HomeSOCIETYമതത്തിന് കള്ള...

മതത്തിന് കള്ളത്തിന്റെ പിന്‍ബലമെന്തിന്?

-

Reading Time: 3 minutes

‘ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ…’ -ഒരു സൂപ്പര്‍ ഹിറ്റ് ഭക്തിഗാനത്തിലെ വരികളാണ്. വിശ്വാസികള്‍ക്ക് ദൈവമെന്നാല്‍ സ്നേഹമാണ്. ആ സ്നേഹവഴിയില്‍ കള്ളത്തിനെന്താണ് കാര്യം? സാധാരണ ജനങ്ങളെ സ്നേഹമായ ദൈവത്തിലേക്കു നയിക്കുന്നവര്‍ കള്ളം പറയുന്നതിനെക്കാള്‍ വലിയ പാപം എന്താണുള്ളത്? അങ്ങനെ കള്ളം പറയുന്നവരുടെ ലക്ഷ്യം എന്താണ്?

ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിങ്ങനെയുള്ള വ്യാഖ്യാനങ്ങളുമായി പൗരോഹിത്യം ഉറഞ്ഞുതുള്ളുകയാണ്. സമൂഹമനസ്സില്‍ വിഷവിത്തു പാകി വിളവെടുക്കാന്‍ കാത്തു നില്‍ക്കുന്നവര്‍ ആ പ്രയോഗങ്ങള്‍ ദുരുപയോഗം ചെയ്യുന്നു. പൗരോഹിത്യം ഉദ്ഘോഷിക്കുന്നത് പച്ചക്കള്ളമാണെന്ന് തെളിവുകള്‍ വരുമ്പോള്‍ അതു പരമാവധി പ്രചരിപ്പിക്കേണ്ടത് ശാന്തിയും സമാധാനവും പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും കര്‍ത്തവ്യമാണ്. അതിനാലാണ് ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അക്കമിട്ടു പറഞ്ഞ സത്യങ്ങള്‍ക്ക് അങ്ങേയറ്റം പ്രാധാന്യം കൈവരുന്നത്.

കേരളത്തില്‍ മതപരിവർത്തനം നടത്തിയവരുടെയും മയക്കുമരുന്ന് കേസുകളിൽ ഉള്‍പ്പെട്ടവരുടെയും വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങൾക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ല എന്ന് മനസ്സിലാകും. നിർബന്ധിത മതപരിവർത്തനം നടത്തിയതു സംബന്ധിച്ച പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടിലെന്നു പറയുന്നത് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയാണ്. ക്രിസ്തു മതത്തിൽ നിന്ന് ആളുകളെ ഇസ്ലാമിലേക്കു കൂടുതലായി പരിവർത്തനം ചെയ്യുന്നു എന്നുള്ള ആശങ്ക അടിസ്ഥാനരഹിതമാണ് എന്നര്‍ത്ഥം.

കുറച്ചു നാളുകള്‍ക്കു മുമ്പ് കോട്ടയം സ്വദേശിനി അഖില ഇസ്ലാം മതം സ്വീകരിച്ച് ഹാദിയ ആയി മാറിയത് നിർബന്ധിത മതപരിവർത്തനമാണെന്ന വ്യഖ്യാനങ്ങളും ആരോപണങ്ങളും ഉയർന്നിരുന്നു. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ആ കേസ് വിശദമായി വിശകലനം ചെയ്തു. ആരോപണം വാസ്തവ വിരുദ്ധമാണെന്നും പ്രായപൂർത്തിയായ, മതിയായ വിദ്യാഭ്യാസമുള്ള യുവതി സ്വന്തം ഇഷ്ടപ്രകാരം മതപരിവർത്തനം ചെയ്തതാണെന്നുമായിരുന്നു കണ്ടെത്തല്‍.

ക്രൈസ്തവര്‍ ഉൾപ്പെടെയുള്ള ഇതര മതസ്ഥരായ പെൺകുട്ടികളെ പ്രണയക്കുരുക്കിൽ പെടുത്തി മതപരിവർത്തനം നടത്തിയ ശേഷം ഐ.എസ്. പോലുള്ള തീവ്രവാദ സംഘടനകളിൽ എത്തിക്കുന്നതായുള്ള പ്രചരണത്തിന്റെ നിജസ്ഥിതി പരിശോധിച്ചപ്പോഴും മറ്റൊരു ചിത്രമാണ് തെളിയുന്നത്. 2019 വരെ ഐ.എസിൽ ചേർന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരിൽ 72 പേർ തൊഴിൽപരമായ ആവശ്യങ്ങൾക്കോ മറ്റോ വിദേശരാജ്യത്ത് പോയ ശേഷം അവിടെ വെച്ച് ഐ.എസ്. ആശയങ്ങളിൽ ആകൃഷ്ടരായി ആ സംഘടനയിൽ എത്തിപ്പെട്ടതാണ്. അവരിൽ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകൻ പ്രജു ഒഴികെ മറ്റെല്ലാരും മുസ്ലിം സമുദായത്തിൽ ജനിച്ചവരാണ്. മറ്റുള്ള 28 പേർ ഐ.എസ്. ആശയങ്ങളിൽ ആകൃഷ്ടരായി കേരളത്തിൽ നിന്നു തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കേരളത്തില്‍ നിന്ന് ഐ.എസിലേക്കു പോയ 28 പേരിൽ 5 പേർ മാത്രമാണ് മറ്റ് മതങ്ങളിൽ നിന്ന് ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം നടത്തിയ ശേഷം ഐ.എസിൽ ചേർന്നത്. അതിൽ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദു യുവതി പാലക്കാട് സ്വദേശിയായ ബെക്സൺ എന്ന ക്രിസ്ത്യൻ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിൻ ജേക്കബ് എന്ന ക്രിസ്ത്യൻ യുവതി ബെസ്റ്റിൻ എന്ന ക്രിസ്ത്യൻ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്ലാമിലേക്കു പരിവർത്തനം നടത്തുകയും ഐ.എസിലെത്തുകയും ചെയ്തത്. പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി മതപരിവർത്തനം നടത്തി തീവ്രവാദ സംഘടനകളിൽ എത്തിക്കുന്നു എന്ന പ്രചാരണത്തെ ഈ കണക്കുകള്‍ സാധൂകരിക്കുന്നില്ല.

