ശ്യാം നാരായണ്‍ ചൗക്‌സേ -ഇതാരപ്പാ എന്ന സംശയം സ്വാഭാവികം. നവംബര്‍ 30 ഉച്ചയാവും വരെ ആര്‍ക്കും ഈ മനുഷ്യനെ അറിയുമായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ അങ്ങനെയല്ല. സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷനിലെ മുന്‍ എന്‍ജിനീയറാണ് 76കാരനായ ഈ ഭോപാല്‍ സ്വദേശി. 2000ല്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ച ശേഷം ഒരു സന്നദ്ധ സംഘടനയ്ക്കു നേതൃത്വം നല്‍കുന്നു -രാഷ്ട്രഹിത് ഗാന്ധിവാദി മഞ്ച്. ഇനി ചൗക്‌സേ പ്രസിദ്ധനായതെങ്ങനെ എന്നു പറയാം -സിനിമാ തിയേറ്ററുകളില്‍ ഷോയ്ക്കു മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് സുപ്രീം കോടതി വിധിച്ചത് ചൗക്‌സേയുടെ ഹര്‍ജി പരിഗണിച്ചാണ്!!
എന്തിന്റെ പേരിലാണ് ഇത്തരമൊരു ഹര്‍ജിയുമായി മുന്നോട്ടു വരാന്‍ ചൗക്‌സേ തയ്യാറായത്? ഒരു സിനിമാ തിയേറ്ററില്‍ തനിക്കുണ്ടായ ദുരനുഭവം തന്നെ. 2001ലാണ് സംഭവം. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘കഭി ഖുശി കഭി ഗം’ സൂപ്പര്‍ ഹിറ്റായി ഓടുന്നു. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍, ജയഭാദുരി, കജോള്‍, കരീന കപൂര്‍ എന്നിങ്ങനെ വമ്പന്‍ താരനിര അണിനിരന്ന ചിത്രം. ഭോപാലിലെ ജ്യോതി ടാക്കീസിലാണ് ചൗക്‌സേ സിനിമ കാണാന്‍ കയറിയത്. സിനിമയില്‍ ദേശീയ ഗാനം ആലപിക്കുന്ന ഒരു രംഗമുണ്ട്. ഷാരൂഖിന്റെ നായക കഥാപാത്രം രാഹുല്‍ റായ്ചന്ദിന്റെ മകന്‍ കൃഷ്, ലണ്ടനിലെ തന്റെ സ്‌കൂളിലെ ചടങ്ങില്‍ ‘ജന ഗണ മന’ കൂട്ടുകാര്‍ക്കൊപ്പം പാടുന്നു. എല്ലാ തരത്തിലും ഇംഗ്ലീഷുകാരനെപ്പോലെ പെരുമാറുന്ന കൃഷ് തന്റെ അമ്മ അഞ്ജലി ശര്‍മ്മ റായ്ചന്ദ് എന്ന കജോള്‍ കഥാപാത്രത്തെ സന്തോഷിപ്പിക്കാനാണ് ഇതു ചെയ്യുന്നത്. ദേശീയ ഗാനം പൂര്‍ണ്ണമായി തന്നെ ഈ രംഗത്ത് ആലപിക്കപ്പെടുന്നുണ്ട്.
സിനിമയില്‍ കൃഷ് ദേശീയ ഗാനം ആലപിക്കുമ്പോള്‍ അവിടെയുള്ള ഇന്ത്യന്‍ വംശജരായ കഥാപാത്രങ്ങള്‍ മുഴുവന്‍ ആദരവോടെ എഴുന്നേറ്റു നില്‍ക്കുന്നു. ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന പൊതുതത്ത്വം പ്രാവര്‍ത്തികമാക്കാന്‍ ജ്യോതി ടാക്കീസില്‍ ശ്യാം നാരായണ്‍ ചൗക്‌സേയും ആദരപൂര്‍വ്വം എഴുന്നേറ്റു നിന്നു. ഇതു കണ്ട് തിയേറ്ററില്‍ കൂട്ടച്ചിരി ഉയര്‍ന്നു. ചൗക്‌സേക്കു പിന്നിലിരുന്നവര്‍ അദ്ദേഹത്തോട് ആക്രോശിച്ചുകൊണ്ട് തട്ടിക്കയറി. എഴുന്നേറ്റു നിന്ന് തങ്ങളുടെ കാഴ്ച തടസ്സപ്പെടുത്താതെ ഇരിക്കണമെന്നായിരുന്നു ആക്രോശിച്ചവരുടെ ആവശ്യം. ദേശീയ ഗാനത്തെ ആദരിച്ചില്ല എന്നു മാത്രമല്ല, ആദരിക്കുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്തു.
ഇതില്‍ കുപിതനായ ചൗക്‌സേ ജബല്‍പുരിലെ മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ദേശീയ ഗാനം വരുന്ന ഭാഗം ഒഴിവാക്കും വരെ സിനിമയുടെ പ്രദര്‍ശനം നിരോധിക്കണം എന്നായിരുന്നു ആവശ്യം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൗക്‌സേയുടെ ആവശ്യം അംഗീകരിക്കുകയും രാജ്യത്ത് ‘കഭി ഖുശി കഭി ഗം’ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കുകയും ചെയ്തു. അന്ന് ആ ഉത്തരവ് പുറപ്പെടുവിച്ച മധ്യപ്രദേശ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ ഒരു ജഡ്ജി ജസ്റ്റീസ് ദീപക് മിശ്ര ആയിരുന്നു. ഇപ്പോള്‍ ജസ്റ്റീസ് അമിതാവ റോയിക്കൊപ്പം സുപ്രീം കോടതിയില്‍ ഉത്തരവ് പുറപ്പെടുവിച്ച അതേ ദീപക് മിശ്ര തന്നെ.
കേസ് അവിടെ തീര്‍ന്നില്ല. മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സിനിമയ്ക്കിടെ ആളുകള്‍ എഴുന്നേറ്റു നില്‍ക്കണമെന്നു പറയുന്നത് ദേശീയ ഗാനത്തോടുള്ള ആദരവിനെക്കാളേറെ ആശയക്കുഴപ്പവും ബഹളവുമാണ് സൃഷ്ടിക്കുകയെന്നായിരുന്നു സുപ്രീം കോടതിയുടെ 2003ലെ അഭിപ്രായം. ഇതില്‍ ചൗക്‌സേ തൃപ്തനായില്ല. 2004ല്‍ അദ്ദേഹം റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിച്ചു. പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ച സുപ്രീം കോടതി ഇക്കാര്യത്തില്‍ അടങ്ങിയിട്ടുള്ള നിയമപരമായ വിവിധ തലങ്ങള്‍ പരിശോധിക്കാന്‍ സമ്മതിച്ചു. നിയമയുദ്ധം നീണ്ടു. ദേശീയ പതാകയും ദേശീയ ഗാനവും പിന്നീട് എപ്പോഴൊക്കെ അപമാനിക്കപ്പെട്ടോ അപ്പോഴെല്ലാം ചൗക്‌സേ കേസുമായി കോടതിയിലെത്തി. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് നവംബര്‍ 30ന് സുപ്രീം കോടതി വിധിയുണ്ടായിരിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 51എ പ്രകാരമുള്ള മൗലിക കര്‍ത്തവ്യങ്ങളില്‍ ദേശീയ ഗാനത്തോടുള്ള ആദരവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിധി. ഒപ്പം ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും സുപ്രീം കോടതി പ്രഖ്യാപിച്ചു.
ദേശീയ ഗാനം സംബന്ധിച്ച് ചൗക്‌സേ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജി അടുത്ത മാസം സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. എല്ലാ സ്‌കൂളുകളിലും ദേശീയ ഗാനം നിര്‍ബന്ധമായും ആലപിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പല സ്‌കൂളുകളിലും ദേശീയ ഗാനം ആലപിക്കുന്നില്ലെന്നാണ് ചൗക്‌സേയുടെ പരാതി. ദേശസ്‌നേഹത്തിന്റെ കുത്തകാവകാശം ഇപ്പോള്‍ സംഘപരിവാര സംഘടനകള്‍ കൈയടക്കിയിരിക്കുന്ന സാഹചര്യത്തില്‍ ചൗക്‌സേ ബി.ജെ.പിക്കാരനാണ് എന്നു ചിലരെങ്കിലും വിശ്വസിക്കുന്നുണ്ടാവും. ഇതു മനസ്സിലാക്കിയിട്ടാവണം, സന്നദ്ധപ്രവര്‍ത്തകരനായ തനിക്ക് ഒരു രാഷ്ട്രീയ കക്ഷിയുമായും ബന്ധമില്ലെന്ന് ശ്യാം നാരായണ്‍ ചൗക്‌സേ ആവര്‍ത്തിച്ചു പറയുന്നു.
ദേശീയ ഗാനം സംബന്ധിച്ച് ശ്യാം നാരായണ്‍ ചൗക്‌സേ സമര്‍പ്പിച്ച കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി
രാഷ്ട്രീയ ബന്ധമില്ലെന്ന് ചൗക്‌സേ പറയുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കപെടണം. ദേശീയ ഗാനം നിര്‍ബന്ധമാക്കിയതില്‍ സംഘപരിവാറിന് ഒരു റോളുമില്ല. എന്നാല്‍, സുപ്രീം കോടതി ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടുകളുണ്ടായപ്പോള്‍ ഒരു ഭാഗത്ത് പ്രധാന കക്ഷി പരിവാറാണ്. ദേശീയ ഗാനത്തെ മാനിക്കാത്തവര്‍ക്കെതിരെ സംഘപരിവാര്‍ രംഗത്തു വന്നു എന്നത് ശരി തന്നെ. എന്നാല്‍, സംഘപരിവാറിനെ എതിര്‍ക്കുന്നു എന്ന പേരില്‍ ചില വിഡ്ഡ്യാസുരന്മാര്‍ ദേശീയ ഗാനത്തെ ബഹുമാനിക്കുന്നത് നിര്‍ത്തി!! ദേശീയ ഗാനത്തെ എതിര്‍ക്കുക എന്നത് ചില ഇടതു ബുജികളെങ്കിലും ഇപ്പോള്‍ വ്യക്തിത്വലക്ഷണം ആക്കി മാറ്റിയിട്ടുണ്ട്. സംഘപരിവാറിന്റെ കപട ദേശീയതയെ എതിര്‍ക്കാനാണ് ഈ നിലപാടെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. ചുരുക്കത്തില്‍ കോടതി ഉത്തരവ് നടപ്പാക്കാനുള്ള ഉത്തരവാദിത്വം പരിവാറുകാര്‍ക്ക് എല്ലാവരും ചേര്‍ന്ന് ചാര്‍ത്തിക്കൊടുത്തു. ദേശീയ ഗാനത്തെ ബഹുമാനിക്കുന്നു എന്ന പേരില്‍ പരിവാറുകാര്‍ ഇപ്പോള്‍ സ്ഥാനത്തും അസ്ഥാനത്തും പാടി ദേശീയ ഗാനത്തെ അപമാനിക്കുകയാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വീട്ടിനു മുന്നില്‍ പ്രതിഷേധ സൂചകമായി ദേശീയ ഗാനം ആലപിച്ചതു തന്നെ ഏറ്റവും വലിയ ഉദാഹരണം. ദേശസ്‌നേഹം ആരുടെയും കുത്തകയല്ല എന്നത് നമ്മള്‍ മറന്നു.
തിരുവനന്തപുരത്തെ എം.പി. ഡോ.ശശി തരൂര്‍ ഇപ്പോള്‍ ചിരിക്കുന്നുണ്ടാവും. ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന പേരില്‍ അദ്ദേഹത്തിനെതിരെ കേസ് വന്നിരുന്നു, 2013ല്‍. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നിന്ന തരൂര്‍ അമേരിക്കന്‍ ശൈലിയില്‍ നെഞ്ചില്‍ കൈവെച്ച് ആദരം പ്രകടിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടതായിരുന്നു പ്രശ്‌നം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ കേസ് പ്രധാന പ്രചാരണവിഷയങ്ങളിലായിരുന്നു. ദേശീയ ഗാനത്തെ അപമാനിച്ച തരൂരിന് വോട്ടു ചെയ്യരുതെന്ന് എല്‍.ഡി.എഫും എന്‍.ഡി.എയും ഒരേ സ്വരത്തില്‍ പറഞ്ഞു. ഇപ്പോള്‍ ഇതേ വിഷയത്തില്‍ എല്‍.ഡി.എഫും എന്‍.ഡി.എയും രണ്ടു ചേരികളില്‍ നിന്ന് പോരടിക്കുമ്പോള്‍ തരൂര്‍ മൗനത്തിലാണ്!!
മഹാകവി രബീന്ദ്രനാഥ ടാഗോര്‍ എഴുതിയ ‘ജന ഗണ മന’ ആദ്യമായി ആലപിക്കപ്പെട്ടത് ഒരു ഡിസംബര്‍ 27നാണ് -1911 ഡിസംബര്‍ 27ന് കൊല്‍ക്കത്തിയല്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍. സാധാരണനിലയില്‍ പാടുന്നതിന് വെറും 52 സെക്കന്‍ഡ് മാത്രമാണ് ദൈര്‍ഘ്യം. നമ്മുടെ ഭരണഘടനാ സഭ 1950 ജനുവരി 24ന് ഇത് ദേശീയ ഗാനമായി അംഗീകരിച്ചു. ആദ്യമായി പാടിയതിന്റെ 105-ാം വാര്‍ഷിക വേളയില്‍ ‘ജന ഗണ മന’ ആദരവിന്റെ നിറവിലല്ല, മറിച്ച് വിവാദച്ചൂടിലാണ്!!
‘കഭി ഖുശി കഭി ഗം’ എന്ന സിനിമയിലെ ആ ‘ചരിത്ര രംഗം’!!!