രാജസ്ഥാനിലെ ദുംഗാര്‍പുര്‍ ജില്ലയിലെ ബിച്ചിവാര ഗ്രാമത്തിലെ താമസക്കാരായിരുന്നു റഞ്ചോട് ലാല്‍ ഖരാഡിയും ഭാര്യ റമീല ദേവിയും. ഇവര്‍ക്ക് 6 കുട്ടികള്‍ -4 ആണും 2 പെണ്ണും. രാഹുല്‍, ലക്ഷ്മണ്‍, മനീഷ്, മംമ്ത, ശര്‍മ്മിള, രവി എന്നിവര്‍. പട്ടിണിയും പരിവട്ടവും ആയിരുന്നെങ്കിലും സ്‌നേഹത്തിന്റെ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട ഒരു കുടുംബം. എന്നാല്‍, 2016ലെ പുതുവര്‍ഷം അവരുടെ ജീവിതത്തെ മാറ്റി മറിച്ചു.
അതിരാവിലെ എഴുന്നേല്‍ക്കുന്ന റമീലയാണ് എല്ലാ ദിവസവും റഞ്ചോട് ലാലിനെ വിളിച്ചുണര്‍ത്തുന്നത്. എന്നാല്‍, ആ പുതുവത്സര ദിനത്തില്‍ അദ്ദേഹം ഉണരാന്‍ വല്ലാതെ വൈകി. റമീല വിളിച്ചുണര്‍ത്തിയില്ല. കാരണം തേടിയ റഞ്ചോട് ലാല്‍ ഞെട്ടി. ഭാര്യയെ വീട്ടിലും പരിസരത്തുമെങ്ങും കാണാനില്ല. റമീലയെ മാത്രമല്ല, ഏറ്റവും ഇളയ മകന്‍ രണ്ടു വയസ്സുള്ള രവിയെയും കാണാനില്ല.
എല്ലായിടവും അന്വേഷിച്ചു, കണ്ടെത്താനായില്ല. വീട്ടില്‍ താന്‍ റമീലയോട് ഒന്നുച്ചത്തില്‍ സംസാരിച്ചിട്ടു പോലുമില്ല. പിന്നെന്തിന് ഇതു ചെയ്തു? മറ്റെവിടെയെങ്കിലും പോയി അന്വേഷിക്കാമെന്നു വെച്ചാല്‍ റമീലയുടെ ഒരു ഫോട്ടോ പോലും കൈയിലില്ല. ഒടുവില്‍, ഏതാണ്ട് 15 ദിവസങ്ങള്‍ക്കു ശേഷം ഫോട്ടോ കിട്ടി. റമീലയുടെ ഒരു അമ്മാവന്റെ വീട്ടില്‍ ഫോട്ടോ ഉണ്ടായിരുന്നു. പിന്നീട് അതുമായിട്ടായി അന്വേഷണം.
സ്വയം അന്വേഷിച്ചു തളര്‍ന്നപ്പോള്‍ പൊലീസിന്റെ സഹായം തേടാന്‍ റഞ്ചോട് ലാല്‍ തീരുമാനിച്ചു. പരാതി കൊടുക്കാന്‍ ചിത്രവുമുണ്ടല്ലോ. എന്നാല്‍, ബന്ധുക്കള്‍ അദ്ദേഹത്തെ വിലക്കി. ഭാര്യയെ കാണാനില്ലെന്ന് സ്‌റ്റേഷനില്‍ പരാതിപ്പെട്ടാല്‍ പ്രതിയാവുക ഭര്‍ത്താവ് തന്നെയാവുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഭാര്യയെ കൊന്നതിന് റഞ്ചോട് ലാല്‍ അകത്താവും -സംഗതി ശരിയാണ്, സ്ഥലം രാജസ്ഥാനാണ്. അതു തന്നെയാണ് നടക്കുക. പരാതിയൊന്നും നല്‍കാതെ ഭാര്യയെ കാത്തിരിക്കാന്‍ ആ മനുഷ്യന്‍ തീരുമാനിച്ചു. റമീലയും രവിയും തിരിച്ചുവരുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.
* * *
2016 ജനുവരി ഒമ്പതിന് ഒരു സുന്ദരന്‍ കുഞ്ഞുമായി അലഞ്ഞുതിരിഞ്ഞു നടന്ന സ്ത്രീയെ തിരുവനന്തപുരം ജില്ലയിലെ വലിയതുറ പൊലീസ് സ്റ്റേഷനിലെ എസ്.ഐ. കെ.കെ.ബൈജു കസ്റ്റഡിയിലെടുത്തു. ചോദ്യങ്ങള്‍ക്ക് പരസ്പരവിരുദ്ധമായ മറുപടികളാണ് അവര്‍ നല്‍കിയത്. ആ സ്ത്രീ ചെറിയ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. വലതു കൈത്തണ്ടയില്‍ റമീല ദേവി എന്നു പച്ചകുത്തിയിരുന്നതിനാല്‍ അതാണ് പേര് എന്നു മനസ്സിലായി. തന്റെ കുഞ്ഞിന്റെ പേര് രവി എന്നാണെന്ന് റമീല ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.
കസ്റ്റഡിയിലെടുത്ത റമീലയെയും രവിയെയും എസ്.ഐ. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. കോടതി അവരെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്കയച്ചു. രണ്ടു വയസ്സുള്ള കുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പാര്‍പ്പിക്കാനാവുമായിരുന്നില്ല. അതിനാല്‍ പൊലീസ് തന്നെ അവനെ തൈക്കാട് ശിശുക്ഷേമ സമിതിയിലാക്കി. ഏറെത്താമസിയാതെ അമ്മത്തൊട്ടിലിലെ അമ്മമാരുടെ പ്രിയപ്പെട്ടവനായി രവി മാറി.
മാനസികാരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്കു ഫലം കണ്ടു. അവിടത്തെ താമസം ഒരു വര്‍ഷം തികയുന്നതിനു മുമ്പു തന്നെ റമീലയുടെ മനസ്സ് താളം വീണ്ടെടുത്തു. അതോടെ അവര്‍ കുഞ്ഞിനെ ചോദിച്ചു തുടങ്ങി. ഇതേത്തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ അമ്മയെയും കുഞ്ഞിനെയും ഒരുമിപ്പിക്കാനുള്ള നടപടികള്‍ മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍ സ്വീകരിച്ചു. എന്നാല്‍, അമ്മത്തൊട്ടിലില്‍ ഇരുവരും മുഖാമുഖം വന്നപ്പോള്‍ അമ്മയെ തിരിച്ചറിയാന്‍ കുഞ്ഞിന് കഴിഞ്ഞില്ല. ഇതോടെ റമീലയുടെ മകന്‍ തന്നെയാണോ രവി എന്ന സംശയമുണ്ടായി. എവിടെ നിന്നെങ്കിലും തട്ടിയെടുത്തതാണെങ്കിലോ? പക്ഷേ, തനിക്കൊപ്പം ഉണ്ടായിരുന്നത് മകന്‍ രവി തന്നെയാണെന്ന് റമീല ആണയിട്ടു പറഞ്ഞു.
വലിയതുറ പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ മെലിഞ്ഞുണങ്ങിയ നിലയിലായിരുന്ന റമീല ആസ്പത്രിയിലെ ചികിത്സയും പരിചരണവും കാരണം അല്പം വണ്ണം വെച്ചിരുന്നു. അതായിരിക്കാം രവിക്ക് റമീലയെ മനസ്സിലാകാതിരിക്കാനുള്ള കാരണം. അവര്‍ക്കിടയിലുള്ള ആശയവിനിമയത്തിന് ഭാഷയും തടസ്സമായി. റമീലയുടെ മാതൃഭാഷ ഹിന്ദിയുടെ ഒരു വിദൂര വകഭേദമാണ്. അമ്മത്തൊട്ടിലിലെ അമ്മമാര്‍ സംസാരിക്കുന്ന മലയാളമേ രവിക്ക് മനസ്സിലാവുകയുള്ളൂ. ആകെ പ്രശ്‌നമായി.
റമീലയും രവിയുമായുള്ള ബന്ധം ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തുക മാത്രമായിരുന്നു ഈ പ്രശ്‌നത്തിനുള്ള പരിഹാരം. അതിനായി തിരുവനന്തപുരം രാജീവ്ഗാന്ധി ജൈവ സാങ്കേതികവിദ്യാ കേന്ദ്രത്തില്‍ ജനിതക പരിശോധന നടന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ആ ഡി.എന്‍.എ. ടെസ്റ്റില്‍ റമീല തന്നെയാണ് രവിയുടെ പെറ്റമ്മ എന്നു വ്യക്തമായി. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് റമീലയെയും അമ്മത്തൊട്ടിലില്‍ നിന്ന് രവിയെയും മോചിപ്പിച്ച് ഒരുമിപ്പിക്കണമെങ്കില്‍ അവര്‍ക്ക് പോകാനൊരിടം വേണം, ഏറ്റെടുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ വേണം. അതോടെ റമീലയുടെ ഉറ്റവര്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടങ്ങി.
റമീല തുടര്‍ച്ചയായി പറഞ്ഞിരുന്നത് ബിച്ചിവാരയാണ് തന്റെ സ്ഥലം എന്നാണ്. കമലേഷ് എന്ന പേരും പറഞ്ഞിരുന്നു. കമലേഷ് എന്നത് ഭര്‍ത്താവിന്റെ പേരായിരിക്കും എന്ന് എല്ലാവരും സ്വാഭാവികമായും അനുമാനിച്ചു. പക്ഷേ, ഒരു സ്ഥലപ്പേരും ആളിന്റെ പേരും വെച്ച് എങ്ങനെ അന്വേഷിക്കും? ബിച്ചിവാര എന്നത് രാജസ്ഥാനിലെ സ്ഥലമാണെന്നറിയാം. അവിടെ പോയി അന്വേഷിക്കാന്‍ കഴിയില്ലല്ലോ. എങ്കിലും സാമൂഹികപ്രവര്‍ത്തകയായ മായയുടെ നേതൃത്തില്‍ ആവുന്ന വഴികളിലൊക്കെ അന്വേഷണം തുടര്‍ന്നു. അപ്പോഴാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ നേഴ്‌സായ ജീന ഒരാശയം മുന്നോട്ടുവെച്ചത് -‘എന്തുകൊണ്ട് ബിച്ചിവാരയിലെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് റമീലയെക്കൊണ്ട് അവരുട ഭാഷയില്‍ തന്നെ കാര്യം അവതരിപ്പിച്ചുകൂടാ?’
മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാട്ടിലെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ച് റമീല സംസാരിച്ചു. അച്ഛനമ്മമാരുടെ പേരുകളടക്കം റമീല പറഞ്ഞ അവ്യക്ത വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.സാഗര്‍ ബിച്ചിവാര പൊലീസ് സ്റ്റേഷനിലേക്ക് ഔദ്യോഗികമായി കത്തും നല്‍കി. ചന്ദ്രനില്‍ പോയാലും ഒരു മലയാളി ഉണ്ടാവും എന്ന ചൊല്ല് അന്വര്‍ത്ഥമാക്കി ബിച്ചിവാരയിലും റമീലയെ സഹായിക്കാന്‍ ഒരു മലയാളിയെത്തി -അവിടെ അദ്ധ്യാപകനായി ജോലി നോക്കുന്ന തൃശ്ശൂരുകാരന്‍ പുരുഷോത്തമന്‍. റമീലയുടെ ഭര്‍ത്താവിനെ കണ്ടെത്തി -റഞ്ചോട് ലാല്‍ ഖരാടി. അപ്പോള്‍പ്പിന്നെ റമീല പറയുന്ന കമലേഷ് ആരാണ്? റഞ്ചോട് ലാലിന്റെ ഏറ്റവും ഇളയ അനുജനാണ് കമലേഷ്. ചേട്ടത്തിയമ്മയുടെ വാത്സല്യഭാജനം. ബിച്ചിവാരയിലെ ഭാര്യമാര്‍ ഭര്‍ത്താവിന്റെ പേര് പറയാറില്ല. അതിനാല്‍ റമീലയുടെ നാവിന്‍തുമ്പിലുള്ളത് കമലേഷ് എന്ന നാമം മാത്രം. ഇതെന്നോട് പറഞ്ഞത് റഞ്ചോട് ലാല്‍ തന്നെ.
* * *
ഞാന്‍ ഗവ. ആര്‍ട്‌സ് കോളേജില്‍ പ്രിഡിഗ്രിക്കു പഠിക്കുന്ന കാലം മുതല്‍ സുഹൃത്താണ് ദിനേശ്. സീനിയര്‍ ആയിരുന്നു. കാല്‍ നൂറ്റാണ്ടിലേറെ നീളുന്ന സൗഹൃദം. ദിനേശിനോട് എനിക്ക് എന്നും അസൂയയാണ്. കാരണം അദ്ദേഹത്തിന് ശത്രുക്കളില്ല. സ്വഭാവത്തിലെ സവിശേഷത തന്നെയാണ് കാരണം. മനുഷ്യസ്‌നേഹിയായ ഈ ഡോക്ടര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റാണ്. റമീലയെയും റഞ്ചോട് ലാലിന്റെയും കഥ ഞാനറിഞ്ഞത് ഡോ.ദിനേശില്‍ നിന്നാണ്. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള എന്റെ സഹായം ദിനേശ് തേടുകയായിരുന്നു എന്നും പറയാം.
റമീലയുടെ ഭര്‍ത്താവ് റഞ്ചോട് ലാലിനെ രാജസ്ഥാന്‍ പൊലീസ് കണ്ടെത്തിയിരുന്നല്ലോ. ഭാര്യയും മകനും ജീവിച്ചിരിക്കുന്നു എന്ന വിവരമറിഞ്ഞ് ആ പാവം തുള്ളിച്ചാടി. രണ്ടു വര്‍ഷമായിട്ടും റമീലയെക്കുറിച്ച് വിവരമൊന്നുമില്ലാത്തതിനാല്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ബന്ധുക്കള്‍ തുടര്‍ച്ചയായി നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. എന്നാല്‍, തന്റെ പ്രിയപ്പെട്ടവള്‍ തിരിച്ചുവരുമെന്ന ഉറച്ചവിശ്വാസത്തോടെ കാത്തിരിക്കുകയായിരുന്നു ആ പാവം മനുഷ്യന്‍. ഒരുവന്റെ വിശ്വാസം അവനെ രക്ഷിക്കും എന്ന് പ്രമാണം റഞ്ചോട് ലാലിന്റെ കാര്യത്തില്‍ യാഥാര്‍ത്ഥ്യമായി.
ബിച്ചിവാരയിലെ മലയാളി അദ്ധ്യാപകന്‍ പുരുഷോത്തമന്റെ സഹായത്തോടെ റഞ്ചോട് ലാല്‍ അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി, കടം വാങ്ങിയ പൈസയും കൊണ്ട്. യാത്ര പുറപ്പെടും മുമ്പ് പുരുഷോത്തമനെക്കൊണ്ട് ദിനേശിന്റെ ഫോണില്‍ വിളിപ്പിക്കുകയും ചെയ്തു. പുരുഷോത്തമന്‍ ദിനേശിനോട് പറഞ്ഞത് ഇത്ര മാത്രം -‘പട്ടിണിപ്പാവങ്ങളാണ്. ഡോക്ടര്‍ വേണ്ട സഹായമൊക്കെ ചെയ്തുകൊടുക്കണം. ബാക്കി 5 കുട്ടികളെ ഒരു ബന്ധുവിനെ ഏല്പിച്ചിട്ടാണ് റഞ്ചോട് ലാല്‍ വരുന്നത്. എത്രയും പെട്ടെന്ന് അദ്ദേഹത്തെയും റമീലയെയും രവിയെയും തിരികെ അയയ്ക്കണം.’
പുരുഷോത്തമന്‍ അഭ്യര്‍ത്ഥിച്ച പോലെ റഞ്ചോട് ലാലിനെയും റമീലയെയും സഹായിക്കാനുള്ള വഴി തേടിയാണ് ദിനേശ് എന്നെ വിളിക്കുന്നത്. റഞ്ചോട് ലാല്‍ യാത്ര ചെയ്‌തെത്തുന്ന 2 ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടെ നടപടികളെല്ലാം പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹം. ഇതിനിടെ ദിനേശിനൊപ്പം പോയി ഞാന്‍ രവിയെ കണ്ടു. ആ മുഖം മനസ്സിലെവിടെയോ കൊളുത്തിപ്പിടിക്കുന്ന വേദനയായി. മൂന്നര വയസ്സാണ് ആ സുന്ദരക്കുട്ടന് പ്രായം. എന്റെ കണ്ണന്റെ അതേ പ്രായം. അച്ഛനമ്മമാരുമായി അവനെ ഒത്തുചേര്‍ക്കാന്‍ ആവുന്നതെല്ലാം ചെയ്യണമെന്ന് തീരുമാനിച്ചു, വലുതായിട്ടൊന്നും ചെയ്യാന്‍ കഴിവില്ലെങ്കിലും.
ദിനേശ് നടത്തുന്ന ശ്രമം വിജയത്തിലെത്തിക്കുക അത്ര എളുപ്പമായിരുന്നില്ല. റമീലയുടെ കാര്യങ്ങള്‍ മാനസികാരോഗ്യ കേന്ദ്രത്തിന് ചെയ്യാം. രവിയുടെ കാര്യം ശിശുക്ഷേമ സമിതിയും നോക്കും. റഞ്ചോട് ലാല്‍ കൂടി എത്തിയ ശേഷം ഈ കുടുംബത്തെ ഒരുമിച്ച് എവിടെയെങ്കിലും താമസിപ്പിച്ച് കൗണ്‍സലിങ്ങും മറ്റും നല്‍കിയ ശേഷമേ നാട്ടിലേക്ക് അയയ്ക്കാനാവൂ. അതിനു വകുപ്പില്ല. സ്വന്തം കീശയില്‍ നിന്ന് കാശു മുടക്കി യാത്രി നിവാസിലോ മറ്റോ മുറിയെടുത്തു കൊടുക്കാനും ദിനേശ് തയ്യാറാണ്. അതിനും സര്‍ക്കാര്‍ അനുമതി വേണം.
മാനസികാരോഗ്യ കേന്ദ്രത്തെയും ശിശുക്ഷേമ സമിതിയെയും ഏകോപിപ്പിക്കുന്ന ഒരു സംവിധാനത്തിനു മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയൂ എന്ന് ഉറപ്പായിരുന്നു. അതിനു പറ്റിയത് സാമൂഹിക സുരക്ഷാ മിഷന്‍ തന്നെ. മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍ അടുത്ത സുഹൃത്താണ്. അഷീലിനെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ സഹായിക്കാന്‍ തല്‍ക്ഷണം തയ്യാറായി. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ഉന്നമനത്തിനായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അഷീല്‍ ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച ഉത്സാഹം എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല.
ഞാനും ദിനേശും കൂടി അഷീലിന്റെ ഓഫീസിലെത്തി. അപ്പോള്‍ത്തന്നെ അഷീല്‍ ഞങ്ങള്‍ക്കൊപ്പമിറങ്ങി, സെക്രട്ടേറിയറ്റിലേക്ക്. സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറി ഡോ.ബിജു പ്രഭാകറിനെ കാണാന്‍. അദ്ദേഹത്തോട് അഷീല്‍ തന്നെ കാര്യങ്ങള്‍ വിശദീകരിച്ചു. സെക്രട്ടറി ഉടനെ കാട്ടി പച്ചക്കൊടി. സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജയെയും അഷീല്‍ തന്നെ വിവരമറിയിച്ചു. റമീലയെ സഹായിക്കാന്‍ ടീച്ചര്‍ക്കും നിറഞ്ഞ സന്തോഷം. അതോടെ കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ടു നീങ്ങി. റമീലയുടെ കുടുംബത്തിന്റെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സാമൂഹിക സുരക്ഷാ മിഷനിലെ സാമൂഹികപ്രവര്‍ത്തക കൈരളിയെ അഷീല്‍ ചുമതലപ്പെടുത്തി. റഞ്ചോട് ലാല്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും കാര്യങ്ങള്‍ എല്ലാം തീരുമാനമായിരുന്നു.
ഏറെ നാളുകള്‍ക്കു ശേഷം രവിയെ റമീല കണ്ടപ്പോഴുണ്ടായ ആശയക്കുഴപ്പം റഞ്ചോട് ലാലിന്റെ കാര്യത്തിലും ഉണ്ടാവുമോ എന്ന ആശങ്ക നിഴലിച്ചു. എന്നാല്‍, ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് റഞ്ചോട് ലാലിനെ കണ്ടപാടെ രവി അദ്ദേഹത്തിനരികിലേക്ക് ഓടിയെത്തി. ആ അച്ഛന്റെയും മകന്റെയും സ്‌നേഹപ്രകടനം കണ്ടുനിന്ന എല്ലാവരെയും വികാരഭരിതരാക്കി. റമീല അത് കൗതുകത്തോടെ നോക്കി നിന്നു. അച്ഛന്റെ ഒക്കത്തിരുന്ന് രവി അമ്മയുമായി കൂടുതല്‍ അടുത്തു. അച്ഛനും അമ്മയും മകനുമടങ്ങുന്ന കുടുംബബന്ധം പെട്ടെന്നു തന്നെ ദൃഢമായി. അതോടെ റമീലയെയും രവിയെയും റഞ്ചോട് ലാലിനൊപ്പം നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ വേഗത്തിലായി.
ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി.ദീപക്ക് എല്ലാത്തിനും മുന്‍കൈയെടുത്തു. റമീലയുടെയും രവിയുടെയും കഥ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. നാട്ടിലേക്കു മടങ്ങുന്നതിനു മുമ്പ് ഈ കുടുംബത്തിന് മുഖ്യമന്ത്രിയെ കാണാന്‍ അനുമതിയും ലഭിച്ചു. രവിക്ക് പഠനോപകരണങ്ങള്‍ അടക്കമുള്ള സമ്മാനങ്ങള്‍ പിണറായി കൈമാറി. റമീല ദേവിയുടെ പേരിലുണ്ടായിരുന്ന സമ്പത്ത് ചിലര്‍ തട്ടിയെടുത്തതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായതെന്ന് റഞ്ചോട് ലാല്‍ പറഞ്ഞു. നാട്ടിലേക്ക് മടങ്ങുന്ന തന്റെ ഭാര്യയ്ക്ക് സംരക്ഷണം ഉറപ്പാക്കി നല്‍കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ദുംഗാര്‍പുര്‍ ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്‍കാനായിരുന്നു പിണറായിയുടെ ഉപദേശം. രാജസ്ഥാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് വിഷയം ശ്രദ്ധയില്‍പ്പെടാത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ കാലില്‍ തൊട്ടുതൊഴുതാണ് റഞ്ചോട് ലാല്‍ നന്ദി പ്രകടിപ്പിച്ചത്.
ഒടുവില്‍ വ്യാഴാഴ്ച വൈകുന്നേരം 3.45നുള്ള ബിക്കാനീര്‍ എക്‌സ്പ്രസ്സില്‍ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് കൈയില്‍ വെച്ചുകൊടുക്കുമ്പോള്‍ റഞ്ചോട് ലാല്‍ പൊട്ടിക്കരഞ്ഞു. അച്ഛന്റെ കണ്ണുനീര്‍ രവി തുടച്ചുകൊടുത്തു. റമീല അതു നോക്കിനിന്നു. 2016 ജനുവരി ഒന്നിനു തുടങ്ങിയ റമീലയുടെ കഷ്ടപ്പാടുകള്‍ക്ക് 2017 നവംബര്‍ 23ന് വിരാമം. റമീലയ്‌ക്കൊപ്പം മാനസികാരോഗ്യ കേന്ദ്രത്തിലെ 2 ജീവനക്കാരും പോകുന്നുണ്ട്, നാട്ടിലെ കാര്യങ്ങള്‍ നേരിട്ടു കണ്ട് ബോദ്ധ്യപ്പെടാന്‍. ഈ അമ്മയുടെയും കുഞ്ഞിന്റെയും ഭാവിജീവിതം സുരക്ഷിതമാക്കാനുള്ള നടപടികള്‍ കേരള സാമൂഹിക സുരക്ഷാ മിഷന്‍ സ്വീകരിക്കും.
റമീല ഭാഗ്യം ചെയ്തവളാണ്. മനസ്സിന്റെ സമനില തെറ്റിയ നിലയില്‍ അവര്‍ വന്നു കയറിയത് അങ്ങേയറ്റം മനുഷ്യപ്പറ്റുള്ള ഒരുപിടി മനുഷ്യര്‍ക്കിടയിലേക്കാണ്. ദിനേശിനു പുറമെ മാനസികാരോഗ്യ കേന്ദ്രത്തില്‍ അവരെ ചികിത്സിച്ച ഡോക്ടര്‍മാരായ ജിനു ചന്ദ്രന്‍, ഷീന, അനൂപ്, കിരണ്‍.. റമീലയെയും രവിയെയും ഒരുമിപ്പിക്കാന്‍ ഔദ്യോഗികമായി സ്വീകരിക്കേണ്ട നടപടികള്‍ കൃത്യമായി പൂര്‍ത്തിയാക്കിയതിനു പുറമെ വ്യക്തിപരമായ താല്പര്യവും പ്രകടിപ്പിച്ച മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.സാഗറും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി.ദീപക്കും.. റമീലയെ ശുശ്രൂഷിച്ച സാമൂഹികപ്രവര്‍ത്തക മായയും ജീനയെപ്പോലുള്ള നേഴ്‌സുമാരും… ശിശുക്ഷേമ സമിതിയില്‍ രവിയെ നോക്കിയ സാമൂഹികപ്രവര്‍ത്തക വിനീതയും അമ്മയുടെ സ്‌നേഹം നല്‍കിയ ബിന്ദുവിനെപ്പോലുള്ള ആയമാരും.. ഈ അമ്മയ്ക്കും കുഞ്ഞിനും നിയമസഹായം ലഭ്യമാക്കിയ അഭിഭാഷകരായ പ്രദീപ്, സന്ധ്യ, പാരാലീഗല്‍ വൊളന്റീയര്‍ ലത.. റഞ്ചോട് ലാലിന് എല്ലാ സഹായവും ചെയ്തുകൊടുത്ത പുരുഷോത്തമന്‍ എന്ന മറുനാടന്‍ മലയാളി.. വിഷയത്തിലിടപെട്ട നിമിഷം മുതല്‍ എല്ലാം ശരിയാക്കാന്‍ ഓടിനടന്ന സാമൂഹികപ്രവര്‍ത്തക കൈരളി…
ഇവര്‍ക്കെല്ലാമുപരി മാനസികാരോഗ്യ കേന്ദ്രത്തിലെ നേഴ്‌സിങ് അസിസ്റ്റന്റ് ആശാലീല. റമീലയെയും രവിയെയും കൂട്ടിയോജിപ്പിക്കുന്നതിലും കുടുംബത്തെ ഒന്നിച്ചുചേര്‍ക്കുന്നതിലും ഹിന്ദി ഭാഷാപ്രാവീണ്യമുള്ള ആശയുടെ റോള്‍ വളരെ വലുതായിരുന്നു. സാമൂഹികപ്രവര്‍ത്തക, നേഴ്‌സ്, സൈക്കോളജിസ്റ്റ്, പരിഭാഷക എന്നിങ്ങനെ പല റോളുകള്‍ ഒരേസമയം ആശ നിറവേറ്റി. റമീലയെയും രവിയെയും ഒരുമിപ്പിക്കുന്നതിന് പലപ്പോഴും ഊണുപോലും ഉപേക്ഷിച്ച് കാത്തിരുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കു വരെ ഈ നേട്ടത്തില്‍ പങ്കുണ്ട്. ഇവരുടെയെല്ലാം സേവനത്തിന്റെ വിലയാണ് റഞ്ചോട് ലാലിന്റെ അമൂല്യമായ ആനന്ദക്കണ്ണീര്‍!!
റമീലയ്ക്കു ലഭിച്ച ഭാഗ്യം തങ്ങളെ തേടി വരുന്നതും കാത്ത് മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇനിയുമുണ്ട് 100ലേറെ അന്യനാട്ടുകാര്‍, രോഗമുക്തി നേടിയവര്‍. അവരെയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് റമീലയുടെ അനുഭവം ഊര്‍ജ്ജം പകരും.
* * *
കേരളത്തെക്കുറിച്ച് വളരെ മോശപ്പെട്ട പ്രചാരണം ശക്തമായി നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍. എന്നാല്‍, കേരളം യഥാര്‍ത്ഥത്തില്‍ എന്താണെന്ന് ഇനി റഞ്ചോട് ലാലും റമീലയും രവിയും രാജസ്ഥാന്‍കാര്‍ക്ക് പറഞ്ഞുകൊടുക്കും. രാഷ്ട്രീയനേട്ടങ്ങള്‍ക്കായി നടത്തുന്ന കുപ്രചാരണങ്ങള്‍ക്കപ്പുറം മറ്റു പലതുമാണ് കേരളം എന്ന് തങ്ങളുടെ അനുഭവത്തെ അടിസ്ഥാനമാക്കി അവര്‍ പറയും. മലയാളികള്‍ക്കു മാത്രമല്ല, ഇവിടെ എത്തിച്ചേരുന്ന മനഃസ്ഥിരത ഇല്ലാത്ത അന്യനാട്ടുകാര്‍ക്കു പോലും കേരളം സുരക്ഷിതമണെന്ന് അവര്‍ പറയും.
നമുക്ക് ഇങ്ങനെയാവാനേ പറ്റൂ..
അതുകൊണ്ടാണ് നമ്മള്‍ മലയാളികളാവുന്നത്…
നമ്മുടെ നാട് കേരളമാകുന്നത്….
അതാണ് മലയാളി
Thanks a lot dear Syamlal VS for the heart touching article.
കണ്ണ് നിറഞ്ഞു പോയി
വന്നുപെട്ടത് കേരളത്തിലായത്കൊണ്ട് മാത്രം
Great…..
കണ്ണ് നിറഞ്ഞു…..
അഭിനന്ദനങ്ങൾ….
മലയാളികൾക്ക് അഭിമാനിക്കാം..
കെ .കെ .ശൈലജ റ്റീച്ചർ FB യിൽ 2 ദിവസം മുൻപ് ഇട്ടിരുന്നു .
വിവാദങ്ങളുടെ ഈ വേളയിലും മറ്റു സംസ്ഥാനക്കാർ നമ്മുടെ നാട്ടിൽ
സുരക്ഷിതർ ആണ് .
കഴിഞ്ഞ ദിവസം ഈ വാർത്ത FB യിലോ മറ്റോ കണ്ടിരുന്നു. കേരളത്തെക്കുറിച്ചു മറുനാട്ടിൽ മോശമായി ചില രാഷ്ട്രീയപാർട്ടികൾ ( ചില എന്നുപറഞ്ഞാൽ തെറ്റാണു ഒരു രാഷ്ട്രിയ പാർട്ടി എന്നുപറയാം ) പ്രചരിപ്പിക്കുന്ന വാർത്തയെ എന്താണ് കേരളം എന്നറിയാവുന്നവർ പുച്ഛത്തോടെ മാത്രമേ നോക്കികാണുള്ളൂ. കേരളത്തെ പറ്റിയും അവിടുത്തെ ജനതയെപ്പറ്റിയും കേരളത്തിന് പുറത്തും അതുപോലെ വിദേശത്തും വളരെ നല്ലരീതിയിൽ മാത്രമേ സംസാരിക്കുന്നതു കേട്ടിട്ടുള്ളു. എന്നാൽ കേരളത്തിലെ ചില നേതാക്കൾ തന്നെയാണ് അവരുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി കേരളത്തിൽ ചില പ്രത്യേക രാഷ്ട്രീയത്തിൽ പെട്ടവർക്ക് ജീവിക്കാൻ രക്ഷയില്ലെന്ന പ്രചാരണവുമായി മുന്നിട്ടിറങ്ങിയത് അവർ ഇന്നതിന്റെ വിപരീത ഫലം ഇന്നനുഭവിക്കുന്നതായാണ് എനിക്കനുഭവപെട്ടതു ഇതേ രീതിയിൽ അവർ മുന്നോട്ടു പോയാൽ കൂടുതൽ ആഘാതം അവർ ഇനിയങ്ങോട്ട്
നെരിടേണ്ടിവരുമെന്ന കാര്യം നിശ്ചയം.
താങ്കൾ ഇവിടെ വിശദമായെഴുതിയ കാര്യം ആരെയും ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു കാര്യമാണ്. സഹായവുമായെത്തിയവർ സാമൂഹ്യ പ്രവർത്തകരും ഡോക്ടറും നേഴ്‌സുമാരും മറ്റെല്ലാവരും ( ഈ കാര്യം വിശദമായെഴുതിയ താങ്കളടക്കം ) ഭരണ കർത്താക്കൾ അടക്കം വളരെ യേറെ അഭിനന്ദനം അറിയിക്കുന്നു.
ഇനി ജീവിതം തിരിച്ചുകിട്ടിയവരുടെ കാര്യമെടുക്കാം വളരെ ഏറെ സന്തോഷത്തോടെ തിരിച്ചുപോയവർക്കു അവരുടെ അനുഭവം നാട്ടിൽ മുഴുവൻ പ്രചരിപ്പിച്ചു കേരളീയർക്ക് നല്ലപേര് വാങ്ങിക്കൊടുക്കാൻ പറ്റുമെന്ന് തോ ന്നുന്നില്ല അതിനിവിടുത്തെ പ്രചാരകരുടെ സഹപാഠികൾ അനുവദിക്കും എന്ന് താങ്കൾ കരുതിയെങ്കിൽ താങ്കൾക്ക് തെറ്റുപറ്റി. കേരളത്തിനെതിരുപറഞ്ഞു രാഷ്ട്രീ യ നേട്ടവും പണവുമുണ്ടാക്കുന്നവർ കേരള ജീവിതരീതിയെപ്പറ്റിയോ അവരെ സഹായിച്ച ജനതയെപ്പറ്റിയോ നല്ലതു പറഞ്ഞു പ്രചരിപ്പിക്കാൻ ഒരിക്കലും അനുവദിക്കില്ല എന്നുറപ്പാണ്. അവരുടെ കുടുംങ്ങളോ ചുറ്റുവട്ടമുള്ളവരോ മാത്രം ഈ സംഭവം അറിയുമായിരിക്കും അതിനപ്പുറം നീങ്ങിയാൽ നല്ലൊരു പ്രചാരണത്തിന് തുണിയുന്നവർ അവരുടെ ജീവൻ വിലയായി കൊടുക്കേണ്ടിവരും എന്നെനിക്കു തോന്നുന്നു
Great…..
കണ്ണ് നിറഞ്ഞു…..
Congratulations
ദിനേശിനെ കുറിച്ച് ഒത്തിരി അഭിമാനം. ഇനിയും തുടരട്ടെ ഇതുപോലെ ഉള്ള പ്രവര്‍ത്തനങ്ങള്‍
നല്ല കുറിപ്പ്,, അഭിനന്ദനങ്ങൾ സുഹൃത്തെ.. നമുക്ക് അഭിമാനിക്കാം.
Can you get an English translation done? Touching article.
വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു ചേട്ടാ.. v s Syamlal VS
അഭിനന്ദനങ്ങൾ
Dedicated to All SANGIs in Kerala , Those who wanted to turn kerala Like UP.