ഹിമാലയത്തിലേക്കുള്ള കവാടം. അതാണ് ഋഷികേശ്. ഗംഗയും ഹിമാലയവും ആശ്രമങ്ങളും സംഗീതവും ഒത്തുചേരുന്ന, ഭക്തിനിര്‍ഭരവും ആവേശകരവുമായ അന്തരീക്ഷം. ഒരാള്‍ ഋഷികേശില്‍ എത്തുമ്പോള്‍ അയാളുടെ മാനസികാവസ്ഥ എന്താണോ അതനുസരിച്ചുള്ള സ്വാഗതമാണ് ഋഷികേശ് നല്കുക എന്ന് അനുഭവസാക്ഷ്യം. പ്രതീക്ഷാനിര്‍ഭരമായ ഒരു തുടക്കമാണ് ലക്ഷ്യമെങ്കില്‍ അതിന് ഇതിലും പറ്റിയൊരിടമില്ല തന്നെ.
ഹൃഷിക്, ഈശ് എന്നീ വാക്കുകളില്‍ നിന്നാണ് ഋഷികേശ് എന്ന പേരിന്റെ ഉത്ഭവം. ഹൃഷിക് എന്നാല്‍ ഇന്ദ്രിയബോധം. ഈശ് എന്നാല്‍ ഈശ്വരന്‍. ഇന്ദ്രിയബോധങ്ങളുടെ ദേവനായ മഹാവിഷ്ണു എന്നാണ് ഹൃഷികേശ് എന്ന പദത്തിന്റെ അര്‍ത്ഥം. പിന്നീടത് ലോപിച്ച് ഋഷികേശ് ആയി -മഹാവിഷ്ണുവിന്റെ നഗരം. ഗംഗാതീരത്തെ ഈ നഗരത്തില്‍ അനേകം ദേവീദേവന്മാര്‍ അധിവസിക്കുന്നതായി സങ്കല്പം.
മഹാഭാരത കഥ പറയൊനൊരുങ്ങുന്ന ഒരാള്‍ ആദ്യമെത്തേണ്ടത് ഋഷികേശിലാണ്. മഹാഭാരത പിറവി ഇവിടെയായിരുന്നു എന്നതാണ് കാരണം. ഭഗവാന്‍ ഗണപതിക്ക് എഴുതിയെടുക്കാന്‍ മഹര്‍ഷി വേദവ്യാസന്‍ ഈ ഇതിഹാസകാവ്യം പറഞ്ഞുകൊടുത്തത് ഇവിടെയാണെന്നു പറയപ്പെടുന്നു. വേദവ്യാസന്‍ വേദങ്ങളെ ഋഗ്, സാമം, യജുര്‍, അഥര്‍വ്വം എന്നിങ്ങനെ നാലായി വിഭജിച്ചതും ഋഷികേശില്‍ത്തന്നെ.
മഹാഭാരതത്തില്‍ പരാമര്‍ശിക്കാത്ത ഒരു കാര്യവും ഇതേവരെ സംഭവിച്ചിട്ടില്ല. സംഭവിച്ചതായ എല്ലാം മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതാണു താനും. ഈ സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. വചനമഹിമയിലും ആശയ സമ്പുഷ്ടതയിലും വര്‍ണ്ണനയിലും മഹാഭാരതം പോലെ മുന്നേറിയ മറ്റൊരു കൃതിയില്ല. ഇത്ര പഴക്കമുള്ള ഒരു കൃതി ഇന്നും ഹൃദയാധിപത്യം പുലര്‍ത്തുന്നതിനും മറ്റുദാഹരണങ്ങളില്ല.
മഹാഭാരതം ആദ്യത്തെ വംശചരിത്രവും കുടുംബകഥയും ആത്മകഥയുമാണ്. ഒരേസമയം അത് കാവ്യവും ഇതിഹാസവും നാടോടിക്കഥയും വംശപുരാണവും വേദവും എല്ലാമാണ്. ധര്‍മ്മശാസ്ത്രവും മോക്ഷശാസ്ത്രവും സ്മൃതിയും അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. മഹാഭാരതത്തില്‍ നിന്നൊരേട് അടര്‍ത്തിയെടുക്കുക എന്നു പറയുന്നത് വലിയ വെല്ലുവിളി തന്നെ.
മഹാഭാരതം അവലംബമാക്കി കഥ പറയാന്‍ ഒരുങ്ങുന്നയാള്‍ക്ക് ഋഷികേശ് ദേവഭൂമിയാകുന്നു. ആര്‍.എസ്.വിമല്‍ ഇപ്പോള്‍ അവിടെയാണ്, മനസ്സില്‍ നിറഞ്ഞ പ്രതീക്ഷയോടെ. തുടക്കത്തിന് ഏറ്റവും ഉചിതമായ ഇടം. അടുത്തുള്ള നീലകണ്ഠ മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം, തടസ്സങ്ങള്‍ ഒഴിഞ്ഞുനില്‍ക്കാന്‍. പങ്കജ, മധുമതി എന്നീ നദികള്‍ സമ്മേളിക്കുന്ന സ്ഥലത്താണ് നീലകണ്ഠ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഋഷികേശിന്റെ പുണ്യം തന്റെ പേനത്തുമ്പിലേക്ക് ആവാഹിക്കാനുള്ള ശ്രമത്തിലാണവന്‍. ഇരുവഴിഞ്ഞിപ്പുഴയുടെ തീരം വിട്ട് ഗംഗാനദിയുടെ തീരത്തേക്ക്… യാത്ര അവസാനിക്കുന്നില്ല…