HomePOLITYബി.ജെ.പിക്കാര...

ബി.ജെ.പിക്കാരുടെ കുബുദ്ധി സമ്മതിച്ചു!!

-

Reading Time: 6 minutes

കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകളിലൂടെ പുറത്തുവന്ന തിരഞ്ഞെടുപ്പ് സര്‍വേകള്‍ ഒരു അട്ടിമറി ശ്രമമല്ലേ? ആര്‍ക്കു വോട്ടു ചെയ്യണമെന്ന് 80 ശതമാനം വോട്ടര്‍മാരും ഇതിനകം തീരുമാനിച്ചിട്ടുണ്ടാവും. എന്നാല്‍, വോട്ടര്‍മാരുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് അവരുടെ തീരുമാനം മാറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമല്ലേ ഈ സര്‍വേ നാടകങ്ങള്‍? സര്‍വേകളിലൂടെ പുറത്തുവന്ന അവിശ്വസനീയവും അയഥാര്‍ത്ഥവുമായ കണക്കുകള്‍ ഈ സംശയം ശരിവെയ്ക്കുന്നു.

ഓരോ മണ്ഡലത്തിലും നിലനില്‍ക്കുന്ന അടിയൊഴുക്കുകള്‍ ഈ സര്‍വേകള്‍ പരിഗണിക്കുന്നേയില്ല. തിരുവനന്തപുരവും പത്തനംതിട്ടയുമാണ് ഏറ്റവും രസകരമായ മണ്ഡലങ്ങള്‍. രണ്ടും ബി.ജെ.പി. വിജയസാദ്ധ്യത കാണുന്ന മണ്ഡലങ്ങളാണ്. സര്‍വേകളില്‍ ഏറ്റവും വലിയ അട്ടിമറി നടന്നതും ഈ മണ്ഡലങ്ങളിലാണ്. രണ്ടിടത്തും പ്രചാരണത്തില്‍ എല്‍.ഡി.എഫ്. ബഹുദൂരം മുന്നിലാണ്. ഇവിടങ്ങളില്‍ മൂന്നും നാലും റൗണ്ട് പ്രചാരണം അവര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബി.ജെ.പിയെ ചെറുക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ രണ്ടിടത്തും സ്വാഭാവികമായും എല്‍.ഡി.എഫിന് വോട്ടു ചെയ്യും. അതെങ്ങനെ തടയുമെന്ന ചിന്തയാണ് തിരഞ്ഞെടുപ്പ് സര്‍വേകളിലേക്ക് ബി.ജെ.പിയെ എത്തിച്ചത്.

തിരുവനന്തപുരത്ത് ശശി തരൂരും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്ന് കടുത്ത വാരല്‍ ഭീഷണി നേരിടുന്നുണ്ട്. വരുന്ന വാര്‍ത്തകളനുസരിച്ച് ഇരുവരും ഏതാണ്ട് പരാജയം ഉറപ്പിച്ച മട്ടാണ്, പുറമേക്ക് സമ്മതിക്കുന്നില്ലെങ്കിലും. അങ്ങനെ വന്നാല്‍ രണ്ടിടത്തും ജയിക്കുക എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികളാവും. അത് ബി.ജെ.പിയുടെ മോഹക്കനലില്‍ വെള്ളം കോരിയൊഴിക്കും.

എല്‍.ഡി.എഫിനെ മറികടന്ന് വിജയിക്കാന്‍ എന്താണ് മാര്‍ഗ്ഗം? ബി.ജെ.പി. ബുദ്ധികേന്ദ്രങ്ങള്‍ കണ്ടെത്തിയ പരിപാടിയാണ് സര്‍വേകളിലൂടെ ആശയക്കുഴപ്പം സൃഷ്ടിക്കുകയെന്നത്. എല്‍.ഡി.എഫിനെ പിന്തള്ളാന്‍ സര്‍വേകളെ ഉപയോഗിക്കാം. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നും പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ നേരിയ വ്യത്യാസത്തില്‍ രണ്ടാമത്തെന്നുമെന്നും പറയിച്ചത് ഇതിന്റെ ഭാഗമാണ്.

അതിലുപരി ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം -സര്‍വേകളില്‍ രണ്ടിടത്തും എല്‍.ഡി.എഫ്. മൂന്നാം സ്ഥാനത്താണ്. എല്‍.ഡി.എഫിനും ലഭിക്കാനിടയുള്ള വോട്ടിന്റെ ശതമാനം വളരെ കുറവുമാണ്. കേരളത്തിലാണ് സര്‍വേ നടത്തുന്നത് എന്നെങ്കിലും ഓര്‍ക്കണ്ടേ? 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ 2 ലോക്‌സഭാ മണ്ഡലങ്ങളുടെയും പരിധിയില്‍ മികച്ച വിജയം നേടിയ മുന്നണിയെയാണ് ഇപ്പോള്‍ ഒറ്റയടിക്ക് മൂന്നാം സ്ഥാനത്തേക്ക് തള്ളിയിരിക്കുന്നത് എന്നോര്‍ക്കണം. അങ്ങനൊരു സ്ഥിതിയുണ്ടാകാനും മാത്രം ദുര്‍ഭരണമൊന്നും പിണറായി വിജയന്‍ നടത്തിയിട്ടില്ല. കുറഞ്ഞപക്ഷം വാര്‍ത്തയിലെങ്കിലും ദുര്‍ഭരണം കാണണ്ടേ?

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ന്യൂനപക്ഷങ്ങള്‍ക്ക് കാര്യമായ സ്വാധീനമുണ്ട്. സര്‍വേയില്‍ വിശ്വസിച്ചാല്‍ ബി.ജെ.പി. ജയം ഒഴിവാക്കാന്‍ പത്തനംതിട്ടയില്‍ ആന്റോയ്ക്കും തിരുവനന്തപുരത്ത് തരൂരിനും അവര്‍ കൂട്ടത്തോടെ വോട്ടു ചെയ്യും. അപ്പോള്‍ എല്‍.ഡി.എഫിന്റെ വോട്ടു കുറയും. അങ്ങനെ എല്‍.ഡി.എഫിനെ രണ്ടാം സ്ഥാനത്താക്കി ബി.ജെ.പിക്ക് ജയിച്ചു കയറാം. അടിപടല വാരല്‍ നേരിടുന്ന തരൂരും ആന്റോയും ന്യൂനപക്ഷത്തിന്റെ വോട്ട് മുഴുവനും ലഭിച്ചാലും ഇപ്പോഴത്തെ നിലയില്‍ ജയിക്കില്ല എന്ന് ബി.ജെ.പിക്ക് ഉറപ്പാണ്.

ഈ പ്രചരണത്തിലൂടെ ബി.ജെ.പിക്കു മറ്റൊരു ഗുണവുമുണ്ട്. തങ്ങളുടെ പ്രവര്‍ത്തകരെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കാം. ബി.ജെ.പിക്ക് വോട്ട് ചെയ്യണോ വേണ്ടയോ എന്ന സംശയത്തില്‍ നില്‍ക്കുന്നവരെയും ഉറപ്പിക്കാം. രണ്ടാഴ്ചയിലെ സ്‌ക്വാഡ് പ്രവര്‍ത്തനത്തിനെക്കാള്‍ ഇഫക്ടാണ് ഒരു സര്‍വേ അട്ടിമറിക്കെന്ന് മനസ്സിലായില്ലേ? രാഹുല്‍ ഗാന്ധിക്കും നരേന്ദ്ര മോദിക്കും ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് നടത്താന്‍ കഴിയുന്ന പ്രചാരണത്തെക്കാളും കൃത്യതയോടെ ചാനലുകള്‍ ഇടത് വിരുദ്ധ പ്രചാരണം ഏറ്റെടുത്തിരിക്കുന്നു.

പക്ഷേ, സത്യം ഇതാണോ? 2014ല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത വോട്ട് 8,73,385 ആണ്. ബെന്നെറ്റ് എബ്രഹാം നേടിയ വോട്ട് 2,48,941. ആകെയുള്ള വോട്ടിന്റെ 29 ശതമാനം ബെന്നെറ്റ് നേടി. ഇതിലും താഴേക്ക് ഇനി എല്‍.ഡി.എഫിന് വീഴാനാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ബെന്നറ്റിനെക്കാള്‍ രാജഗോപാലിന് 3.5 ശതമാനം വോട്ട് കൂടുതലുണ്ടായിരുന്നു. ജയിച്ച ശശി തരൂരിനേക്കാള്‍ 48,000 വോട്ടിന്റെ കുറവ് മാത്രമേ ബെന്നറ്റിന് ഉണ്ടായിരുന്നുള്ളൂ. 5.5 ശതമാനത്തിന്റെ മാറ്റം.

2014ല്‍ എല്ലാരും പറഞ്ഞത് പാറശ്ശാല, നേമം പ്രദേശങ്ങളിലെ ഇടത് വോട്ടില്‍ 25,000 എങ്കിലും തരൂരിന് ലഭിച്ചിട്ടുണ്ട്. 2.75 ലക്ഷം വോട്ട് തിരുവനന്തപുരത്ത് ഇടതിന് തീര്‍ച്ചയാണ്. അവിടെ 50,000 വോട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് ഇടതില്‍ നിന്ന് എടുത്ത് താമരയ്ക്ക് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. ഇതിനു പുറമെ ശശി തരൂരില്‍ നിന്നെടുത്ത 2 ശതമാനം വോട്ട് കൂടി കൊടുത്താലും പക്ഷേ, കുമ്മനത്തിന് അവര്‍ ചാര്‍ത്തിക്കൊടുത്ത 40 ശതമാനം എത്തില്ല. തിരുവനന്തപുരം നഗരത്തിലെ കോണ്‍ഗ്രസ് വോട്ടൊക്കെ കുമ്മനം കൊണ്ട് പോകുമെന്ന് വി.എസ്.ശിവകുമാറിനെ പോലെ ഏഷ്യാനെറ്റ് ന്യൂസും പറയുന്നുണ്ട്. പക്ഷേ, ഇടതിന്റെ 50,000 വോട്ട് എവിടെ നിന്നെടുത്തിട്ടാണ് കുമ്മനത്തിന് കൊടുത്തത് എന്ന ചോദ്യം നിലനില്‍ക്കുന്നു.

2014ല്‍ പത്തനംതിട്ടയില്‍ 8,69,452 വോട്ട് പോള്‍ ചെയ്തതില്‍ പീലിപ്പോസ് എന്ന അപരന് കിട്ടിയ 11,000 വോട്ട് കൂടി ചേര്‍ത്താല്‍ 32 ശതമാനത്തിനടുത്ത് വോട്ട് ഇടതിനു കിട്ടിയിട്ടുണ്ട്. ബി.ജെ.പിയുടെ എം.ടി.രമേശിന് 16 ശതമാനം വോട്ടാണ് ലഭിച്ചത്. ഇടതിനെക്കാള്‍ 6.5 ശതമാനം വോട്ട് അധികം ലഭിച്ച ആന്റോ ജയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഇത്തവണയും ആന്റോയ്ക്ക് ഏതാണ്ട് അത്ര തന്നെ ശതമാനം വോട്ട് കൊടുക്കുന്നു. അടിയൊഴുക്കുകള്‍ അവിടെ പ്രശ്‌നമേയല്ല. സുരേന്ദ്രന് പി.സി.ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ച ശേഷം ഈരാറ്റുപേട്ടയും പൂഞ്ഞാറും വീണയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. കോന്നിയിലും റാന്നിയിലും ഓരോ ബൂത്തിലും 20 വോട്ട് വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് ഇടത് പ്രവര്‍ത്തനം. അപ്പോഴാണ് ഉണ്ടായിരുന്ന 1 ലക്ഷത്തില്‍ കൂടുതല്‍ വോട്ട് ഏഷ്യാനെറ്റ് ന്യൂസ് സുരേന്ദ്രന് നല്‍കി ജയിപ്പിക്കുന്നത്.

ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ മൂന്നാം സ്ഥാനത്താവും എന്നായിരുന്നു അഭിപ്രായ സര്‍വേ. അന്തിമ ഫലം എന്തായിയെന്ന് നമ്മള്‍ കണ്ടതാണല്ലോ? ഇത്തരം അട്ടിമറികള്‍ മാത്രമല്ല ഈ സര്‍വേകളിലുള്ളത്. ഇവ അബദ്ധ പഞ്ചാംഗങ്ങളുമാണ്. തൃശ്ശൂര്‍ മറ്റൊരു ഉദാഹരണമായി എടുക്കാം. ടി.എന്‍.പ്രതാപന്‍ ജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നത്. തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ആയിരുന്നപ്പോള്‍ അതു ചിലപ്പോള്‍ നടക്കുമായിരുന്നു. കടലോര മേഖലകളിലെ ബി.ജെ.പി. വോട്ടുകള്‍ കൂട്ടത്തോടെ തന്റെ പെട്ടിയിലെത്തിക്കാന്‍ പ്രതാപനു ശേഷിയുണ്ടായിരുന്നു.

എന്നാല്‍, സുരേഷ് ഗോപി ബി.ജെ.പിയുടെ കൊടിയുമേന്തി എത്തിയതോടെ സ്ഥിതി മാറി. ബി.ജെ.പി. വോട്ടു മുഴുവന്‍ അദ്ദേഹം പിടിക്കുമെന്നു മാത്രമല്ല, പ്രതാപന്റെ പെട്ടിയിലെ ഒരു ഭാഗം വോട്ടും ചോര്‍ത്തുമെന്നുറപ്പ്. പ്രതാപന്‍ ഈ ചോര്‍ച്ച മറികടന്ന് രാജാജി മാത്യു തോമസിനെ തോല്പിക്കുമെന്നു പറയുന്നത് അല്പം കടന്ന കൈയാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ മുഴുവന്‍ മണ്ഡലങ്ങളും ജയിച്ചത് ഇടതു മുന്നണിയാണെന്ന കാര്യമെങ്കിലും പരിഗണിക്കണ്ടേ? അത്രയ്‌ക്കൊക്കെ പെട്ടെന്ന് തോല്പിക്കാന്‍ പറ്റുമോ?

തൃശൂരില്‍ 9,20,535 വോട്ടാണ് 2014 ല്‍ പോള്‍ ചെയ്തത്. 42 ശതമാനം വോട്ട് വാങ്ങി സി.പി.ഐയിലെ സി.എന്‍.ജയദേവന്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കെ.പി.ധനപാലന് 37 ശതമാനം വോട്ട് കിട്ടി. 11.5 ശതമാനമാണ് ബി.ജെ.പിയുടെ സമ്പാദ്യം. 20 ശതമാനം വോട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് ഒറ്റയടിക്ക് ഇപ്പോള്‍ ബി.ജെ.പിക്ക് കൂട്ടിക്കൊടുത്തത്. അതില്‍ 13 ശതമാനം ഇടതില്‍ നിന്നു വാരിയെടുത്തതാണ്. 5 ശതമാനം യു.ഡി.എഫില്‍ നിന്നെടുത്തു. ബി.ജെ.പി. വോട്ട് 2014ലെ 12 ശതമാനത്തില്‍ നിന്ന് 2016ല്‍ 16 ശതമാനമായി വര്‍ദ്ധിച്ചപ്പോള്‍ ആ 4 ശതമാനം യു.ഡി.എഫില്‍ നിന്നാണ് വന്നതെന്ന വസ്തുത സൗകര്യപൂര്‍വ്വം മറന്നു. ഇപ്പോഴത്തെ കണക്കുപ്രകാരം 2016നു ശേഷം 1 ലക്ഷത്തോളം വോട്ടുകള്‍ ഇടതില്‍ നിന്ന് ബി.ജെ.പിയിലേക്കു പോകുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ നഷ്ടം പൂജ്യമാണ്! എന്താല്ലേ!!

ഇതുപോലെ തന്നെയാണ് ആലപ്പുഴയും കൊല്ലവുമൊക്കെ. കരുത്തനായ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും സിറ്റിങ് എം.പിയുമായ കെ.സി.വേണുഗോപാല്‍ എ.എം.ആരിഫിനെ പേടിച്ച് ഓടി രക്ഷപ്പെട്ട മണ്ഡലമാണ് ആലപ്പുഴ. ഈ സര്‍വേ നടത്തിയ ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അവിടെ ഷാനിമോള്‍ ഉസ്മാന്‍ വന്‍ വ്യത്യാസത്തില്‍ ജയിക്കുമെന്നൊക്കെ പറഞ്ഞാല്‍! ഒരു മയത്തിലൊക്കെ തള്ളണ്ടേ? കൊല്ലത്തെ സര്‍വേക്കാര്‍ കാണാതെ പോകുന്നതാണ് ആര്‍.എസ്.പിയിലെ ഷിബു ബേബി ജോണും സംഘവും പുലര്‍ത്തുന്ന തണുപ്പന്‍ നിലപാടും പ്രേമചന്ദ്രനോട് കോണ്‍ഗ്രസ്സുകാര്‍ക്കുള്ള എതിര്‍പ്പും. കൊല്ലത്തിന്റെ കാര്യം നേരത്തേ തന്നെ വിശദമായി ചര്‍ച്ച ചെയ്തതിനാല്‍ വീണ്ടും പറയുന്നില്ല.

മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് ജയിക്കുമെന്ന പ്രവചനം കേട്ടിട്ട് ശരിക്കും ചിരിക്കാനാണ് തോന്നിയത്. 2014ല്‍ യു.ഡി.എഫിനൊപ്പമായിരുന്ന, മണ്ഡലത്തില്‍ കാര്യമായ സ്വാധീനമുള്ള ആര്‍.ബാലകൃഷ്ണപിള്ളയും മകന്‍ കെ.ബി.ഗണേഷ് കുമാറും ഇപ്പോള്‍ ഇടതുപക്ഷത്താണ്. ബാലകൃഷ്ണപിള്ളയോട് പിണങ്ങിയപ്പോഴൊക്കെ കൊടിക്കുന്നില്‍ തോറ്റിട്ടുണ്ട് എന്നത് ചരിത്രം.

ഇതൊന്നുമല്ല, ഏറ്റവും വലിയ തമാശ കോഴിക്കോടിന്റെ കാര്യത്തിലാണ്. എം.കെ.രാഘവന്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ നാട്ടുകാര്‍ മുഴുവനും കണ്ടതാണ്. അതൊന്നും പ്രശ്‌നമല്ല, രാഘവനെ കോഴിക്കോട്ടുകാര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമത്രേ. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ കോഴിക്കോട്ടുകാര്‍ മന്ദബുദ്ധികളാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞുവെയ്ക്കുന്നത്. ഈ കോഴിക്കോടിനെക്കുറിച്ച് സര്‍വേക്കാര്‍ക്ക് ഒന്നുമറിയില്ല തന്നെ.

പലവിധ സ്വാധീനങ്ങള്‍ക്കു വഴങ്ങുമ്പോള്‍ വഴിപാടു പോലെ ഇത്തരം പൊട്ടത്തരങ്ങള്‍ ഒപ്പം വരുന്നു. ഏഷ്യാനെറ്റ് ന്യൂസിനെയും മാതൃഭൂമിയെയുമൊക്കെ സ്വാധീനിക്കാന്‍ ബി.ജെ.പിക്ക് കഴിയുമോ? മാധ്യമപ്രവര്‍ത്തകര്‍ സ്വാധീനത്തിനു വഴങ്ങില്ല എന്നു തന്നെയാണ് വിശ്വാസം, വിരലിലെണ്ണാവുന്നവര്‍ ഒഴികെ. തങ്ങളുടെ സര്‍വേ അവതരിപ്പിക്കുമ്പോള്‍ അതിന്റെ വിശ്വാസ്യതയില്‍ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ സംശയം പ്രകടിപ്പിച്ചത് ഇതിനാലാണ്.

പക്ഷേ, മാനേജ്‌മെന്റുകളുടെ കാര്യം അങ്ങനെയല്ല. വിശേഷിച്ചും ഏഷ്യാനെറ്റ് ന്യൂസിന്റെ മൊയ്‌ലാളി തന്നെ ബി.ജെ.പി. എം.പിയാണല്ലോ. ഇനി മാനേജ്‌മെന്റിനെ സ്വാധീനിക്കാനാവില്ലെങ്കിലും അവര്‍ക്കു വേണ്ടി സര്‍വേ നടത്തുന്ന ഏജന്‍സികളെ അനായാസം സ്വാധീനിക്കാനാവും. മാതൃഭൂമിക്കു കൂട്ടായ എ സി നീല്‍സണും ഏഷ്യാനെറ്റിനു കൂട്ടായ എ ഇസഡ് റിസര്‍ച്ചും വിശ്വാസ്യത നഷ്ടപ്പെട്ട ഏജന്‍സികളാണ്.

2018 നവംബറില്‍ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടക്കം നീല്‍സണ്‍ അടുത്തകാലത്ത് നടത്തിയ സര്‍വേകളെല്ലാം പൊട്ടിപ്പാളീസായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ പങ്കാളിയായ എ ഇസഡിന്റേതാകട്ടെ തിരഞ്ഞെടുപ്പ് സര്‍വേ രംഗത്ത് ആദ്യത്തെ ചുവടുവെയ്പ്പാണെന്ന് അവരുടെ വെബ്‌സൈറ്റ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ ചട്ടം കെട്ടി കൊണ്ടുവന്നതാണല്ലോ ഈ ടീമിനെ! അദ്ദേഹത്തിന്റെ കന്നഡ ചാനല്‍ സുവര്‍ണ്ണയ്ക്കു വേണ്ടിയും സര്‍വേ നടത്തിയത് ഇതേ ടീംസ് തന്നെ.

