HomeSCITECHഅമേരിക്ക വഴിയ...

അമേരിക്ക വഴിയടച്ചു; ചൈന സ്വന്തം വഴി പണിതു

-

Reading Time: 4 minutes

2019ൽ അമേരിക്കയുടെ വിലക്ക് വന്നപ്പോൾ ഹുവാവേയുടെ സ്മാർട്ട്ഫോൺ കാലം അവസാനിച്ചുവെന്നായിരുന്നു പലരുടെയും വിലയിരുത്തൽ. ഗൂഗിൾ സേവനങ്ങൾ നഷ്ടപ്പെട്ടു. പുതിയ തലമുറ മൊബൈൽ പ്രോസസറുകൾ നിർമ്മിക്കാൻ ആവശ്യമായ സാങ്കേതികവിദ്യകൾ ലഭിക്കാതായി. ആഗോള വിപണിയിൽ ഹുവാവേ വലിയ തിരിച്ചടി നേരിട്ടു.

6 വർഷത്തിനുശേഷം ചിത്രം മാറിയിരിക്കുന്നു. 2025ൽ ചൈനയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ഹുവാവേ 4.67 കോടി ഫോണുകൾ വിറ്റഴിച്ചപ്പോൾ ആപ്പിളിന്റെ ഐഫോൺ വില്പന 4.62 കോടിയായിരുന്നു. ഏകദേശം 5 ലക്ഷം ഫോണുകളുടെ വ്യത്യാസത്തിൽ ഹുവാവേ ആപ്പിളിനെ മറികടന്നു.

ഇത് വെറുമൊരു വില്പനക്കണക്കല്ല. അമേരിക്കൻ സാങ്കേതികവിദ്യയെ ആശ്രയിച്ചിരുന്ന ഒരു ചൈനീസ് കമ്പനി, സ്വന്തം ചിപ്പും സ്വന്തം പ്രവർത്തകവും സ്വന്തം ആപ്പ് ലോകവും പടുത്തുയർത്തിയ കഥയാണ്.

2019: ഹുവാവേയുടെ മുന്നിൽ വാതിലടഞ്ഞു

2019 മെയിലാണ് അമേരിക്ക ഹുവാവേയെ വ്യാപാര നിയന്ത്രണപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. അതോടെ അമേരിക്കൻ കമ്പനികൾക്ക് ഹുവാവേയുമായി സാങ്കേതിക ഇടപാടുകൾ നടത്താൻ നിയന്ത്രണം വന്നു. പുതിയ ഹുവാവേ ഫോണുകളിൽ ഗൂഗിളിന്റെ പ്രധാന സേവനങ്ങൾ ലഭിക്കാതായി. ഗൂഗിൾ പ്ലേ സ്റ്റോർ ഇല്ല. ജിമെയിൽ ഇല്ല. ഗൂഗിൾ മാപ്സ് ഇല്ല. യൂട്യൂബ് സേവനങ്ങളും പഴയ രീതിയിൽ ലഭ്യമല്ല. ചൈനയ്ക്ക് പുറത്തുള്ള വിപണിയിൽ ഇത് ഹുവാവേയ്ക്ക് വലിയ തിരിച്ചടിയായി.

അതിലും വലിയ പ്രശ്നം മൊബൈൽ പ്രോസസറുകളായിരുന്നു. ഏറ്റവും പുതിയ ചിപ്പുകൾ നിർമ്മിക്കാൻ ലോകത്തിലെ മുൻനിര കമ്പനികളെയാണ് ഹുവാവേ ആശ്രയിച്ചിരുന്നത്. അമേരിക്കയുടെ നിയന്ത്രണങ്ങൾ ശക്തമായതോടെ ആ വഴിയും അടഞ്ഞു. അപ്പോൾ മുന്നിലുണ്ടായിരുന്ന ചോദ്യം ഇതായിരുന്നു: ഇനി ഹുവാവേയ്ക്ക് മികച്ച സ്മാർട്ട്ഫോൺ നിർമ്മിക്കാൻ കഴിയുമോ?

പിൻമാറാതെ സ്വന്തം വഴി

ഹുവാവേ മറ്റൊരു വഴി തിരഞ്ഞെടുത്തു. വിദേശ സാങ്കേതികവിദ്യ ലഭ്യമല്ലെങ്കിൽ അതിന് പകരം സ്വന്തം സംവിധാനം വികസിപ്പിക്കുക. ഇത് ഒരു ദിവസംകൊണ്ട് നടന്ന കാര്യമല്ല. വർഷങ്ങളുടെ ഗവേഷണം. വലിയ നിക്ഷേപം. ചൈനീസ് സർക്കാരിന്റെയും ആഭ്യന്തര വ്യവസായ മേഖലയുടെയും പിന്തുണ. ഇവയെല്ലാം ചേർന്നാണ് ഹുവാവേ വീണ്ടും സ്മാർട്ട്ഫോൺ വിപണിയിലേക്ക് ശക്തമായി തിരിച്ചെത്തിയത്. ഈ തിരിച്ചുവരവിന്റെ പ്രധാന ആയുധം കിരിൻ പ്രോസസറുകളാണ്.

‘അസാധ്യമെന്ന്’ കരുതിയ ചിപ്പ്

ഒരു സ്മാർട്ട്ഫോണിന്റെ തലച്ചോറാണ് പ്രോസസർ. ഫോണിന്റെ വേഗം, ക്യാമറയുടെ പ്രവർത്തനം, നിർമ്മിതബുദ്ധി സംവിധാനങ്ങൾ, വൈദ്യുതി ഉപയോഗം തുടങ്ങിയ എല്ലാറ്റിനെയും അത് സ്വാധീനിക്കുന്നു. അമേരിക്കൻ നിയന്ത്രണങ്ങൾക്ക് ശേഷം അത്യാധുനിക പ്രോസസറുകൾ സ്വന്തമായി നിർമ്മിക്കുക ചൈനയ്ക്ക് എളുപ്പമാകില്ലെന്നായിരുന്നു പൊതുവായ വിലയിരുത്തൽ. എന്നാൽ ഹുവാവേയുടെ ചിപ്പ് രൂപകല്പന വിഭാഗവും ചൈനീസ് ചിപ്പ് നിർമ്മാതാക്കളായ എസ്.എം.ഐ.സിയും ചേർന്ന് പുതിയ കിരിൻ പ്രോസസറുകൾ വികസിപ്പിച്ചു.

2023ൽ പുറത്തിറങ്ങിയ മേറ്റ് 60 പരമ്പര തന്നെ ലോകത്തെ അമ്പരപ്പിച്ചു. 2025ൽ പുറത്തിറങ്ങിയ മേറ്റ് 80 പ്രോ മാക്സ് അതിനെക്കാൾ മുന്നോട്ടുപോയി. ഇതിൽ ഹുവാവേയുടെ കിരിൻ 9030 പ്രോ പ്രോസസറാണ് ഉപയോഗിക്കുന്നത്. അമേരിക്കൻ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും മികച്ച സ്മാർട്ട്ഫോണിനാവശ്യമായ പ്രോസസർ സ്വന്തം രാജ്യത്തിനുള്ളിൽ നിർമ്മിക്കാൻ ചൈനയ്ക്ക് കഴിയുന്നുവെന്ന സന്ദേശമായിരുന്നു അത്.

ഗൂഗിളിന് പകരം ഹാർമണി

ചിപ്പ് മാത്രം ഉണ്ടായാൽ ഒരു സ്മാർട്ട്ഫോൺ വിജയിക്കില്ല. അതിൽ പ്രവർത്തകവും വേണം. ആൻഡ്രോയ്ഡ് ലോകത്തിന് ഗൂഗിൾ എത്ര പ്രധാനമാണോ, ഐഫോണിന് ആപ്പിളിന്റെ സ്വന്തം പ്രവർത്തകമായ ഐ.ഒ.എസ്. അത്രതന്നെ പ്രധാനമാണ്. ഗൂഗിൾ സേവനങ്ങൾ നഷ്ടപ്പെട്ടപ്പോൾ ഹുവാവേ സ്വന്തം പ്രവർത്തകം വികസിപ്പിച്ചു. അതിന് നൽകിയ പേര് ഹാർമണി ഒ.എസ്.

ആദ്യഘട്ടത്തിൽ ഇത് ആൻഡ്രോയ്ഡുമായി ഏറെ ബന്ധപ്പെട്ടു നിന്നിരുന്നു. എന്നാൽ പിന്നീട് ഹുവാവേ അതിനെ കൂടുതൽ സ്വതന്ത്രമായ സംവിധാനമാക്കി മാറ്റി. പുതിയ പതിപ്പുകളിൽ ആൻഡ്രോയ്ഡ് ആപ്പുകളെ ആശ്രയിക്കുന്നതിൽനിന്ന് ഹുവാവേ മാറുകയാണ്. ലക്ഷ്യം വ്യക്തമാണ്. ഗൂഗിളില്ലാത്ത ഒരു സ്മാർട്ട്ഫോൺ ലോകം.

സ്വന്തം ആപ്പ് ലോകവും

ഒരു പുതിയ പ്രവർത്തകം ഉണ്ടാക്കുന്നത് എളുപ്പമാണ്. അതിന് വേണ്ടത്ര ആപ്പുകൾ ലഭ്യമാക്കുന്നതാണ് കഠിനം. ഉപയോക്താവിന് ബാങ്കിങ് ആപ്പ് വേണം. വീഡിയോ ആപ്പ് വേണം. ഓൺലൈൻ ഷോപ്പിങ് വേണം. ഭക്ഷണം ഓർഡർ ചെയ്യണം. ടാക്സി വിളിക്കണം. സന്ദേശമയയ്ക്കണം. ഗെയിമുകൾ കളിക്കണം. ഇവയൊന്നും ലഭ്യമല്ലെങ്കിൽ മികച്ച ഫോൺ ഉണ്ടായിട്ടും ആളുകൾ വാങ്ങില്ല.

അതിനാൽ ഹുവാവേ സ്വന്തം ആപ്പ് ഗ്യാലറി വികസിപ്പിച്ചു. ആയിരക്കണക്കിന് ആപ്പ് നിർമ്മാതാക്കളെ ഹാർമണി സംവിധാനത്തിലേക്ക് കൊണ്ടുവന്നു. 2025ഓടെ ലക്ഷക്കണക്കിന് ആപ്പുകളും സേവനങ്ങളും ഈ സംവിധാനത്തിൽ ലഭ്യമാകുന്ന നിലയിലേക്ക് ഹുവാവേ എത്തി. ചൈനയുടെ വലിയ ആഭ്യന്തര വിപണിയാണ് ഇതിന് വലിയ സഹായമായത്.

ഫോൺ മാത്രമല്ല, സ്വന്തം സാങ്കേതിക ലോകം

ഹുവാവേയുടെ ലക്ഷ്യം ഇപ്പോൾ ഒരു സ്മാർട്ട്ഫോൺ നിർമ്മിക്കുക മാത്രമല്ല. ഫോൺ. ടാബ്‌ലെറ്റ്. സ്മാർട്ട് വാച്ച്. കമ്പ്യൂട്ടർ. കാർ. സ്മാർട്ട് ഹോം ഉപകരണങ്ങൾ. ക്ലൗഡ് സേവനങ്ങൾ. നിർമ്മിതബുദ്ധി. ഇവയെല്ലാം ഒരേ സംവിധാനത്തിൽ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ആപ്പിൾ വർഷങ്ങളായി വിജയകരമായി നടപ്പാക്കുന്ന മാതൃകയാണിത്. ഐഫോൺ വാങ്ങുന്ന ഒരാൾ ആപ്പിൾ വാച്ചിലേക്കും മാക് കമ്പ്യൂട്ടറിലേക്കും ഐപാഡിലേക്കും എളുപ്പത്തിൽ കടക്കുന്നു. ഹുവാവേ ഇപ്പോൾ ചൈനയിൽ അതിന്റെ സ്വന്തം മാതൃക സൃഷ്ടിക്കുകയാണ്.

മേറ്റ് 80 പ്രോ മാക്സ്: തിരിച്ചുവരവിന്റെ മുഖം

2025 നവംബറിൽ പുറത്തിറങ്ങിയ മേറ്റ് 80 പ്രോ മാക്സ് ഹുവാവേയുടെ ഈ മാറ്റത്തിന്റെ പ്രതീകമായി മാറി. വലിയ ഓ.എൽ.ഇ.ഡി. സ്ക്രീൻ. കിരിൻ 9030 പ്രോ പ്രോസസർ. ഹാർമണി പ്രവർത്തകം. വലിയ ബാറ്ററി. മികച്ച ക്യാമറകൾ. ഇതൊക്കെയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകൾ.

പക്ഷേ ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ക്യാമറയോ സ്ക്രീനോ അല്ല. ഇത്രയും വലിയ സാങ്കേതിക നിയന്ത്രണങ്ങൾക്കുശേഷവും ഹുവാവേ ഇത്തരമൊരു ഫോൺ നിർമ്മിച്ചു എന്നതാണ്.

ആപ്പിളിന്റെ ചൈനാ വെല്ലുവിളി

2025ലെ കണക്കുകൾ ആപ്പിൾ ചൈനയിൽ തകർന്നുവെന്നർഥമല്ല. ഐഫോണിന് ഇപ്പോഴും വലിയ ആരാധകരുണ്ട്. ആപ്പിളിന്റെ വില്പനയും ശക്തമാണ്. പക്ഷേ മുമ്പത്തേതിൽനിന്ന് മത്സരം മാറി. മുമ്പ് ഹുവാവേയ്ക്ക് ഗൂഗിൾ സേവനങ്ങൾ നഷ്ടപ്പെടുമോ എന്നായിരുന്നു ചോദ്യം. ഇപ്പോൾ ചൈനീസ് ഉപഭോക്താവിന്റെ മുന്നിൽ മറ്റൊരു തിരഞ്ഞെടുപ്പുണ്ട്. ഒരു വശത്ത് അമേരിക്കയുടെ ഐഫോൺ. മറുവശത്ത് ചൈനയുടെ സ്വന്തം പ്രോസസറും സ്വന്തം പ്രവർത്തകവും സ്വന്തം ആപ്പ് ലോകവുമുള്ള ഹുവാവേ.

അതുകൊണ്ടാണ് ആപ്പിളിന്റെ ചൈനാ പ്രശ്നം പുതിയ ക്യാമറ കൊണ്ടോ കൂടുതൽ വേഗമുള്ള പ്രോസസർ കൊണ്ടോ മാത്രം പരിഹരിക്കാൻ കഴിയാത്തത്. ഇത് ദേശീയ സാങ്കേതിക മത്സരത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

വിലക്ക് തിരിച്ചടിയായോ?

അമേരിക്കയുടെ ലക്ഷ്യം ഹുവാവേയുടെ സാങ്കേതിക മുന്നേറ്റം നിയന്ത്രിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ അത് വിജയിക്കുകയും ചെയ്തു. ഹുവാവേയുടെ ആഗോള സ്മാർട്ട്ഫോൺ വില്പന ഇടിഞ്ഞു. പക്ഷേ ദീർഘകാലത്ത് മറ്റൊരു മാറ്റവും സംഭവിച്ചു. വിദേശ കമ്പനികളെ ആശ്രയിക്കുന്നത് അപകടമാണെന്ന് ചൈന തിരിച്ചറിഞ്ഞു. അതോടെ സ്വന്തം ചിപ്പ് വ്യവസായത്തിലേക്കും പ്രവർത്തകങ്ങളിലേക്കും ഗവേഷണത്തിലേക്കും വൻതോതിൽ പണം ഒഴുകി. അതിന്റെ ഫലമാണ് ഇന്ന് കാണുന്നത്. ഒരു കാലത്ത് ഗൂഗിളിനെയും വിദേശ ചിപ്പ് നിർമ്മാതാക്കളെയും ആശ്രയിച്ചിരുന്ന ഹുവാവേ, ഇന്ന് നിർണായക സാങ്കേതിക മേഖലകളിൽ സ്വന്തം സംവിധാനം നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്.

എല്ലാം ചൈനീസ് ആയോ?

അതേസമയം ഹുവാവേ ഇപ്പോൾ പൂർണമായും വിദേശ സാങ്കേതികവിദ്യകളിൽനിന്ന് സ്വതന്ത്രമായി എന്ന് പറയുന്നത് അതിശയോക്തിയാകും. ഒരു സ്മാർട്ട്ഫോണിൽ നൂറുകണക്കിന് ഘടകങ്ങളുണ്ട്. മെമ്മറി. ക്യാമറ സെൻസർ. വിവിധ ആശയവിനിമയ ഘടകങ്ങൾ. നിരവധി പേറ്റന്റുകളും സാങ്കേതികവിദ്യകളും. അതിനാൽ എല്ലാ ഭാഗവും ചൈനയിൽ നിർമ്മിക്കുന്നുവെന്ന് ഇപ്പോൾ പറയാനാവില്ല.

എന്നാൽ പ്രധാനപ്പെട്ട മാറ്റം മറ്റൊന്നാണ്. ഫോൺ നിർമ്മിക്കാൻ ആവശ്യമായ ഏറ്റവും നിർണായകമായ മേഖലകളിൽ വിദേശ ആശ്രിതത്വം ഹുവാവേ വലിയ തോതിൽ കുറച്ചിരിക്കുന്നു. അതുതന്നെയാണ് ഈ കഥയുടെ പ്രാധാന്യം.

ചൈനയ്ക്ക് പുറത്താണ് അടുത്ത പരീക്ഷ

ചൈനയിൽ വിജയിക്കുന്നത് മാത്രം ഹുവാവേയ്ക്ക് മതിയാകില്ല. ലോകവിപണിയിലേക്ക് വീണ്ടും ശക്തമായി മടങ്ങണമെങ്കിൽ ഹാർമണി പ്രവർത്തകം മറ്റ് രാജ്യങ്ങളിലും ആളുകൾ സ്വീകരിക്കണം. അവിടെയാണ് വലിയ വെല്ലുവിളി. ഇന്ത്യയിലോ യൂറോപ്പിലോ ഒരു ഉപയോക്താവിന് യൂട്യൂബ് വേണം. ഗൂഗിൾ മാപ്സ് വേണം. വാട്സാപ്പ് വേണം. പ്രധാന ബാങ്കിങ് ആപ്പുകൾ വേണം.

ഇവയൊക്കെ സൗകര്യപ്രദമായി ലഭിക്കാതെ ഹാർമണി പ്രവർത്തകത്തിന് ആൻഡ്രോയ്ഡിനെയും ഐഫോണിനെയും വെല്ലുവിളിക്കുക ബുദ്ധിമുട്ടായിരിക്കും. അതിനാൽ അടുത്ത പോരാട്ടം ചിപ്പ് നിർമ്മാണശാലയിൽ മാത്രമല്ല. ആപ്പ് നിർമ്മാതാക്കളുടെ ലോകത്തുമാണ്.

ഒരു ഫോൺയുദ്ധത്തിനപ്പുറം

അതുകൊണ്ടുതന്നെ 4.67 കോടി ഹുവാവേ ഫോണുകളും 4.62 കോടി ഐഫോണുകളും തമ്മിലുള്ള 5 ലക്ഷം യൂണിറ്റിന്റെ വ്യത്യാസമല്ല ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കണക്ക്. പ്രധാനപ്പെട്ടത് മറ്റൊന്നാണ്. സ്മാർട്ട്ഫോണിന്റെ അടിസ്ഥാന സാങ്കേതികവിദ്യകളിൽ ഒരുകാലത്ത് അമേരിക്കൻ കമ്പനികളെയും ആഗോള വിതരണശൃംഖലയെയും ശക്തമായി ആശ്രയിച്ചിരുന്ന ഒരു ചൈനീസ് കമ്പനി ഇന്ന് സ്വന്തം ചിപ്പ്–ഓപ്പറേറ്റിങ് സിസ്റ്റം–ആപ്പ് ഇക്കോസിസ്റ്റം എന്ന ത്രികോണം നിർമ്മിച്ചുകഴിഞ്ഞു.

അത് ഇനിയും അപൂർണമാണ്. ലോകത്തെ കീഴടക്കിയിട്ടില്ല. ആൻഡ്രോയ്ഡിനെയോ ഐ.ഒ.എസിനെയോ ആഗോളതലത്തിൽ വെല്ലുവിളിച്ചിട്ടുമില്ല. പക്ഷേ 2019ൽ ചോദ്യം “ഹുവാവേ ഇനി സ്മാർട്ട്ഫോൺ നിർമ്മിക്കുമോ?” എന്നായിരുന്നു. 2026ൽ ചോദ്യം മാറിയിരിക്കുന്നു. “ഹുവാവേ നിർമ്മിക്കുന്ന ഈ സ്വതന്ത്ര സാങ്കേതിക പരിസ്ഥിതി ചൈനയ്ക്ക് പുറത്തേക്കും വളരുമോ?” ആ മാറ്റം തന്നെയാണ് ഹുവാവേയുടെ തിരിച്ചുവരവിലെ ഏറ്റവും വലിയ സാങ്കേതിക കഥ.

ഒരു ഫോണിന്റെ വിജയം മാത്രമല്ല അത്. സ്വന്തം പ്രോസസർ. സ്വന്തം പ്രവർത്തകം. സ്വന്തം ആപ്പ് വിപണി. സ്വന്തം ക്ലൗഡ്സേവനം. ഇവയെല്ലാം ചേർന്ന ഒരു പുതിയ സാങ്കേതിക ലോകത്തിന്റെ നിർമ്മാണമാണ്. അമേരിക്ക വഴിയടച്ചപ്പോൾ ഹുവാവേ അവിടെ നിന്നില്ല. സ്വന്തമായി മറ്റൊരു വഴി പണിതു. ആ വഴിയിലൂടെ നടന്നെത്തിയാണ് ഇന്ന് ചൈനീസ് വിപണിയിൽ ആപ്പിളിനെ മറികടന്നത്.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.