Reading Time: 3 minutes

കോവിഡ് രണ്ടാം തരംഗത്തിന്റെ രൗദ്രഭാവം ചെറുതായി കുറഞ്ഞിട്ടുണ്ട്. എന്നാലും ആശ്വസിക്കാറായി എന്നു പറയാറായിട്ടില്ല. രണ്ടാം തരംഗം അവസാനിക്കും മുമ്പു തന്നെ മൂന്നാം തരംഗത്തിന്റെ വരവിനെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനൊരു അന്ത്യമില്ലേ?

കോവിഡിന് ഒരു അന്ത്യമുണ്ടാവില്ല എന്ന അഭിപ്രായത്തിന് ശാസ്ത്രലോകത്ത് ശക്തിപ്രാപിച്ചിരിക്കുന്നു. മൂന്നാം തരംഗവും നാലാം തരംഗവും അഞ്ചാം തരംഗവുമൊക്കെയായി ഇതു വന്നുകൊണ്ടേയിരിക്കും. കോവിഡുമായി ജീവിക്കുക എന്നതായിരിക്കും മാനവരാശി ഇനി നേരിടാന്‍ പോകുന്ന വെല്ലുവിളി. അപ്പോള്‍പ്പിന്നെ മനുഷ്യന്റെ ദുരിതത്തിന് അന്ത്യമില്ലേ?

കോവിഡുമായി പൊരുത്തപ്പെട്ടു ജീവിക്കുക എന്നു പറഞ്ഞാല്‍ അതിനെ പേടിക്കുക എന്നല്ല അര്‍ത്ഥം. അതിനെ ചെറുത്തു തോല്പിക്കുക എന്നതു തന്നെയാണ്. പനിയെ നമുക്ക് ഇപ്പോള്‍ പേടിയില്ലാത്തതു പോലെ കോവിഡിനെയും പേടിയില്ലാത്ത കാലം വരണം. ഒരാള്‍ക്കു പനി പിടിപെട്ടാല്‍ അതു മൂര്‍ച്ഛിക്കാതെ പെട്ടെന്നു തന്നെ മാറ്റുന്ന മരുന്ന് ഉള്ളതാണ് പേടി ഇല്ലാതാക്കുന്നത്. സമാനമായ രീതിയില്‍ കോവിഡിനും മരുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ചുള്ള പേടിയും ഇല്ലാതാവും. ആ ലക്ഷ്യത്തിലേക്കു ശാസ്ത്രലോകം അടുക്കുന്നു എന്ന പ്രോത്സാഹജനകമായ വാര്‍ത്തകള്‍ പുറത്തുവരികയാണ്.

കോവിഡിനെ മറികടക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന നൈട്രിക് ഓക്സൈഡ് നേസല്‍ സ്പ്രേ (NONS) ഉപയോഗിച്ചുള്ള ക്ലിനിക്കല്‍ പരീക്ഷണം വിജയകരമാണെന്നു തെളിഞ്ഞിരിക്കുന്നു. കനേഡിയന്‍ ജൈവസാങ്കേതികവിദ്യാ കമ്പനിയായ സാനൊറ്റൈസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, ബ്രിട്ടനിലെ സെന്റ് പീറ്റേഴ്സ് ഹോസ്പിറ്റല്‍സ് എന്‍.എച്ച്.എസ്. ഫൗണ്ടേഷന്‍, സറേ പാതോളജി സര്‍വ്വീസസ് എന്നിവ സംയുക്തമായാണ് പരീക്ഷണഫലം പുറത്തുവിട്ടത്. NONS ഉപയോഗിച്ചുള്ള വൈറസ് പ്രതിരോധ ചികിത്സയിലൂടെ കോവിഡ് 19 പകരുന്നത് തടയാനും അതിന്റെ അണുബാധ കാലാവധി കുറയ്ക്കാനും രോഗബാധിതര്‍ക്കുണ്ടാവുന്ന ശാരീരിക ബുദ്ധിമുട്ടുകളും നാശവും കുറയ്ക്കാനും കാര്യമായി സാധിക്കുമെന്ന് കണ്ടെത്തി.

അങ്ങേയറ്റം രഹസ്യസ്വഭാവം സൂക്ഷിക്കുന്ന തരത്തിലുള്ള randomized, double-blind, placebo-controlled ആയ രണ്ടാം ഘട്ട മരുന്നു പരീക്ഷണത്തില്‍ കോവിഡ് ബാധിതരായ 79 പേരെയാണ് ബ്രിട്ടനില്‍ വിധേയരാക്കിയത്. അണുബാധ വളരെയധികം ശക്തമായിരുന്നവരില്‍ പോലും NONS പ്രയോഗത്തിലൂടെ സാര്‍സ് കോവ് 2 വൈറസിന്റെ സാന്നിദ്ധ്യം ആദ്യ 24 മണിക്കൂറിനകം 1.362 ആയി കുറയ്ക്കാനായി. ആദ്യമുണ്ടായിരുന്ന ബാധയുടെ തോതിന്റെ 95 ശതമാനത്തോളം കുറവാണിത്. NONS ഉപയോഗം 72 മണിക്കൂര്‍ പൂര്‍ത്തിയായപ്പോഴേക്കും വൈറസ് ബാധയില്‍ നിന്ന് 99 ശതമാനം മുക്തിയായി. പരീക്ഷണത്തിനു വിധേയരായവരില്‍ ഭൂരിഭാഗവും അപകടകരം എന്നു വിലയിരുത്തപ്പെടുന്ന യു.കെ. വകഭേദം ബാധിച്ചവരായിരുന്നു.

ആദ്യ ഘട്ടത്തില്‍ കാനഡയില്‍ നടന്ന ക്ലിനിക്കല്‍ പരീക്ഷണത്തില്‍ സ്വമേധയാ മരുന്ന് സ്വീകരിക്കാന്‍ മുന്നോട്ടുവന്ന 7,000ഓളം പേരാണ് പങ്കെടുത്തത്. ഇവരിലോ, ബ്രിട്ടനില്‍ നടന്ന രണ്ടാം ഘട്ട പരീക്ഷണത്തില്‍ പങ്കെടുത്തവരിലോ ഒരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും കണ്ടെത്തിയിട്ടില്ല. ഇപ്പോള്‍ പിന്തുടരുന്ന ആന്‍റിബോഡി ചികിത്സയില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണ് NONS അവലംബിക്കുന്ന തെറാപ്യൂട്ടിക് ചികിത്സാരീതി. മോണോക്ലോണല്‍ ആന്റിബോഡി അങ്ങേയറ്റം സൂക്ഷ്മവും ചെലവേറിയതും ക്ലിനിക്കല്‍ സാഹചര്യങ്ങളില്‍ മാത്രം ശ്രദ്ധാപൂര‍്വ്വം ഉപയോഗിക്കേണ്ടതുമാണ്.

കോവിഡിനെതിരായ ആഗോള പോരാട്ടത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ് എന്നാണ് ബ്രിട്ടനിലെ പരീക്ഷണങ്ങള്‍ക്കു നേതൃത്വം നല്‍കിയ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ വൈറോളജിസ്റ്റ് ഡോ.സ്റ്റീഫര്‍ വിന്‍ചെസ്റ്റര്‍ ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. ആര്‍ക്കും കൈയില്‍ കൊണ്ടു നടക്കാവുന്ന ലളിതമായ ഈ നേസല്‍ സ്പ്രേ കോവിഡ് 19ന്റെ ചികിത്സയിലും പകര്‍ച്ച തടയുന്നതിലും വളരെ ഫലപ്രദമാണ്. കോവിഡ് വാക്സിനുകള്‍ക്ക് നല്ല പിന്തുണ നല്‍കാന്‍ ഈ മരുന്നിനു സാധിക്കും. ഭാവിയില്‍ രോഗം പടരുന്നതു തടയാനും ജനജീവിതം സാധാരണനിലയിലേക്കു മടങ്ങുന്നതിനെ ത്വരിതപ്പെടുത്താനും ഇത് ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വിലയിരുത്തി. “ചുരുക്കിപ്പറഞ്ഞാല്‍ വിപ്ലവകരം” -ഡോ.വിന്‍ചെസ്റ്റര്‍ പറഞ്ഞു.

വൈറസ് ശരീരത്തിലേക്കു കടന്നുകയറുന്ന ശ്വസനനാളിയില്‍ വെച്ചു തന്നെ അതിനെ പിടിച്ചുകെട്ടാനും ശ്വാസകോശത്തെ ബാധിക്കുന്നതില്‍ നിന്നും ശരീരമാകെ പടരുന്നതില്‍ നിന്നും തടയുന്നതിനും സഹായകരമായ രീതിയിലാണ് മരുന്നിന്റെ പ്രയോഗം. ശരീരം തന്നെ നിര്‍മ്മിക്കുന്ന സ്വാഭാവിക നാനോമോളിക്ക്യൂള്‍ നൈട്രസ് ഓക്സൈഡ് ആധാരമാക്കിയുള്ളതാണ് NONS. മനുഷ്യരില്‍ നൈട്രസ് ഓക്സൈഡിന്റെ പ്രയോഗക്ഷമത, സുരക്ഷിതത്വം എന്നിവയെല്ലാം ഉറപ്പാക്കിയിട്ട് വര്‍ഷങ്ങളായി. NONSലുള്ള നൈട്രജന്‍ ഓക്സൈഡ് ഘടകം ശ്വാസകോശ സമ്മര്‍ദ്ദം, നവജാത ശിശുക്കളിലെ ബ്ലൂ ബേബി സിന്‍ഡ്രോം എന്നിവ ചികിത്സിക്കാനുപയോഗിക്കുന്ന മരുന്നുകളിലേതിനു സമാനമാണ്.

പുതിയ മരുന്നിന് വേഗത്തില്‍ അംഗീകാരം ലഭ്യമാക്കുന്നതിനായി കാനഡയിലെയും ബ്രിട്ടനിലെയും ആരോഗ്യ വകുപ്പ് അധികൃതരെ സമീപിച്ചിരിക്കുകയാണ് സാനൊറ്റൈസ് കോര്‍പ്പറേഷന്‍. കോവിഡ് വാക്സിന്‍ ലോകത്തിന്റെ എല്ലായിടത്തും സുരക്ഷിതമായി വിതരണം ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ ചെലവു കുറഞ്ഞ NONS ചികിത്സാ രീതി ഈ മഹാമാരിയെ നേരിടുന്നതില്‍ വലിയൊരളവു വരെ സഹായകരമാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ പറഞ്ഞത് കാനഡയിലെയും ബ്രിട്ടനിലെയും കാര്യമാണ്. അവിടെ അംഗീകാരം കിട്ടിയാലും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. അതിനു ശേഷം ഇന്ത്യയില്‍ ഈ മരുന്ന് എത്താന്‍ പിന്നെയും കടമ്പകളുണ്ട്. എങ്കിലും കോവിഡിനെ നേരിടുന്നത് ചെറിയൊരു പ്രതീക്ഷയെങ്കിലും ഇപ്പോള്‍ നല്‍കുന്നത് ഈ NONS ഇന്‍ഹേലറാണ്. അതിന്റെ വരവിനായി കാത്തിരിക്കാം.

Previous articleകേരളത്തിന്റെ നഷ്ടം ബോദ്ധ്യപ്പെടുന്നു…
Next articleWhat an Idea Sirji!!
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

COMMENTSCancel reply