നാര്‍ക്കോട്ടിക് ജിഹാദ് എന്ന പേരില്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നുവെന്ന പരാമര്‍ശവും പച്ചക്കള്ളമാണെന്നു കണക്കുകള്‍ തെളിയിക്കുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ മുഴുവന്‍ മുഖ്യമന്ത്രി പുറത്തുവിട്ടിട്ടുണ്ട്. 2020ൽ സംസ്ഥാനത്ത് എൻ.ഡി.പി.എസ്. ആക്ട് പ്രകാരം 4,941 കേസുകള്‍ രജിസ്റ്റർ ചെയ്തു. ഇവയിൽ പ്രതികളായ 5,422 പേരിൽ 2,700 പേർ ഹിന്ദുമതത്തിൽപ്പെട്ടവരും 1,869 പേർ ഇസ്ലാം മതത്തിൽപ്പെട്ടവരും 853 പേർ ക്രിസ്തു മതത്തിൽപ്പെട്ടവരുമാണ്. അതായത് പ്രതികളില്‍ 49.80 ശതമാനം ഹിന്ദുക്കളാണെങ്കില്‍ 34.47 ശതമാനം മുസ്ലിങ്ങളും 15.73 ശതമാനം ക്രൈസ്തവരുമാണ്. ഇതില്‍ അസ്വാഭാവിക അനുപാതം എവിടെയാണ്?

നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിക്കുകയോ മയക്കുമരുന്നിന് അടിമയാക്കി മതപരിവർത്തനം നടത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതു സംബന്ധിച്ച് പരാതികള്‍ എവിടെയെങ്കിലും ഉയരേണ്ടതല്ലേ? മയക്കുമരുന്ന് ഉപയോക്താക്കളോ വില്പനക്കാരോ ഒരു പ്രത്യേക സമുദായത്തില്‍പ്പട്ടവരല്ല. അങ്ങനെ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നത് സമൂഹത്തില്‍ വിദ്വേഷം സൃഷ്ടിച്ച് അതില്‍ നിന്നു മുതലെടുപ്പ് നടത്താനല്ലാതെ മറ്റെന്തിനാണ്? സാമുദായിക സ്പർധയ്ക്കു കാരണമാകും വിധം വിദ്വേഷ പ്രചാരണം നടത്തുന്നവരെയും അതിന് സൗകര്യവും പിന്തുണയും നൽകുന്നവരെയും തുറന്നുകാട്ടാൻ സമൂഹം ഒന്നാകെ തയാറാകണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടത് വെറുതെയല്ല.

പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരിൽ വിവാദങ്ങൾക്ക് തീ കൊളുത്തി നമ്മുടെ നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തല്പരകഷികളുടെ വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കുകയേ ഉള്ളൂ. വെള്ളം കലക്കി മീൻപിടിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തുക തന്നെ വേണം. സമാധാനം കാംക്ഷിക്കുന്ന എല്ലാവര്‍ക്കും അതിനായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാം.

സംഘടിത മതനേതൃത്വം തങ്ങളുടെ ആധിപത്യമുറപ്പിക്കാന്‍ പ്രയോഗിക്കുന്ന തന്ത്രമാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഭിന്നിപ്പ്. അവര്‍ ആദ്യം ജനങ്ങളെ തമ്മിലടിപ്പിക്കും. എന്നിട്ട് സമാധാനയോഗം ചേര്‍ന്ന് എല്ലാം ‘കോംപ്ലിമെന്റ്സ്’ ആക്കിയതായി അഭിനയിക്കും. ഇതു രണ്ടിനുമിടയിലുള്ള അടിയില്‍ നഷ്ടം സാധാരണക്കാര്‍ക്കു മാത്രമാണ്. പൗരോഹിത്യത്തെ അന്ധമായി പിന്തുടരുന്നത് വിശ്വാസികള്‍ അവസാനിപ്പിച്ചാല്‍ തീരുന്ന പ്രശ്നങ്ങളേ ഇവിടുള്ളൂ

ഒരു സംശയം അവശേഷിക്കുന്നു. കള്ളം പറയുന്നത് പാപമല്ലേ? പാപം ചെയ്യുന്നവന്‍ നരകത്തില്‍ പോകില്ലേ? വിശ്വാസികള്‍ക്ക് നരകത്തിലേക്കു വഴികാട്ടുകയാണോ പൗരോഹിത്യം ചെയ്യുന്നത്?

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights