രാവിലെ സ്‌കൂളില്‍ അസംബ്ലി നടക്കുകയാണ്. കറുത്ത പാന്റ്സും വെളുത്ത ഷര്‍ട്ടുമടങ്ങുന്ന യൂണിഫോം ധാരികളായ വിദ്യാര്‍ത്ഥികള്‍ ഡിവിഷന്‍ അനുസരിച്ച് വരിയായി നില്‍ക്കുന്നു. വേദിയില്‍ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ അദ്ധ്യാപകര്‍. പ്രാര്‍ത്ഥനയും ‘ഭാരതം എന്റെ രാജ്യമാണ്’ പ്രതിജ്ഞയുമെല്ലാം മുഴങ്ങി. ഹെഡ്മാസ്റ്റര്‍ പതിവുപോലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു. ഒരു വ്യത്യാസം മാത്രം, സാധാരണ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയോ അദ്ധ്യാപകരുടെയോ പ്രായമായിരുന്നില്ല ആ സംഘത്തിന്. വിദ്യാര്‍ത്ഥികള്‍ 40ന്റെ പടിവാതിലില്‍ നില്‍ക്കുന്നവര്‍. അദ്ധ്യാപകര്‍ വിരമിക്കല്‍ പ്രായം പിന്നിട്ട് എത്രയോ വര്‍ഷം കഴിഞ്ഞവര്‍.
തിരുവനന്തപുരം സെന്റ് ജോസ്ഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 1990ല്‍ എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളാണ് രജത ജൂബിലിയുടെ ഭാഗമായി ഈ അപൂര്‍വ്വ കൂട്ട് സംഘടിപ്പിച്ചത്. 150ഓളം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എ മുതല്‍ എഫ് വരെയുള്ള ആറ് ഡിവിഷനുകളിലായി അസംബ്ലിക്ക് വരി നിന്നു. പഴയ ക്ലാസ് ലീഡര്‍മാര്‍ നയിച്ചു. 1990ല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന ഫാ.എഫ്രേം തോമസാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. അന്നത്തെ സ്‌കൂള്‍ ലീഡര്‍ രാജു പി.ജോസഫ് അദ്ധ്യക്ഷനായി. എല്ലാത്തിനും ആവേശപൂര്‍വ്വം പിന്തുണയേകി പഴയ വിദ്യാര്‍ത്ഥിക്കൂട്ടത്തിന്റെ ഭാര്യമാരും മക്കളും.
തങ്ങള്‍ക്കു മുന്നില്‍ വിജ്ഞാനത്തിന്റെ വാതിലുകള്‍ തുറന്നിട്ട 24 അദ്ധ്യാപകരെ പഴയ വിദ്യാര്‍ത്ഥികള്‍ ഗുരുവന്ദനത്തിലൂടെ ആദരിച്ചു. തങ്ങളുടെ പരിശ്രമം പാഴായിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ ഒത്തുചേരല്‍ എന്നായിരുന്നു അദ്ധ്യാപകരുടെ പ്രതികരണം. തങ്ങള്‍ പഠിച്ച വിദ്യാലയത്തിന് രണ്ട് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഈ വിദ്യാര്‍ത്ഥിക്കൂട്ടം സമ്മാനിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.തോമസും ഹെഡ്മാസ്റ്റര്‍ അമലനാഥനും ചേര്‍ന്ന് ഏ്റ്റുവാങ്ങി. വിദ്യ ദാനം നല്‍കിയ അദ്ധ്യാപകരെ സാക്ഷിയാക്കി അവയവദാനത്തിനുള്ള സന്നദ്ധതയും പഴയ വിദ്യാര്‍ത്ഥിക്കൂട്ടം അറിയിച്ചു.
സെന്റ് ജോസ്ഫ്സ് സ്‌കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മയാണ് 1990ലെ പത്താം ക്ലാസ്സുകാര്‍ സംഘടിപ്പിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ പങ്കെടുക്കുന്നതിനു വേണ്ടി മാത്രം അമേരിക്ക, ഓസ്ട്രേലിയ, ലണ്ടന്‍, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടോ മൂന്നോ ദിവസത്തെ അവധിക്കെത്തി.