HomeGOVERNANCEനഷ്ടമെന്ന പദത...

നഷ്ടമെന്ന പദത്തിനെന്തര്‍ത്ഥം!!!

-

Reading Time: 4 minutes

സോളാര്‍ കേസില്‍ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ? നഷ്ടം തെളിയിക്കാന്‍ ഒരു കീറക്കടലാസെങ്കിലും ഹാജരാക്കാനാവുമോ? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ സില്‍ബന്ദികളും ഇപ്പോള്‍ കേരള ജനതയുടെ നേര്‍ക്ക് തൊടുത്തുവിട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ്. നഷ്ടമുണ്ടായിട്ടില്ല എന്നതിനാല്‍ അഴിമതിയില്ല എന്നാണ് വാദം. അപ്പോള്‍ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അഴിമതിക്കാരനല്ലേ? ആ ഇടപാടില്‍ സംസ്ഥാനത്തിന് സാമ്പത്തികനഷ്ടമൊന്നുമില്ലല്ലോ? പിന്നെ അയാള്‍ക്കെതിരെ കേസെടുക്കുന്നതും സര്‍വ്വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുന്നതും എന്തിനാണ്?

നമ്മുടെ മുഖ്യമന്ത്രി പറയുന്ന ‘സംസ്ഥാനത്തിന്റെ നഷ്ടം’ പോലുള്ള ഇമ്മിണി ബല്യ കാര്യങ്ങളൊന്നും മനസ്സിലാക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടു ചോദിച്ചുപോയതാണ്. ഉത്തരമറിയാവുന്നവര്‍ പറഞ്ഞുതരാന്‍ ദയവുണ്ടാവണം. എന്നാല്‍, ഈ സോളാര്‍ തട്ടിപ്പ് എന്നു പറയുന്ന സംഭവത്തെക്കുറിച്ച് ഈയുള്ളവന് ചില കാര്യങ്ങള്‍ അറിയാം. ആ കാര്യങ്ങള്‍ എല്ലാവരും അറിയുന്നത് ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും അല്പം ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയമാണ്. കാരണം ‘നഷ്ടം, നഷ്ടം, നഷ്ടം’ എന്നു പറയാന്‍ പിന്നെ നാവുപൊങ്ങില്ല. പണി മാധ്യമപ്രവര്‍ത്തനം ആയിപ്പോയില്ലേ, ഈയുള്ളവന് പറയാതിരിക്കാനാവില്ല. നേരത്തേ പറയാമായിരുന്നില്ലേ എന്ന ചോദ്യം ഉണ്ടാവുക സ്വാഭാവികം. തെളിവു വേണ്ടേ? പണം നല്‍കിയെന്ന് ഇപ്പോള്‍ സരിത തന്നെ സമ്മതിക്കുമ്പോള്‍ ബാക്കി സത്യം മനസ്സിലാക്കാന്‍ സാഹചര്യത്തെളിവ് മതി.

2013 ഫെബ്രുവരി 11ന് സംസ്ഥാനത്തെ 10,000 വീടുകളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. ഇതാണ് ഈ പറയുന്ന സോളാര്‍ അഴിമതിയുടെ ആണിക്കല്ല്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ നടപ്പാക്കുന്ന മേല്‍ക്കൂര സൗരോര്‍ജ്ജ പദ്ധതി അടക്കം ഈ മേഖലയിലെ പദ്ധതികളുടെ കേരളത്തിലെ മൊത്തക്കച്ചവടം തരപ്പെടുത്തി കോടികള്‍ തട്ടാനാണ് സരിത എസ്.നായരും ബിജു രാധാകൃഷ്ണനും ലക്ഷ്യമിട്ടത്. അങ്ങനെ ലഭിക്കുന്ന വന്‍ തുകയുടെ മുന്‍കൂര്‍ ഗഡുക്കളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാങ്ങിയ 1.90 കോടിയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് വാങ്ങിയ 40 ലക്ഷവും. ഒന്നും പുടികിട്ടിയില്ല അല്ലേ, വിശദമാക്കിത്തരാം.

കേരളത്തിലെ 10,000 വീടുകളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച് ഓരോ വീട്ടില്‍ നിന്നും 1 കിലോവാട്ട് അഥവാ 1,000 വാട്ട് വീതം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യപ്പെട്ടത്. ഇതിനായി ഒരു വീടിന് കണക്കാക്കപ്പെട്ട ചെലവ് 1.72 ലക്ഷം രൂപ. ഇതില്‍ 92,000 രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡിയായി ലഭിക്കുമ്പോള്‍ ഉപയോക്താവിന് ചെലവ് വെറും 80,000 രൂപ മാത്രം. കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ തന്നെ സരിതയും ബിജുവും ഇതിന്റെ സാദ്ധ്യത മനസ്സിലാക്കുകയും ടീം സോളാര്‍ എന്ന കമ്പനിക്ക് രൂപം നല്‍കി പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.

1
മേല്‍ക്കൂര സൗരോര്‍ജ്ജ പദ്ധതിയെപ്പറ്റിയുള്ള വിശദാംശങ്ങളടങ്ങിയ അനര്‍ട്ട് വെബ് പേജ്‌

പലരും പറയുന്നതു പോലെ 10,000 കോടി രൂപയുടെ അഴിമതിയൊന്നുമല്ല ഇതിലൂടെ അവര്‍ ലക്ഷ്യമിട്ടത്. ഈ പദ്ധതിയില്‍ നിന്നുള്ള വരുമാനം പരമാവധി 200 കോടി രൂപ മാത്രമായിരുന്നു. എന്നാല്‍, ഇതിന് അനുബന്ധമായി കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും -ഓഫീസുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയിലെല്ലാം -സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ബൃഹദ് പദ്ധതി സരിതയും സംഘവും തയ്യാറാക്കി. സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി ക്ഷാമം നേരിടാന്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തണമെന്ന് ആര്യാടന്‍ മന്ത്രി നാഴികയ്ക്ക് 40 വട്ടം വായിട്ടലച്ചിരുന്നത് സരിതയുടെ പദ്ധതിക്ക് സ്വീകാര്യത നേടുന്നത് എളുപ്പമാക്കി. ഇതിന്റെ സാമ്പത്തികവശം പരിശോധിച്ചപ്പോള്‍ ആയിരക്കണക്കിന് കോടി രൂപ ഒഴുകാനുള്ള സാദ്ധ്യത കണ്ട് ഭരണനേതൃത്വം അമ്പരന്നു. അവര്‍ സരിതയോട് വിലപേശി. കൈക്കൂലിയുടെ മുന്‍കൂര്‍ ഗഡു കൈപ്പറ്റുകയും ചെയ്തു. അതാണ് സരിത ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്ന തുക.

ഇനി മുഖ്യമന്ത്രി അവകാശപ്പെടുന്ന പോലെ സംസ്ഥാനത്തിന് നഷ്ടം സംഭവിച്ചില്ല എന്നതിന്റെ കാരണം നോക്കാം. കേരളത്തില്‍ പദ്ധതിയുടെ പൂര്‍ണ്ണ നടത്തിപ്പ് ചുമതല ടീം സോളാറിന് നല്‍കണമെന്ന ആവശ്യമാണ് സരിത മുന്നോട്ടുവെച്ചത്. ഇതിനായി ലാഭത്തിന്റെ പങ്ക് ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്ക് വീതിച്ചു നല്‍കാമെന്നും അവര്‍ സമ്മതിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി ബാറ്റണ്‍ വൈദ്യുതി മന്ത്രിക്ക് കൈമാറി. പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികളുടെ നടത്തിപ്പുകാരായ അനര്‍ട്ടിനു മുന്നില്‍ സരിതയുടെ ഫയല്‍ ആര്യാടന്‍ എത്തിച്ചു, അനുകൂല തീരുമാനമുണ്ടാവണമെന്ന നിര്‍ദ്ദേശവുമായി. കാര്യങ്ങള്‍ അതുവരെ ശുഭം.

സരിതയുടെ സോളാര്‍ വണ്ടിക്ക് പാളം തെറ്റിയത് അനര്‍ട്ടിലാണ്. കേന്ദ്ര ഫണ്ടുപയോഗിക്കുന്ന പദ്ധതി ആയതിനാല്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ചേ മതിയാകൂ എന്ന് അവിടത്തെ ഉദ്യോഗസ്ഥര്‍ ശഠിച്ചു. ഇല്ലെങ്കില്‍ പണി കിട്ടുന്നത് തങ്ങള്‍ക്കായിരിക്കും എന്ന് ഉദ്യോഗസ്ഥര്‍ക്കറിയാം. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയം എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ സൗരോര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കാന്‍ അനുമതിയുള്ളൂ. ടീ സോളാറിന് എംപാനലിങ് ഉണ്ടായിരുന്നില്ല. എംപാനല്‍ ചെയ്തു വന്നാല്‍ ആര്യാടന്‍ മന്ത്രിയുടെ നിര്‍ദ്ദേശം നടപ്പാക്കാം എന്ന് അനര്‍ട്ട് അറിയിച്ചു. പന്ത് വീണ്ടും വൈദ്യുതി മന്ത്രിയുടെ കോര്‍ട്ടില്‍.

sarita

കാര്യങ്ങള്‍ മുന്നോട്ടു നീങ്ങാത്തതില്‍ പരാതിയുമായി സരിത സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങി. എംപാനലിങ് ഇല്ലാത്തതിനാല്‍ ആര്യാടന്‍ കൈമലര്‍ത്തി. കേന്ദ്രത്തില്‍ അപ്പോള്‍ ഊര്‍ജ്ജ സഹമന്ത്രി കെ.സി.വേണുഗോപാലാണ്. വേണുവിന്റെ സഹായത്തോടെ കേന്ദ്ര എംപാനലിങ് തരപ്പെടുത്തിയാല്‍ കേരളത്തിലെ കാര്യങ്ങള്‍ താന്‍ നോക്കിക്കൊള്ളാമെന്ന് ആര്യാടന്‍ ഏറ്റു. അങ്ങനെ സരിത വേണുവിന് മുന്നിലുമെത്തി.

ഭരണനേതൃത്വത്തെ വിശ്വസിച്ച് സരിത തന്റെ ഇടപാടുകാര്‍ക്ക് ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍, അതു പാലിക്കാനായില്ല. തിരുവനന്തപുരത്തും ഡല്‍ഹിയിലുമായി അവര്‍ നെട്ടോട്ടത്തിലായി. ഈ സമയത്ത് സരിതയെ പലരും പല കാര്യങ്ങള്‍ക്കും ഉപയോഗിച്ചു. ആദ്യ ഘട്ടത്തില്‍ പദ്ധതി ഒരു കരയ്‌ക്കെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും പിന്നീട് ഒരു രക്ഷകനെ തേടിയുള്ള യാത്രയ്ക്കിടെയും അവര്‍ പലതിനും വഴങ്ങിയെന്ന് ആദ്യം ഈ കേസന്വേഷിച്ച ഉദ്യോഗസ്ഥ്രര്‍ തന്നെ ഈയുള്ളവനോട് സ്വകാര്യസംഭാഷണത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആ 23 പേജുള്ള കത്തിലുള്ളത് ഈ വഴങ്ങലുകളുടെ വിശദാംശങ്ങളാണ്. സൗരോര്‍ജ്ജ പദ്ധതിയുടെ ഫയല്‍ സാങ്കേതികതയില്‍ കുടുങ്ങിയതോടെ ഇടപാടുകാര്‍ സരിതയ്‌ക്കെതിരെ നിയമനടപടികളുമായി നീങ്ങി. കേസായതോടെ സരിത തട്ടിപ്പുകാരിയായി മാറി. പോലീസ് പിടിയിലായി. അതോടെ രാഷ്ട്രീയ നേതൃത്വം അവരെ കരിമ്പിന്‍ചണ്ടി പോലെ കൈയൊഴിഞ്ഞു.

സ്വപ്നപദ്ധതി പൊളിഞ്ഞു, എന്നാല്‍ കേസെങ്കിലും ഒഴിവാകട്ടെ എന്ന നിലപാടാണ് ഇത്രയും കാലം സരിത സ്വീകരിച്ചത്. കേസ് തീരണമെങ്കില്‍ ഇടപാടുകാര്‍ക്ക് പണം തിരികെകൊടുക്കണം. അവരില്‍ നി്ന്നു പിരിച്ച പണം നല്‍കിയത് ഉമ്മന്‍ചാണ്ടി അടക്കമുള്ള ഭരണനേതൃത്വത്തിനാണ്. ഉമ്മന്‍ചാണ്ടിയും സംഘവും അതു തിരികെനല്‍കുമെന്ന പ്രതീക്ഷയില്‍ സരിത ഇത്രയും കാല്ം അവരെ കൈമെയ് മറന്ന് പിന്തുണച്ചു. കാത്തിരിപ്പ് വെറുതെയാണെന്നു ബോദ്ധ്യപ്പെട്ടതോടെ സരിത ഇപ്പോള്‍ സത്യം പറയുന്നു -പണിക്ക് മറുപണി എന്ന രീതിയില്‍ തന്നെ.

2
മുജ്ജന്മശത്രുക്കള്‍ ചിലര്‍ക്കെങ്കിലും ഈ ജന്മത്തില്‍ മക്കളാകുമെന്ന് വിശ്വാസമുണ്ട്. ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ചിടത്തോളം അതു സത്യമാണ്

ഉമ്മന്‍ചാണ്ടിക്കു വേണ്ടി കുരുവിളയും ‘രക്തബന്ധമുള്ള’ ആളും നടത്തിയതായി സരിത ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ള ഇടപാടുകള്‍ അടക്കം ഈ കേസിന്റെ എല്ലാ വിശദാംശങ്ങളും അറിയാമായിരുന്നയാളാണ് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ തിരുവഞ്ചൂര്‍ എന്ന പ്രതീതി നിലവിലുണ്ടായിരുന്ന കാലവുമായിരുന്നു അത്. ഉമ്മന്‍ചാണ്ടി നടത്തിയ അഴിമതിയുടെ വിവരങ്ങളെല്ലാം അറിഞ്ഞതോടെ ഒരു മുഖ്യമന്ത്രിപദ മോഹം തിരുവഞ്ചൂരില്‍ ഉടലെടുത്തു. വിവരങ്ങളെല്ലാം പുറത്തുവന്നാല്‍ ഉമ്മന്‍ചാണ്ടി രാജിവെയ്ക്കുമല്ലോ! ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം വാങ്ങി ഉമ്മന്‍ചാണ്ടി വിമാനമിറങ്ങിയ സമയത്തു തന്നെ അദ്ദേഹത്തിന്റെ പി.എ. ടെന്നി ജോപ്പനെ തിരുവഞ്ചൂര്‍ അറസ്റ്റു ചെയ്യിച്ചത് ആ മോഹം സഫലീകരിക്കാനാണ്. എന്നാല്‍, തിരുവഞ്ചൂര്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി കുപ്പായം തയ്പിച്ചിരുന്ന തിരുവഞ്ചൂരിന്റെ പ്രതാപം പടിപടിയായി ഇടിഞ്ഞ് ഇപ്പോള്‍ ഹാസ്യകഥാപാത്രമായി മാറിയത് ചരിത്രം. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിലുള്ളവര്‍ പോലും ഒരു പക്ഷേ, അംഗീകരിക്കാത്ത ന്യായവാദവുമായി അദ്ദേഹം ഇപ്പോഴും മുഖ്യമന്ത്രി കസേരയില്‍ ചടഞ്ഞിരിക്കുന്നു.

അഴിമതിയുടെ ആദ്യ ചവിട്ടുപടിയാക്കാന്‍ സരിത ലക്ഷ്യമിട്ട മേല്‍ക്കൂര സൗരോര്‍ജ്ജ പദ്ധതി പുരോഗമിക്കുകയാണ്. ഇതുവരെ 8,643 വീടുകളില്‍ പദ്ധതി സ്ഥാപിച്ചു കഴിഞ്ഞു. ടീം സോളാര്‍ ഒറ്റയ്ക്കു വിഴുങ്ങാന്‍ ലക്ഷ്യമിട്ട പദ്ധതി നടപ്പാക്കുന്നത് എംപാനലിങ് ഉള്ള 15 ഓളം കമ്പനികള്‍ ചേര്‍ന്നാണ്. ഉമ്മന്‍ചാണ്ടി വാങ്ങിയ കൈക്കൂലി നഷ്ടം വരുത്തിയിട്ടില്ലായിരിക്കാം. പക്ഷേ, സരിത ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ നീങ്ങിയിരുന്നുവെങ്കില്‍ അതു വരുത്തുമായിരുന്ന നഷ്ടം ചെറുതല്ല!!

Everybody remember the Espionage Scam that popped up during the first half of 1990s. With full vigour, Oommen Chandy blew it out of bounds to oust the then Chief Minister K.Karunakaran. Now it’s the Solar Scam, and Oommen Chandy is at the receiving end. Yes, it’s indeed another story of SEX, LIES AND VIDEO TAPES…

LATEST insights

TRENDING insights

17 COMMENTS

  1. ഒരു ” പാവം” സ്ത്രീ താൻ പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞിരിക്കുന്നു. ഇരയും വേട്ടക്കാരനും ജീവിച്ചിരിക്കുന്നു.
    അറസ്റ്റ് ചെയ്ത് അകത്ത് ഇടണം മിസ്റ്റർ ഇരട്ട സംഘൻ…..
    എന്തേ ഇത്ര അമാന്തം?

    ബൈ ദ് ബൈ മല്ലുമോഡിയുടെ പത്ര സമ്മേളനം മുഴുവൻ കണ്ടില്ല.
    ഇത്രയൊക്കെ തട്ടിപ്പ് നടത്തിയ ആ മഹിളാരത്നത്തിനെതിരെ കേസെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചോ?

    • eyalu ethu pottan anu…
      mallu modi ennu pinarayi vijayanea vilichittu eyalu parayam vegam allkarea oke pedichu arrest chaiyan….

      nithi nadapakan alle parayandeaaa…

      pinne odi poyi thalli kollanum parathi kittiya vegam poyi arrest chaiyan ethu ntha cinemayoo.

      thenannu modiyea pole samsarikaneaaa..
      evide

    • സരിത ലൈംഗിക പീഢനത്തിനു പരാതി പറഞ്ഞിട്ടു മാസങ്ങളായി. ഇപ്പോൾ കമ്മിഷൻ റിപ്പോർട്ടിലും ഉണ്ട്. ഇനി അറസ്റ്റിന് മുഹൂർത്തം നോക്കണമായിരിക്കും.

  2. അഴിമതിക്കാർക്ക് എപ്പോഴും ഒത്താശ ചെയ്ത് കൊടുത്തിരുന്ന ഭരണം തന്നെ ആയിരുന്നു കോൺഗ്രസ്സ് നേതൃത്വത്തിൽ ഉള്ള ഭരണം . ചാണ്ടിയും അത് പിന്തുടർന്നു എന്നേ ഉള്ളൂ

  3. ടി.പിയുടെ ഭാര്യക്ക് ജിഷ്ണുവിന്റെ അമ്മക്കോ നീതി കൊടുക്കാൻ കഴിയാത്ത മുഖ്യൻ സരിതക്ക് നീതി വാങ്ങി കൊടുക്കാൻ കഷ്ടപ്പെടുന്നു

  4. താങ്കളെ പോലുള്ള കൂലിക്കെഴുത്തുക്കാർ ഇല്ലായിരുന്നെങ്കിൽ ച്ചി പി എം എന്നെ ബംഗാളിൽ മണ്ണടിഞ്ഞപോലെ ഇവിടെയും മണ്ണടിഞ്ഞേനെ

    • ഒന്നര വർഷം മുമ്പെഴുതിയതാ. ഈ “കൂലിയെഴുത്ത്” തന്നെയാണ് ഉമ്മൻചാണ്ടി തന്നെ നിയോഗിച്ച സോളാർ കമ്മീഷൻ ഇപ്പോൾ പകർത്തി വെച്ചിരിക്കുന്നത്!!

    • സരിതയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസാണ് സോളാര്‍ കേസ് എന്നറിയപ്പെടുന്നത് എന്നെങ്കിലും അറിഞ്ഞിരിക്കണ്ടേ സഹോ?

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights