ഹരിവരാസനം പാടി നടയടച്ച് തന്ത്രിയും മേൽശാന്തിയുമൊക്കെ പോയിട്ട് മണിക്കൂറുകൾ ആയി. പിന്നെ ആരാണീ വാതിലിൽ മുട്ടുന്നത്? അയ്യപ്പൻ കണ്ണു തിരുമ്മി എണീറ്റു വന്ന് വാതിൽ തുറന്നു.
അയ്യപ്പൻ: ആ… ആരിത് വാവരോ?!! എന്താടോ ഈ അസമയത്ത്?
വാവര്: എന്റെ ഒരു രേഖ വേണം. അടിവാരത്തൊക്കെ ഭയങ്കര പ്രശ്നം നടക്കുവാ. എന്താ പൗരത്വമെന്നോ, ബില്ലെന്നോ നിയമമെന്നോ ഒക്കെ പറയുന്നു.
അയ്യപ്പൻ: അതിനേക്കാൾ വല്യ പ്രശ്നത്തിലാ ഞാൻ. നിനക്കറിയാലോ?
വാവര്: അതൊന്നും പറഞ്ഞാ പറ്റൂല. എങ്ങനെയെങ്കിലും എന്റെ രേഖ ഒപ്പിച്ച് തരണം.
അയ്യപ്പൻ: എന്താ വാവരേ!! ഇവിടെ എന്റെ രേഖ തന്നെയില്ല. എല്ലാം പണ്ട് കത്തിപ്പോയത് തനിക്കറിയാലോ??
വാവര്: എവിടെയെങ്കിലും ഒന്ന് തെരഞ്ഞ് നോക്കീ…
അയ്യപ്പൻ: ഞാൻ നോക്കാം. നീ ഇപ്പോ ചെല്ല്.
വാവര് പടികൾ ഇറങ്ങി നടന്നു. പാതി വഴിയിൽ തിരിഞ്ഞു നിന്നു അയ്യപ്പനെ നോക്കി.
വാവര്: ഒരു അരവണ പായസം എട്ക്കാനുണ്ടോ?
അയ്യപ്പൻ: അ… കൊതിയാ.. ഇന്നാ പിടി…..
വാവര് അത് തന്റെ കോന്തലയ്ക്കൽ ഭദ്രമായി പൊതിഞ്ഞു കെട്ടി.
വാവര്: ഇനിയിപ്പോ രേഖ കിട്ടിയില്ലെങ്കിലോ…!!
കണ്ണുനിറഞ്ഞ് പടികൾ ഇറങ്ങി വാവര് ഇരുട്ടിലേക്ക് നടന്നു. പതിനെട്ടാം പടിക്ക് മുകളിൽ അയ്യപ്പൻ നിറകണ്ണുകളോടെ വാവരു പോകുന്നതും നോക്കി നിന്നു…
സ്വാമിയേ ശരണമയ്യപ്പ..
ഇതി പുരാണാ: രചയിത അജ്ഞാതാ: