എന്റെ അയല്‍പക്കത്തെ രാമേട്ടന് 4 മക്കള്‍. ഏറ്റവും ഇളയ മകന്‍ അപ്പുവും ഞാനും അടുത്ത കൂട്ടുകാരാണ്. പക്ഷേ, അപ്പുവും അച്ഛനുമായി അത്ര സുഖത്തിലല്ല. അവന്‍ ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു പോന്നു. രാമേട്ടന്‍ വീട്ടില്‍ കയറ്റിയില്ല. രാമേട്ടന്റെ പറമ്പില്‍ത്തന്നെ അപ്പു പ്രത്യേക കൂര വെച്ചുകെട്ടി താമസം തുടങ്ങി.
കഴിഞ്ഞ ദിവസങ്ങളിലെ വലിയ മഴയിലും കാറ്റിലും പെട്ട് അപ്പുവിന്റെ കൂര പൊളിഞ്ഞു വീണു. ഒരു പറമ്പിലാണെങ്കിലും, മകനാണെങ്കിലും ‘ശത്രുവായ’ അപ്പുവിന്റെ ദുരന്തത്തില്‍ രാമേട്ടന്‍ സന്തോഷിച്ചു. എന്നാല്‍, ഞാന്‍ അങ്ങനെയാണോ? എന്റെ എല്ലാ കാര്യത്തിലും ഓടി വരുന്നവനാണ് അപ്പു. അതിനാല്‍ത്തന്നെ പുതിയ കൂര വെയ്ക്കാനുള്ള 70000 രൂപ അവനു കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞു.
അതോടെ രാമേട്ടന്റെ വിധം മാറി. അദ്ദേഹത്തിന്റെ പറമ്പില്‍ നടക്കുന്ന വിഷയങ്ങളില്‍ ഞാന്‍ ഇടപെട്ടാല്‍ വിവരമറിയുമെന്ന് ഭീഷണിപ്പെടുത്തി. നാണം കെടുത്താന്‍ എന്തും ചെയ്യുന്ന മനുഷ്യനാണ്. അതോടെ മനസ്സില്ലാ മനസ്സോടെ ഞാന്‍ പിന്മാറി. പക്ഷേ, അപ്പോഴേക്കും ഞാന്‍ അപ്പുവിന് സഹായം വാഗ്ദാനം ചെയ്ത കാര്യം നാട്ടുകാരെല്ലാം അറിഞ്ഞിരുന്നു. എല്ലാവരും എന്നെ അഭിനന്ദിക്കുകയും ചെയ്തു.
പക്ഷേ, രാമേട്ടനോട് എന്റെ സഹായത്തെക്കുറിച്ച് ചോദിച്ചവരോടെല്ലാം അദ്ദേഹം പറഞ്ഞു സ്വീകരിക്കില്ലെന്ന്. നാട്ടുകാരുടെ മുന്നില്‍ ഞാന്‍ വല്ലാതെ ചെറുതായി. ഇനിയിപ്പോള്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ രക്ഷപ്പെടാന്‍. സംഭവം അറിഞ്ഞിട്ടേയില്ല എന്നു പറയുക.
ഇപ്പോള്‍ എന്നോടു ചോദിക്കുന്നവരോടെല്ലാം പറയുന്നു -‘ഞാന്‍ 70000 രൂപ അപ്പുവിനു കൊടുക്കാമെന്നു പറഞ്ഞിട്ടില്ല. സഹായം നല്‍കുന്ന കാര്യം ആലോചിക്കുന്നേയുള്ളൂ.‘ അപ്പു തകരുമെന്നോര്‍ത്ത് രാമേട്ടന്‍ ആഹ്ലാദിക്കുന്നു. രാമേട്ടന്റെ മറ്റു മക്കള്‍ -അപ്പുവിന്റെ സഹോദരങ്ങള്‍ -ആര്‍ത്തട്ടഹസിക്കുന്നു.
മാനം കാക്കാന്‍ വേറെ മാര്‍ഗ്ഗമില്ലല്ലോ. അതെ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു -‘ഞാന്‍ 70000 രൂപ കൊടുക്കാമെന്നു പറഞ്ഞിട്ടില്ല!!‘
പക്ഷേ, രാമേട്ടന് അറിയില്ലെങ്കിലും അപ്പുവിനെ എനിക്കു നന്നായറിയാം. ആരുടെയും സഹായമില്ലാതെ അവന്‍ തിരിച്ചുവരിക തന്നെ ചെയ്യും.
ഈ കഥയിലെ കഥാപാത്രങ്ങളോട് ആരോടെങ്കിലും ആര്‍ക്കെങ്കിലും എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത് യാദൃച്ഛികമല്ല, മനഃപൂര്‍വ്വമാണ്.