HomeSPORTSവീണ്ടും ഒരു ല...

വീണ്ടും ഒരു ലോക കിരീടത്തിനായി

-

Reading Time: 4 minutes

ഇംഗ്ലണ്ടിലെ സൗതാംപ്ടണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെക്കുറിച്ച് ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയ്നിന്റെ പ്രവചനം കൗതുകപൂര്‍വ്വം കാണുകയായിരുന്നു -“ഇന്ത്യ തങ്ങളുടെ മികച്ചതിന്റെ അടുത്തെവിടെയെങ്കിലുമെത്തുന്ന പ്രകടനം കാഴ്ചവെയ്ക്കുകയാണെങ്കില്‍ അവര്‍ അനായാസം ജയിക്കും.” ആവേശം കൊള്ളാന്‍ വരട്ടെ. ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ തോല്പിച്ച ഏക ടീം കിവികളാണ്. നാട്ടില്‍ കെയ്ന്‍ വില്യംസണും സംഘവും വിരാട് കോഹ്ലിയെയും കൂട്ടരെയും 2-0ന് പറപ്പിച്ചു വിട്ടു. അപ്പോഴും ടെസ്റ്റ് ചരിത്രത്തില്‍ ന്യൂസീലന്‍ഡിനെക്കാള്‍ മികവ് ഇന്ത്യക്കാണ്. 59 തവണ കളിച്ചപ്പോള്‍ ഇന്ത്യ 21 തവണ ജയിച്ചു. ന്യൂസീലന്‍ഡിന് ജയിക്കാനായത് 12 തവണ. ശേഷിച്ച 28 ടെസ്റ്റുകള്‍ സമനിലയില്‍ കലാശിച്ചു. ഏറ്റവും ഒടുവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന 5 ടെസ്റ്റുകളിലും ഫലമുണ്ടായിട്ടുണ്ട്. 3-2 എന്ന നിലയില്‍ ഇന്ത്യയാണ് മുന്നില്‍.

കഴിഞ്ഞ 2 വര്‍ഷത്തിനിടെ ഏതാണ്ടെല്ലാ ടെസ്റ്റ് ടീമുകളും സ്വന്തം മണ്ണില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ വിദേശമണ്ണില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയവര്‍ ആരാണോ അവരാണ് മികച്ച ടീം. ഇന്ത്യ വിദേശ മണ്ണില്‍ കളിച്ച 3 പരമ്പരകളില്‍ 2 എണ്ണം ജയിച്ചു, 1 തോറ്റു. കഴിഞ്ഞ 2 വര്‍ഷത്തിനിടെ നാട്ടില്‍ ഇന്ത്യ ഒരു പരമ്പര പോലും തോറ്റിട്ടില്ല എന്നത് പ്രത്യേകം പറയണം. ആകെ 1 പരമ്പര തോറ്റത് വിദേശത്ത് ന്യൂസീലന്‍ഡിനോടാണ്. അങ്ങനെ വരുമ്പോള്‍ ഇന്ത്യക്കാണ് കൂടുതല്‍ സാദ്ധ്യത കല്പിക്കപ്പെടുന്നത്. ആത്മവിശ്വാസത്തിന്റെ കൂമ്പാരമാണ് ഈ ഇന്ത്യന്‍ ടീം എന്നതും ഒരു സവിശേഷതയാണ്.

2019 പകുതിയില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ച ശേഷം നടന്ന 5 പരമ്പരകളില്‍ 4 എണ്ണവും കിവികള്‍ ജയിച്ചു. ഇന്ത്യ, വിന്‍ഡീസ്, പാകിസ്താന്‍, ഇംഗ്ലണ്ട് എന്നിവരോട് ജയിച്ചപ്പോള്‍ തോറ്റത് ഓസ്ട്രേലിയയോടു മാത്രം. 2020 ജനുവരിക്കു ശേഷം ഒരു ടെസ്റ്റു പോലും ന്യൂസീലന്‍ഡ് തോറ്റിട്ടില്ല എന്നത് എടുത്തുപറയണം. ഈ അപരാജിത കുതിപ്പില്‍ 2020 ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെ നേടിയ 2-0 പരമ്പര നേട്ടവും ഉള്‍പ്പെടുന്നു.

വിരാട് കോഹ്ലിയും കെയ്ന്‍ വില്യംസണും

ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിവികള്‍ സ്ഥാനം നേടിയതിനു പിന്നില്‍ ഭാഗ്യത്തിന്റെ അകമ്പടിയുണ്ട്. ഈ വര്‍ഷാരംഭത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ നിന്ന് ഓസ്ട്രേലിയ പിന്‍വാങ്ങിയതുകൊണ്ടു മാത്രമാണ് ന്യൂസീലന്‍ഡിന് ഫൈനല്‍ അവസരം ലഭിച്ചത്. പക്ഷേ, ഇക്കാര്യം ന്യൂസീലന്‍ഡ് കൈവരിച്ച പുരോഗതിയെ കുറച്ചുകാട്ടുന്നില്ല. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നിങ്ങനെ വിവിധ തലങ്ങളിലെ അന്താരാഷ്ട്ര മത്സരങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ ഏറ്റവും സ്ഥിരതയുള്ള ടീം ഇന്ത്യ തന്നെയാണ്. ഏറ്റവും പുരോഗതി കൈവരിച്ച ടീം ന്യൂസീലന്‍ഡും.

ഓള്‍റൗണ്ട് പ്രകടനമികവിലൂടെ ജയം നേടുക എന്നതു തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം. ടോസ് നേടി മികച്ചൊരു ടോട്ടല്‍ പടുത്തുയര്‍ത്തുക, അതിനു ശേഷം ബൗളിങ് മികവില്‍ മേല്‍ക്കൈ നേടുക. 3 സീമര്‍മാരും 2 സ്പിന്നര്‍മാരും അടങ്ങുന്ന ബൗളിങ് ആക്രമണമാണ് ഇന്ത്യ അണിനിരത്തുക എന്നാണ് സൂചന. മറുഭാഗത്ത് ന്യൂസീലന്‍ഡ് തന്ത്രം കേന്ദ്രീകരിക്കുന്നത് അവരുടെ ബൗളിങ് കരുത്തിലാണ്. സീമര്‍മാരെ സഹായിക്കുന്ന പിച്ചില്‍ ടോസ് നേടി ബൗള്‍ ചെയ്ത് ഇന്ത്യയെ ചെറിയ സ്കോറില്‍ ചുരുട്ടിക്കൂട്ടുകയാണ് ലക്ഷ്യം. അതിനു കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയുടെ 2 ലോകോത്തര സ്പിന്നര്‍മാര്‍ തങ്ങളെ കശാപ്പുചെയ്യും എന്നവര്‍ ഭയക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ടോസ് വളരെ നിര്‍ണ്ണായകമാണ്, കുറഞ്ഞപക്ഷം കിവികളെ സംബന്ധിച്ചിടത്തോളമെങ്കിലും. സമീപകാലത്തെല്ലാം ടോസില്‍ കോഹ്ലിക്കെതിരെ ഭാഗ്യം വില്യംസണെ തുണച്ചു എന്നത് ഇത്തരമൊരു കേളീപദ്ധതി തയ്യാറാക്കാന്‍ ന്യൂസീലന്‍ഡിന് ആത്മവിശ്വാസം പകരുന്നുണ്ട്.

ന്യൂസീലന്‍ഡ് നിരയില്‍ ഇന്ത്യക്കെതിരെ ഇതുവരെ ഏറ്റവുമധികം റണ്‍സ് നേടിയത് റോസ് ടെയ്ലറാണ് -14 ടെസ്റ്റില്‍ 812 റണ്‍സ്. ബൗളര്‍മാരുടെ കൂട്ടത്തില്‍ 39 വിക്കറ്റുള്ള ടീം സൗത്തിയാണ് മുന്നില്‍. ഇന്ത്യന്‍ നിരയില്‍ മുന്നിലുള്ള ബാറ്റ്സ്മാനെക്കുറിച്ച് സംശയമൊന്നുമില്ല -9 ടെസ്റ്റില്‍ 773 റണ്‍സ് നേടിയ കോഹ്ലി തന്നെ. 23 കിവി വിക്കറ്റുകള്‍ കീശയിലുള്ള മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുമ്പന്‍.

ഈ മത്സരത്തില്‍ നിര്‍ണ്ണായകമാവുക ക്യാപ്റ്റന്മാരുടെ പ്രകടനം കൂടിയാവും എന്നതുറപ്പ്. ക്യാപ്റ്റന്മാരെ താരതമ്യം ചെയ്യുമ്പോള്‍ പതിവു ക്ലീഷേ കടന്നുവരുന്നു. ഒരാള്‍ തീക്കനലാണെങ്കില്‍ മറ്റെയാള്‍ മഞ്ഞുകട്ടയാണ്. പിശകു വരുത്തിയാല്‍ വിരാട് കോഹ്ലി തിളച്ചുമറിയും. മറുഭാഗത്ത് ഒരോവറില്‍ ജയിക്കാന്‍ 32 റണ്‍സ് വേണമെന്നാണ് സ്ഥിതിയെങ്കിലും കെയ്ന്‍ വില്യംസണിന്റെ മുഖത്ത് ശാന്തത തന്നെയായിരിക്കും.

കളി നിഷ്പക്ഷ വേദിയിലാണ്. നാട്ടിലേതിനു സമാനമായ സാഹചര്യത്തില്‍ കളിക്കുന്നു എന്നത് കിവികള്‍ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. എന്നാല്‍, നാട്ടിലേതെന്നല്ല ഏതു സാഹചര്യത്തിലും കളിക്കാനുള്ള ശേഷി കൈവരിച്ചിരിക്കുന്നു എന്നത് ഇന്ത്യയുടെ ബലമാണ്.

ടീം ഇന്ത്യ

വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചെതേശ്വര്‍ പുജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

ടീം ന്യൂസീലന്‍ഡ്

കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ടോം ലാഥം (വൈസ് ക്യാപ്റ്റന്‍), ഡെവണ്‍ കോണ്‍വേ, റോസ് ടെയ്ലര്‍, ഹെന്റി നിക്കോള്‍സ്, വില്‍ യങ്, ബി.ജെ.വാട്ട്ലിങ്, ടോം ബ്ലണ്ടല്‍, കോളിന്‍ ദ ഗ്രാന്‍ഡോം, കൈല്‍ ജാമിസണ്‍, ടിം സൗത്തി, നീല്‍ വാഗ്നര്‍, അജാസ് പട്ടേല്‍, ട്രെന്‍റ് ബോള്‍ട്ട്, മാറ്റ് ഹെന്റി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസ് 2019

ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ പരമ്പര വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു. വന്‍ മാര്‍ജിനില്‍ വിന്‍ഡീസിനെ അവരുടെ നാട്ടില്‍ തോല്പിച്ച ഇന്ത്യ പരമ്പര തൂത്തുവാരി. 2 മത്സരങ്ങളുള്ള ആ പരമ്പരയില്‍ നിന്ന് 120 പോയിന്റുകള്‍ ഇന്ത്യ വാരിക്കൂട്ടി.

ദക്ഷിണാഫ്രിക്ക 2019 ഫ്രീഡം ട്രോഫി

അടുത്ത പരമ്പര നാട്ടിലായിരുന്നു, എന്നാല്‍ ഫലം ചാമ്പ്യന്‍ഷിപ്പിലെ അന്യനാട്ടിലെ ആദ്യ പരമ്പരയിലേതിനു സമാനം. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ദക്ഷിണാഫ്രിക്കയെ 3-0ന് തകര്‍ത്ത് വൈറ്റ് വാഷ് പൂര്‍ത്തിയാക്കി. രണ്ടാം പരമ്പരയിലും ഇന്ത്യയുടെ സമ്പാദ്യം 120 പോയിന്റ്.

ബംഗ്ലാദേശ് 2019 ഗാംഗുലി -ദുര്‍ജോയ് ട്രോഫി

നാട്ടില്‍ മൂന്നാമത്തെ പരമ്പരയായിരുന്നു ബംഗ്ലാദേശിനെതിരായത്. ആദ്യ 2 പരമ്പരകളിലെ പോലെ ജയവുമായി ടീം ഇന്ത്യ ഇരമ്പിയാര്‍ത്തു പോയി. 2-0ന് പരമ്പര ജയിച്ച് 120 പോയിന്റും കീശയിലാക്കി. ഇന്ത്യയുടെ ആദ്യ പിങ്ക് ബാള്‍ ടെസ്റ്റ് ഈ പരമ്പരയിലായിരുന്നു.

ന്യൂസീലന്‍ഡ് 2020

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ വിദേശ പരമ്പരയായിരുന്നു ന്യൂസീലന്‍ഡിനെതിരായത്. 2-0 ഇന്ത്യയെ തോല്പിച്ച ന്യൂസിലന്‍ഡിന്റെ വക വൈറ്റ് വാഷ്‌. എന്തായാലും ഇന്ത്യയുടെ ആകെ പോയിന്റ് 360ല്‍ തുടര്‍ന്നു.

ഓസ്ട്രേലിയ 2020-21 ബോര്‍ഡര്‍ -ഗാവസ്കര്‍ ട്രോഫി

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ എല്ലാക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന ഒരു പരമ്പര വിജയമാണ് കങ്കാരുക്കള്‍ക്കെതിരെ നേടിയത്. പ്രധാന താരങ്ങളുടെ പരിക്ക് അടക്കം പല വിധത്തിലുള്ള പ്രതിസന്ധികള്‍ മറികടന്ന് ഓസ്ട്രേലിയയെ 2-1നു തോല്പിച്ചു. 4 മത്സരങ്ങളുടെ പരമ്പരയില്‍ നിന്ന് ഇന്ത്യ 70 പോയിന്റുകള്‍ നേടി.

ഇംഗ്ലണ്ട് 2021 ആന്തണി ഡി മെല്ലോ ട്രോഫി

പരമ്പര തുടങ്ങുമ്പോള്‍ ഇരു ടീമുകള്‍ക്കും ഫൈനല്‍ സാദ്ധ്യത. തിരികെ നാട്ടിലെത്തിയ ശേഷമുള്ള ആദ്യ മത്സരത്തില്‍ ഇന്ത്യ 227 റണ്‍സിനു തോറ്റു. എന്നാല്‍ ശക്തമായി തിരിച്ചുവന്ന ടീം ഇന്ത്യ അടുത്ത 3 മത്സരങ്ങളും തുടര്‍ച്ചായി ജയിച്ച് ഇംഗ്ലണ്ടില്‍ തന്നെ നടക്കുന്ന ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് അര്‍ഹത നേടി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ 520 പോയിന്റുമായാണ് ഒന്നാം സ്ഥാനക്കാരയത്. രണ്ടാം സ്ഥാനക്കാരായി ഫൈനലിനെത്തുന്ന ന്യൂസീലന്‍ഡിനെക്കാള്‍ 100 പോയിന്റ് കൂടുതല്‍.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights