ഇന്ത്യ എന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്. ലോകത്ത് 196 രാഷ്ട്രങ്ങളുള്ളതില്‍ 123 എണ്ണം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. അതില്‍ ഏറ്റവും വലുത് ഇന്ത്യ തന്നെ. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. അമേരിക്കയില്‍ ഇപ്പോഴുള്ള 14,63,11,000 വോട്ടര്‍മാരുടെ അഞ്ചര ഇരട്ടി, അതായത് 81,45,00,000 വോട്ടര്‍മാര്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയിലുണ്ടെന്നോര്‍ക്കുക. പക്ഷേ, എത്ര ലളിതമായ പ്രക്രിയയിലൂടെയാണ് ഇന്ത്യയിലെ പുതിയ സര്‍ക്കാരിനെയും അതിനെ നയിക്കുന്ന പ്രധാനമന്ത്രിയെയും തിരഞ്ഞെടുക്കുന്നത്. ഇതിനു നേര്‍ വിപരീതമാണ് അമേരിക്ക. അവിടത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ പി.എച്ച്.ഡി. പ്രബന്ധം തയ്യാറാക്കുന്നതു പോലുള്ള പരിശ്രമം വേണം.
പത്രപ്രവര്‍ത്തനം 20-ാം വര്‍ഷത്തിലേക്കു കടക്കുകയാണ്. ഇതിനിടെ ന്യൂസ് ഡെസ്‌കില്‍ ജോലി ചെയ്യുന്ന കാലയളവില്‍ 2000, 2004, 2012 വര്‍ഷങ്ങളിലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ വാര്‍ത്തയാക്കാനുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാല്‍, ഈ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ആദ്യത്തെ തവണ, 2000ല്‍ തന്നെ മനസ്സില്‍ കയറിക്കൂടിയ ആശയക്കുഴപ്പം ഇന്നും മാറിയിട്ടില്ല. ആ തിരഞ്ഞെടുപ്പില്‍ ജയിച്ചുവെന്ന് ഞാനടക്കം എല്ലാവരും ഉറപ്പിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അല്‍ ഗോര്‍, ഫ്‌ളോറിഡ എന്ന ഒറ്റ സംസ്ഥാനത്തെ ഫലത്തിലൂടെ പരാജിതനായി. അന്നു പ്രസിഡന്റായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ് വാക്കര്‍ ബുഷിന്റെ സഹോദരന്‍ ജെബ് ബുഷ് ഫ്‌ളോറിഡയില്‍ ഗവര്‍ണ്ണറായിരുന്നു. സഹോദരനു വേണ്ടി ജെബ് നടത്തിയ അട്ടിമറിയാണ് അന്തിമ ഫലത്തെ സ്വാധീനിച്ചതെന്ന് വ്യക്തമാവുകയും ചെയ്തു. പക്ഷേ, കൂടുതല്‍ ഇലക്ടറല്‍ വോട്ടുകള്‍ നേടി പ്രസിഡന്റായ ജോര്‍ജ്ജ് ബുഷ് 2004ല്‍ ഒരിക്കല്‍ക്കൂടി വിജയിച്ചു. ആ 8 വര്‍ഷങ്ങള്‍ കൊണ്ട് ടിയാന്‍ ലോകത്തെ കുട്ടിച്ചോറാക്കിയെന്നത് പില്‍ക്കാല ചരിത്രം.
ഗോറിനെ ബുഷ് തോല്‍പ്പിച്ചതിലെ ആശയക്കുഴപ്പം വ്യക്തമാക്കാം. ജനങ്ങളില്‍ നിന്ന് നേരിട്ട് കൂടുതല്‍ വോട്ടു നേടിയത് അല്‍ ഗോറാണ് -5,09,99,897. പോള്‍ ചെയ്തതിന്റെ 48.4 ശതമാനം വോട്ട്. ബുഷിന് കിട്ടിയത് 47.9 ശതമാനം വോട്ട് മാത്രം -5,04,56,002. ഗോര്‍ 5,43,895 വോട്ട് അധികം നേടിയിട്ടും തോറ്റു. കാരണം സാധാരണ ജനങ്ങള്‍ നേരിട്ടല്ല അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. അവര്‍ ഇലക്ടറല്‍ കോളേജിനെയാണ് നിശ്ചയിക്കുന്നത്. അങ്ങനെ ബുഷിന് 271 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ കിട്ടിയപ്പോള്‍ ഗോറിന് 266 മാത്രം. 5 വോട്ട് ഭൂരിപക്ഷത്തില്‍ ബുഷ് ജയിച്ചു.
അന്തിമഫലത്തില്‍ ഫ്‌ളോറിഡയ്ക്കുണ്ടായിരുന്ന പ്രാധാന്യം പറയാം. ഫ്‌ളോറിഡയില്‍ 25 ഇലക്ടറല്‍ കോളേജ് വോട്ടുകളാണുള്ളത്. ജനങ്ങളില്‍ നിന്ന് നേരിട്ടുള്ള വോട്ടുകള്‍ കൂടുതല്‍ നേടുന്നവര്‍ക്ക് ആ വോട്ടുകള്‍ ലഭിക്കും. ബുഷിന് ജനങ്ങളുടെ 29,12,790 വോട്ട് ലഭിച്ചപ്പോള്‍ ഗോറിന് 29,12,253 വോട്ട് മാത്രം. ഫ്‌ളോറിഡയില്‍ അധികം നേടിയ വെറും 537 വോട്ടുകളാണ് ബുഷിനെ പ്രസിഡന്റാക്കിയത് എന്നര്‍ത്ഥം. അതിലൂടെ ഫ്‌ളോറിഡയിലെ 25 വോട്ടുകളും അന്തിമവിജയവും ബുഷ് കീശയിലാക്കി. 5,43,895ന്റെ ഭൂരിപക്ഷം വെറും 537നു മുന്നില്‍ മുങ്ങിപ്പോയി! ഇതിന്റെ ലോജിക്ക് എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല. എന്തിനാണ് ഇലക്ടറല്‍ കോളേജ്? ജനങ്ങള്‍ നേരിട്ടു ചെയ്യുന്ന വോട്ട് കൂട്ടിയാല്‍പ്പോരെ? ഇന്ത്യയിലൊക്കെ അങ്ങനെയല്ലേ? അതല്ലേ ശരി?
2016 അമേരിക്കയില്‍ തിരഞ്ഞെടുപ്പ് വര്‍ഷമാണ്. മത്സരരംഗത്ത് 22 സ്ഥാനാര്‍ത്ഥികളുണ്ട്. അവിടെ വോട്ട് ചെയ്യുന്ന ഒരാളില്‍ നിന്ന് തിരഞ്ഞെടുപ്പ് പ്രക്രിയ മനസ്സിലാക്കാന്‍ ശ്രമിച്ചു. സുഹൃത്തായ പ്രേം മേനോന്‍ അവനറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു തന്നു. അത് ഇവിടെ പങ്കിടുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് പ്രധാന മത്സരം. മറ്റുള്ളവര്‍ക്ക് കാര്യമായ സ്വാധീനം ചെലുത്താനാവുമെന്ന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പോലും വിശ്വസിക്കുന്നില്ല.
അമേരിക്കക്കാര്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമ്പോള്‍ ഒരു രാഷ്ട്രത്തലവനെ മാത്രമല്ല അവര്‍ നിശ്ചയിക്കുന്നത്. ഭരണത്തലവനെയും ലോകത്തെ ഏറ്റവും വലിയ സൈന്യത്തിന്റെ സര്‍വ്വസൈന്യാധിപനെയുമാണ്. അതു വലിയൊരു ഉത്തരവാദിത്വമാണ്. ആര്‍ക്കാണ് അമേരിക്കന്‍ പ്രസിഡന്റാവാന്‍ സാധിക്കുക? അമേരിക്കയില്‍ തന്നെ ജനിച്ച് വളര്‍ന്ന, 35 വയസ്സുള്ള അമേരിക്കന്‍ പൗരനു മാത്രമേ പ്രസിഡന്റായി മത്സരിക്കാന്‍ പറ്റൂ. അമേരിക്കയിലെ സ്വാഭാവിക പൗരനായാല്‍ മാത്രം പോരാ, 14 വര്‍ഷമായി തുടര്‍ച്ചയായി അമേരിക്കയില്‍ താമസമായിരിക്കുകയും വേണം. മറുനാട്ടില്‍ നിന്നു കുടിയേറി പൗരത്വം നേടിയ പ്രേമിനെപ്പോലുള്ളവര്‍ക്കു സാധിക്കില്ലെന്നര്‍ത്ഥം. 1933നു ശേഷം അമേരിക്കയില്‍ പ്രസിഡന്റായ എല്ലാവരും നേരത്തേ ഗവര്‍ണ്ണറോ, സെനറ്ററോ, പഞ്ചനക്ഷത്രധാരിയായ സൈനിക ജനറലോ ഒക്കെ ആയിരുന്നു. അതായത്, സ്ഥാനാര്‍ത്ഥിയാവാനുള്ള പാര്‍ട്ടി നാമനിര്‍ദ്ദേശം ലഭിക്കുന്നതിനും മാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രമാവുന്നതിനും എത്രയോ മുമ്പ് തയ്യാറെടുപ്പ് തുടങ്ങുന്നു എന്നര്‍ത്ഥം.
ഓരോ സംസ്ഥാനത്തിനും ജനസംഖ്യാനുപാതികമാണ് ഇലക്ടറല്‍ കോളേജ് അംഗത്വം. എല്ലാം സംസ്ഥാനങ്ങളും തുല്യരല്ല എന്നു സാരം. കണറ്റികട്ടിനെക്കാള്‍ പത്തിരട്ടി ജനങ്ങളുള്ള കാലിഫോര്‍ണിയയ്ക്ക് ഇല്കടറല്‍ കോളേജിലും ആനുപാതികമായ പ്രാതിനിധ്യമുണ്ടാവും. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 538 പേരുള്ള ഇലക്ടറല്‍ കോളേജാണ് അമേരിക്കന്‍ പ്രസിഡന്റിനെ നിശ്ചയിക്കുക. പ്രസിഡന്റാവാന്‍ 270 വോട്ട് മതി. ഓരോ സംസ്ഥാനത്തു നിന്നും ഓരോ പാര്‍ട്ടിയുടെ പേരില്‍ ജയിച്ചു വരുന്ന ഇലക്ടറല്‍ കോളേജ് പ്രതിനിധികള്‍ ആ പാര്‍ട്ടിക്കു തന്നെ വോട്ടു ചെയ്യുമെന്നാണ് വിശ്വാസം. എന്നാല്‍, ഇതില്‍ നിന്നു വ്യതിചലിച്ച അവസരങ്ങള്‍ ചിലപ്പോഴെല്ലാം ഉണ്ടായിട്ടുണ്ട്. അതിനാല്‍ 2000ലേതു പോലെ നേരിയ വ്യത്യാസം മാത്രമാണെങ്കില്‍ എന്തും സംഭവിക്കാം. ഇലക്ടറല്‍ കോളേജ് അംഗങ്ങള്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും വെവ്വേറെ വോട്ടു ചെയ്യണം.
ഇലക്ടറല്‍ കോളേജിനെ നിശ്ചയിക്കാന്‍ നവംബര്‍ 8ന് വോട്ടെടുപ്പ് നടക്കും. ഒരു സംസ്ഥാനത്ത് ഏതു സ്ഥാനാര്‍ത്ഥിക്കാണോ കൂടുതല്‍ വോട്ടുകള്‍ കിട്ടുന്നത്, ആ സ്ഥാനാര്‍ത്ഥിയെ ബന്ധപ്പെട്ട സംസ്ഥാനം ഒന്നടക്കം പിന്തുണയ്ക്കുന്നതായി കണക്കാക്കുന്നതാണ് ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും രീതി. അവിടത്തെ മുഴുവന്‍ ഇലക്ടറല്‍ കോളേജ് വോട്ടും ആ സ്ഥാനാര്‍ത്ഥിക്കു കിട്ടും എന്നര്‍ത്ഥം. 2000ല്‍ നേരിയ ഭൂരിപക്ഷത്തിനു ഫ്‌ളോറിഡ പിടിച്ച ബുഷ് അവിടത്തെ 25 ഇലക്ടറല്‍ കോളേജ് വോട്ടും കീശയിലാക്കിയത് ഉദാഹരണം. ഫ്‌ളോറിഡയില്‍ ഇപ്പോള്‍ 29 വോട്ടുകളുണ്ട്. അതുപോലെ, ന്യുയോര്‍ക്കില്‍ ജയിക്കുന്ന കക്ഷിക്കും 29 വോട്ടുകളാണ് ഒറ്റയടിക്ക് ലഭിക്കുക. ഇലക്ടറല്‍ കോളേജിലെ ഏറ്റവും വലിയ പ്രാതിനിധ്യം കാലിഫോര്‍ണിയയില്‍ നിന്നാണ് -55 വോട്ട്.
50 സംസ്ഥാനങ്ങളും തലസ്ഥാനമായ വാഷിങ്ടണ്‍ അടങ്ങുന്ന കൊളംബിയ ഡിസ്ട്രിക്ടും ഉള്‍പ്പെടുന്നതാണ് അമേരിക്കന്‍ ഐക്യനാടുകള്‍ അഥവാ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക. അതു പ്രകാരം 51 ഭാഗങ്ങളായാണ് ഇലക്ടറല്‍ കോളേജിനെ നിശ്ചയിക്കുക. ഇലക്ടറല്‍ കോളേജിലെ അംഗബലം ഇങ്ങനെ.
1. കാലിഫോര്‍ണിയ -55
2. ടെക്‌സസ് -38
3. ഫ്‌ളോറിഡ -29
4. ന്യുയോര്‍ക്ക് -29
5. ഇല്ലിനോയി -20
6. പെന്‍സില്‍വേന്യ -20
7. ഒഹായൊ -18
8. ജോര്‍ജ്യ -16
9. മിഷിഗണ്‍ -16
10. നോര്‍ത്ത് കരൊലൈന -15
11. ന്യു ജേഴ്‌സി -14
12. വെര്‍ജീന്യ -13
13. വാഷിങ്ടണ്‍ -12
14. എരിസോണ -11
15. ഇന്‍ഡിയാന -11
16. മാസച്ചുസെറ്റ്‌സ് -11
17. ടെന്നസീ -11
18. മെരിലന്‍ഡ് -10
19. മിനസ്സോട -10
20. മിസോറി -10
21. വിസ്‌കോന്‍സിന്‍ -10
22. അലബാമ -9
23. കൊളറാഡോ -9
24. സൗത്ത് കരൊലൈന -9
25. കെന്റക്കി -8
26. ലൂയിസിയാന -8
27. കണറ്റികട്ട് -7
28. ഓക്ലഹോമ -7
29. ഓറിഗന്‍ -7
30. ആര്‍കന്‍സാ -6
31. അയൊവ -6
32. കാന്‍സസ് -6
33. മിസിസിപ്പി -6
34. നെവാഡ -6
35. യൂറ്റാഹ് -6
36. നെബ്രാസ്‌ക -5
37. ന്യു മെക്‌സിക്കോ -5
38. വെസ്റ്റ് വെര്‍ജീന്യ -5
39. ഹവായ് -5
40. ഐഡഹോ -5
41. മെയ്ന്‍ -5
42. ന്യുഹാംഷേര്‍ -5
43. റോഡ് ഐലന്‍ഡ് -5
44. അലാസ്‌ക -3
45. ഡെലവേര്‍ -3
46. കൊളംബിയ ഡിസ്ട്രിക്ട് -3
47. മോണ്ടാന -3
48. നോര്‍ത്ത് ഡക്കോട -3
49. സൗത്ത് ഡക്കോട -3
50. വെര്‍മോണ്ട് -3
51. വയോമിങ് -3
ജയിക്കുന്ന സ്ഥാനാര്‍ത്ഥി മുഴുവന്‍ ഇലക്ടറല്‍ കോളേജ് വോട്ടുകളും ലഭിക്കാത്ത 2 സംസ്ഥാനങ്ങളാണുള്ളത് -മെയ്‌നും നെബ്രാസ്‌കയും. അവര്‍ കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ട് രീതിയാണ് പിന്തുടരുന്നത്. ഓരോ കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടിലെയും പോപ്പുലര്‍ വോട്ട് പരിഗണിച്ച് അവിടെ നിന്നുള്ള പ്രതിനിധിയെ തിരഞ്ഞെടുക്കും. സംസ്ഥാനമൊട്ടാകെയുള്ള പോപ്പുലര്‍ വോട്ട് കണക്കാക്കി, മറ്റു സംസ്ഥാനങ്ങള്‍ ചെയ്യുന്ന രീതിയില്‍ ബാക്കി 2 പേരെയും തിരഞ്ഞെടുക്കും. ഉദാഹരണത്തിന് നെബ്രാസ്‌ക മൊത്തത്തിലെടുക്കുമ്പോള്‍ പോപ്പുലര്‍ വോട്ട് ഹിലരിക്കാണെങ്കില്‍ അവര്‍ക്ക് 2 വോട്ട് കിട്ടും. 3 കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടുകളില്‍ രണ്ടിടത്ത് ഭൂരിപക്ഷം ഹിലരിക്കും ഒരിടത്ത് ട്രംപിനുമാണെങ്കില്‍ ആ നിലയിലുള്ള 2 വോട്ട് ഹിലരിക്കും 1 വോട്ട് ട്രംപിനും പോകും. മൊത്തത്തില്‍ 4 ഹിലരിക്കും 1 ട്രംപിനും. മറ്റു സംസ്ഥാനങ്ങളിലെ നില വെച്ചു നോക്കിയാല്‍ ആകെയുള്ള 5 വോട്ടും ഹിലരിക്കു പോകണം. ഇവിടെ രണ്ടിടത്തും അത്തരത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്കു പൂര്‍ണ്ണ മേല്‍ക്കൈ ലഭിക്കില്ല.
270 എന്ന മാന്ത്രികസംഖ്യയില്‍ തൊടാനുള്ള നെട്ടോട്ടത്തില്‍ ചാഞ്ചാടി നില്‍ക്കുന്ന സംസ്ഥാനങ്ങളുടെ നിലപാടാണ് നിര്‍ണ്ണായകമാവുക. ചില സംസ്ഥാനങ്ങള്‍ ചില കക്ഷികള്‍ നേരത്തേ തന്നെ ഉറപ്പിച്ചിട്ടുണ്ട്. ടെക്‌സസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമാണ്. അവിടെ പ്രചാരണത്തിന് വലിയ തുക ഇരു കക്ഷികളും ചെലവഴിക്കില്ല. ചെലവഴിച്ചിട്ട് കാര്യമില്ല, അത്ര തന്നെ. ഇതുപോലെ ഡെമോക്രാറ്റുകളുടെ ശക്തി കേന്ദ്രമാണ് ഇലക്ടറല്‍ കോളേജിലേക്ക് ഏറ്റവും വലിയ സംഘത്തെ അയയ്ക്കുന്ന കാലിഫോര്‍ണിയ. ഇത്തരത്തില്‍ ഒരു പക്ഷത്തോടും പ്രത്യേക മമതയില്ലാത്ത സംസ്ഥാനങ്ങളെ ചാഞ്ചാടികള്‍ എന്നു വിളിക്കും. ഫ്‌ളോറിഡയെ ഈ ഗണത്തില്‍പ്പെടുത്താം. ഒഹായൊ, വെര്‍ജീന്യ, കൊളറാഡോ, നോര്‍ത്ത് കരൊലൈന, നെവാഡ എന്നിവയാണ് ചാഞ്ചാടികളുടെ ഗണത്തില്‍പ്പെടുന്ന മറ്റു പ്രധാന സംസ്ഥാനങ്ങള്‍.
വോട്ടെടുപ്പിനു ശേഷം ഡിസംബര്‍ 13 ആകുമ്പോഴേക്കും സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇലക്ടറല്‍ കോളേജ് അംഗങ്ങളുടെ പട്ടിക തയ്യാറാകും. ഈ ഇലക്ടറല്‍ കോളേജ് അംഗങ്ങള്‍ ഡിസംബര്‍ 19ന് അതത് സംസ്ഥാനങ്ങളില്‍ തന്നെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യും. 2017 ജനുവരി 6ന് യു.എസ്. കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തിലാണ് ഇലക്ടറല്‍ കോളേജ് വോട്ടെണ്ണല്‍ നടക്കുക. സെനറ്റിന്റെ അദ്ധ്യക്ഷനെന്ന നിലയില്‍ നിലവിലുള്ള വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ വോട്ടെണ്ണല്‍ പ്രക്രിയയ്ക്കു മേല്‍നോട്ടം വഹിക്കുകയും ഫലപ്രഖ്യാപനം നടത്തുകയും ചെയ്യും.
വോട്ടെടുപ്പിന്റെ ഫലം വ്യക്തമായാല്‍ പുതിയ പ്രസിഡന്റ് തന്റെ മന്ത്രിസഭയ്ക്കും പിന്തുടരുന്ന നയങ്ങള്‍ക്കും രൂപം നല്‍കാനുള്ള നടപടികള്‍ തുടങ്ങും. അതുവരെ എല്ലാമെല്ലാമായിരുന്ന നിലവിലെ പ്രസിഡന്റിന് പിന്നെ പെട്ടികള്‍ അടുക്കിപ്പെറുക്കാനുള്ള സമയമാണ്. ഇപ്പോഴിത് 8 വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന കലാപരിപാടിയായി മാറിയിട്ടുണ്ട്. അതായത് ഒരാള്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അയാള്‍ക്ക് ഒരവസരം കൂടി ലഭിക്കുന്ന സ്ഥിതിയുണ്ട്. 2008ല്‍ പ്രസിഡന്റായ ബരാക് ഹുസൈന്‍ ഒബാമ 2012ലും വിജയം ആവര്‍ത്തിച്ച് 8 വര്‍ഷം പൂര്‍ത്തിയാക്കിയാണ് പടിയിറങ്ങുന്നത്. 1981-89ല്‍ റൊണാള്‍ഡ് റീഗന്‍, 1993-2001ല്‍ ബില്‍ ക്ലിന്റണ്‍, 2001-2009ല്‍ ജോര്‍ജ്ജ് വാക്കര്‍ ബുഷ് എന്നിവരെല്ലാം സമീപകാലത്ത് ഒബാമയെപ്പോലെ 8 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയവരാണ്.
1989-1993 കാലയളവില്‍ പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷിനു മാത്രം രണ്ടാം തവണ മത്സരിച്ചപ്പോള്‍ അടിപതറി. പ്രസിഡന്റാവുന്നതിനു മുമ്പ് 1981-1989 കാലയളവില്‍ അദ്ദേഹം 8 വര്‍ഷം തുടര്‍ച്ചയായി വൈസ് പ്രസിഡന്റായിരുന്നു. അടുത്തിടെ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് പ്രസിഡന്റായ ഏക വ്യക്തിയും ജോര്‍ജ്ജ് ബുഷ് സീനിയര്‍ തന്നെ. ബില്‍ ക്ലിന്റണു കീഴില്‍ 8 വര്‍ഷം വൈസ് പ്രസിഡന്റായിരുന്ന അല്‍ ഗോര്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചപ്പോള്‍ പരാജയമായിരുന്നു വിധി, അതു കള്ളക്കളി ആയിരുന്നുവെങ്കിലും. പ്രസിഡന്റ് പദത്തില്‍ ജോര്‍ജ്ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷിനു നേടാന്‍ സാധിക്കാതെ പോയ 8 വര്‍ഷ കാലാവധി അദ്ദേഹത്തിന്റെ മകന്‍ ജോര്‍ജ്ജ് വാക്കര്‍ ബുഷ് സാധിച്ചു എന്നത് വേറെ കാര്യം. യു.എസ്. ഭരണഘടന അനുസരിച്ച് തിരഞ്ഞെടുപ്പിന്റെ അടുത്ത വര്‍ഷം ജനുവരി 20നാണ് പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുക. ഹിലരി ആയിരുന്നാലും ട്രംപ് ആയിരുന്നാലും സ്ഥാനമേല്‍ക്കുക 2017 ജനുവരി 20നായിരിക്കും എന്നര്‍ത്ഥം. 2021 ജനുവരി 19 വരെ കാലാവധിയുണ്ടാവും.
ഇന്ത്യയിലെ പോലെ യു.എസ്. കോണ്‍ഗ്രസ്സിനും 2 തട്ടുകളുണ്ട്. നമ്മുടെ രാജ്യസഭ പോലെയാണ് അമേരിക്കയിലെ സെനറ്റ്. ലോക്‌സഭ പോലെ അമേരിക്കന്‍ പ്രതിനിധി സഭയും. 6 വര്‍ഷത്തിലൊരിക്കല്‍ മൂന്നിലൊരു ഭാഗം അംഗങ്ങള്‍ വിരമിക്കുന്ന രാജ്യസഭയിലെ രീതി സെനറ്റിലുമുണ്ട്. ആകെയുള്ള വ്യത്യാസം സെനറ്റിലെ പ്രതിനിധികളെ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുന്നു എന്നതാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം എന്തായാലും അതിനൊപ്പം സെനറ്റിലെ ഒരു വിഭാഗം അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ നടക്കുന്ന വോട്ടെടുപ്പ് നിര്‍ണ്ണായകമാണ്. 100 അംഗങ്ങളുള്ള സെനറ്റ് ചേംബറില്‍ നിലവില്‍ 54 സീറ്റുള്ള റിപ്പബ്ലിക്കന്‍ കക്ഷിക്കാണ് ഭൂരിപക്ഷം. ഇപ്പോള്‍ 34 സീറ്റുകളിലാണ് പുതിയ സെനറ്റര്‍മാര്‍ വരിക. ഇതില്‍ 24 സീറ്റുകളില്‍ റിപ്പബ്ലിക്കന്മാരും 10 സീറ്റുകളില്‍ ഡെമോക്രാറ്റുകളുമാണ് നിലവില്‍ അംഗങ്ങള്‍. ഇതോടെ സെനറ്റിലെ അംഗസംഖ്യ ഡെമോക്രാറ്റുകള്‍ 35, റിപ്പബ്ലിക്കന്മാര്‍ 30 എന്നായിട്ടുണ്ട്. 1 സ്വതന്ത്രന്റെ പിന്തുണയും ഡെമോക്രാറ്റുകള്‍ക്കുണ്ട്. ഹിലരി പ്രസിഡന്റാവുകയാണെങ്കില്‍ ഡെമോക്രാറ്റുകള്‍ക്ക് സെനറ്റിലെ 51 എന്ന സംഖ്യ പിടിക്കാന്‍ നിലവിലുള്ളതില്‍ നിന്ന് 5 സീറ്റുകളില്‍ അധികം മേല്‍ക്കൈ നേടണം.
നമ്മുടെ ലോക്‌സഭയ്ക്കു സമാനമായ യു.എസ്. പ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും നവംബര്‍ 8ന് തന്നെയാണ് വോട്ടെടുപ്പ്. നിലവിലെ സഭയില്‍ റിപ്പബ്ലിക്കന്‍ കക്ഷിക്ക് 247 സീറ്റുകളുമായി നല്ല ഭൂരിപക്ഷമുണ്ട്. ഡെമോക്രാറ്റുകള്‍ക്ക് 188 സീറ്റുകളാണുള്ളത്. പ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് പിടിച്ചെടുക്കണമെങ്കില്‍ 32 സീറ്റുകള്‍ അധികം നേടണം. ഇത്രയും വലിയൊരു വോട്ടുമാറ്റത്തിന് സാദ്ധ്യതയില്ല എന്നു തന്നെയാണ് വിലയിരുത്തല്‍.
സെനറ്റിലും പ്രതിനിധി സഭയിലും ഭൂരിപക്ഷമില്ലാത്ത ഡെമോക്രാറ്റിക് കക്ഷിയുടെ നേതാവാണ് നിലവില്‍ പ്രസിഡന്റായ ബരാക് ഹുസൈന്‍ ഒബാമ. പാര്‍ലമെന്റിന്റെ പിന്തുണയില്ലാത്ത പ്രസിഡന്റ്! അമേരിക്കയില്‍ മാത്രമുള്ള പ്രതിഭാസമാണിത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങളെല്ലാം കൈമാറിയിട്ട് പ്രേം പറഞ്ഞ ഒരു കാര്യമുണ്ട് -‘Hope this helps. Some things I don’t understand either!!’ അതെ ചില കാര്യങ്ങള്‍ അമേരിക്കന്‍ പൗരന്മാര്‍ക്കു തന്നെ മനസ്സിലാവുന്നില്ല, പിന്നല്ലേ നമുക്ക്!!! എല്ലാ അര്‍ത്ഥത്തിലും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം തന്നെയാണ്!!!!
Sorry to nitpick again… A number of states have their name transliterated incorrectly… please listen to this. https://www.youtube.com/watch?v=Zqc26dhsHm0.
Also while 14 years’ stay is mandated, it is not necessary that — apart from being born in a US territory, — the US president elect should be ‘bred’ in US… Arguably as a child the president elect could have been living anywhere in the world…
14 വര്‍ഷം തുടര്‍ച്ചയായി അമേരിക്കയില്‍ താമസിക്കുന്നയാള്‍ക്കു മാത്രമേ പ്രസിഡന്റാവാന്‍ പറ്റുകയുള്ളൂ എന്നു പറഞ്ഞാല്‍ എപ്പോഴെങ്കിലും താമസിച്ചാല്‍ പോരാ. 14 വര്‍ഷമായി അമേരിക്കയില്‍ തന്നെ തുടരുന്നയാള്‍ക്ക് 15-ാം വര്‍ഷം മത്സരിക്കാം. എപ്പോഴെങ്കിലും 14 വര്‍ഷം താമസിച്ചാല്‍ മതിയാകില്ല. അയാളുടെ കുട്ടിക്കാലം അമേരിക്കയില്‍ തന്നെ വേണമെന്ന് നിര്‍ബന്ധവുമില്ല. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ.
പിന്നെ ഉച്ചാരണം. അത് ഓരോരുത്തരും എവിടെ നിന്ന് സ്വീകരിക്കുന്നു എന്നതനുസരിച്ച് വ്യത്യസ്തത ഉണ്ടാവും. അത്രേയുള്ളൂ. ഇത് ഏതായാലും നമ്മുടേതല്ലല്ലോ.