ഈ ഇറ്റലിക്കാരനെ ഞാനും മനസ്സില്‍ @#$%& വിളിച്ചിട്ടുണ്ട്. പ്രളയ കാലത്തെപ്പോലെ കോവിഡ് കാലത്തും താരതമ്യേന സുരക്ഷിത സ്ഥാനത്താണെന്ന് അഹങ്കരിച്ചിരുന്ന ഞങ്ങള്‍ തിരുവനന്തപുരത്തുകാരുടെ ചങ്കുകളില്‍ തീ കോരിയിട്ടവന്‍. ഉള്ളില്‍ കിടന്ന കോവിഡുമായി നാട്ടിലിറങ്ങി നടന്ന് എല്ലാവര്‍ക്കും വിതരണം ചെയ്ത സാമദ്രോഹി. അന്നു നേരിട്ടു കൈയില്‍ കിട്ടിയിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇവിടത്തെ ചെറുപ്പക്കാരില്‍ ചിലര്‍ സായിപ്പിനെ പഞ്ഞിക്കിട്ടേനേ. അങ്ങനെ കോവിഡ് ബാധയുടെ ഫലമായല്ലാതെ തന്നെ ഈ ഇറ്റലിക്കാരന്‍ കര്‍ത്താവില്‍ വിലയം പ്രാപിച്ചേനേ.
പക്ഷേ, ഇത് കേരളമാണ്. മനസ്സില്‍ @#$%& പറഞ്ഞാലും നമുക്ക് സ്നേഹിക്കാനേ അറിയൂ. ഞാന്‍ പറഞ്ഞത് ഭൂരിപക്ഷം മലയാളികളുടെ കാര്യമാണ്. വെറുപ്പിന്റെ പ്രചാരകരായ ഒരു ന്യൂനപക്ഷത്തെ നമ്മള്‍ മലയാളികളുടെ ഗണത്തില്‍ കൂട്ടുന്നില്ലല്ലോ. അതിവിടെ കാര്യമില്ലാത്തതിനാല്‍ വിടാം. എന്തായാലും ഒടുവില്‍ ആ സായിപ്പ് പറഞ്ഞു -“കേരളം മറ്റെവിടത്തേക്കാളും സുരക്ഷിതം.” ഈ ചങ്ങാതി ഇന്ന് നാട്ടിലേക്കു മടങ്ങി. റോബര്‍ട്ടോ ടൊണോസോ എന്നാണ് പേരെന്ന് ഇന്നറിഞ്ഞു. 57 വയസ്സ് പ്രായമുണ്ടെങ്കിലും കണ്ടാല്‍ പറയില്ല. തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിലേക്കും അവിടെ നിന്ന് ഇറ്റലിയിലേക്കുമാണ് റോബര്‍ട്ടോയുടെ യാത്ര.
കോവിഡിന്റെ രണ്ടാം ഘട്ടത്തില്‍ വര്‍ക്കലയില്‍ ഏറെ ആശങ്കയുണ്ടാക്കിയയാളാണ് ഈ മനുഷ്യന്‍. മാര്‍ച്ച് 13നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പിടിച്ചു കിടത്തി. നിരീക്ഷണത്തിലായിരുന്ന സമയത്ത് ഇദ്ദേഹം ഒട്ടേറെ സ്ഥലങ്ങളില്‍ യാത്ര നടത്തിയതും എവിടെയൊക്കെ പോയി ആരോടെല്ലാം സമ്പര്‍ക്കം പുലര്‍ത്തി എന്ന് പറയാന്‍ അറിയാത്തതും ഭാഷയുമെല്ലാം സമ്പര്‍ക്കപ്പട്ടിക ഉണ്ടാക്കാന്‍ വലിയ ബുദ്ധുമുട്ടുണ്ടാക്കി. അവസാനം ഇറ്റാലിയന്‍ ഭാഷ അറിയുന്ന ആളിന്റെ സഹായത്തോടെയാണ് സമ്പര്‍ക്ക പട്ടികയുണ്ടാക്കിയത്. ഒടുവില്‍ അതു വന്നപ്പോള്‍ സായിപ്പും സമ്പര്‍ക്കത്തിലേര്‍പ്പെട്ടത് 126 പേര്‍!
വളരെ നീണ്ട ആശുപത്രിവാസമായിരുന്നു ഈ ഇറ്റലിക്കാരന്റേത്. ഗുരുതരമായ മറ്റസുഖങ്ങളും ഉണ്ടായിരുന്ന റോബര്‍ട്ടോയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡിനു പോലും മെഡിക്കല്‍ കോളേജ് രൂപം നല്‍കി. മികച്ച ചികിത്സയുടെ ഫലമായി കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി രോഗമുക്തി നേടിയതിനെ തുടര്‍ന്ന് മാര്‍ച്ച് 25ന് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. രോഗം ഭേദമായെങ്കിലും നിരീക്ഷണം തുടരേണ്ടതുണ്ടായിരുന്നു. ഹോട്ടലില്‍ താമസിപ്പിച്ചാല്‍ സായിപ്പ് പഴയപോലെ വീണ്ടും പുറത്തു പോകാന്‍ സാധ്യതയുള്ളതിനാല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷമാണ് ജനറല്‍ ആശുപത്രിയില്‍ നിന്നും യാത്രയായത്.
റോബര്‍ട്ടോ പോകുന്നതിനു മുമ്പ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുമായി വീഡിയോ കോളില്‍ സംസാരിച്ചു. “മികച്ച ചികിത്സ നല്‍കിയ കേരളത്തിനും ആരോഗ്യ മേഖലയ്ക്കും നന്ദി പറയുന്നു. ഇന്ത്യയില്‍ പലതവണ വന്നിട്ടുണ്ട്. കേരളത്തെ വളരെയധികം സ്‌നേഹിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ നിര്‍ഭാഗ്യവശാല്‍ കോവിഡ് ബാധിച്ചു. എന്നാല്‍ ഏറെ സന്തോഷം നല്‍കുന്നത് വളരെ മികച്ച ചികിത്സ ലഭിച്ചു എന്നതാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും നല്ല സേവനമാണ് നല്‍കിയത്. ഇവിടെനിന്നും മികച്ച ഭക്ഷണവും നല്‍കി. കേരളത്തിന്റെ സ്‌നേഹം മറക്കാനാവില്ല. ഈയൊരവസ്ഥ കടന്നുപോയാല്‍ അടുത്തവര്‍ഷവും കേരളത്തിലെത്തും. ഈ സന്ദര്‍ഭത്തില്‍ കേരളത്തക്കാള്‍ സുരക്ഷിമായൊരു സ്ഥലമില്ല. വ്യക്തിപരമായി ഓരോരുത്തരോടുമുള്ള നന്ദി അറിയിക്കുന്നു.” – അദ്ദേഹം പറഞ്ഞു.
എല്ലാവരും ഇങ്ങനെ സുഖപ്പെട്ട് പോകുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് ആരോഗ്യ മന്ത്രിയുടെ മറുപടി. വലിയ പ്രവര്‍ത്തനമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്നത്. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നവര്‍ ഉള്‍പ്പെടെ 8 വിദേശികളുടേയും ജീവന്‍ രക്ഷിക്കാന്‍ കേരളത്തിനായെന്നും അവര്‍ ചൂണ്ടിക്കാട്ടി. റോബര്‍ട്ടോയെ യാത്രയാക്കാന്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടെത്തി. വി.കെ.പ്രശാന്ത് എം.എല്‍.എ., മേയര്‍ കെ.ശ്രീകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.
കാറില്‍ കയറി യാത്രയാവുമ്പോള്‍ കേരളത്തിനോടു മൊത്തമായി റോബര്‍ട്ടോ പറഞ്ഞു -“Addio! Arrivederci!!” എന്നുവെച്ചാല്‍ “വിട! വീണ്ടും കാണാം!!”
പിന്‍കുറിപ്പ്: സായിപ്പിന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയതും പ്രസിദ്ധീകരിച്ചതും ഗുരുതരമായ ഡാറ്റാ ചോര്‍ച്ചയാണെന്ന് പ്രതിപക്ഷം. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണെങ്കിലും ഇങ്ങനൊന്നും ചെയ്യാന്‍ കേരള സര്‍ക്കാരിന് യാതൊരു അവകാശവുമില്ല. അത്രമാത്രം ഗുരുതരമായ സാഹചര്യമൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. ഇതൊക്കെ വലിയ അഴിമതിയാണ്. സായിപ്പിനെക്കൊണ്ട് മിലാനില്‍ കേസു കൊടുപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മുന്നോട്ടു നീക്കാനും റോബര്‍ട്ടോയ്ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്കാനുമായി ലോക്ക് ഡൗണ്‍ മാറിയാലുടനെ പ്രതിപക്ഷം പ്രത്യേക പ്രതിനിധി സംഘത്തെ അങ്ങോട്ടയയ്ക്കും. കേരള സര്‍ക്കാരിന്റെ ഈ ജീവന്‍ രക്ഷാ അഴിമതി ലോകത്തെ ഏതു കോടതിയിലും ചോദ്യം ചെയ്യാനാണ് പ്രതിപക്ഷ തീരുമാനം.