഡോ.രവീന്ദ്രനാഥും അതു പ്രസിദ്ധീകരിച്ച മാസികയുടെ പത്രാധിപ ഗായത്രീ ദേവി വാസുദേവുമൊന്നും ജ്യോതിഷപ്രവചനം തൊഴിലാക്കിയവരല്ല. ഒരാള്‍ ജാതകവുമായി അവരുടെ അടുത്ത് വ്യക്തിപരമായ ജ്യോതിഷ ഫലം അറിയാന്‍ ചെന്നാല്‍ അടുപ്പിക്കില്ല. രവീന്ദ്രനാഥിന്റെ ജ്യോതിഷത്തില്‍ പ്രവചനം മാത്രമേയുള്ളൂ, പരിഹാരനിര്‍ദ്ദേശമില്ല. പൊതുവായ താല്പര്യമുള്ള വിഷയങ്ങളില്‍ മാത്രമാണ് ഇത്തരക്കാര്‍ പ്രവചനം നടത്തുക. അതിനാല്‍ത്തന്നെ വിശ്വാസ്യത കൂടും. ജ്യോതിഷത്തെ തള്ളിപ്പറയാനുള്ള ശാസ്ത്രജ്ഞരുടെ ഉദ്യമങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്നവരാണ് ഗായത്രിയും രവീന്ദ്രനാഥുമെല്ലാം. മുന്‍വിധിയില്ലാത്ത ശാസ്ത്രീയ വിശകലനത്തിന് ജ്യോതിഷ പ്രവചനങ്ങളെ വിധേയമാക്കുന്നതിനെ അവര്‍ സ്വാഗതം ചെയ്യുന്നു.

LATEST insights

TRENDING insights

2 COMMENTS

  1. യാതൊരു സോളിഡ് പ്രൂഫുമില്ലാത്ത വെറും ഊഹാപോഹമായ താങ്കളുടെ കൗതുകം ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്നത് അന്ധവിശ്വാസികളായ നിങ്ങളുടെ വായനക്കാരുടെ മനസ്സിലേക്കാണ്. അവരുടെ വിശ്വാസങ്ങൾക്ക് ബലമേകാനുള്ള സിമന്റ് പോലെയാണ് നിങ്ങളുടെ ലേഖനം. ”പ്രവചിക്കപ്പെട്ട മരണം” എന്ന ഹെഡ് ലൈൻ പോലും എത്രമാത്രം ശാസ്ത്രവിരുദ്ധമാണെന്ന് പോലും നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നില്ലേ ശ്യാംലാൽ ?

    ”I therefore opine that Jayalalithaa’s serious health problems may turn out to be fatal with no possible hope for survival” – എന്ന വരികളിൽ എവിടെയാണ് ഈ കൃത്യമായ പ്രവചനം ഒളിഞ്ഞുകിടക്കുന്നത്? അങ്ങനെയുണ്ടെന്ന് ശ്യാംലാലിന് തോന്നുന്നതിൽ അപാകതയുണ്ടല്ലോ. അത് എന്തുതരം വിശ്വാസത്തിൽ നിന്ന് ഉടലെടുത്തു ? ചുരുക്കിപ്പറഞ്ഞാൽ ഇല്ലാത്ത കാര്യം ഉണ്ടെന്ന് പ്രചരിപ്പിച്ച് കൊണ്ടുള്ള ഒരു പിന്തിരിപ്പൻ ലേഖനമാണ് താങ്കളുടേത്. സമൂഹത്തിൽ ഏതുതരത്തിലുള്ള അനാചാരങ്ങൾ നിലനിന്നാലും എനിക്കൊന്നുമില്ല എന്ന സാമൂഹ്യവിരുദ്ധനിലപാടിന്റെ തെളിവാണ് ഈ ലേഖനം.

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights