HomeSCITECHപകച്ചുപോയ നിമ...

പകച്ചുപോയ നിമിഷങ്ങള്‍!!!

-

Reading Time: 3 minutes

മലയാളത്തിലെ പ്രമുഖ വാരികയുടെ ആവശ്യപ്രകാരമുള്ള ഒരു കുറിപ്പിന്റെ പണിപ്പുരയിലായിരുന്നു ഞാന്‍. കുറിപ്പ് ഫയല്‍ ചെയ്യാനുള്ള ഡെഡ്‌ലൈന്‍ അടുക്കുന്നു. വാരികയുടെ എഡിറ്റര്‍ എന്നോടത് എഴുതാന്‍ പറഞ്ഞത് ശനിയാഴ്ചയാണ്. സ്‌കൂള്‍, കോളേജ്, തൊഴില്‍സ്ഥാപനം എന്നിവയുമായി ബന്ധപ്പെട്ട ചില യോഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഞായറാഴ്ച മുതല്‍ നിലം തൊടാതെ ഓട്ടമായിരുന്നു. എഴുത്തു മാത്രം നടന്നില്ല.

Papparazy

എല്ലാം ഒതുക്കിവെച്ചിട്ട് എഴുതാനിരുന്നാല്‍ ഫേസ്ബുക്കിലും ബ്ലോഗിലുമെല്ലാം പ്രലോഭനവുമായി സുഹൃത്തുക്കളുണ്ട്. ഓരോ അഭിപ്രായവും എഴുന്നള്ളിച്ചു വരും. ഞാന്‍ പ്രതികരിക്കും. പിന്നെ ചര്‍ച്ച നീളും. എഴുത്തു നടക്കില്ല. ഇന്നു രാവിലെ എഴുതാനിരുന്നത് കുറിപ്പ് പകുതിയെങ്കിലുമാക്കണമെന്ന വാശിയോടെയാണ്. എഴുത്തിനെ ബാധിക്കുമെന്നതിനാല്‍ ഫേസ്ബുക്ക് അടക്കമുള്ള എല്ലാ സങ്കേതങ്ങളും ഓഫാക്കിയിട്ടു. അതിനൊരു കാരണമുണ്ടായി. രാവിലെ ഫേസ്ബുക്ക് തുറന്നപ്പോള്‍ ലോഗിന്‍ ആവുന്നില്ല.

ഒരുവിധം തടസ്സമില്ലാതെ എഴുത്തു മുന്നേറി. ഉച്ചയ്ക്ക് 2 മണിയോടെ ഊണു കഴിക്കാനെഴുന്നേറ്റു. അതും അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി. ടാപ്പ് തുറന്ന് കൈ കഴുകാനാഞ്ഞപ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നു. ഫോണ്‍ബുക്കില്‍ സേവ് ചെയ്തിട്ടുള്ള നമ്പറല്ല. ട്രൂ കോളര്‍ പറയുന്നത് ഹാരിസ് എന്ന പേരാണ്. ഏതു കെടുതിയാണാവോ എന്നു ചിന്തിച്ച് കോള്‍ എടുത്തു.

ഇന്ത്യാവിഷനില്‍ സഹപ്രവര്‍ത്തകനായിരുന്ന ഹാരിസാണ് വിളിച്ചത്. അദ്ദേഹം തന്നെ പരിചയപ്പെടുത്തി.

‘ഹലോ ശ്യാംലാല്‍ജിയല്ലേ. ഇന്ത്യാവിഷനിലുണ്ടായിരുന്ന ഹാരിസാണ്’ -ഹാരിസിന്റെ വാക്കുകളില്‍ ചെറിയ തിടുക്കവും അങ്കലാപ്പും. സാധാരണനിലയില്‍ ഈ സമയത്ത് ഹാരിസ് എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കേണ്ട കാര്യമില്ല. എന്തോ അപകടം മണത്തു.

‘നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ എന്തോ സംഭവിച്ചിട്ടുണ്ട്. അശ്ലീല വീഡിയോ പോസ്റ്റ് വന്നിട്ടുണ്ട്’ -ആ വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടി.

ഊണുകഴിക്കാന്‍ കഴുകിയ കൈ തുടച്ച് തിടുക്കത്തില്‍ ലാപ്‌ടോപ്പിനു മുന്നിലെത്തി. ഫേസ്ബുക്ക് തുറക്കാന്‍ നോക്കിയപ്പോള്‍ കഴിയുന്നില്ല. ‘ഞാന്‍ സ്‌ക്രീന്‍ഷോട്ട് അയച്ചുതരാം. വേഗത്തില്‍ പാസ്‌വേര്‍ഡ് മാറ്റിക്കോളൂ. നമ്മുടെ ഗ്രൂപ്പില്‍ വന്നത് ഞാന്‍ ഡിലീറ്റ് ചെയ്‌തേക്കാം’ -ഹാരിസിന്റെ ഉപദേശം. എങ്ങനെയാ പാസ്‌വേര്‍ഡ് മാറ്റുക? ഫേസ്ബുക്കില്‍ കയറിയാലല്ലേ മാറ്റാന്‍ പറ്റുകയുള്ളൂ.

ഹാരിസിന്റെ ഫോണ്‍ വെച്ച പാടെ അടുത്ത ഫോണ്‍. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.നാരായണനാണ്. ആ ഗ്രൂപ്പിലും സന്ദേശം ചെന്നിട്ടുണ്ട്.

‘എന്തെങ്കിലും പെട്ടെന്ന് ചെയ്യൂ. ഇതിങ്ങനെ പോകുന്നത് മോശമല്ലേ?’ -നാരായണന്റെ വാക്കുകള്‍ കേട്ട് തരിച്ചിരിക്കുമ്പോള്‍ അടുത്ത ഫോണ്‍. മാതൃഭൂമിയിലെ തന്നെ പഴയ ഫോട്ടോഗ്രാഫര്‍ സുഹൃത്ത് ബിജുരാജ്. എനിക്കാകെ വട്ടായി.

കൈയും കാലും വിറയ്ക്കുന്നു. സുഹൃദപ്പട്ടികയില്‍ ധാരാളം സ്ത്രീകളുണ്ട്. കൂടെ പഠിച്ചവര്‍. എന്റെയും ഭാര്യയുടെയും ബന്ധുക്കള്‍. ഉന്നത ഉദ്യോഗസ്ഥര്‍. എന്തു ചെയ്യണമെന്നറിയില്ല. മാനം കപ്പല് കയറിയതു തന്നെ! പെട്ടെന്നാണ് പോലീസ് സൈബര്‍ സെല്ലിലുള്ള സുഹൃത്തായ ഉദ്യോഗസ്ഥനെ ഓര്‍മ്മിച്ചത്. സ്വകാര്യത സംരക്ഷിക്കാന്‍ പേര് ഇവിടെ വെളിപ്പെടുത്തുന്നില്ല. അദ്ദേഹത്തെ വിളിച്ചു. എന്റെ ഭാഗ്യത്തിന് ആദ്യത്തെ വിളിക്കു തന്നെ ഫോണെടുത്തു. ഞാന്‍ ഒറ്റശ്വാസത്തില്‍ കാര്യം പറഞ്ഞു.

‘ഇന്റര്‍നെറ്റ് കട്ട് ചെയ്യുക. എക്‌സ്‌പ്ലോറര്‍, ക്രോം, മോസില്ല തുടങ്ങി എല്ലാ ബ്രൗസറുകളിലെയും ഹിസ്റ്ററി, കുക്കീസ്, കാഷ്, സേവ് ചെയ്തിട്ടുള്ള പാസ്‌വേര്‍ഡുകള്‍ എന്നിവയടക്കം എല്ലാ പേഴ്‌സണല്‍ ഡാറ്റയും ഡിലീറ്റ് ചെയ്യുക. കഴിയുമെങ്കില്‍ സി-ക്ലീനര്‍ പോലുള്ള സിസ്റ്റം ക്ലീനിങ് സോഫ്ട്‌വേര്‍ ഉപയോഗിച്ച് ലാപ്‌ടോപ്പ് ഡാറ്റ അടിച്ചുവാരുക. എന്നിട്ടുമാത്രം നെറ്റ് കണക്ട് ചെയ്യുക. പഴയ പാസ്‌വേര്‍ഡ് ഉപയോഗിച്ചു തന്നെ ഫേസ്ബുക്ക് ലോഗിന്‍ ചെയ്യാം. ലോഗിന്‍ ആവുമ്പോള്‍ സെറ്റിങ്‌സില്‍ പോയി പുതിയ പാസ് വേര്‍ഡ് നല്‍കുക. അപ്പോള്‍ ലോഗൗട്ട് ആകും. ഇനി പുതിയതുപയോഗിച്ച് റീലോഗിന്‍ ചെയ്യുക. അപ്പോള്‍ നിങ്ങളുടെ പേരില്‍ സമീപസമയത്തുവന്ന പോസ്റ്റുകള്‍ എന്തു ചെയ്യണമെന്ന് ഫേസ്ബുക്ക് തന്നെ ചോദിക്കും. ആവശ്യമില്ലാത്തത് ഡിലീറ്റ് ചെയ്യുക. ടൈംലൈനില്‍ ആക്ടിവിറ്റി ലോഗില്‍ പോയാലും ആവശ്യമില്ലാത്തത് ഡിലീറ്റ് ചെയ്യാം’ -അദ്ദേഹം വിശദമായിത്തന്നെ കാര്യങ്ങള്‍ പറഞ്ഞു.

പോലീസ് സുഹൃത്തിന്റെ ഉപദേശപ്രകാരം ഞാന്‍ കമ്പ്യൂട്ടര്‍ വൃത്തിയാക്കി. നെറ്റ് കണക്ട് ചെയ്ത് ഫേസ്ബുക്ക് ലോഗിന്‍ ശ്രമിച്ചപ്പോള്‍ കിട്ടി. തുറന്നപാടെ വന്നത് രണ്ട് സന്ദേശങ്ങള്‍. മാതൃഭൂമിയിലെ പഴയ സുഹൃത്ത് ഫോട്ടോഗ്രാഫര്‍ മനോജിന്റെയും മാതൃഭൂമി ന്യൂസ് കൊല്ലം ലേഖകന്‍ ഷമ്മി പ്രഭാകറിന്റെയും വക. എനിക്കു പറ്റിയ അപകടം ചൂണ്ടിക്കാട്ടുന്നവ തന്നെ. ഒരു അപകടം വരുമ്പോള്‍ കൂടെ ആളുണ്ട് എന്നറിയുന്നത് അത്രയും ആശ്വാസം.

ഫേസ്ബുക്കില്‍ പുതിയ പാസ്‌വേര്‍ഡിട്ടു. ആക്ടിവിറ്റി ലോഗില്‍ പോയി ആവശ്യമില്ലാത്തത് ഡിലീറ്റ് ചെയ്തു. Paparazy എന്ന പേരിലുള്ള പോസ്റ്റുകളാണ് എന്റെ അക്കൗണ്ടില്‍ നിന്ന് ഷെയര്‍ ചെയ്യപ്പെട്ടതെന്നു മനസ്സിലാക്കി. കണ്ടെത്താനായത് മുഴുവന്‍ ഡിലീറ്റ് ചെയ്തു.

അപ്പാഴാണ് ഹാരിസിന്റെ സന്ദേശം വീണ്ടും വന്നത് -‘ഫേസ്ബുക്കില്‍ ആവശ്യമില്ലാത്ത ആപ്ലിക്കേഷന്‍ വല്ലതും ലിങ്കായിട്ടുണ്ടെങ്കില്‍ നീക്കുക. കാര്യങ്ങള്‍ വിശദീകരിച്ച് ഒരു പോസ്റ്റും ഇടുക.’

ആദ്യം ചെയ്തത് പോസ്റ്റിടുക എന്നതാണ്. ഹാരിസ്, നാരായണന്‍, മനോജ്, ബിജുരാജ്, ഷമ്മി എന്നിവര്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞു. അപകടത്തില്‍ സഹായമായി കൂടെ നിന്നവരെ മറക്കരുതല്ലോ. പിന്നീട് ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ നീക്കി. ഫേസ്ബുക്കും ഒന്നു വൃത്തിയാക്കി. ഒരു മാല്‍വേര്‍ കാരണം എന്റെ രണ്ടു മണിക്കൂര്‍ പാഴായത് മിച്ചം.

വൃത്തിയാക്കി എന്നാണ് വിശ്വാസമെങ്കിലും എന്റെ പേരിലുള്ള അശ്ലീല പോസ്റ്റുകളുടെ അവശിഷ്ടങ്ങള്‍ എവിടെയെങ്കിലുമൊക്കെ ഉണ്ടാവാം. അങ്ങനെ വല്ലതും കണ്ടാല്‍ ദയവായി എന്നെ അറിയിക്കുകയോ ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്ത് ഡിലീറ്റാക്കുകയോ ചെയ്യുക.

ഇതിവിടെ എഴുതിയതിന് ഒരു കാരണമുണ്ട്. ഇന്റര്‍നെറ്റിലെ നിഗൂഢതകളെക്കുറിച്ച് നമുക്ക് ഒരു ധാരണയുമില്ല. എപ്പോള്‍ വേണമെങ്കിലും നമ്മുടെ സ്വകാര്യത കൈയേറ്റം ചെയ്യപ്പെട്ടേക്കാം. സമാനമായ അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടേക്കാം -അങ്ങനെ സംഭവിക്കാതിരിക്കട്ടെ. ആര്‍ക്കെങ്കിലും അപകടം നേരിട്ടാല്‍ എനിക്ക് ഉപകാരപ്പെട്ട സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്താം.

എന്റെ പേരില്‍ വന്ന പോസ്റ്റില്‍ ആരെങ്കിലും ക്ലിക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഈ അപകടം സംഭവിക്കാന്‍ സാദ്ധ്യത കൂടുതലാണ്. മാല്‍വേര്‍ പ്രവര്‍ത്തനം അങ്ങനെയാണ്. ജാഗ്രതയോടെ ഇരിക്കുക. നല്ല സുഹൃത്തുക്കള്‍ നേട്ടമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.

ഈ അപകടം സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിനു താഴെ ധാരാളം സുഹൃത്തുക്കള്‍ പിന്തുണയറിയിച്ചിട്ടുണ്ട്. എന്നെ വിശ്വസിക്കാന്‍ തയ്യാറായ എല്ലാവര്‍ക്കും നന്ദി. ഒരു കാര്യം മനസ്സിലായി -നമ്മുടെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടുമ്പോഴാണ് നാം ഏറ്റവുമധികം പകച്ചുപോകുന്നതെന്ന്…

LATEST insights

TRENDING insights

1 COMMENT

  1. ശ്യാം.. ഇതിപ്പോൾ സർവസാധാരണമാണു. ഇത്തരത്തിൽ പോസ്റ്റുകൾ കാണുന്നവർ ഉടൻ തന്നെ അറിയിക്കുക എന്നതാണ് നല്ലത്…അതാണല്ലോ നല്ല സുഹൃത്തുക്കൾ ചെയ്യുക..

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights