ഒരു വാര്‍ത്തയ്ക്കാവശ്യമായ വിവരങ്ങള്‍ തേടിയാണ് കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെത്തിയത്. മുകളിലത്തെ നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലേക്കു കടക്കാനൊരുങ്ങുമ്പോള്‍ അവിടെയൊരു പെണ്‍പട!! വളരെ ഗൗരവത്തോടെ മാത്രം ആളുകള്‍ പെരുമാറുന്ന ഇടനാഴിയില്‍ അവര്‍ കൂടി നിന്ന് സെല്‍ഫിയെടുക്കുകയാണ്. ചെറുചലനം പോലും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കൗതുകപൂര്‍വ്വം അവരെ നോക്കിനില്‍ക്കുന്നു.

ഇതെന്താ സംഭവം എന്ന ചിന്തയുമായി ഞാനും അവരെ സൂക്ഷിച്ചു നോക്കി. ചില പരിചിത മുഖങ്ങള്‍. സെല്‍ഫിയെടുക്കുന്നത് സയനോര ഫിലിപ്പ്, പാട്ടുകാരി. ക്രമേണ മറ്റുള്ളവരെയും മനസ്സിലായി. മഞ്ജു വാര്യര്‍, അഞ്ജലി മേനോന്‍, ബീനാ പോള്‍, സജിത മഠത്തില്‍, റിമ കല്ലിംഗല്‍, രമ്യ നമ്പീശന്‍, ദീദി ദാമോദരന്‍, വിധു വിന്‍സന്റ്, പാര്‍വ്വതി എന്നിവരെയൊക്കെ തിരിച്ചറിഞ്ഞു. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍. മറ്റുള്ളവരെ എനിക്ക് വലിയ പിടിയില്ല. ഇക്കൂട്ടത്തില്‍ ചിലരൊക്കെ പരിചയക്കാരാണെങ്കിലും സംസാരിക്കാനൊന്നും മുതിര്‍ന്നില്ല, ഒതുങ്ങി നിന്നു. സെല്‍ഫി പിടിത്തം കഴിഞ്ഞ് ഇടനാഴിയില്‍ നിന്ന് പുറത്തിറങ്ങിയ അവര്‍ നേരെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് മേജര്‍ ദിനേഷ് ഭാസ്‌കരന്റെ മുറിയിലേക്കു നീങ്ങി.
മനസ്സിലേക്ക് പെട്ടെന്ന് തലേദിവസം ലഭിച്ച വാട്ട്‌സാപ്പ് സന്ദേശവും ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന ‘എക്‌സ്‌ക്ലൂസീവ്’ വാര്‍ത്തയുമാണ് ഓടിയെത്തിയത്. തിരുവനന്തപുരത്ത് ചെങ്കല്‍ചൂളയില്‍ കുറച്ചുദിവസങ്ങളായി ഷൂട്ടിങ് നടക്കുന്നുണ്ട്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. മഞ്ജുവിനു നേരെ ഒരു സംഘം ചെറുപ്പക്കാര്‍ കഴിഞ്ഞ ദിവസം വധഭീഷണി മുഴക്കിയെന്നായിരുന്നു വാട്ട്‌സാപ്പ് സന്ദേശവും അതേത്തുടര്‍ന്നുണ്ടായ ഓണ്‍ലൈന്‍ വാര്‍ത്തയും. പക്ഷേ, സന്ദേശത്തിന്റെ ആധികാരികത പരിശോധിച്ചപ്പോള്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. അപ്പോള്‍ ആ ഭീഷണി വാര്‍ത്ത ശരിയായിരുന്നു എന്നാണോ? മുഖ്യമന്ത്രിയോട് പരാതി പറയാനാണോ മഞ്ജു മറ്റുള്ളവരുമൊത്ത് വന്നത്?

പലവിധ ചിന്തകളുമായി അവരെ നോക്കി നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നൊരു വിളി -‘ശ്യാം സാറേ.’ സെക്രട്ടേറിയറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനായ വിനോദാണ്. വി.എസ്. സര്‍ക്കാരില്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന വേളയില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ചുള്ള പരിചയമാണ്. സൗഹൃദം ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ വിനോദ് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. ‘അവര്‍ മുഖ്യമന്ത്രിയെ കാണാന്‍ വന്നതാണ്. അദ്ദേഹത്തിന്റെ ഓഫീസില്‍ കാത്തിരിക്കാന്‍ സൗകര്യമില്ലാത്തതുകൊണ്ട് ഇങ്ങോട്ടു വിട്ടു’ -മേജര്‍ ദിനേഷിന്റെ മുറിയിലേക്ക് ചലച്ചിത്ര പ്രവര്‍ത്തകര്‍ പോയതിന്റെ കാരണം ഞാന്‍ ചോദിക്കാതെ തന്നെ വിനോദ് പറഞ്ഞു. അവര്‍ പോയതിനു പിന്നാലെ ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള ഇടനാഴിയിലേക്കു കടന്ന് മുന്നിലേക്കു നീങ്ങി.
അല്പം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനുമൊത്ത് വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രിയെ കണ്ടതിന്റെ കാരണവും വ്യക്തമായി. അതോടെ മഞ്ജു വാര്യര്‍ക്കു നേരെ ഭീഷണിയുണ്ടായി എന്ന വാര്‍ത്ത പച്ചക്കള്ളമാണെന്നു തെളിഞ്ഞു. ‘എക്‌സ്‌ക്ലൂസീവ്’ പൊളിഞ്ഞു പാളീസായി!! ഇന്ത്യയിലാദ്യമായി ചലച്ചിത്ര രംഗത്തുള്ള വനിതകള്‍ ചേര്‍ന്ന് ഒരു കൂട്ടിന് രൂപം നല്‍കിയിരിക്കുന്നു –വിമന്‍ ഇന്‍ സിനിമ കളക്ടീവ്. സിനിമാ രംഗവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി പ്രയത്‌നിക്കുകയാണ് ലക്ഷ്യം. അതിനു മുഖ്യമന്ത്രിയുടെ പിന്തുണ തേടാനും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കാനുമെത്തിയതാണ്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു തടയാന്‍ ഒരു പരിധി വരെ ഈ സംവിധാനത്തിനു സാധിച്ചേക്കും. ലിംഗനീതി ഒട്ടുമില്ല എന്നു മാത്രമല്ല അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളോ സേവനവേതന വ്യവസ്ഥകളോ ചര്‍ച്ച ചെയ്യാവുന്ന അവസ്ഥ പോലുമില്ലാത്തിടമാണ് ചലച്ചിത്ര മേഖല. കൊച്ചിയില്‍ യുവനടിക്കുണ്ടായ അനുഭവം ചലച്ചിത്രമേഖലയില്‍ ആദ്യത്തേതല്ല എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ സംഭവം എന്നു വേണമെങ്കില്‍ പറയാം.
സ്ത്രീവിരുദ്ധത കളിയാടുന്ന ഇടമാണ് സിനിമ. സ്ത്രീകള്‍ ഏറ്റവുമധികം ലൈംഗിക ചൂഷണത്തിനു വിധേയമാകുന്ന മേഖല ഇതാണ് എന്ന പൊതുധാരണ ശക്തമാണ്. അത് ഒരു പരിധി വരെ ശരിയാണു താനും. CASTING COUCH ഒരു യാഥാര്‍ത്ഥ്യമാണ്. സമീപകാലത്തുണ്ടായ പ്രമാദമായ ഏതു ലൈംഗിക പീഡന കേസും എടുത്തു നോക്കൂ -സിനിമയിലോ സീരിയലിലോ അവസരം നല്‍കാം എന്നു പറഞ്ഞായിരിക്കും പെണ്‍കുട്ടിയെ ചൂഷണത്തിനു വിധേയയാക്കുക. വളരെയധികം മനഃകരുത്തും ഇച്ഛാശക്തിയുമുള്ളവര്‍ക്ക് മാത്രമേ ഈ രംഗത്തെ ആണ്‍കോയ്മയുടെ സമ്മര്‍ദ്ദത്തിനു വശംവദരാകാതെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചിട്ടുള്ളൂ. സ്ത്രീ എന്നത് വെറുമൊരു ശരീരവും ‘വിനോദോപാധി’യും മാത്രമാണവിടെ. നടി പാര്‍വ്വതി അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. സിനിമയില്‍ റോള്‍ ലഭിക്കാന്‍ കിടന്നുകൊടുക്കണം എന്നു പറഞ്ഞവരോട് ആ റോള്‍ തനിക്കു വേണ്ട എന്നു മറുപടി നല്‍കിയെന്നാണ് പാര്‍വ്വതി പറഞ്ഞത്. ഈ വഴങ്ങിക്കൊടുക്കല്‍ ജോലിയുടെ ഭാഗമാണെന്ന് സാമാന്യവത്കരിക്കാനുള്ള ശ്രമമാണ് പലപ്പോഴും നടക്കുന്നതെന്നും പാര്‍വ്വതി പറയുകയുണ്ടായി. അഭിനയിക്കാനുള്ള കഴിവ് പരിഗണിക്കാതെ ശരീരം ലക്ഷ്യമാക്കിയവരുമായി സഹകരിക്കാന്‍ ആ നടി തയ്യാറായില്ല. എന്നാല്‍, അഭിമുഖത്തില്‍ പറഞ്ഞു എന്നല്ലാതെ ചൂഷണത്തിനു ശ്രമിച്ചവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ എന്തെങ്കിലും അവര്‍ സ്വീകരിച്ചതായി അറിയില്ല. വഴങ്ങാത്ത പാര്‍വ്വതിയെ വിട്ട് വഴങ്ങുന്ന ആരെയെങ്കിലും തേടി ചൂഷകര്‍ പോയിട്ടുണ്ടാവും!! പാര്‍വ്വതിക്കു പകരം മറ്റൊരു പെണ്‍കുട്ടി ചൂഷണത്തിന് ഇരയായിട്ടുണ്ടാവും!!! ചൂഷകര്‍ പൊടിയും തട്ടി രക്ഷപ്പെട്ടിട്ടുമുണ്ടാവും!!!!

സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സംവിധാനങ്ങള്‍ പോലും പല സിനിമാ സെറ്റുകളിലും ഉണ്ടാകാറില്ലെന്ന വസ്തുത പ്രബുദ്ധം എന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തിന് യോജിച്ചതല്ല. മാറ്റത്തിന് അവിടം മുതല്‍ തുടക്കമാവണം. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ പരിപാടികളിലും ഈ രംഗത്തെ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കണം. സ്വന്തം കഴിവും ആത്മവിശ്വാസവും നിമിത്തം തലയുയര്‍ത്തി നില്‍ക്കുന്ന വിരലിലെണ്ണാവുന്ന ചിലരൊഴികെ -മുഖ്യമന്ത്രിയെ കാണാനെത്തിയവരെ ആ ഗണത്തില്‍ പെടുത്താം -ഭൂരിഭാഗവും ഭയത്തിന്റെയും സുരക്ഷിതത്വമില്ലായ്മയുടെയും ആവരണത്തിനു കീഴിലാണ് ജീവിക്കുന്നത്. നിയമപരമായ മാര്‍ഗ്ഗത്തില്‍ അവര്‍ക്കൊരു മോചനം -അതാവണം ഈ പെണ്‍കൂട്ടിന്റെ പ്രാഥമിക ലക്ഷ്യം.
ഈ സാഹചര്യത്തില്‍ സിനിമാ മേഖലയെ 2013ല്‍ നിലവില്‍ വന്ന തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള നടപടിയുണ്ടാവണം. മറ്റു മേഖലകളില്‍ ഉള്ളതു പോലെ ലൈംഗിക പീഡന പരാതി പരിഹാര സെല്‍ ഓരോ സിനിമാ നിര്‍മ്മാണ യൂണിറ്റിലും ഉണ്ടാവണം. ഈ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നുറപ്പാക്കാനുള്ള പരിശോധനാ സംവിധാനവും വേണം. പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ നിന്ന് അത്തരമൊരാവശ്യം ഉയരില്ല എന്നുറപ്പ്. ഈ പെണ്‍കൂട്ട് പ്രസക്തമാവുന്നത് അവിടെയാണ്. രാജ്യത്തിന് പല കാര്യങ്ങളിലും മാതൃകയായ കേരളത്തില്‍ നിന്നാവട്ടെ ഈ മേഖലയിലെയും മാറ്റത്തിന്റെ തുടക്കം.
ഏതായാലും, പുരോഗമനപരമായ ചില നിര്‍ദ്ദേശങ്ങള്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു മുന്നില്‍ വെച്ചിട്ടുണ്ട് എന്നു തന്നെയാണ് അറിവാകുന്നത്. മുഖ്യമന്ത്രി അതിനോട് അനുകൂലമായി പ്രതികരിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളില്‍ പ്രോത്സാഹജനകമായ ചില നിലപാടുകളുണ്ട്. അതിനാല്‍ത്തന്നെ സിനിമരംഗത്തെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുണ്ടാവുമെന്ന് ആശിക്കാം.
സിനിമാ മേഖലയില്‍ താരങ്ങള്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും വെവ്വേറെ സംഘടനകളുണ്ട്. ഈ സംഘടനകളിലെല്ലാം പുരുഷാധിപത്യം പ്രകടവുമാണ്. അതില്‍ നിന്നു വ്യത്യസ്തമാണ് ഈ പെണ്‍കൂട്ടിന്റെ ഘടന. ഇതില്‍ അഭിനേതാക്കളെന്നോ സാങ്കേതികപ്രവര്‍ത്തകരെന്നോ ഉള്ള വ്യത്യാസമില്ല. എല്ലാ മേഖലയില്‍പ്പെട്ടവരും ഇതിലുണ്ട്. ഈ സംവിധാനം നിലവില്‍ വരുന്നതിനു മുമ്പു തന്നെ ദുഷിപ്പ് പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമങ്ങളുണ്ടാവുന്നത് കാണാതിരിക്കരുത്. താരസംഘടനയുടെ അച്ചടക്കത്തിനു വിരുദ്ധമായ പ്രവര്‍ത്തനമുണ്ടാവുകയാണെങ്കില്‍ ശക്തമായ നടപടിയെന്ന് മുഖമില്ലാത്ത ചിലര്‍ ഭീഷണിപ്പെടുത്തിയതായി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വന്നു തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ ഒത്തുചേരുന്നതിലെ അച്ചടക്കലംഘനം എന്താണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. അത് ചിലപ്പോള്‍ ‘വാര്‍ത്തകള്‍’ മാത്രമാവാം. ഏതായാലും ഒരു കാര്യം വ്യക്തം -വിമന്‍ ഇന്‍ സിനിമ കളക്ടീവ് നീങ്ങുന്നത് ശരിയായ ദിശയിലാണ്. ഈ പെണ്‍പുലികളെ ആരൊക്കെയോ ഭയക്കുന്നുണ്ട് എന്നതു തന്നെയാണ് അതിനു തെളിവ്.
പ്രിയ സുഹൃത്തുക്കളെ, ധൈര്യമായി മുന്നോട്ടു നീങ്ങുക.
ആത്മാഭിമാനമുള്ള പുരുഷന്മാരെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ടാകും.
പോഴന്മാര്‍ പോയി തുലയട്ടെ.