Reading Time: < 1 minute

1921ല്‍ സവിശേഷമായ ഒരു വിദ്യാര്‍ത്ഥി സമരം നടന്നു.
എവിടെയെന്നല്ലേ?
ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജായ അന്നത്തെ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍.

യൂണിവേഴ്സിറ്റി കോളേജ് എന്നാല്‍ സമരത്തിന്റെ പര്യായമാണ് ചിലര്‍ക്ക്.
അത് എസ്.എഫ്.ഐ. കാരണമാണെന്നും അവര്‍ പറയുന്നു.
എന്നാല്‍ എസ്.എഫ്.ഐ. പിറവിയെടുത്തത് തന്നെ 1970ല്‍ മാത്രമാണ്.
യൂണിവേഴ്സിറ്റി കോളേജിലെ സമരചരിത്രത്തിന് അതിലുമേറെ പഴക്കമുണ്ട്.
നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.
വ്യത്യാസമില്ലാത്തത് ഒന്നിനു മാത്രം -എന്നും ഒഴുകിയ ചോരയുടെ നിറം ചുവപ്പാണ്.

വിദ്യാര്‍ത്ഥികളുടെ അവകാശത്തിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ രാജ്യത്തു തന്നെ നടത്തിയ ആദ്യത്തെ സമരം നടന്നത് 1921ലാണ്.
അതിനു നേതൃത്വം നല്കിയത് അന്നത്തെ തിരുവനന്തപുരം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്.
അതിനു മുമ്പും വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിട്ടുണ്ടെങ്കിലും അതു സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു.
ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത് 1921 ഓഗസ്റ്റ് 25നായിരുന്നു.
മോഡല്‍ സ്കൂളിലേക്ക് ശ്രീമൂല വിലാസം സ്കൂളിലെ കുട്ടികള്‍ നടത്തിയ മാര്‍ച്ചില്‍ മഹാരാജാസ് കോളേജിലെയും സെന്റ് ജോസഫ്സ് സ്കൂളിലെയും വിദ്യാര്‍ത്ഥികളും അണിചേര്‍ന്നു.
തുടര്‍ന്ന് തിരുവിതാംകൂറിലെ വിവിധ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി.
വിവിധ തലങ്ങളിലേക്കു വ്യാപിച്ച സമരം ഒരു മാസത്തോളം നീണ്ടുനിന്നു.

സംഘര്‍ഷത്തിലാണ് ആ സമരം അവസാനിച്ചത്.
1921 സെപ്റ്റംബര്‍ 21ന് മഹാരാജാസ് കോളേജില്‍ കുതിരപ്പട്ടാളം കടന്നുകയറി.
കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമിച്ചു, എല്ലാം തച്ചുതകര്‍ത്തു.
3 വിദ്യാര്‍ത്ഥികള്‍ക്ക് അന്നു ജീവന്‍ നഷ്ടമായി, അദ്ധ്യാപകര്‍ക്കും കൊടിയ മര്‍ദ്ദനമേറ്റു.
മരിച്ചവരില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോലും കണ്ടുകിട്ടിയില്ല.
എന്തുകൊണ്ടോ ചരിത്രത്തില്‍ ഈ സമരത്തിനും രക്തസാക്ഷിത്വത്തിനും വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല.

ഈ സമരത്തിനു നേതൃത്വം നല്കിയ 2 പേര്‍ പിന്നീട് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടി.
ഡല്‍ഹി ഗാന്ധി എന്നറിയപ്പെടുന്ന ഡല്‍ഹിയിലെ ആദ്യ ലോക്സഭാംഗങ്ങളില്‍ ഒരാളായ നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന്‍ നായര്‍ ഗാന്ധിജിയോടൊപ്പം ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത 4 മലയാളികളില്‍ ഒരാളാണ്.
ജപ്പാനില്‍ തുടര്‍പഠനം നടത്തിയ പൂജപ്പുര സ്വദേശി മാധവന്‍ നായരാണ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗും പിന്നീട് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയും രൂപീകരിക്കാന്‍ റാഷ് ബിഹാരി ബോസിനൊപ്പം പ്രധാന പങ്കുവഹിച്ചത്.
നായര്‍സാന്‍ എന്ന പേരില്‍ ഇദ്ദേഹം പ്രശസ്തനായി.

ഇന്ന് 2021 സെപ്റ്റംബര്‍ 21.
യൂണിവേഴ്സിറ്റി കോളേജിലെ, പഴയ മഹാരാജാസ് കോളേജിലെ രക്തസാക്ഷിത്വത്തിന് ഇന്ന് 100 തികയുന്നു.
സമരം എന്നത് യൂണിവേഴ്സിറ്റി കോളേജിന്റെ, ഇവിടത്തെ വിദ്യാര്‍ത്ഥികളുടെ ചോരയില്‍ അലിഞ്ഞുപോയതാണ്.
അതില്‍ വെള്ളം ചേര്‍ക്കാനോ അതിന്റെ ചുവന്ന നിറം മാറ്റാനോ കഴിയില്ല തന്നെ.

യൂണിവേഴ്സിറ്റി കോളേജ് ഒരു വികാരമാണ്.
അത് അവിടെ പഠിച്ചവര്‍ക്കു മാത്രം മനസ്സിലാവുന്നതാണ്..


വീഡിയോ കടപ്പാട്: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

Previous articleപൂച്ചരക്ഷായ‍ജ്ഞം
Next articleമയക്കുമരുന്നിന്റെ മതം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here