ശബരിമല കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുവെന്ന്! അയോദ്ധ്യാ കേസിൽ കാണിച്ച ശുഷ്കാന്തി ജഡ്ജിയേമാന്മാർ കാണിച്ചാൽ പിണറായി സർക്കാർ രക്ഷപ്പെട്ടു!! കേസിൽ വിധി എന്തായാലും നേട്ടം പിണറായി വിജയനാണ്. എങ്ങനെയെന്നല്ലേ??!!
ശബരിമലയിൽ യുവതികൾ കയറാമെന്നു സുപ്രീം കോടതി പറഞ്ഞാൽ അതോടെ പരിവാരങ്ങൾക്ക് കലാപത്തിനുള്ള സാദ്ധ്യത അടഞ്ഞു. കോടതി തീരുമാനത്തിനെതിരെ കലാപം നടത്താനൊരുങ്ങുന്നവരെ സർക്കാരിന് സർവ്വശക്തിയുമെടുത്ത് കൈകാര്യം ചെയ്യാം. കല്ലും കമ്പുമായി അങ്ങു ചെന്നാൽ ഓടാൻ പുതിയ കണ്ടം കണ്ടെത്തേണ്ടി വരുമെന്ന് അർത്ഥം. എടപ്പാൾ പലകുറി ആവർത്തിക്കും.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ജനുവരി 13ന് പരിഗണിക്കും
9 അംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്
— V S Syamlal (@VSSyamlal) January 6, 2020
പക്ഷേ, കലാപമൊന്നും ഉണ്ടാവാൻ പോകുന്നില്ല എന്നത് വേറെ കാര്യം. ശബരിമലയില്‍ യുവതികൾ കയറാമെന്ന വിധിക്കെതിരെ കലാപത്തിനൊരുങ്ങിയാൽ അയോദ്ധ്യാ കേസിലെ വിധി സംബന്ധിച്ചും ചർച്ചകൾ ഉണ്ടാവും. ശബരിമല വിധി തെറ്റാണെങ്കിൽ അയോദ്ധ്യാ വിധി തെറ്റല്ലേ എന്നായിരിക്കും പ്രധാന ചോദ്യം. അത് പരിവാരത്തിന് താല്പര്യമുണ്ടാവില്ല എന്നതുറപ്പല്ലേ? അതു “വേ” ഇതു “റേ” എന്നൊക്കെ പറഞ്ഞാൽ ആരേലും സമ്മതിക്കുമോ? അതിനാൽ ഒരക്ഷരം മിണ്ടില്ല, ഉറപ്പ്.
ശബരിമലയിൽ യുവതികൾ കയറണ്ടാന്നു കോടതി പറഞ്ഞാലും നുമ്മടെ മുഖ്യമന്ത്രി ഹാപ്പിയാണ്. കോടതി പറഞ്ഞതല്ലേ യുവതികൾ കയറണ്ടാന്നു പിണറായി വിജയനും പറയും. കോടതി എന്തു പറഞ്ഞാലും തങ്ങൾ അംഗീകരിക്കുമെന്നു നേരത്തേ പറഞ്ഞിട്ടുള്ളതാണല്ലോ എന്നോർമ്മിപ്പിക്കും. ഭരണഘടനാ സ്ഥാപനമാണ് സുപ്രീം കോടതിയെന്നും ഭരണഘടനയ്ക്കു വിധേയമായി പ്രവർത്തിക്കും എന്നും കൂടി പറയുന്നതോടെ ശുഭം.
ഇനി വിധിയൊന്നും വന്നില്ലെങ്കിലും തൽക്കാലം നമ്മുടെ മുഖ്യമന്ത്രിക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. റിവ്യൂ ഹർജി പരിഗണിക്കാനും സ്റ്റേ നൽകാതിരിക്കാനും സുപ്രീം കോടതി തീരുമാനിച്ചപ്പോൾ അദ്ദേഹം ഒന്നു ഞെട്ടിയതാണ്. പക്ഷേ, തൽക്കാലം സന്നിധാനത്ത് കയറാൻ പോകണ്ട എന്നു കോടതി പറഞ്ഞത് ആശ്വാസമായി. നവോത്ഥാനം നടപ്പാക്കണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കുന്നതാണല്ലോ സർക്കാരിന് സുരക്ഷിതം!
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല തലവേദനയാവുമോ എന്ന പേടി പിണറായി വിജയനും സി.പി.ഐ.എമ്മിനും ഇടതുമുന്നണിക്കും ഒഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ കോടതി എന്തെങ്കിലും കുരുട്ടൊപ്പിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിലേതു പോലെ പ്രശ്നമാകുമോ എന്നായിരുന്നു ഭയം! ഇപ്പോഴത്തെ കൺഫൂശനും വേണമെങ്കിലൊരു കലാപമായി വളർത്തി തിരഞ്ഞെടുപ്പ് കലാപരിപാടിയായി വളർത്താനുള്ള മരുന്ന് കുലപുരുഷന്മാർക്കും കുലസ്ത്രീകൾക്കുമുണ്ട് എന്നത് മറക്കുന്നില്ല. പക്ഷേ, ആ ഭീഷണി തൽക്കാലം നിലവിലില്ല തന്നെ.
സുപ്രീം കോടതി വിധി എന്തായാലും ഇനിയൊരു തിരഞ്ഞെടുപ്പിൽ കൂടി ശബരിമല വിഷയമാക്കാനുള്ള അവസരം യു.ഡി.എഫിനും ബി.ജെ.പിക്കും ഇല്ലാതാവുന്നു എന്നതാണ് പരിണിതഫലം. അതിന്റെ നേട്ടം പിണറായി വിജയനു തന്നെയാണെന്നതിന് എന്താ സംശയം! ശനിദശ എന്നൊന്ന് പിണറായി വിജയന് ഉണ്ടായിരുന്നുവെങ്കിൽ അതു മാറിയിരിക്കുന്നു എന്നു കാണിപ്പയ്യൂർ പറയും!!