കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഒരു സഹപാഠിയെ കാണാന്‍ പോയി. അപ്പോള്‍ അവന്‍ ഒരു ഫയല്‍ പഠിക്കുകയായിരുന്നു. രഹസ്യസ്വഭാവം ഒന്നും ഇല്ലാത്തതിനാല്‍ ആ ഫയലിലെ വിവരങ്ങള്‍ എന്നോടു വെളിപ്പെടുത്താന്‍ അവന്‍ തയ്യാറായി. അറിഞ്ഞ കാര്യം എന്നെ അത്ഭുതപ്പെടുത്തി. ഒരു പുഴ സംരക്ഷിക്കാന്‍ 36.30 കോടി രൂപയുടെ പദ്ധതി!! കേരളത്തിനു പുറത്ത് എവിടെയാണെങ്കിലും ‘അവിശ്വസനീയം’ എന്ന മുദ്ര ചാര്‍ത്തി മാറ്റി വെയ്ക്കാനാവുന്ന നടപടി.
തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്‍ പ്രത്യേക താല്പര്യമെടുത്ത് ആവിഷ്കരിച്ചതാണ് ഈ പുഴ സംരക്ഷണ പദ്ധതി. പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് സര്‍ക്കാരിനുള്ള ഇച്ഛാശക്തി പ്രകടമാക്കുന്ന നടപടി. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി പുഴ സംരക്ഷിക്കാനാണ് 36.30 കോടി രൂപ ചെലവഴിക്കുന്നത്. ഇതില്‍ 26.30 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി മുഖേന നടപ്പാക്കും. മൊയ്തീന്‍ മുന്‍കൈയെടുത്ത് പദ്ധതി ആവിഷ്കരിച്ചെന്നു മാത്രമല്ല, അതിനു ഭരണാനുമതിയും ലഭ്യമാക്കിയിരിക്കുന്നു.
പുഴയുടെ സംരക്ഷത്തിനൊപ്പം മേഖലയിലെ കുടിവെള്ള ക്ഷാമവും കാര്‍ഷിക ജലക്ഷാമവും പരിഹരിക്കുക, യാത്രാക്ലേശം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളും കൂടി മുന്‍നിര്‍ത്തിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. രണ്ടു റെഗുലേറ്റര്‍ കം ബ്രിഡ്ജുകള്‍ നിര്‍മ്മിച്ച് ഇതു നടപ്പാക്കാനാണ് ഇപ്പോഴത്തെ ഭരണാനുമതി. ഇതിനു പുറമെ വടക്കാഞ്ചേരി പുഴയുടെ ഇരു കരകളും കൈവഴികളും തോടുകളും സംരക്ഷിക്കാനും പുഴയുടെ അടിത്തട്ടിലെ ചെളി നീക്കുന്നതിനും പ്രത്യേകിച്ചൊരു പദ്ധതി കൂടിയുണ്ട്.
കാഞ്ഞിരക്കോടിനും പത്രമംഗലത്തിനുമിടയ്ക്ക് വടക്കാഞ്ചേരി പുഴയെയും കരയെയും സംരക്ഷിക്കുക എന്നതു തന്നെയാണ് പ്രധാന ലക്ഷ്യം. ഇതിനായി തലപ്പള്ളി താലൂക്കിലെ കീഴ്ത്തണ്ടിലത്ത് പുഴയ്ക്കു കുറുകെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കും. 14.40 കോടി രൂപ ഇതിനായി വകയിരുത്തിയിരിക്കുന്നു. സംസ്ഥാന ഹൈവേ 50ല്‍പ്പെടുന്ന മുട്ടിക്കല്‍ -ആറ്റത്തറ റോഡില്‍ കോട്ടപ്പുറത്ത് പുഴയ്ക്കു കുറുകെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതാണ് രണ്ടാമത്തെ പദ്ധതി. ഇതിനായി 11.90 കോടി രൂപ നീക്കിവെച്ചു. വടക്കാഞ്ചേരി പുഴയുടെ ഇരു കരകളും കൈവഴികളും തോടുകളും സംരക്ഷിക്കാനും പുഴയുടെ അടിത്തട്ടിലെ ചെളി നീക്കുന്നതിനുമുള്ള പ്രത്യേക പദ്ധതിക്ക് 10 കോടി രൂപയാണ് വകയിരുത്തിയത്.
വടക്കാഞ്ചേരി പുഴയുടെ വാഴാനി മുതല്‍ കാഞ്ഞിരക്കോടു വരെയുള്ള ഭാഗം കൃത്യമായി സംരക്ഷിച്ച് പ്രയോജനപ്പെടുത്തിയാല്‍ അത് മേഖലയിലെ സാമൂഹികജീവിതത്തെ ആകെത്തന്നെ വികസിപ്പിക്കുന്നതിന് കാരണമാവുമെന്നാണ് പദ്ധതിരേഖയില്‍ പറയുന്നത്. പുഴയുടെ അടിത്തട്ടിലെ ചെളി നീക്കുക, തീരം സംരക്ഷിക്കുക, വടക്കാഞ്ചേരി പുഴയുടെ ജലസ്രോതസ്സുകളായ കനാലുകള്‍ നവീകരിച്ചു സംരക്ഷിക്കുക, മേഖലയിലെ വിനോദസഞ്ചാര വികസനത്തിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നിവയെല്ലാം നടപ്പാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
പദ്ധതികള്‍ പൂര്‍ത്തിയാവുമ്പോള്‍ മേഖലയിലെ കുടിവെള്ള ക്ഷാമം വലിയൊരളവു വരെ പരിഹരിക്കപ്പെടും. മാത്രമല്ല ജലനിരപ്പില്‍ പെട്ടെന്നുണ്ടാവുന്ന വ്യതിയാനങ്ങള്‍ വലിയൊരളവു വരെ നിയന്ത്രിക്കാനും സാധിക്കും. ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ യാഥാര്‍ത്ഥ്യമാവുന്നത്.