ഒരു കോളേജ് മുന്‍കൈയെടുത്ത് ഒരു സര്‍വ്വകലാശാല സ്ഥാപിക്കുക. അത്ഭുതം തോന്നാം. സംഗതി സത്യമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മുന്‍കൈയെടുത്തതിന്റെ ഫലമായാണ് 1937ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല നിലവില്‍ വന്നത്. ആറു സര്‍ക്കാര്‍ കോളേജുകളും നാലു സ്വകാര്യ കോളേജുകളും ഉള്‍പ്പെടുത്തി സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. ഈ സര്‍വ്വകലാശാലയാണ് ഇന്നത്തെ കേരള സര്‍വ്വകലാശാല. കേരള സര്‍വ്വകലാശാലയെ വിഭജിച്ചാണ് പിന്നീട് മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്ഥാപിച്ചത്. അങ്ങനെ വരുമ്പോള്‍ കേരളത്തിലെ രണ്ടു പ്രമുഖ സര്‍വ്വകലാശാലകള്‍ക്ക് രൂപം നല്‍കിയത് യൂണിവേഴ്‌സിറ്റി കോളേജാണെന്നു വേണമെങ്കില്‍ പറയാം.
1963ല്‍ മസൂറിയില്‍ സിവില്‍ സര്‍വ്വീസ് പരിശീലനത്തിനു പോയ 30 പേരില്‍ 11 പേരും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നു പഠിച്ചിറങ്ങിയവരായിരുന്നു. ഈ കോളേജിന്റെ അക്കാദമിക മികവിനു നിദാനമായി ഈ സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജില്‍ സ്ഥാപിക്കപ്പെട്ട നിയമ വകുപ്പാണ് പിന്നെ വിഭജിച്ച് ഗവണ്‍മെന്റ് ലോ കോളേജായി മാറിയത്. ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജും യൂണിവേഴ്‌സിറ്റി കോളേജ് വിഭജിച്ചുണ്ടായതു തന്നെ. ഈ കോളേജില്‍ നിന്ന് ഏറ്റവുമൊടുവില്‍ പൊട്ടിമുളച്ച് രൂപം കൊണ്ടത് കാര്യവട്ടത്തെ ഗവണ്‍മെന്റ് കോളേജ്.
യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നു വിഭജിച്ചു പോയ ആര്‍ട്‌സ് വിഭാഗത്തിന്റെ 20,000 പുസ്തകങ്ങള്‍ ഉപയോഗിച്ചു സ്ഥാപിക്കപ്പെട്ടതാണ് ഇപ്പോഴത്തെ കേരള സര്‍വ്വകലാശാല ലൈബ്രറി. തിരുവനന്തപുരം പബ്ലിക് ലൈബ്രറി കുറെക്കാലം യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പലിന്റെ നിയന്ത്രണത്തിലായിരുന്നു. 1866 മുതല്‍ 150 വര്‍ഷക്കാലം ഇവിടെ പഠിപ്പിച്ച അദ്ധ്യാപകരുടേതു മാത്രമായി 4000ല്‍ അധികം പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് കോളേജിലെ ചരിത്രവിഭാഗം മേധാവി ഡോ.പി.എഫ്.ഗോപകുമാറിന്റെ ‘അറിവിന്റെ നിറവില്‍ യൂണിവേഴ്‌സിറ്റി കോളേജ്’ എന്ന പുസ്തകം. കേരളത്തിലെ ആദ്യത്തെ കോളേജ് 150-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അതിന്റെ ചരിത്രം ഇതില്‍ ആലേഖനം ചെയ്തിരിക്കുന്നു.
യൂണിവേഴ്‌സിറ്റി കോളേജ് 150-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ആദ്യത്തെ പ്രധാന ചടങ്ങ്, ചരിത്രപുസ്തക പ്രകാശനം. പ്രശസ്ത ചരിത്രകാരന്‍ പ്രൊഫ.കെ.എന്‍.പണിക്കര്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണനു നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.