തിരഞ്ഞെടുപ്പില്‍ ഒഴുകുന്ന പണത്തിന്റെ സ്രോതസ്സു കൂടി പറഞ്ഞാലേ കുറിപ്പ് പൂര്‍ണ്ണമാവൂ. രാജ്യത്തെ ബാങ്കുകളില്‍ നിന്ന് കിട്ടാക്കടമായി അടുത്തകാലത്ത് അപ്രത്യക്ഷമായത് 11.5 ലക്ഷം കോടി രൂപയാണ്. ഇതില്‍ 5.5 ലക്ഷം കോടി രൂപ എഴുതിത്തള്ളി. മോദി സര്‍ക്കാരുമായി ബന്ധമുള്ള വിവിധ വന്‍കിട കമ്പനികളുടെ കൈവശമാണ് ഈ പണമെത്തിയത്. ഇതിലെ വലിയൊരു പങ്ക് തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ബി.ജെ.പിയുടെ പക്കലെത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ എന്തു തിരിമറിക്കും ഇഷ്ടം പോലെ പൈസ ബി.ജെ.പിക്കാരുടെ കൈയിലുണ്ട്. ഒരു എം.എല്‍.എയെ പിടിക്കാന്‍ 50 കോടി മുടക്കുന്നവര്‍ അത്തരം 7 മണ്ഡലങ്ങളടങ്ങുന്ന എം.പി. സ്ഥാനം പിടിക്കാന്‍ സര്‍വേ തിരിമറിക്ക് എത്ര കോടി തന്നെ ചെലവിടില്ല?

ഇതുകൊണ്ടൊക്കെ തന്നെ ഈ സര്‍വേകളൊന്നും തന്നെ പടനിലത്തെ യഥാര്‍ത്ഥ അവസ്ഥ പ്രതിഫലിപ്പിക്കുന്നില്ല. സര്‍വേ ഏജന്‍സികള്‍ സ്വാധീനക്കപ്പെട്ടിട്ടുണ്ട് എന്നര്‍ത്ഥം. സര്‍വേ എന്നത് ശാസ്ത്രമാണെന്നാണ് അവകാശവാദം. എന്നാല്‍, സര്‍വേയില്‍ വരുന്ന കണക്കുകള്‍ക്ക് ശാസ്ത്രീയാടിത്തറ ഇല്ലാതായാലോ? നമ്മുടെ പണം കൊണ്ട് നമ്മുടെ ചിന്തകളെ തന്നെ വിലയ്‌ക്കെടുക്കുന്നു!!!

ഒരു പ്രധാന വസ്തുത കൂടിയുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഈ സര്‍വേ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ജ്യോത്സ്യന്മാര്‍, കൈനോട്ടക്കാര്‍, രാഷ്ട്രീയ നിരീക്ഷകര്‍ എന്നിങ്ങനെയുള്ളവരൊന്നും തന്നെ ഒരു തരത്തിലുള്ള പ്രവചനവും നടത്താന്‍ പാടില്ലെന്ന് ഏപ്രില്‍ 8നു പുറപ്പെടുവിച്ച ഏറ്റവും പുതിയ ഉത്തരവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. ഏപ്രില്‍ 11 രാവിലെ 7 മുതല്‍ മെയ് 19 വൈകുന്നേരം 6.30 വരെ ഇത്തരത്തിലുള്ള ഒരു പരിപാടിയും ഒരു മാധ്യമവും പ്രസിദ്ധീകരിക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ലെന്ന് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ ചട്ടലംഘനത്തിനെതിരെ ആരെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനെയോ കോടതിയെയോ സമീപിച്ചാല്‍ ഏഷ്യാനെറ്റ് ന്യൂസ് വടിപിടിക്കും.

 


തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുടെ പെരുമാറ്റച്ചട്ടം വിശദീകരിച്ചുകൊണ്ട് 2019 ഏപ്രില്‍ 8ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights