HomeGOVERNANCE'പറക്കും ബോട്...

‘പറക്കും ബോട്ട്’ വരുന്നു, ശരവേഗത്തില്‍…

-

Reading Time: 7 minutes

ശംഖുമുഖം കടല്‍ത്തീരത്തെ ജെട്ടിയില്‍ നിന്ന് ആളെക്കയറ്റിയ ശേഷം തിരകളുമായി മല്ലിട്ട് ബോട്ട് മുന്നോട്ടു നീങ്ങി. ആ ബോട്ടിനൊരു പ്രത്യേകതയുണ്ട് -ഇരു വശങ്ങളിലും വിമാനത്തിന്റേതു പോലെ ചിറകുകളുണ്ട്! ഇരിക്കാന്‍ നല്ല സുഖം. പിന്നിലേക്ക് വിശാലമായി ചാഞ്ഞിരിക്കാന്‍ കഴിയുന്ന നല്ല പതുപതുത്ത സീറ്റ്. കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന തൊഴിലാളികളുടെ ബോട്ടുകളും വള്ളങ്ങളുമെല്ലാം അടുത്തുകൂടി കടന്നുപോയി.

ബോട്ട് മുന്നോട്ടു നീക്കുന്നതില്‍ നിന്ന് ശ്രദ്ധ വിടാതെ ബോട്ട്മാസ്റ്റര്‍ മത്സ്യത്തൊഴിലാളികളില്‍ ചിലരെ അഭിവാദ്യം ചെയ്യുന്നു. ബോട്ടിന് വലിയ വേഗമില്ല. മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരും. കാഴ്ചകള്‍ കണ്ടു ഞാനിരുന്നു. പക്ഷേ, എനിക്ക് ഇരിപ്പുറയ്ക്കുന്നില്ല. 2 മണിക്കൂര്‍ കൊണ്ട് കാസര്‍കോടെത്തണം. പെട്ടെന്നുണ്ടായ ഒരത്യാവശ്യമാണ്. തിരുവനന്തപുരത്തു നിന്ന് അത് അസാദ്ധ്യമായിരുന്നു, അല്പകാലം മുമ്പു വരെ. പക്ഷേ, ഇപ്പോള്‍ അല്ല. ഈ ബോട്ടില്‍ അതു സാധിക്കും.

പുതിയ സംവിധാനമാണ്. ആദ്യമായാണ് ഞാന്‍ ഇതു പരീക്ഷിക്കുന്നത്. നേരത്തേ യാത്ര ചെയ്ത സുഹൃത്ത് നല്‍കിയ ഉറപ്പിന്റെ കരുത്തുണ്ട്. പക്ഷേ, ഈ വേഗത്തില്‍ പോയാല്‍ എങ്ങനെയാണ് അതു സാദ്ധ്യമാവുക? ബോട്ട് ഉള്‍ക്കടലില്‍ എത്തുന്നു. പതിയെ വേഗം കൂടിത്തുടങ്ങി. മണിക്കൂറില്‍ 70 കിലോമീറ്റര്‍ എന്ന തോത് കഴിഞ്ഞുവെന്നു തോന്നുന്നു. വേഗം കൂടിക്കൂടി വന്നു. അതനുസരിച്ച് ബോട്ട് വായുവിലേക്കുയരുകയായി. കടലലകള്‍ക്ക് തൊട്ടുമുകളിലായി ബോട്ട് പറക്കുകയാണ്. വേഗമേറി വരുന്നു. തീരത്തെ ദൃശ്യങ്ങള്‍ കണ്ണഞ്ചുന്ന വേഗത്തില്‍ പിന്നോട്ടു പായുന്നു.

പല തവണ വിമാനയാത്ര നടത്തിയിട്ടുണ്ടെങ്കിലും ഇത് അതില്‍ നിന്നെല്ലാം വ്യത്യസ്തമായ അനുഭവം. പറക്കുകയാണെങ്കിലും താഴെ തൊട്ടടുത്ത് ഓളം തല്ലുന്ന കടല്‍. ഒരു മായാലോകത്ത് എത്തിപ്പെട്ടെന്ന പോലെ ഞാന്‍ കണ്ണടച്ച് പിന്നിലേക്കു ചാരിയിരുന്നു.

* * *

ഇതെന്താ ശാസ്ത്ര നോവല്‍ എഴുതിത്തുടങ്ങിയോ എന്ന സംശയം ചിലര്‍ക്കെങ്കിലും ഉണ്ടാകും. സംഭവം കഥയൊന്നുമല്ല, സ്വപ്‌നവുമല്ല. നടക്കാന്‍ പോകുന്ന കാര്യമാണ്. നടപടികള്‍ പ്രതീക്ഷിക്കപ്പെടും പോലെ കൃത്യമായി മുന്നോട്ടു നീങ്ങുകയാണെങ്കില്‍ ഒരു വര്‍ഷത്തിനകം ഇത് കേരളത്തില്‍ യാഥാര്‍ത്ഥ്യമാവും. പിണറായി വിജയന്‍ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ സ്വപ്‌നപദ്ധതിയായി അവതരിപ്പിക്കപ്പെടും, ഇന്ത്യയില്‍ തന്നെ ആദ്യമായി. ഈ സാങ്കേതികവിദ്യയെ നമുക്ക് ‘പറക്കും ബോട്ട്’ എന്ന് എളുപ്പത്തില്‍ വിളിക്കാം. Wing In Ground Craft അഥവാ വിഗ് ക്രാഫ്റ്റ് എന്നാണ് പേര്. വിഗെന്നു വിളിക്കും.

ഇത് നേരത്തേ നിര്‍ദ്ദേശിക്കപ്പെട്ട കടല്‍ വിമാനം അഥവാ സീ പ്ലെയ്‌ന്‍ അല്ല. ഇത് അക്ഷരാര്‍ത്ഥത്തില്‍ ബോട്ട് തന്നെയാണ്. ചെറിയൊരുയരത്തില്‍ പറക്കാനുള്ള ശേഷിയുണ്ടെന്നു മാത്രം. വിമാനം കുതിക്കുന്നത് വേഗത്തിന്റെ പിന്‍ബലത്തിലാണെങ്കില്‍ വിഗിന്റെ കുതിപ്പിനു പിന്നിലെ രഹസ്യം എയര്‍ കുഷന്‍ സാങ്കേതികവിദ്യയാണ്. ജലോപരിതലത്തിനു അല്പം മുകളിലായി പറന്നു നീങ്ങുന്ന ബോട്ടാണ് വിഗ്. തറ അല്ലെങ്കില്‍ വെള്ളത്തിന്റെ നിരപ്പില്‍ നിന്ന് 50 സെന്റിമീറ്റര്‍ മുതല്‍ 6 മീറ്റര്‍ വരെ ഉയരത്തിലാണ് ഇതു പറക്കുക. കുറഞ്ഞ ഇന്ധനച്ചെലവ്, കൂടുതല്‍ ഭാരം വഹിക്കാനുള്ള ശേഷി, തിരമാലകളെ മറികടക്കുമ്പോഴുള്ള സുരക്ഷിതത്വം എന്നിവ വിഗിന്റെ പ്രത്യേകതകളാണ്.

സുനാമി വേളയില്‍ പോലും വിഗിന്റെ സുരക്ഷിതത്വം ഉറപ്പ്. വിമാനത്തില്‍ കൊള്ളുന്നത്ര ഭാരവും വഹിച്ച് അതിനെക്കാള്‍ കുറഞ്ഞ ഇന്ധനച്ചെലവില്‍ കപ്പലിനെക്കാള്‍ വളരെ വേഗത്തില്‍ സഞ്ചരിക്കാനാവും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ചെലവും വേഗവും കുറഞ്ഞ കടല്‍ യാത്രയ്ക്കും ചെലവും വേഗവും കൂടിയ വിമാനയാത്രയ്ക്കും ഇടയിലുള്ള വലിയ വിടവ് നികത്താന്‍ വിഗിനു സാധിക്കും. കേരളത്തിലെമ്പാടും കുറഞ്ഞ ചെലവില്‍ സ്വപ്‌ന വേഗത്തില്‍ സഞ്ചരിക്കാനുള്ള അവസരമാണ് ഈ സങ്കേതം ഒരുക്കുന്നത്.

ഗ്ലോബല്‍ മറീന്‍ കണ്‍സള്‍ട്ടന്റ്‌സ് ഗ്രൂപ്പിനു (ജി.എം.സി.ജി.) കീഴിലുള്ള ഇന്റര്‍നാഷണല്‍ ഷിപ്പിങ് ബ്യൂറോ (ഐ.എസ്.ബി.) ആണ് തിരുവനന്തപുരത്തെയും കാസര്‍കോടിനെയും ബന്ധിപ്പിക്കുന്ന വിഗ് സര്‍വ്വീസിനുള്ള പദ്ധതിനിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചത്. 13 രാജ്യങ്ങളിലായി 17 ഓഫീസുകളുള്ള വന്‍കിട സ്ഥാപനമാണ് ജി.എം.സി.ജി. ചൈനയിലെ ചെങ്ചു ഹായ്വാങ് ഇന്‍ഡസ്ട്രിയല്‍ കമ്പനിയാണ് കേരളത്തിലെ ഉപയോഗത്തിനാവശ്യമായ വിഗ് നിര്‍മ്മിച്ചു നല്‍കുക. ഐ.എസ്.ബിയുടെയും ചെങ്ചു ഹായ്വാങ്ങിന്റെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്തെത്തി തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തി.

തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനു മുന്നില്‍ വിഗ് പദ്ധതി നിര്‍ദ്ദേശം അവതരിപ്പിച്ചപ്പോള്‍

വിശദമായ പദ്ധതിനിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ വിഗ് സംരംഭകര്‍ അവതരിപ്പിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പിന് പല വകുപ്പുകളുടെ ഏകോപനം ആവശ്യമായതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിതല സമിതിയുമായി ചര്‍ച്ച വേണ്ടി വരുമെന്ന് കടന്നപ്പള്ളി അവരെ അറിയിച്ചു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍, വൈദ്യുതി മന്ത്രി എം.എം.മണി, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് എന്നിവര്‍ക്കെല്ലാം ഈ പദ്ധതിയുടെ നടത്തിപ്പില്‍ അവരുടേതായ ചുമതല വഹിക്കാനുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ മന്ത്രിസഭയ്ക്ക ഒന്നടങ്കം റോളുണ്ട് എന്നു സാരം.

ചെലവ് കുറവായതിനാല്‍ കേരളത്തിന്റെ സാമ്പത്തികശേഷിക്ക് താങ്ങാവുന്ന പദ്ധതിയാണ് വിഗ്. 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ചെലവ് 1,10,000 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. 430 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ ഇടനാഴി സ്ഥാപിക്കണമെങ്കില്‍ 1,27,849 കോടി രൂപ വേണ്ടി വരുമെന്ന് പഠനം. ഇതുപോലെ ലക്ഷക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ കൊണ്ടുണ്ടാവുന്ന പ്രയോജനം വെറും 500 കോടി രൂപയ്ക്ക് താഴെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സാദ്ധ്യമാക്കാനാവുമെന്നതാണ് വിഗ് പദ്ധതിയുടെ മേന്മ.

തിരുവനന്തപുരത്തു നിന്നു കണ്ണൂരിലേക്ക് 2 മണിക്കൂര്‍ കൊണ്ടു സഞ്ചരിക്കാമെന്നാണ് അതിവേഗ റെയില്‍ ഇടനാഴിയില്‍ വിഭാവനം ചെയ്യുന്നതെങ്കില്‍ തീരത്തിനു സമാന്തരമായി കടലിലൂടെ തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് വരെയുള്ള 590 കിലോമീറ്റര്‍ താണ്ടാന്‍ വിഗിന് വേണ്ടത് 2 മണിക്കൂര്‍ മാത്രം. വിമാനത്തില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ഫ്യുവല്‍ തന്നെയാണ് വിഗിലും ഉപയോഗിക്കുന്നത്.

ഒരു മണിക്കൂര്‍ സഞ്ചരിക്കുന്നതിന് 100 ലിറ്റര്‍ ഏവിയേഷന്‍ ഫ്യുവലാണ് വേണ്ടിവരിക. അതായത് 10,000 രൂപയുടെ ഇന്ധനമുണ്ടെങ്കില്‍ ഒരു വിഗിന് തിരുവനന്തപുരത്തു നിന്ന് കാസര്‍കോടെത്താം. നടത്തിപ്പുചെലവടക്കം കണക്കുകൂട്ടിയാലും ഒരു ടിക്കറ്റിന് പരമാവധി 1,500 രൂപയില്‍ നിര്‍ത്താനാവും, അതും 2 മണിക്കൂര്‍ ശരവേഗ യാത്രയ്ക്ക്. ലക്ഷദ്വീപിലേക്ക് കൊച്ചിയില്‍ നിന്ന് ചെലവു കുറഞ്ഞ സര്‍വ്വീസ് യാഥാര്‍ത്ഥ്യമാക്കാനും വിഗിനു സാധിക്കും.

1950ല്‍ സൈനികാവശ്യത്തിനായി സോവിയറ്റ് യൂണിയന്‍ വികസിപ്പിച്ചെടുത്തതാണ് വിഗ് ക്രാഫ്റ്റ് സാങ്കേതികവിദ്യ. സൈനികാവശ്യത്തിന് വിഗ് ഉപയോഗിക്കാറുണ്ടെങ്കിലും സിവിലിയന്‍ -വാണിജ്യ ആവശ്യങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ ഇതുവരെ സാധിച്ചിരുന്നില്ല. അമേരിക്കയുടെ ശക്തമായ എതിര്‍പ്പ് തന്നെ കാരണം. ലോകത്തെ ഒരു റഡാറിലും താഴ്ന്നു പറക്കുന്ന വിഗ് പതിയില്ല എന്നതാണ് അമേരിക്കയുടെ എതിര്‍പ്പിന് വഴിവെച്ചത്. എന്നാല്‍, ഈ എതിര്‍പ്പ് ഇപ്പോള്‍ തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു.

ഫെബ്രുവരിയില്‍ ലണ്ടനില്‍ നടന്ന ഇന്റര്‍നാഷണല്‍ മാരിടൈം കോണ്‍ഫറന്‍സില്‍ വിഗ് ക്രാഫ്റ്റ് എല്ലാ വിഭാഗക്കാര്‍ക്കും ഉപയോഗിക്കാം എന്ന ഭേദഗതി പാസാക്കിയെടുത്തു. റഷ്യ, ചൈന, ജര്‍മ്മനി, ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി നടത്തിയ ശക്തമായ സമ്മര്‍ദ്ദമാണ് ഇതിലേക്കു നയിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് കേരള സര്‍ക്കാരിനു മുന്നില്‍ പദ്ധതി നിര്‍ദ്ദേശം വന്നതും. സാധാരണനിലയില്‍ ഒരു സാങ്കേതികവിദ്യ ലോകമെങ്ങും ഉപയോഗിച്ചു തേഞ്ഞ് അത് ഉപേക്ഷിക്കാറാവുമ്പോഴാണ് കേരളത്തിലെത്തുക. ഇതിനു നേര്‍വിപരീതമായി ഒരു സാങ്കേതികവിദ്യ അതിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ കേരളത്തിലെത്തുന്നു എന്നതാണ് വിഗിന്റെ സവിശേഷത.

മണിക്കൂറില്‍ 100 മുതല്‍ 500 വരെ കിലോമീറ്റര്‍ വേഗത്തിലാണ് വിഗ് സഞ്ചരിക്കുന്നത്. ഇത് സാധാരണ കപ്പലുകളുടെ വേഗത്തിന്റെ 2 മുതല്‍ 5 വരെ മടങ്ങാണ്. എന്നിട്ടും കപ്പലുകളെ അപേക്ഷിച്ച് വിഗിന്റെ സഞ്ചാരം സുഗമമായതിനാല്‍ കടല്‍ച്ചൊരുക്ക് ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ക്കു സ്ഥാനമില്ല. ശബ്ദമലിനീകരണമില്ല, വെള്ളത്തിനടിയില്‍ യന്ത്രചലനമില്ല -അതിനാല്‍ത്തന്നെ വെള്ളത്തിന്റെ ഗുണനിലവാരത്തിനോ കടല്‍ജീവികള്‍ക്കോ ഹാനികരമല്ല. 50 സെന്റിമീറ്റര്‍ മുതല്‍ 6 മീറ്റര്‍ വരെ ഉയരത്തിലാണ് സഞ്ചാരമെന്നതിനാല്‍ അപകടസാദ്ധ്യത തീരെയില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ 150 മീറ്റര്‍ വരെ ഉയരത്തില്‍ വിഗിന് പറന്നുയരാനാവും.

