‘സ്മാരകങ്ങളെ നിങ്ങള്‍ക്കു തകര്‍ക്കാനായേക്കും… സ്മരണകളെയോ?’ ഒരു ചെറിയ ചോദ്യമാണ്. പക്ഷേ, വലിയ അര്‍ത്ഥമുണ്ടിതിന്. എല്ലാം തച്ചുതകര്‍ക്കാനും വളച്ചൊടിച്ച് സ്വന്തമാക്കാനും വെമ്പുന്നവര്‍ ആധിപത്യമുറപ്പിക്കാന്‍ ശ്രമിക്കുന്ന സമൂഹത്തില്‍ വളരെ വലിയ അര്‍ത്ഥതലങ്ങളുള്ള ഒരു ചോദ്യം. പ്രശാന്ത് നാരായണനാണ് ഈ ചോദ്യം വേദിയില്‍ പരസ്യമായി ഉന്നയിക്കുന്നത്, താജ്മഹല്‍ എന്ന നാടകത്തിലൂടെ. താജ്മഹല്‍ എന്ന കവിതയിലൂടെ ഒ.പി.സുരേഷ് ചോദിച്ച ചോദ്യത്തിന്റെ ഉച്ചത്തിലുള്ള ആവര്‍ത്തനം.
വളരെ ലളിതമായ വാക്കുകളില്‍ സുരേഷ് കോറിയിട്ട കവിത. ആ ലാളിത്യം ഒട്ടും ചോരാതെ പ്രശാന്ത് ദൃശ്യഭാഷ്യം ചമയ്ക്കുന്നു. 2018ലെ ചെറുകാട് പുരസ്‌കാരത്തിന് സുരേഷിനെ അര്‍ഹനാക്കിയ കൃതിയാണ് താജ്മഹല്‍. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2015 മുതല്‍ 2018 വരെ പ്രസിദ്ധീകരിച്ച 35 കവിതകളുടെ സമാഹാരം. ഇതില്‍ നിന്നാണ് ഇതേ പേരിലുള്ള കവിത നാടകമാക്കാന്‍ പ്രശാന്ത് തിരഞ്ഞെടുത്തത്. സമാഹാരത്തിലെ ഏറ്റവും തീക്ഷ്ണമായ കവിത. പേര് താജ്മഹല്‍ എന്നാവുമ്പോള്‍ കഥ സ്‌നേഹത്തിന്റേതാവാതെ തരമില്ല. എന്നാല്‍, ഇത് സ്‌നേഹത്തിന്റെ മാത്രം കഥയല്ല. സ്‌നേഹം നേരിടുന്ന വെല്ലുവിളിയുടെ കൂടി കഥയാണ്. സമൂഹം സൃഷ്ടിക്കുന്ന അതിര്‍വരമ്പുകള്‍ സ്‌നേഹത്തെ ശ്വാസം മുട്ടിക്കുന്നതിന്റെ കഥയാണ്.
ജീവിതം കരുപ്പിടിപ്പിക്കാന്‍ അത്യദ്ധ്വാനം ചെയ്യുന്ന ബാവുട്ടിയെന്ന സാധാരണക്കാരന്‍. അയാളുടെ ‘പിടിവിട്ടു പോയ പ്രണയവല്ലരി’ മുംതാസ്. ബാവുട്ടിയുടെ ഓര്‍മ്മകളില്‍ എല്ലായ്‌പ്പോഴും ചുറ്റിപ്പിണയുന്നുണ്ട്, ഒപ്പമുണ്ടെന്നു തോന്നിപ്പിക്കുന്നുണ്ട് മുംതാസ്. ബാവുട്ടിയുടെ കലങ്ങിപ്പോകുന്ന കാഴ്ചകളില്‍ മുംതാസിന്റെ പുഞ്ചിരി വളക്കിലുക്കങ്ങള്‍ ഉണ്ട്. അവര്‍ തമ്മിലുള്ള സംഭാഷണങ്ങളില്‍ ഒട്ടേറെ ലോകസത്യങ്ങള്‍ വരുന്നുണ്ട്. പ്രണയവും വിഷാദവും സംഘര്‍ഷവും രാഷ്ട്രീയവുമൊക്കെ ഉള്‍ച്ചേര്‍ന്ന, അതിശക്തമായ സാമൂഹികവിമര്‍ശനം ഉയര്‍ത്തുന്ന വാക്കുകള്‍. തന്നെ ഒറ്റയ്ക്കാക്കി ഇറങ്ങിപ്പോയ മുംതാസിന്റെ സംശയങ്ങളെക്കുറിച്ച് ബാവുട്ടിക്ക് അത്ഭുതമാണ് –ജീവിച്ചിരിക്കുന്നവരുടെ സന്ദേഹങ്ങള്‍ക്ക് മരിച്ചവരുടെ ലോകത്ത് മറുപടിയുണ്ടാവുമോ?
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബാവുട്ടിയുടെ ശ്രമത്തിന്റെ ഭാഗമാണ് സ്‌കൂള്‍മുക്കിലെ ഒറ്റപ്പീടിക. ചെറിയ നാലഞ്ച് ഭരണികളില്‍ പല്ലുമ്മലൊട്ടി, പഞ്ചാര മിട്ടായികള്‍, പഴയ മൂന്നാല് തക്കാളിപ്പെട്ടിയില്‍ പേന, പെന്‍സില്‍, നോട്ടുബുക്കുകള്‍ -അങ്ങനെ അത്യാവശ്യങ്ങള്‍ മാത്രം അടുക്കിവെച്ച് ഇല്ലായ്മയുടെ മേലാപ്പ് പുതച്ച് അയാളിരുന്നു. ക്രമേണ സോപ്പ്, ചീര്‍പ്പ്, കണ്ണാടി, ചാന്ത്, കണ്‍മഷി, കുപ്പിവള -അങ്ങനെ കട വികസിച്ചു. കുട്ടികള്‍ക്കു പിന്നാലെ അമ്മമാര്‍ എത്തി. പിന്നെ അനേകരെത്തി. അതോടെ ‘താജ്മഹല്‍ സ്റ്റോര്‍’ എന്ന ബോര്‍ഡ് ആയി വളര്‍ന്നു. അവിടെ തന്റെ സ്വപ്‌നനായിക മുംതാസിനൊപ്പം അയാള്‍ വാണു.
ബാവുട്ടിയുടെ താജ്മഹല്‍ നില്‍ക്കുന്ന സ്‌കൂള്‍മുക്ക് ഒരു സുപ്രഭാതത്തില്‍ അമ്പലമുക്ക് ആവുകയാണ്. സെവന്‍സ് കളിക്കുന്നതിനിടയില്‍ കുട്ടികള്‍ക്ക് കിട്ടിയ പഴയ കരിങ്കല്‍ശില്‍പം ദേവീവിഗ്രഹമായി മാറിയതോടെ നാട് ഭക്തിയുടെ പിടിയിലായി. എണ്ണ, തിരി, കര്‍പ്പൂരം, ദേവീദേവന്മാരുടെ ചില്ലിട്ട ഫോട്ടോകള്‍ എന്നിവയെല്ലാമൊരുക്കി ബാവുട്ടിയുടെ താജ്മഹല്‍ ഒപ്പം ചേര്‍ന്നു. വിഗ്രഹാരാധനക്ക് വിഭവമൊരുക്കുന്ന അന്യമതസ്ഥന്‍ മതേതര പ്രതീകമായി. ഭക്തിക്കൊപ്പം അകലങ്ങളില്‍ നിന്ന് ‘അച്ചടക്ക സംഘങ്ങള്‍’ എത്തി. അവര്‍ സായാഹ്നങ്ങളെ ‘സത്സംഗം’ ശീലിപ്പിച്ചു.
ഒരു ദിവസം രാവിലെ കട തുറക്കാനെത്തുമ്പോള്‍ അടയാളം പോലുമില്ലാത്തവിധം താജ്മഹല്‍ പൊളിച്ചുമാറ്റപ്പെട്ടിരുന്നു. തകര്‍ക്കപ്പെട്ട താജ്മഹല്‍ സ്റ്റോര്‍ നിലനിന്നതിന് തെളിവുണ്ടോ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ‘ഒരു നാടുമുഴുവന്‍ സാക്ഷി പറയുമെന്ന്’ ബാവുട്ടിയുടെ മറുപടി. എന്നാല്‍, തിരിഞ്ഞുനോക്കുന്ന അയാള്‍ കാണുന്നത് ഒറ്റ രാത്രികൊണ്ട് ഉയര്‍ന്നുപൊങ്ങിയ പുതുപുത്തന്‍ സ്റ്റോറിലേക്കുള്ള നാട്ടുകാരുടെ നീക്കമാണ്. അതു കണ്ടു സ്തബ്ധനാവുന്നത് ബാവുട്ടി മാത്രമല്ല, നമ്മളോരോരുത്തരുമാണ്. സ്വാര്‍ത്ഥതയും ആര്‍ത്തിയും നമ്മെ നിസ്സഹായര്‍ക്കൊപ്പം നില്‍ക്കാന്‍ അനുവദിക്കുന്നില്ല. അവിടെ ബാവുട്ടി വീണു.
ഒന്നും ബാക്കിയില്ലാതെ നഷ്ടപ്പെട്ട ബാവുട്ടി ഒടുവില്‍ ഒരു യാത്രയ്‌ക്കൊരുങ്ങുന്നു. മുംതാസിന്റെ മോഹമായ വിഖ്യാത പ്രണയകൂടീരം താജ്മഹലിലേക്കുള്ള യാത്രയാണ്. ആഗ്രയിലേക്കുള്ള തീവണ്ടിയിലിരുന്നു കൈവീശി ലോകത്തോട് യാത്രപറയുമ്പോള്‍ ബാവുട്ടിയുടെ ആത്മഗതം അല്പം ഉച്ചത്തിലാണ് -‘സര്‍വശക്തനായ തമ്പുരാനേ, അവിടെയെത്തിച്ചേരും വരെയെങ്കിലും അതാരും പൊളിക്കാതെ കാക്കണേ…’ താജ്മഹലിനെക്കുറിച്ചുള്ള ബാവുട്ടിയുടെ ഈ ആത്മഗതം സമകാലിക സമൂഹത്തിന്റെ നേര്‍ക്കുള്ള ചൂണ്ടുപലകയാണ്. എല്ലാം തച്ചുതകര്‍ക്കാനും കൈവശപ്പെടുത്താനുമുള്ള ദുരയുടെ നേര്‍ക്കുള്ള ചൂണ്ടുപലക.
ലാളിത്യം മുഖമുദ്രയാക്കുമ്പോഴും അവതരണത്തിലെ പരീക്ഷണങ്ങള്‍ക്ക് പ്രശാന്ത് കുറവു വരുത്തിയിട്ടില്ല. സംഗീതത്തിലും പ്രകാശവിതാനത്തിലും രംഗവിധാനത്തിലുമെല്ലാം പ്രശാന്ത് ടച്ച് പ്രകടം. സ്‌കൂള്‍മുക്കില്‍ നിന്ന് മുംതാസിന്റെ കൈയും പിടിച്ച് ബാവുട്ടി നേരെ നടന്നു കയറുന്നത് ആസ്വാദകന്റെ മനസ്സിലേക്കാണ്. ജനപ്രിയ അഭിനേതാക്കളായ എസ്.പി.ശ്രീകുമാര്‍ ബാവുട്ടിയുടെയും സ്‌നേഹ ശ്രീകുമാര്‍ മുംതാസിന്റെയും വേഷങ്ങളിലെത്തുന്നു. റിഹേഴ്സല്‍ കണ്ടപ്പോള്‍ തന്നെ ബോദ്ധ്യമായി, മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവെയ്ക്കുന്നതെന്ന്. പക്ഷേ, കവിതയുടെ രൂപം അതേപടി നിലനിര്‍ത്താന്‍ ചിലയിടത്തെല്ലാം ബോധപൂര്‍വ്വം ശ്രമിച്ചിരിക്കുന്നത് ആസ്വാദനത്തില്‍ കല്ലുകടിയാവുന്നുണ്ട് എന്നതും പറയണം.
