സ്കാനിയ എന്നാല്‍ സഞ്ചരിക്കുന്ന കൊട്ടാരം. ഇതിനു ബസ്സിന്റെ രൂപമുണ്ടെന്നേയുള്ളൂ. ശരിക്കും ബസ്സല്ല. ഇത്രയും സുഖസൗകര്യങ്ങള്‍ ഉള്ള വാഹനത്തെ വെറും ‘ബസ്’ എന്നു വിളിക്കാന്‍ ഒരു മടി.
ഈയുള്ളവന്‍ സ്‌കാനിയയില്‍ കയറിയത് 2009ല്‍ മാതൃഭൂമി പ്രതിനിധി എന്ന നിലയില്‍ പ്രധാനമന്ത്രിയുടെ സംഘാംഗമായി ചൈന സന്ദര്‍ശിച്ച വേളയിലാണ്. ബെയ്ജിങ് മുതല്‍ ചെങ് ദു വരെയുള്ള ആ യാത്രയിലാണ് പുറംമോടിക്കപ്പുറത്തെ ചൈന എന്താണെന്ന് ശരിക്കും മനസ്സിലാക്കിയത്. ചൈനാ സന്ദര്‍ശനത്തില്‍ ഇന്നു ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന നിമിഷങ്ങളിലൊന്ന് ആ ബസ് യാത്ര തന്നെ. നമ്മുടെ നാട്ടില്‍ ഇത്തരം ബസ്സുകള്‍ എന്നു വരും എന്ന് അപ്പോള്‍ അത്ഭുതംകൂറിയിരുന്നു. വെറും ഏഴു വര്‍ഷമേ കാക്കേണ്ടി വന്നുള്ളൂ എന്നതില്‍ പെരുത്ത് സന്തോഷം. പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെങ്കിലും സ്‌കാനിയയിലെ ആര്‍ഭാടം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അല്പം പോലും കുറച്ചില്ല. പെന്‍ഷന്‍ കൊടുത്താല്‍ ഫോട്ടോ വരില്ല, സ്‌കാനിയയ്‌ക്കൊപ്പം വരും!
കെ.എസ്.ആര്‍.ടി.സിയില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയ വികസനത്തിന്റെ മുഖമാണ് സ്‌കാനിയ. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ സ്‌കാനിയ ഇടംപിടിച്ചിട്ടുമുണ്ട്. പുതുച്ചേരി, ഗോവ, തിരുപ്പതി, പുട്ടപര്‍ത്തി, ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്തുമെന്നാണ് സ്‌കാനിയ നിരത്തിലിറക്കുന്ന വേളയില്‍ കെ.എസ്.ആര്‍.ടി.സി. പറഞ്ഞത്. ഞാന്‍ കെ.എസ്.ആര്‍.ടി.സിയെ വിശ്വസിച്ചു, പണിയും കിട്ടി.
കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് അത്യാവശ്യ കാര്യത്തിന് പുതുച്ചേരിയിലേക്ക് പോകാന്‍ എന്റെ കാര്‍ വായ്പ ചോദിച്ചു. അവന്റെ കാര്‍ വര്‍ക്‌ഷോപ്പിലാണ് എന്നതായിരുന്നു എന്റെ കാര്‍ ചോദിക്കാന്‍ കാരണം. എന്റെ കാര്‍ കൊടുക്കാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല. അപ്പോഴാണ് കെ.എസ്.ആര്‍.ടി.സി. സ്‌കാനിയയുടെ കാര്യം ഓര്‍ഞ്ഞത്. ബെയ്ജിങ് -ചെങ് ദു യാത്രയുടെ സുന്ദരാനുഭവം സുഹൃത്തിനോടു വിവരിച്ചപ്പോള്‍ അവനും സ്‌കാനിയ പരീക്ഷണത്തിനു തയ്യാര്‍.
ബസ്സിനു ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഞാനും കൂടി. ഞങ്ങള്‍ നേരെ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലെത്തി. കൗണ്ടറില്‍ സ്‌കാനിയ ടിക്കറ്റ് ചോദിച്ചു. അവിടെയുണ്ടായിരുന്ന ചേട്ടന്‍ ഞങ്ങളെ അത്ഭുതഭാവത്തില്‍ നോക്കി, ഇവന്മാര്‍ എവിടുന്നു വരുന്നെടാ എന്ന ഭാവത്തില്‍.
‘ചേട്ടാ, അടുത്തിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത ലക്ഷ്വറി ബസ്സിന്റെ കാര്യമാ ചോദിച്ചത്. അതാ സ്‌കാനിയ’ -എന്റെ വിശദീകരണം. പക്ഷേ, കൗണ്ടര്‍ ചേട്ടനു പുച്ഛം.
‘ടേയ് അനിയാ.. മന്ത്രിക്ക് ഉദ്ഘാടനം ചെയ്തിട്ട് അങ്ങ് പെയ്യാ മതി. ഉദ്ഘാടനം ചെയ്താ ബസ്സോടുമെന്ന് നിന്നോടാര് പറഞ്ഞ്? അങ്ങനൊരു സാധനം ഇവിടില്ല’ -ചേട്ടന്റെ മറുപടിയില്‍ ഞാനാകെ തകര്‍ന്നു.
‘ഓരോരുത്തമ്മാര് ഇറങ്ങിക്കോളും മനുശ്യനെ മെനക്കെടുത്താന്‍. അവന്റെയൊരു സ്‌കാനിയ..’ -ചേട്ടന്‍ വിശ്വരൂപം പുറത്തെടുത്തു തുടങ്ങിയപ്പോള്‍ സുഹൃത്തിന്റെ കൈയും വീശി ഞാന്‍ പതുക്കെ സംഭവസ്ഥലത്തുനിന്ന് സ്‌കൂട്ടായി. കാര്‍ തരാന്‍ മടിച്ചിട്ടല്ലേടാ പുല്ലേ നിന്റെയീ നാടകം എന്ന ഭാവത്തിലുള്ള സുഹൃത്തിന്റെ നോട്ടത്തില്‍ ഞാന്‍ ദഹിച്ചു.
സുഹൃത്തിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ലോകത്തു നടക്കുന്ന കാര്യങ്ങളെല്ലാം അറിയുന്നവരാണ് പത്രക്കാര്‍ എന്ന തെറ്റിദ്ധാരണ വെച്ചുപുലര്‍ത്തുന്നവരില്‍ ഒരാളാണ് അവനും. പത്രക്കാരനായ ഞാന്‍ സ്‌കാനിയ സര്‍വ്വീസ് നടത്താത്ത കാര്യം അറിയാതിരിക്കില്ലെന്നും മനഃപൂര്‍വ്വം കളിയാക്കിയതാണെന്നും അവന്‍ വിശ്വസിക്കുന്നു. അത് അവന്റെ പിന്നീടുള്ള പെരുമാറ്റത്തില്‍ നിന്ന് എനിക്ക് മനസ്സിലാവുകയും ചെയ്തു. അതോടെ എന്റെ മറ്റു നിര്‍ദ്ദേശങ്ങള്‍ക്കു കാക്കാതെ അവന്‍ സ്വന്തം നിലയ്ക്ക് ബദല്‍യാത്രാമാര്‍ഗ്ഗം തേടി -സ്വകാര്യ ലക്ഷ്വറി ബസ്.
സ്‌കാനിയ നിമിത്തം ആത്മാഭിമാനത്തിനു മുറിവേറ്റ ഞാന്‍ അന്വേഷണത്തിനിറങ്ങി. ഒരു സ്‌കാനിയ ബസ്സിന്റെ വില 1.22 കോടി രൂപയാണെന്നാണ് അറിവ്. 20 ബസ്സുകള്‍ വാങ്ങിയെന്നായിരുന്നു പ്രഖ്യാപനം. ആ ബസ്സുകള്‍ എവിടെപ്പോയി? കെ.എസ്.ആര്‍.ടി.സി. ട്രെയ്‌നിങ് സെന്ററിലും പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌സിലുമായി ഒതുക്കിയിട്ടിരിക്കുന്നുവെന്ന് അധികം വൈകാതെ കണ്ടെത്തി. രണ്ടു മാസമായി അത് അവിടെക്കിടന്നു തുരുമ്പിക്കുകയാണെന്ന് ജീവനക്കാര്‍. ആര്‍ക്കും ഒരുത്തരവാദിത്തവുമില്ല.
ഇതിനു കാരണമെന്ത്? സ്‌കാനിയ നിരത്തിലിറക്കി. റൂട്ടുകള്‍ പ്രഖ്യാപിച്ചു. പക്ഷേ, റൂട്ട് പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയില്ല. അതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. അതോടെ എല്ലാം തികഞ്ഞു. പ്രഖ്യാപിച്ച റൂട്ടുകളില്‍ സ്‌കാനിയ സര്‍വ്വീസ് നടക്കണമെങ്കില്‍ പുതിയ സര്‍ക്കാര്‍ വരണമെന്ന അവസ്ഥയാണ്. അപ്പോള്‍ ഈ ബസ്സുകള്‍ വല്ലതും ബാക്കിയുണ്ടാവുമോ ആവോ?
സ്‌കാനിയയെക്കുറിച്ചുള്ള അന്വേഷണം ഇടയ്ക്ക് വഴിമാറി ചെന്നെത്തിയത് വോള്‍വോയ്ക്കരികില്‍. കേരളാ അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എന്ന കെ.യു.ആര്‍.ടി.സിയുടെ 46 വോള്‍വോ ബസ്സുകള്‍ കട്ടപ്പുറത്താണ്. തിരുവനന്തപുരത്ത് 11 ബസ്സുകളും എറണാകുളത്ത് 35 ബസ്സുകളും. കട്ടപ്പുറത്തുന്നു നിന്ന് ഇറക്കി റോഡിലെത്തിക്കാന്‍ ഇവയുടെ സ്‌പെയര്‍ പാര്‍ട്ട്‌സ് ലഭ്യമല്ല. വിപണിയില്‍ ലഭ്യമല്ല എന്നതല്ല, വോള്‍വോ കമ്പനി കെ.യു.ആര്‍.ടി.സിക്കു നല്‍കുന്നില്ല എന്നതാണ്. കാരണം, സ്‌പെയര്‍ പാര്‍ട്‌സ് നല്‍കിയ വകയില്‍ 3.60 കോടി രൂപ വോള്‍വോയ്ക്ക് കെ.യു.ആര്‍.ടി.സി. കുടിശ്ശിക വരുത്തിയിട്ടുണ്ട്. എന്നെത്തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവൂലാ…
വേനല്‍ കടുക്കുന്നു. അതിനാല്‍ത്തന്നെ കെ.യു.ആര്‍.ടി.സിയുടെ എ.സി. ലോ ഫ്‌ളോര്‍ ബസ്സുകളില്‍ യാത്രക്കാര്‍ കൂടുന്നു. തിരുവനന്തപുരം -എറണാകുളം റൂട്ടിലോടുന്ന ലോ ഫ്‌ളോര്‍ ബസ്സുകള്‍ക്ക് പ്രതിദിന കളക്ഷന്‍ 30,000 മുതല്‍ 40,000 വരെ രൂപയാണ്. പറഞ്ഞിട്ടു കാര്യമില്ലല്ലോ. മാമ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ്…
പ്രതിസന്ധിക്ക് പരിഹാരമൊന്നും നിര്‍ദ്ദേശിക്കാന്‍ കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റിനായിട്ടില്ല. പക്ഷേ, തൊഴിലാളികള്‍ ഒരു പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ട്. കട്ടപ്പുറത്തായ വോള്‍വോയ്ക്കു പകരം സ്‌കാനിയ ഇറക്കുക. അന്തസ്സംസ്ഥാന പെര്‍മിറ്റാണല്ലോ സ്‌കാനിയയ്ക്ക് കിട്ടാക്കനി. സംസ്ഥാനത്തിനകത്ത് താല്‍ക്കാലിക പെര്‍മിറ്റ് നല്‍കാന്‍ ഇവിടത്തെ സര്‍ക്കാര്‍ വിചാരിച്ചാല്‍ മതി. വോള്‍വോയ്ക്കു പകരം താല്‍ക്കാലിക പെര്‍മിറ്റില്‍ സ്‌കാനിയ ഇറക്കിയാല്‍ ആളുകള്‍ ഇടിച്ചുകയറും. വേണമെങ്കില്‍ ടിക്കറ്റ് നിരക്ക് സുഖസൗകര്യങ്ങള്‍ക്ക് ആനുപാതികമായി അല്പം കൂട്ടുകയുമാവാം. സ്‌കാനിയ തുരുമ്പിക്കുന്നത് ഒഴിവാകും. കെ.എസ്.ആര്‍.ടി.സിക്ക് വരുമാനവും കിട്ടും. കുടിശ്ശിക തീര്‍ത്ത് സ്‌പെയര്‍ പാര്‍ട്ട്‌സ് വാങ്ങി വോള്‍വോ നിരത്തിലിറക്കുന്നതിനെക്കാള്‍ കെ.എസ്.ആര്‍.ടി.സിക്ക് എളുപ്പം ഇതാണ്.
കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റിനോട് ഒരു വാക്ക്. അപകര്‍ഷതാബോധം വേണ്ട. തൊഴിലാളികള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം എന്ന നിലയില്‍ മുന്‍വിധിയോടെ ഇതിനെ സമീപിക്കരുത്. ഫീല്‍ഡില്‍ അനുഭവമുള്ള തൊഴിലാളിക്ക് ചിലപ്പോള്‍ മുതലാളിയെക്കാള്‍ കാര്യക്ഷമമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കാനും വിജയകരമായി നടപ്പാക്കാനും സാധിക്കും. അന്തിമമായി നേട്ടമുണ്ടാവുന്നുണ്ടോ എന്നു മാത്രം നോക്കിയാല്‍ മതി.
‘കേരളത്തിന്റെ രഥം’ എന്നാണ് സ്‌കാനിയയുടെ വിളിപ്പേര്. തിരുവനന്തപുരം -എറണാകുളം റൂട്ടില്‍ സ്‌കാനിയ ഓടിത്തുടങ്ങുകയാണെങ്കില്‍ വെറുതെ എറണാകുളം വരെയൊന്നു പോയി മടങ്ങണം. അതിലെ ടിക്കറ്റ് താങ്ങാനുള്ള ശേഷിയുണ്ടാവുമോ എന്ന കാര്യത്തിലേ സംശയമുള്ളൂ.
Ur suggestion is good but is that possible now? Since the election is already declared!!