Home POLITY ആരാണ് ഫൈസൽ എട...

ആരാണ് ഫൈസൽ എടശ്ശേരി?

Reading Time: < 1 minute

ഫൈസൽ എടശ്ശേരിയെ അറിയാവുന്നവരുടെ എണ്ണം ഇന്നലെ വരെ വളരെ കുറവായിരുന്നു. എന്നാൽ, ഇന്ന് മലയാളികൾ ഉള്ളിടത്തെല്ലാം ആ പേര് കേൾക്കുന്നു. കഴിഞ്ഞ ദിവസം നിയമസഭയിലാണ് ഫൈസലിനെക്കുറിച്ച് ആദ്യമായി കേട്ടത്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മറുപടി പറഞ്ഞ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷാണ് ഫൈസൽ എടശ്ശേരിയെ മലയാളികൾക്ക് പരിചയപ്പെടുത്തിയത്.

ആരാണ് ഫൈസൽ എടശ്ശേരി? മലപ്പുറം ജില്ലാ പഞ്ചായത്തിലെ തിരുന്നാവായ ഡിവിഷൻ കൗൺസിലറാണ് ഫൈസൽ എടശ്ശേരി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവ്. പ്രശസ്തനാവാൻ ഇതിലെന്താ ഇത്രയുള്ളത് എന്ന സംശയം സ്വാഭാവികം. ആ കാരണമാണ് കുറഞ്ഞപക്ഷം നിയമസഭയിലെങ്കിലും ലീഗുകാരെ പ്രതിസന്ധിയിലാക്കിയത്.

ഫൈസൽ എടശ്ശേരി

2023 ഓഗസ്റ്റ് 23ന് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് എമിറേറ്റ്‌സ് വിമാനത്തിൽ ഫൈസൽ യാത്ര ചെയ്തിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നടത്തിയ കസ്റ്റംസ് പരിശോധനയ്ക്കിടെ ഇദ്ദേഹത്തിന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന 932.6 ഗ്രാം വരുന്ന എട്ടു സ്വർണ ബിസ്‌കറ്റുകൾ പിടികൂടി. 116.5 പവൻ പിടിച്ചു എന്നു പറഞ്ഞാലാണ് കുറച്ചുകൂടി വ്യക്തമാവുക.

ഫൈസൽ കൊണ്ടുവന്ന സ്വർണത്തിന്റെ മൂല്യം 48,27,725 രൂപയാണ്. അനധികൃതമായി കടത്തിക്കൊണ്ടു വന്ന ഈ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. ഒ.എസ്. നമ്പർ 169/2023 എന്ന ഫയലിൽ റിപ്പോർട്ടും തയ്യാറാക്കി. എന്നാൽ, കൊണ്ടുവന്ന സ്വർണത്തിന്റെ മൂല്യം 50 ലക്ഷത്തിൽ താഴെ ആയതിനാൽ ഫൈസലിനെ സ്വന്തം ജാമ്യത്തിൽ കസ്റ്റംസ് വിട്ടയച്ചു.

ഫൈസലിനെതിരായ കസ്റ്റംസ് നടപടികൾ എറണാകുളം സിറ്റി പരിധിയിലുള്ള കസ്റ്റംസ് കമ്മീഷണറുടെ ഓഫീസിൽ തുടരുകയാണ്. ലീഗണികൾ മാത്രമല്ല നേതാക്കളും സ്വർണം കടത്തുന്നവരാണ് എന്നാണ് ഫൈസലിന്റെ കഥയിലൂടെ രാജേഷ് പറഞ്ഞുവെച്ചത്.

Previous articleമുഖ്യമന്ത്രിയുടെ കാത്തിരിപ്പ് എന്തിനായിരുന്നു?
Next articleഅൻവ‍‌ർ വക ആരോപണവും വസ്തുതയുമായുള്ള ദൂരം
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

NO COMMENTS

COMMENTSCancel reply

Exit mobile version