പ്രശാന്ത് നാരായണന്റെ നാടകങ്ങളില്‍ മുമ്പും അഭിനയിച്ചിട്ടുള്ളവരാണ് ശ്രീകുമാറും സ്നേഹയും. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകമനസില്‍ ഇടം കണ്ടെത്തിയ ശ്രീകുമാര്‍ സജീവ നാടകപ്രവര്‍ത്തകന്‍ കൂടിയാണ്. പ്രശാന്തിന്റെ തന്നെ ‘ഛായാമുഖി’യില്‍ ഹിഡുംബിയായി എത്തിയ സ്നേഹ തുടര്‍ന്ന് നിരവധി സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും വേഷമിട്ടു. ഇവര്‍ക്കൊപ്പം കളം പ്രവര്‍ത്തകരും കളം ആക്ടിങ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അരങ്ങിലെത്തുന്നുണ്ട്.
കളം ആക്ടിങ് സ്‌കൂളിന്റെ ബാനറില്‍ അണിയിച്ചൊരുക്കുന്ന ‘താജ്മഹലി’ന്റെ ആദ്യ അവതരണം മാര്‍ച്ച് 11ന് നടക്കും. സൂര്യ കള്‍ച്ചറല്‍ സൊസൈറ്റിയുടെയും പ്രസാധകന്‍ മാസികയുടെയും സഹകരണത്തോടെ തിരുവനന്തപുരം തൈക്കാട് ഗണേശത്തിലാണ് ‘താജ്മഹല്‍’ അവതരിപ്പിക്കുന്നത്. വൈകുന്നേരം 6.45ന് ചലച്ചിത്രകാരന്‍ ശ്രീകുമാരന്‍ തമ്പി നാടകം ഉദ്ഘാടനം ചെയ്യും.
ഏതൊരു നാടകത്തിനു പിന്നിലും വലിയൊരു അദ്ധ്വാനമുണ്ട്. അതിന് വിലയുണ്ട്. ടിക്കറ്റെടുത്ത് നാടകം കാണുക, വിജയിപ്പിക്കുക.
അരങ്ങില്‍: സ്‌നേഹ ശ്രീകുമാര്‍, എസ്.പി.ശ്രീകുമാര്‍, റഫീഖ് പേരാമ്പ്ര, നിതിന്‍ മാധവ്, അഭിജിത്ത് രഞ്ജിത്ത്, വിനീത് കളം, എസ്.അരുണ്‍ കളം
കലാ സംവിധാനം: ബിജു ചക്കു വരയ്ക്കല്‍ / സഹായം: ശരത്
സംഗീതം: സാബു തോമസ്
പ്രകാശം: കണ്ണന്‍ കാമിയോ
വേഷം, ചമയം: ഭാനുമതി അജിത്ത്
പരസ്യം, ഡിസൈന്‍: ഭട്ടതിരി
വാര്‍ത്താവിതരണം, മേല്‍നോട്ടം: സിനോവ് സത്യന്‍
സംവിധാന സഹായം: അഭിജിത്ത് രഞ്ജിത്ത്, നിതിന്‍ മാധവ്
നിര്‍മ്മാണ നിയന്ത്രണം, ഏകോപനം, രംഗാധിപത്യം: കല സാവിത്രി
നിര്‍മ്മാണ സഹായം: ബോബി ചെമ്മണ്ണൂര്‍
സഹായം: പ്രസാധകന്‍ മാസിക
സംഘാടന സഹകരണം: സൂര്യ
നാടക രചന: കല സാവിത്രി, പ്രശാന്ത് നാരായണന്‍
രംഗപാഠം, സംവിധാനം: പ്രശാന്ത് നാരായണന്‍