ശബരിമലയിൽ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ‘ആചാരം’ ലംഘിക്കപ്പെടുന്നു എന്നതിന്റെ പേരിലാണ് കേരളത്തെ കലാപഭൂമിയാക്കാന്‍ ഇപ്പോള്‍ ചിലര്‍ ശ്രമിക്കുന്നത്. അയ്യപ്പനെ രക്ഷിക്കാന്‍ തെരുവിലിറങ്ങിയവര്‍ക്കെല്ലാം ഉറപ്പാണോ വര്‍ഷങ്ങളായി തെറ്റാതെ നിലനില്‍ക്കുന്ന ആചാരങ്ങളാണ് ശബരിമലയില്‍ ഉള്ളതെന്ന്? എനിക്കേതായാലും ആ ഉറപ്പില്ല. കാരണം, മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ കണ്ട കാര്യങ്ങള്‍ വ്യക്തമാക്കുന്നത് ശബരിമലയില്‍ ആചാരങ്ങള്‍ സ്വാധീനമുള്ളവർ അവരുടെ സൗകര്യത്തിന് വളച്ചൊടിക്കുന്ന പ്രവണത നിലനില്‍ക്കുന്നു എന്നു തന്നെയാണ്. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന സ്ഥിതി. അതിനാല്‍ത്തന്നെ ആചാരലംഘനം ഉയര്‍ത്തിക്കാട്ടിയുള്ള ഈ കലാപം നനഞ്ഞ പടക്കമാവാനേ തരമുള്ളൂ. ആരെയെങ്കിലും തിരുത്തിക്കാം എന്ന പ്രതീക്ഷയോടെയല്ല ഇത് എഴുതുന്നത്. ആചാരം എന്നത് അത്രയ്‌ക്കൊന്നും പരിപാവനമല്ല എന്നു പറഞ്ഞുവെയ്ക്കുന്നു, അത്ര മാത്രം.
2016 ജനുവരി 6നാണ് ഞാന്‍ അവസാനമായി ശബരിമലയില്‍ ദര്‍ശനത്തിനു പോയത്. കൃത്യമായി 41 ദിവസം വ്രതം നോറ്റ് ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടി കയറി കലിയുഗവരദനെ തൊഴുതു. എനിക്കൊപ്പം 2 സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു -എന്‍.വി.ബാലകൃഷ്ണനും എബിന്‍ റഹിമും. അവര്‍ക്ക് ഇരുമുടിക്കെട്ട് ഇല്ലാതിരുന്നതിനാല്‍ പതിനെട്ടാം പടി ചവിട്ടിയില്ല. പക്ഷേ, പിന്നിലെ വഴിയിലൂടെ കയറിയ അവരും അയ്യപ്പനു മുന്നിലെത്തി വണങ്ങി. പിന്നീട് ഞങ്ങള്‍ മൂവരും കൂടി പോയി മേല്‍ശാന്തിയായിരുന്ന എസ്.ഇ.ശങ്കരന്‍ നമ്പൂതിരെയെ കണ്ടു. പ്രസാദം വാങ്ങി. സുഖമായി മലയിറങ്ങി തിരിച്ചെത്തി.
അതിനു മുമ്പ് ഞാന്‍ ശബരിമലയിലെത്തിയത് 2012ലെ വൃശ്ചികത്തലേന്നാണ്. അന്ന് വ്രതം നോല്‍ക്കാനോ ഇരുമുടി കെട്ടാനോ ഒന്നും സാഹചര്യമുണ്ടായില്ല. ഇന്ത്യാവിഷനില്‍ ജോലി ചെയ്യുന്ന കാലം. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാവിലെ വിളിച്ചു പറയുന്നു ഉച്ചയ്ക്ക് ശബരിമലയില്‍ പോകണമെന്ന്. തീര്‍ത്ഥാനടത്തിന്റെ തയ്യാറെടുപ്പു മുതല്‍ നട തുറക്കുന്നതും മേല്‍ശാന്തിയെ അവരോധിക്കുന്നതുമെല്ലാം തത്സമയം കാണുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. സന്നിധാനത്തുണ്ടായിരുന്ന 17 ദിവസവും വാര്‍ത്താസമ്പുഷ്ടമായിരുന്നു. ലേലം അഴിമതിയും അപ്പം കൂട്ടിയിട്ട് കത്തിച്ചതുമൊക്കെ പോലെ കത്തിപ്പടർന്ന വാർത്തകളൊക്കെ വന്നത് ആ കാലയളവിലാണ്. വാർത്തകൾ തേടുന്നതിനൊപ്പം ദിവസം കുറഞ്ഞത് 3-4 തവണ ശ്രീകോവിലിനു മുന്നിലെത്തി തൊഴാനും റാക്കിലയിലെ പ്രസാദം വാങ്ങാനുമൊക്കെ അവസരമുണ്ടായി. ഹരിവരാസനത്തിനു തൊട്ടുമുമ്പ് വിതരണം ചെയ്യുന്ന പാനകവും കൃത്യമായി സേവിച്ചു. ആദ്യ ഘട്ടത്തില്‍ അരുണ്‍ ആലക്കോടും പിന്നീട് സന്ദീപ് എസ്.രാജുമായിരുന്നു ക്യാമറയ്ക്കു പിന്നില്‍. ജോലിയിലും ഭക്തിയിലും പൂര്‍ണ്ണ തൃപ്തിയോടെ തന്നെയായിരുന്നു മലയിറക്കവും.
മലയിറങ്ങി തിരിച്ച് തിരുവനന്തപുരത്തെത്തി ഒരു മാസത്തിനു ശേഷമാണ് ശബരിമലയിലെ ആചാരങ്ങള്‍ കൈയുക്കുപയോഗിച്ചു ലംഘിക്കുന്നതിന്റെ ആദ്യ വാര്‍ത്ത ചെയ്തത്. കൃത്യമായി പറഞ്ഞാല്‍ 2012 ഡിസംബര്‍ 24ന് ആ വാര്‍ത്ത ഇന്ത്യാവിഷന്‍ സംപ്രേഷണം ചെയ്തു. വാര്‍ത്ത വന്നതോടെ വലിയ പ്രശ്‌നമായി. തിരുവനന്തപുരത്തിരുന്ന് ഞാനാണ് വാര്‍ത്ത ചെയ്തതെങ്കിലും ഇന്ത്യാവിഷന്‍ പത്തനംതിട്ട ലേഖകനായിരുന്ന തങ്കച്ചന്‍ പീറ്ററിനു നേരെയായിരുന്നു ഭീഷണി മുഴുവന്‍. ഒടുവില്‍ എനിക്കു നേരെയും വന്നു ഭീഷണി വിളി. അതിലൊരാള്‍ പറഞ്ഞത് ഇന്നും കാതില്‍ മുഴങ്ങുന്നുണ്ട് -‘അയ്യപ്പചൈതന്യത്തിന്റെ വിലയിടിക്കുവാന്‍ മനഃപൂര്‍വ്വം കെട്ടിച്ചമച്ചതാണ് ഈ വാര്‍ത്ത. ക്രിസ്ത്യാനിയായ തങ്കച്ചന്‍ ചെയ്‌തെങ്കില്‍ ഞങ്ങളങ്ങ് സഹിച്ചേനേ. ഒരു ഹിന്ദുവായ നീ ഇത് ചെയ്യരുതായിരുന്നു. നീ ഇതിന് അനുഭവിക്കും.’ ‘ചേട്ടാ ഞാന്‍ അയ്യപ്പന്റെ ടീമാ. എന്റെ കാര്യം പുള്ളി നോക്കിക്കൊള്ളും’ എന്നായിരുന്നു എന്റെ മറുപടി.
അന്ന് ആചാരം ലംഘിക്കാന്‍ നേതൃത്വം നല്‍കിയവരും അതു പറഞ്ഞതിന് എന്നെ ഭീഷണിപ്പെടുത്തിയവരുമെല്ലാം ഇപ്പോള്‍ നാമജപ യാത്രയുമായി തെരുവിലുണ്ട്!! ഇതായിരുന്നു ആ ആചാരലംഘന വാര്‍ത്ത.
ഇൻട്രോ
ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ആചാരവും കീഴ്‌വഴക്കവും ലംഘിച്ച് ഇന്ന് വഴിതിരിച്ചുവിട്ടു. മുന്‍കൂട്ടി നിശ്ചയിച്ച യാത്രാപരിപാടിയില്‍ ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരം മാറ്റം വരുത്തുകയായിരുന്നു.
വോയ്‌സ് ഓവര്‍
അയ്യന് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര ഇന്നലെയാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടത്. ആറന്മുളയില്‍ നിന്നു പുറപ്പെട്ട് ശബരിമലയില്‍ എത്തുന്ന വരെയുള്ള തങ്ക അങ്കിയുടെ സഞ്ചാരപാത ദേവസ്വം ബോര്‍ഡ് മുന്‍കൂട്ടി അംഗീകരിച്ചതാണ്. എല്ലാ വര്‍ഷവും അവലംബിക്കുന്ന ഈ പാതയില്‍ ഇക്കുറി മാറ്റം വന്നു. ആചാരങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ച് ചില ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരമാണ് തങ്ക അങ്കി ഘോഷയാത്ര ഇന്ന് വഴിമാറ്റിയത്.
ശബരിമലയില്‍ ഡ്യൂട്ടിയുള്ള ഒരുദ്യോഗസ്ഥന്‍ അവിടെ നിന്ന് ഇറങ്ങി ആറന്മുളയിലെത്തിയാണ് ഘോഷയാത്രയുടെ വഴി തിരിച്ചത്. കോഴഞ്ചേരി നെടുമ്പ്രയാറുള്ള അദ്ദേഹത്തിന്റെ ബന്ധുവീട്ടില്‍ ഒന്നര മണിക്കൂര്‍ രഥ ഘോഷയാത്ര നിര്‍ത്തിയിട്ടു. ഉച്ചഭക്ഷണത്തിന്റെ മറവിലായിരുന്നു ഈ ഗൃഹസന്ദര്‍ശനം. ഇതു കൂടാതെ പത്തനംതിട്ടയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയുള്ള കടമ്മനിട്ടയിലെ ഒരു സ്വകാര്യ ദേവീ ക്ഷേത്രത്തിലേക്കും രഥ ഘോഷയാത്ര വഴിമാറ്റി കൊണ്ടുപോയി. അതിനുശേഷം ഘോഷയാത്ര ഏഴു കിലോമീറ്റര്‍ തിരികെ സഞ്ചരിച്ച് അംഗീകൃത പാതയിലെത്തി. അങ്ങനെ ഇവിടെ മാത്രം 14 കിലോമീറ്റര്‍ അധികം സഞ്ചരിച്ചു. മുന്‍ കൊല്ലങ്ങളിലെ ക്രമം അനുസരിച്ചാണെങ്കില്‍ ദേവസ്വം ബോര്‍ഡ് വക പത്തനംതിട്ട ശാസ്താ ക്ഷേത്രത്തിലാണ് ഈ സമയം ഇറക്കിപൂജ നടക്കേണ്ടത്.
തങ്ക അങ്കി ഘോഷയാത്രയുടെ സഞ്ചാരപാതയില്‍ മാറ്റം വരുത്തണമെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വേണം. ആറന്മുള അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍, പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണര്‍ തുടങ്ങി ഉന്നതരായ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ദേവസ്വം കമ്മീഷണര്‍ക്ക് അയച്ചുകൊടുക്കുകയാണ് ഇതിന്റെ ആദ്യ നടപടി. ദേവസ്വം കമ്മീഷണര്‍ അത് ബോര്‍ഡിലേക്ക് ശുപാര്‍ശ ചെയ്യും. ഇതോടൊപ്പം അയ്യപ്പ സേവാ സംഘം അടക്കമുള്ള ബന്ധപ്പെട്ടവരുടെ അഭിപ്രായവും ആരായും. ഇതിനു ശേഷം ബോര്‍ഡ് യോഗം ചേര്‍ന്ന് പാതയിലെ മാറ്റം സംബന്ധിച്ച തീരുമാനമെടുക്കണം എന്നാണ് ചട്ടം. ഈ ചട്ടങ്ങളുടെയും ആചാരങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇന്നു നടന്നത്.
ഘോഷയാത്രയെ സ്വീകരിക്കാന്‍ ഭക്തര്‍ തയ്യാറാക്കിയിരുന്ന നിറപറ മിക്കയിടത്തും ഇന്ന് അവഗണിക്കപ്പെട്ടു. കൂടുതല്‍ ദൂരം സഞ്ചരിക്കാനുള്ളതിനാല്‍ യാത്ര വേഗത്തിലാക്കിയപ്പോള്‍ പറ നിഷേധിച്ചു. ഇതു ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുകയും രശീത്, നെല്ല് തുടങ്ങിവയിലൂടെ ദേവസ്വം ബോര്‍ഡിന് ലഭിക്കേണ്ട വരുമാനം നഷ്ടമാക്കുകയും ചെയ്തു.
സൈന്‍ ഓഫ്
ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങളില്‍ മാത്രമേ അയ്യപ്പന്റെ തങ്ക അങ്കി ഇറക്കിപൂജ ചെയ്യാവൂ എന്നാണ് ചട്ടം. ഇതു ലംഘിച്ചാണ് ഉദ്യോഗസ്ഥരുടെ കുടുംബത്തിലേക്കും സ്വകാര്യ ക്ഷേത്രത്തിലേക്കുമെല്ലാം ഘോഷയാത്രയെ നയിച്ചത്.
പക്ഷേ, പിന്നീട് 2014 ഏപ്രില്‍ 21ന് ഇന്ത്യാവിഷന്‍ സംപ്രേഷണം ചെയ്ത ആചാരലംഘന വാര്‍ത്തയുമായി തട്ടിച്ചുനോക്കുമ്പോള്‍ തങ്ക അങ്കി വഴിതിരിച്ചത് എത്രയോ ചെറിയ വിഷയമാണെന്നു തോന്നും. ഈ വാര്‍ത്തയും ഞാന്‍ ചെയ്തത് തിരുവനന്തപുരത്തു നിന്നാണ്. അതിന്റെ ഫലമനുഭവിച്ചത് അന്ന് ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്ത്യാവിഷന്‍ പത്തനംതിട്ട ലേഖകന്‍ പി.എസ്.വിമലായിരുന്നു എന്നു മാത്രം.
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഏറ്റവുമധികം ചുമതലയുള്ളത് ആര്‍ക്കാണ്? സംശയമെന്താ തന്ത്രിക്കും മേല്‍ശാന്തിക്കും തന്നെ. അപ്പോള്‍, ആചാരം സംരക്ഷിക്കാന്‍ ചുമതലയുള്ള മേല്‍ശാന്തി തന്നെ ആചാരം ലംഘിച്ചാലോ? കലികാലം എന്നല്ലാതെന്താ പറയുക! വാര്‍ത്ത അത്ര ചെറുതായിരുന്നില്ല. ശബരിമല മേല്‍ശാന്തിയുടെ പ്രായപൂര്‍ത്തിയായ മകള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തി. അതും മേല്‍ശാന്തിയെന്ന സ്വാധീനം ഉപയോഗിച്ചു തന്നെ.
ഇൻട്രോ
ആചാരങ്ങൾ ലംഘിച്ച് ശബരിമല മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് വിവാദമാകുന്നു. 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ മല ചവിട്ടരുതെന്ന ആചാരം ലംഘിച്ചാണ് മേല്‍ശാന്തിയുടെ മകല്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിന് നിര്‍ദ്ദേശം നല്‍കി.
വോയ്‌സ് ഓവര്‍
കഴിഞ്ഞ ബുധനാഴ്ചയാണ് ശബരിമല മേല്‍ശാന്തി പി.എന്‍.നാരായണന്‍ നമ്പൂതിരിയുടെ 12 വയസുള്ള മകള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. പെണ്‍കുട്ടിയുള്‍പ്പെടുന്ന സംഘം ബുധനാഴ്ച രാവിലെ മലകയറുമ്പോള്‍ തന്നെ പമ്പ ഗണപതി ക്ഷേത്രത്തിന് സമീപം പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ മേല്‍ശാന്തിയുടെ മകളാണെന്ന കാരണത്താല്‍ അവിടെയുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ ഇടപെട്ട് ഇവരെ മലകയറാന്‍ അനുവദിക്കുകയായിരുന്നു. സന്നിധാനത്തുവച്ച് പെണ്‍കുട്ടിയെ കണ്ട അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ കുട്ടിയുടെ പ്രായം സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് വിവാദം ഭയന്ന് മേല്‍ശാന്തിയുടെ മുറിയിലേക്ക് മാറ്റിയ കുട്ടിയെ ശനിയാഴ്ച രാത്രി നടയടച്ചതിന് ശേഷമാണ് ട്രാക്ടറില്‍ പമ്പയിലെത്തിച്ചത്. പെണ്‍കുട്ടി സന്നിധാനത്ത് നില്‍ക്കുന്ന ചിത്രം ദേവസ്വം ഫോട്ടോഗ്രാഫര്‍ എടുത്തിരുന്നെങ്കിലും പിന്നീട് അധികൃതര്‍ ഇടപെട്ട് ഇത് ക്യാമറയില്‍ നിന്നും നീക്കം ചെയ്തതായി അറിവായിട്ടുണ്ട്. എന്നാല്‍ ശബരിമലയില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ക്യാമറകളില്‍ പെണ്‍കുട്ടി സന്നിധാനത്തെത്തിയതിന്റെ ദൃശ്യങ്ങളുണ്ടെന്നാണ് വിവരം. ഇതു സംബന്ധിച്ച് പൊലീസിന്റെ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ മലചവിട്ടരുത് എന്നാണ് ശബരിമലയിലെ ആചാരം. ഇത് ലംഘിച്ചുകൊണ്ടാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മേല്‍ശാന്തിയുടെ മകള്‍ പാര്‍വതി സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. പുറംലോകം അറിയാതെ ഇത് മറച്ചുവെയ്ക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ആദ്യം ശ്രമമുണ്ടായി എങ്കിലും വിവരം ചോർന്നതിനെത്തുടര്‍ന്ന് സംഭവം വിവാദമായി. ഇതേത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനോട് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ ആവശ്യപ്പെട്ടു.
ബൈറ്റ് -വി.എസ്.ശിവകുമാര്‍
ഇത്തരമൊരു സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും ആചാരലംഘനം നടന്നിട്ടുണ്ടെങ്കില്‍ അത് വളരെ ഗൗരവത്തോടെ കാണണമെന്നും ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ടെലി ബൈറ്റ് -രാഹുല്‍ ഈശ്വര്‍
എന്നാല്‍ സംഭവം ഇതുവരെ ശ്രദ്ധയില്‍ പെട്ടില്ലെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്. അതുകൊണ്ട് തന്നെ വിഷയത്തില്‍ യാതൊരുവിധ നടപടികളും സ്വീകരിക്കാന്‍ ബോര്‍ഡ് തയ്യാറായിട്ടില്ല. അതേസമയം, തന്റെ മകള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതില്‍ ആചാരലംഘനം നടന്നിട്ടില്ലെന്ന് ശബരിമല മേല്‍ശാന്തി പി.എന്‍.നാരായണന്‍ നമ്പൂതിരി അറിയിച്ചു.
സംഭവം വന്‍ വിവാദമായി. അങ്ങനൊരു സംഭവം നടന്നിട്ടേയില്ലെന്നു വരുത്താന്‍ തല്പരകക്ഷികള്‍ ശ്രമിച്ചുവെങ്കിലും എല്ലാം കാണുന്ന സി.സി.ടി.വി. ക്യാമറകളെ പറ്റിക്കാനായില്ല. ആചാരലംഘനം നടന്നിട്ടില്ലെന്നു വാദിക്കാന്‍ ശ്രമിച്ചവര്‍ക്ക് -നിത്യപൂജ ചെയ്യുന്ന മേൽശാന്തിക്കു പോലും -അയ്യപ്പചൈതന്യത്തെക്കാള്‍ വലുത് തങ്ങളുടെ നിലനില്പായിരുന്നു. എന്നാല്‍, കള്ളത്തിന്റെ പുകമറ അധികകാലം നിലനിന്നില്ല. ആചാരം ലംഘിക്കപ്പെട്ടു എന്ന് എല്ലാവര്‍ക്കും അംഗീകരിക്കേണ്ടി വന്നു. തന്ത്രിയുടെ അഭിപ്രായമനുസരിച്ച് പരിഹാരക്രിയകളും ചെയ്തു. എന്തായാലും അതിന്റെ ഫോളോ അപ് വാര്‍ത്തയും 2014 മെയ് 8ന് തിരുവനന്തപുരത്തു നിന്ന് ഞാന്‍ തന്നെ ചെയ്തു.
ഇൻട്രോ
ആചാരങ്ങള്‍ ലംഘിച്ച് ശബരിമല മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയുടെ അഭിപ്രായം തേടി. 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ മല ചവിട്ടരുതെന്ന ആചാരം ലംഘിച്ച് മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതിനെതിരെ നടപടി വേണമോ എന്നാണ് തന്ത്രി കണ്ഠരര് മഹേശ്വരരോട് ആരാഞ്ഞിരിക്കുന്നത്.
വോയ്‌സ് ഓവര്‍
കഴിഞ്ഞ ഏപ്രില്‍ 16നാണ് ശബരിമല മേല്‍ശാന്തി പി.എന്‍.നാരായണന്‍ നമ്പൂതിരിയുടെ 12 വയസുള്ള മകള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. പെണ്‍കുട്ടിയുള്‍പ്പെടുന്ന സംഘം മലകയറുമ്പോള്‍ തന്നെ പമ്പ ഗണപതി ക്ഷേത്രത്തിന് സമീപം പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ മേല്‍ശാന്തിയുടെ മകളാണെന്ന കാരണത്താല്‍ അവിടെയുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ ഇടപെട്ട് ഇവരെ മലകയറാന്‍ അനുവദിച്ചു. സന്നിധാനത്തുവച്ച് പെണ്‍കുട്ടിയെ കണ്ട അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ കുട്ടിയുടെ പ്രായം സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് വിവാദം ഭയന്ന് മേല്‍ശാന്തിയുടെ മുറിയിലേക്ക് മാറ്റിയ കുട്ടിയെ ഏപ്രില്‍ 19ന് രാത്രി നടയടച്ചതിന് ശേഷമാണ് ട്രാക്ടറില്‍ പമ്പയിലെത്തിച്ചത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍ദ്ദേശം നല്‍കി.
ശബരിമലയില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ക്യാമറകളില്‍ പെണ്‍കുട്ടി സന്നിധാനത്തെത്തിയതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. പൊലീസിന്റെ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും ഇതു ശരിവെച്ചു. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ മലചവിട്ടരുത് എന്നാണ് ശബരിമലയിലെ ആചാരം. ഇത് ലംഘിച്ചുകൊണ്ടാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മേല്‍ശാന്തിയുടെ മകള്‍ പാര്‍വതി സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. എന്നാല്‍, തന്റെ മകള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതില്‍ ആചാരലംഘനം നടന്നിട്ടില്ലെന്ന നിലപാടാണ് ശബരിമല മേല്‍ശാന്തി പി.എന്‍.നാരായണന്‍ നമ്പൂതിരി സ്വീകരിച്ചത്.
സന്നിധാനത്ത് സ്ത്രീകള്‍ക്കുള്ള പ്രായപരിധി ലംഘിക്കപ്പെട്ടത് ഗൗരവമായി കാണണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം. ആവശ്യമെങ്കില്‍ ശബരിമലയില്‍ പരിഹാരക്രിയ നടത്തണമെന്നും തന്ത്രിയുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു.
മേല്‍ശാന്തിയെ അവരോധിച്ചത് തന്ത്രി ആയതിനാല്‍ നടപടിയെടുക്കണമെങ്കിലും ആചാരപ്രകാരം തന്ത്രിയുടെ തീരുമാനം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് കണ്ഠരര് മഹേശ്വരരുടെ അഭിപ്രായം ദേവസ്വം ബോര്‍ഡ് തേടിയത്.
ആചാരലംഘനം ഇന്ത്യാവിഷനിൽ മാത്രമല്ല വാർത്തയായത്. ബി.ജെ.പിയുടെ മുഖപത്രമായ ജന്മഭൂമിയിലും ഇതു സംബന്ധിച്ച വാർത്ത വന്നിരുന്നു. പരിഹാരക്രിയകൾ നടത്താൻ തീരുമാനിച്ചതും ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി.മോഹൻദാസിനെ തൽസ്ഥാനത്തു നിന്നു നീക്കുന്നതടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിച്ചതും സംബന്ധിച്ച 2014 മെയ് 10നാണ് ജന്മഭൂമി വാർത്ത ചെയ്തത്. ആചാരലംഘനം ഇതിനു മുമ്പ് നടന്നിട്ടേയില്ലെന്നു പറയുന്ന ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള വക്കീലും സംഘവും പാർട്ടി പത്രത്തിൽ വന്ന ഈ പഴയ വാർത്ത വായിച്ചുനോക്കുന്നത് നല്ലതാണ്.
പ്രധാനപ്പെട്ട മറ്റൊരു കഥ കൂടി പറയാതെ ആചാരലംഘന പരമ്പര പൂര്‍ണ്ണമാകില്ല. ഇതില്‍ വാര്‍ത്താപരമായി എനിക്ക് നേരിട്ടു പങ്കൊന്നുമില്ല. ഞാന്‍ മാധ്യമരംഗത്തു വരുന്നതിനു മുമ്പുള്ളതാണ്. എന്നു പറഞ്ഞാല്‍ ഈയുള്ളവന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തുള്ളത്. എന്നാല്‍, വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിശദാംശങ്ങള്‍ മുഴുവന്‍ പിന്നീട് പരതിയെടുത്തു.
1986ല്‍ പുറത്തിറങ്ങിയ ഒരു തമിഴ് സിനിമയാണ് ‘നമ്പിനാര്‍ കെടുവതില്ലൈ’. ഈ സിനിമയിലെ യുവതിയായ നായിക ജയശ്രീ പതിനെട്ടാം പടിയുടെ ചുവട്ടിലിരുന്ന് പാട്ടുപാടി അഭിനയിക്കുന്ന രംഗമുണ്ട്. സംശയമുള്ളവര്‍ക്ക് വീഡിയോ കണ്ടു നോക്കാം.
1986 മാര്‍ച്ച് 8 മുതല്‍ 13 വരെ ആയിരുന്നു ചിത്രീകരണം. ഷൂട്ടിങ് അനുമതിക്കുള്ള ഫീസായി 7,500 രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൈപ്പറ്റുകയും ചെയ്തു. ഈ വീഡിയോ ആദ്യം കണ്ടപ്പോള്‍ ഇത് ശബരിമലയും പതിനെട്ടാം പടിയുമൊന്നുമല്ലെന്നും ഡബ്ള്‍ റോളും ട്രിപ്പ്ള്‍ റോളുമൊക്കെ കാണിക്കുന്ന ക്യാമറ ട്രിക്കാണെന്നുമാണ് ഞാന്‍ കരുതിയത്. ഈ വീഡിയോ അയച്ചുതന്ന ചിലരോടൊക്കെ ഞാന്‍ അങ്ങനെ മറുപടി പറയുകയും ചെയ്തു. എന്നാല്‍, അല്ലെന്നു മനസ്സിലാക്കിത്തന്നത് റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ രേഖകളാണ്.
‘നമ്പിനാര്‍ കെടുവതില്ലൈ’ നായിക ജയശ്രീ, സഹനടിമാരായ സുധാ ചന്ദ്രന്‍, ഭാമ, സംവിധായകന്‍ ശങ്കരന്‍, അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.ഭാസ്‌കരന്‍ നായര്‍ എന്നിവര്‍ക്കെതിരെ ആചാരലംഘനത്തിന്റെ പേരില്‍ റാന്നി കോടതിയില്‍ കേസ് വന്നു. അന്ന് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റായിരുന്ന ഗോപാലകൃഷ്ണ പിള്ള പ്രതികള്‍ക്ക് 1,000 രൂപ വീതം പിഴയിട്ട് കേസ് തീര്‍പ്പാക്കി. ആചാരലംഘനത്തിന്റെ പേരില്‍ ആരും തെരുവിലിറങ്ങിയില്ല, ബഹളവും വെച്ചില്ല. ആരുടെയെങ്കിലും വികാരം വൃണപ്പെട്ടതായോ, അത് പഴുത്ത് ചീഞ്ഞളിഞ്ഞതായോ അറിയില്ല.
ഏതായാലും അതിനു ശേഷം ശബരിമലയിലേക്കുള്ള യുവതികളുടെ പ്രവേശനം കര്‍ശനമായി തടഞ്ഞുതുടങ്ങി. ഈ നിരോധനത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമൊന്നും ഇല്ല തന്നെ. ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ അനുവാദത്തോടെ തന്നെ സത്രീകള്‍ക്ക് കയറാമായിരുന്ന കാലത്തിന്, കാശ് കൊടുത്താല്‍ സിനിമാ ഷൂട്ടിങ് ലൊക്കേഷന്‍ ആയി വരെ ശബരിമല സന്നിധാനം കിട്ടുമായിരുന്ന കാലത്തിന് വെറും 32 വര്‍ഷത്തെ പഴക്കമേയുള്ളൂ!!! മേല്‍ശാന്തിയും തന്ത്രിയും അവരുടെ കുടുംബക്കാരും നടത്തിയ ലംഘനങ്ങളുടെ പട്ടിക വേറെ.
അപ്പോള്‍ സമരം ചെയ്യുന്ന ടീംസ് അറിയാന്‍. ശബരിമലയില്‍ സ്ത്രീകളെ കയറ്റണ്ട എന്നു പറഞ്ഞ് നിങ്ങള്‍ സമരം ചെയ്തുകൊള്ളുക. പക്ഷേ, ശബരിമലയില്‍ ആചാരങ്ങളെല്ലാം കൃത്യമായി പാലിക്കപ്പെടുന്നുണ്ട് എന്ന് തള്ളരുത്. ആചാരലംഘനത്തിന്റെ ഒരുപാട് തെളിവുകള്‍ ഇനിയുമുണ്ട്. ആവശ്യമുള്ളവര്‍ക്ക് വയറു നിറയെ വിളമ്പിത്തരാം. തല്‍ക്കാലം വിശപ്പുമാറ്റാന്‍ ഇത്രയും മതിയെന്നു കരുതുന്നു.
ഇതുകൊണ്ടൊന്നും അയ്യപ്പന്റെ തികഞ്ഞ ഭക്തനായ എന്റെ മനഃസ്ഥിതിക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല. ഞാന്‍ ഇനിയും അവസരം കിട്ടുമ്പോഴെല്ലാം ശബരിമലയില്‍ പോകും, തൊഴുതു പ്രാര്‍ത്ഥിക്കും. പക്ഷേ, അയ്യപ്പനോട് ഇപ്പോഴൊരു പ്രാർത്ഥനയേ ഉള്ളൂ. അങ്ങയുടെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവന്മാരുടെ വഴിമുടക്കണേ എന്റെ പൊന്നയ്യപ്പാ..
താല്പര്യമുള്ളവരെല്ലാം ശബരിമലയിൽ പോകട്ടെ.
താല്പര്യമില്ലാത്തവർ പോകുകയേ വേണ്ട.
സ്വാമിയേ ശരണമയ്യപ്പാ…