20 കിലോമിറ്റര്‍ ചുറ്റളവിലുള്ള ഏതൊരു വസ്തുവും -നഗ്നനേത്രങ്ങളാല്‍ കാണാനാവാത്തവ ഉള്‍പ്പെടെ -പിടിച്ചെടുക്കാന്‍ ശേഷിയുള്ള അത്യാധുനിക റഡാര്‍ സംവിധാനം വിഗിലുണ്ട്. വിഗ് നിയന്ത്രിക്കുന്നയാളിന് കൃത്യമായ സമയത്ത് വിവരം കൈമാറാനും അതുവഴി സുരക്ഷ ഉറപ്പാക്കാനും ഈ റഡാറിനു സാധിക്കും. വിമാനത്താവളങ്ങളോ റെയില്‍വേ സ്‌റ്റേഷനുകളോ സ്ഥാപിക്കാനാവശ്യമായ സ്ഥലമെടുപ്പോ വന്‍ അടിസ്ഥാന സൗകര്യ വികസന ചെലവുകളോ ഇല്ല എന്നത് വിഗിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. കടല്‍ത്തീരത്ത് കഷ്ടിച്ച് ഒരേക്കര്‍ വിസ്തൃതിയില്‍ ഇതിന്റെ ജെട്ടി സജ്ജീകരിക്കാനാവും.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇവിടെ സീ പ്ലെയ്‌ന്‍ സര്‍വ്വീസ് തുടങ്ങാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പരിസ്ഥിതി മലിനീകരണ സാദ്ധ്യതകളും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനു സൃഷ്ടിക്കുന്ന ഭീഷണിയും പദ്ധതിയെ കട്ടപ്പുറത്താക്കി. വിഗിന് പറക്കാന്‍ ശേഷിയുണ്ടെങ്കിലും അത് സീ പ്ലെയ്‌നല്ല. സീ പ്ലെയ്‌നിനെക്കാള്‍ ഗതിവേഗം വിഗിനുണ്ടെന്നത് വേറെ കാര്യം. വെള്ളത്തിലും ഇറങ്ങാന്‍ കഴിയുമെങ്കിലും സീ പ്ലെയ്‌ന്‍ എന്നത് വിമാനം തന്നെയാണ്. എന്നാല്‍, ജലയാനങ്ങളുടെ പട്ടികയില്‍പ്പെടുന്നതാണ് വിഗ് ക്രാഫ്റ്റ്. അതിവേഗ ജലയാനങ്ങളുടെ പട്ടികയിലാണ് വിഗിനെ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ആകാശത്തെയല്ല, കടലിലെ നിയമങ്ങള്‍ തന്നെയാണ് വിഗിന് ബാധകം.

സീ പ്ലെയ്‌ന്‍ സര്‍വ്വീസ് കടലില്‍ തന്നെ അവസാനിക്കും. എന്നാല്‍, വിഗ് കടലില്‍ പറന്നിറങ്ങിയ ശേഷം ബോട്ടു പോലെ കരയിലെത്തും. സീ പ്ലെയ്‌നിന് പറന്നുയരാന്‍ ആവശ്യമായതിന്റെ പകുതി സ്ഥലം പോലും വിഗിന് ആവശ്യമില്ല. 300 മീറ്റര്‍ നീളത്തില്‍ വെള്ളമുണ്ടെങ്കില്‍ വിഗിന് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗം കൈവരിച്ച് പറന്നുയരാനാവും. കേരളത്തിലെ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് ഇത് നിഷ്പ്രയാസം സാധിക്കും. ഉള്‍നാടന്‍ യാത്രകള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ വിഗിന് ഇത് അവസരമൊരുക്കും. തീവണ്ടിയോ വിമാനമോ എത്തിനോക്കാത്ത വയനാട്ടിലും ഇടുക്കിയിലുമെല്ലാം വിഗ് എത്തിക്കാനാവും എന്നു സാരം. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടും ഇടുക്കി അണക്കെട്ടുമൊക്കെ വിഗിന്റെ തട്ടകങ്ങളാക്കാം.

സാധാരണ ഏതൊരു വിമാനത്തെയും പോലെ അനുകൂലമായ കാലാവസ്ഥയുണ്ടെങ്കില്‍ മാത്രമേ സീ പ്ലെയ്‌നിന് ഉയരാനാവൂ. എന്നാല്‍, വിഗിന് സുനാമി പോലും പ്രശ്‌നമല്ല. കടല്‍ക്ഷോഭം ഉള്ള ഘട്ടത്തിലും വിഗ് സര്‍വ്വീസ് നടക്കും. ഓഖി ചുഴലിക്കാറ്റ് സമയത്തുണ്ടായ പോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ഹെലികോപ്റ്ററിനെക്കാള്‍ ഫലപ്രദമായ പങ്ക് രക്ഷാപ്രവര്‍ത്തനത്തില്‍ വിഗിന് വഹിക്കാനാവും. ഒരു സീ പ്ലെയ്‌നിന് കൊണ്ടുപോകാനാവുന്ന ആളുകളുടെ എണ്ണം പരമാവധി 20 ആണ്. എന്നാല്‍, വിഗിന്റെ ശേഷി 4 മുതല്‍ 200 വരെയാണ്. ബോട്ടുകളിലെന്ന പോലെ ബങ്കര്‍ ബാര്‍ജുകളില്‍ നിന്ന് വിഗില്‍ ഇന്ധനം നിറയ്ക്കാം.

ആളെ ഉള്‍ക്കൊള്ളാനുള്ള വിഗിന്റെ ശേഷി സാധാരണനിലയില്‍ 4, 12, 36, 50, 100, 200 എന്നിങ്ങനെയാണ്. ഇതില്‍ 12 പേര്‍ക്കിരിക്കാവുന്ന ഇരട്ട എഞ്ചിന്‍ വിഗിന്റെ പദ്ധതി നിര്‍ദ്ദേശമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു മുന്നിലുള്ളത്. 2 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. ഈ വിഗ് ഒരെണ്ണത്തിന് 18 കോടി രൂപയാണ് വില. ഇതേ ശേഷിയുള്ള വിമാനത്തിന്റെ വിലയുടെ ആറിലൊന്നും ഹെലികോപ്റ്ററിന്റെ വിലയുടെ പകുതിയുമേ വിഗിന് വരികയുള്ളൂ.

സാധാരണ ബോട്ട് മാസ്റ്റര്‍ ലൈസന്‍സുള്ള ഏതൊരാള്‍ക്കും വിഗ് നിയന്ത്രിക്കാം. ഇതിന്റെ പ്രത്യേക സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിനുള്ള ചെറിയൊരു പരിശീലനം കൂടി നേടേണ്ടി വരുമെന്നു മാത്രം. സംയോജിത കാര്‍ബണ്‍ ഫൈബറാണ് വിഗ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. അതിനാല്‍ അറ്റകുറ്റപ്പണിയുടെ ചെലവുകളും നന്നേ കുറവായിരിക്കും. വിഗിന്റെ അറ്റകുറ്റപ്പണി നിര്‍വ്വഹിക്കുന്ന സംവിധാനം കേരളത്തില്‍ തന്നെ ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് ചെങ്ചു ഹായ്വാങ് മുന്നോട്ടുവെച്ചിരിക്കുന്നത്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരളാ ലിമിറ്റഡുമായുള്ള (സില്‍ക്) സഹകരണത്തിന് അവര്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ വിഗിന്റെ അറ്റകുറ്റപ്പണികള്‍ക്ക് സില്‍കിനെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

തിരുവനന്തപുരത്തിനും കാസര്‍കോടിനുമിടയ്ക്ക് ഓരോ മണിക്കൂര്‍ ഇടവിട്ട് സര്‍വ്വീസ് നടത്തുന്നതിന് 6 വിഗുകള്‍ മതിയാകും. 3 എണ്ണം തിരുവനന്തപുരത്തും 3 എണ്ണം കാസര്‍കോടും കേന്ദ്രമാക്കും. തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടു നിന്നും ഒരേ സമയത്ത് എതിര്‍ദിശയില്‍ 2 വിഗുകള്‍ പുറപ്പെടുന്ന രീതിയിലാണ് ക്രമീകരണം. 2 മണിക്കൂര്‍ കൊണ്ട് ദൂരം താണ്ടി 1 മണിക്കൂര്‍ വിശ്രമത്തിനു ശേഷം വീണ്ടും വിഗ് പുറപ്പെടും. കൂടുതല്‍ ജനപ്രിയമാവും എന്നു പരിഗണിച്ച് വേണമെങ്കില്‍ 10 വിഗുകള്‍ വരെ സ്വന്തമാക്കാം. ഇത്തരത്തില്‍ 10 വിഗുകള്‍ക്ക് 180 കോടി രൂപ വിലയും തീരത്ത് ജെട്ടി അടക്കമുള്ള സൗകര്യങ്ങള്‍ക്ക് മറ്റൊരു 100 കോടി രൂപയുമടക്കം പരമാവധി 280 കോടി രൂപ ചെലവു വരുമെന്നാണ് പ്രാരംഭ കണക്ക്.

കേരളത്തിലെ വിനോദസഞ്ചാര വികസനത്തിലും നിര്‍ണ്ണായക പങ്കുവഹിക്കാന്‍ വിഗിന് സാധിക്കും. വേണമെങ്കില്‍ കരയിലൂടെയും പറക്കാന്‍ ശേഷിയുണ്ട് എന്നതിനാല്‍ കേരളത്തിലെ കായലുകളെ കൂടി ഉള്‍പ്പെടുത്തി ഉള്‍നാടന്‍ ഗതാഗതത്തിന് വിഗ് ഉപയോഗിക്കാം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, എയര്‍ ആംബുലന്‍സ്, തിരദേശ നിരീക്ഷണം എന്നിവയ്‌ക്കെല്ലാം വിഗ് പ്രയോജനപ്പെടുത്താം. മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് ഒരു പുതിയ തൊഴില്‍ സാദ്ധ്യതയും വിഗ് തുറന്നിടുന്നുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗത്തെ ഒരു തരത്തിലും ഹനിക്കുന്നില്ല എന്നതു തന്നെയാണ് കേരളത്തെ സംബന്ധിച്ചിടത്തോളം വിഗിന്റെ ഏറ്റവും വലിയ സവിശേഷത. തീര്‍ത്തും പരിസ്ഥിതിസൗഹൃദമായ ഒരു പദ്ധതി.

പൊതു -സ്വകാര്യ പങ്കാളിത്ത സംവിധാനമായ പി.പി.പി., സ്ഥാപിച്ച് ഉപയോഗിച്ച് ലാഭമുണ്ടാക്കി കൈമാറുന്ന ബി.ഒ.ടി. തുടങ്ങി വിവിധ മാര്‍ഗ്ഗങ്ങള്‍ പദ്ധതി നടപ്പാക്കുന്നതിനായി പരിശോധിക്കുമെന്നാണ് സൂചന. പൊതുഗതാഗത മേഖലയിലെ പദ്ധതി നിര്‍ദ്ദേശവുമായി ഇന്ത്യയില്‍ കേരളത്തെ മാത്രമാണ് ജി.എം.സി.ജി. സമീപിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് അവരുടെ പൂര്‍ണ്ണ സഹകരണത്തോടെ മാത്രം പദ്ധതി നടപ്പാക്കിയാല്‍ മതിയെന്നാണ് തീരുമാനം. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് മത്സ്യത്തൊഴിലാളികളുടെ പിന്തുണ കൂടിയേ മതിയാകൂ എന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്.

വിഗ് പദ്ധതി നിര്‍ദ്ദേശവുമായെത്തിയ സംഘം തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനൊപ്പം

കൊച്ചി മെട്രോയുടെ അത്രത്തോളം സാമ്പത്തികമായി വലിപ്പമില്ലെങ്കിലും വകുപ്പുകളുടെ പങ്കാളിത്തത്തിന്റെയും ഏകോപനത്തിന്റെയും പേരില്‍ അതിനെക്കാള്‍ എത്രയോ വലിയ പദ്ധതിയാണ് വിഗ്. തുറമുഖങ്ങള്‍ വഴി കടന്നപ്പള്ളിയും വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വഴി ശശീന്ദ്രനും മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി മേഴ്‌സിക്കുട്ടിയമ്മയും സില്‍ക് വഴി മൊയ്തീനും ടൂറിസം വഴി കടകംപള്ളിയും ദുരന്തനിവാരണം വഴി ചന്ദ്രശേഖരനും അണക്കെട്ടുകള്‍ മുഖേന മണിയും നിര്‍ണ്ണായകമായ സാമ്പത്തികം കൈകാര്യം ചെയ്യുന്നയാളായി തോമസ് ഐസക്കും മന്ത്രിമാരെന്ന നിലയില്‍ ഈ പദ്ധതിയുടെ ഭാഗമാവുന്നു. ഇവരുടെയെല്ലാം മേല്‍നോട്ടത്തിനായി മുഖ്യമന്ത്രി പിണറായിയും.

വിഗ് എന്നത് ഒരു സ്വപ്‌നമല്ല.
നടക്കാന്‍ സാദ്ധ്യതയുള്ള യാഥാര്‍ത്ഥ്യമാണ്.
നടന്നാല്‍ കേരളത്തിന്റെ പൊതുഗതാഗത മേഖലയില്‍ അതു വലിയൊരു കുതിച്ചുചാട്ടമായിരിക്കും.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights