ലോകകപ്പിലെ മത്സരങ്ങൾ പലപ്പോഴും ഗോളുകളുടെയും വിജയങ്ങളുടെയും പരാജയങ്ങളുടെയും കഥകളാണ് പറയാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഡി.ആർ. കോംഗോ – കൊളംബിയ മത്സരത്തിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയത് ഒരു ഗോൾ അല്ലായിരുന്നു. കളിക്കളത്തിന് പുറത്ത്, ഗാലറിയിൽ ചുവന്ന സ്യൂട്ടും ടൈയും ധരിച്ച് 90 മിനിറ്റും അനങ്ങാതെ നിന്ന ഒരാളായിരുന്നു. മത്സരം അവസാനിക്കാനിരിക്കെ അദ്ദേഹം വായ് പൊത്തിപ്പിടിച്ച്, തുടർന്ന് സ്വന്തം തലയിലേക്ക് തോക്ക് ചൂണ്ടുന്ന ആംഗ്യം കാണിച്ചു. ഏതാനും നിമിഷങ്ങൾ മാത്രം നീണ്ട ആ ദൃശ്യം ഫിഫയുടെ ഔദ്യോഗിക സംപ്രേഷണം ഉടൻ ക്യാമറയിൽ നിന്ന് മാറ്റി.
ആ മനുഷ്യൻ്റെ പേര് മിഷേൽ കുകാ എംബൊലഡിംഗ. എന്നാൽ ലോകം അദ്ദേഹത്തെ അറിയുന്നത് “ലുമുംബ വേ” എന്ന പേരിലാണ്. അതിൻ്റെ അർഥം “ലുമുംബ ജീവിക്കുന്നു” എന്നാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഡി.ആർ. കോംഗോയുടെ ഓരോ മത്സരത്തിലും അദ്ദേഹം ഇതേ വേഷത്തിൽ, ഇതേ നിലയിൽ, ചലനമില്ലാതെ നിൽക്കുന്നു. അത് ഒരു ഫുട്ബോൾ ആരാധകൻ്റെ പ്രകടനമല്ല. കോംഗോയുടെ ആദ്യ പ്രധാനമന്ത്രിയും ആഫ്രിക്കൻ സ്വാതന്ത്ര്യസമരത്തിൻ്റെ പ്രതീകവുമായ പാട്രിസ് ലുമുംബയ്ക്കുള്ള ജീവനുള്ള ആദരാഞ്ജലിയാണ്.
1960 ജൂൺ 30ന് ബെൽജിയത്തിൽ നിന്ന് കോംഗോ സ്വാതന്ത്ര്യം നേടിയപ്പോൾ നടന്ന ചടങ്ങിൽ, ബെൽജിയം രാജാവായ ബൗഡ്വിൻ്റെ സാന്നിധ്യത്തിൽ പാട്രിസ് ലുമുംബ നടത്തിയ പ്രസംഗം ആഫ്രിക്കൻ ചരിത്രത്തിലെ ഏറ്റവും ശക്തമായ കൊളോണിയൽ വിരുദ്ധ പ്രഖ്യാപനങ്ങളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു. ബെൽജിയൻ അധിനിവേശത്തിൻ്റെ ക്രൂരതകളെ തുറന്നുപറഞ്ഞ ആ പ്രസംഗം ലോകത്തെ ഞെട്ടിച്ചു. പിന്നീട് അമേരിക്കൻ കറുത്തവർഗ നേതാവ് മാൽക്കം എക്‌സ്, ലുമുംബയെ “ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നടന്ന ഏറ്റവും മഹാനായ കറുത്ത മനുഷ്യൻ” എന്ന് വിശേഷിപ്പിച്ചിരുന്നു.
എന്നാൽ സ്വാതന്ത്ര്യത്തിൻ്റെ ആഹ്ളാദം അധികകാലം നീണ്ടുനിന്നില്ല. സ്വാതന്ത്ര്യം ലഭിച്ച് 6 മാസം പിന്നിടും മുമ്പ് ബെൽജിയൻ സൈനികരും ഉദ്യോഗസ്ഥരും ലുമുംബയെ പിടികൂടി. ക്രൂരമായി പീഡിപ്പിച്ച ശേഷം വെടിവെച്ചു കൊലപ്പെടുത്തി. പിന്നീട് അദ്ദേഹത്തിൻ്റെ മൃതദേഹം കഷണങ്ങളാക്കി ആസിഡിൽ ലയിപ്പിച്ചതായാണ് ചരിത്രരേഖകൾ പറയുന്നത്. സംഭവത്തിൽ പങ്കുണ്ടായിരുന്ന ഒരു ബെൽജിയൻ ഉദ്യോഗസ്ഥൻ ഓർമ്മയായി സൂക്ഷിച്ചിരുന്ന ഒരു സ്വർണപ്പല്ല് മാത്രമാണ് ലുമുംബയുടെ അവശേഷിപ്പായി പിന്നീട് പുറത്തുവന്നത്. 39 വർഷം ആ ഉദ്യോഗസ്ഥൻ്റെ കൈവശം സൂക്ഷിച്ചിരുന്ന ആ പല്ല്, അദ്ദേഹത്തിൻ്റെ മരണശേഷമാണ് ലോകം വീണ്ടും കണ്ടത്.
ഈ ചരിത്രസ്മരണയാണ് ഓരോ മത്സരത്തിലും ചുവന്ന സ്യൂട്ടിൽ നിശ്ശബ്ദനായി നിൽക്കുന്ന എംബൊലഡിംഗയുടെ പ്രതിഷേധത്തിന് പിന്നിൽ. എന്നാൽ കൊളംബിയക്കെതിരായ മത്സരത്തിൽ അദ്ദേഹം പുതിയൊരു സന്ദേശം കൂടി ലോകത്തിന് മുന്നിൽ വച്ചു. വായ് പൊത്തിപ്പിടിക്കുകയും സ്വന്തം തലയിലേക്ക് തോക്ക് ചൂണ്ടുന്നതുപോലുള്ള ആംഗ്യം കാണിക്കുകയും ചെയ്ത അദ്ദേഹം, കിഴക്കൻ ഡി.ആർ. കോംഗോയിൽ വർഷങ്ങളായി തുടരുന്ന മാനുഷിക ദുരന്തത്തോടുള്ള ലോകത്തിൻ്റെ നിശ്ശബ്ദതയ്‌ക്കെതിരെയാണ് പ്രതിഷേധിച്ചത്.

ലോകത്തിലെ ഏറ്റവും ഗുരുതരമായ മാനുഷിക പ്രതിസന്ധികളിലൊന്നായി കണക്കാക്കപ്പെടുന്ന കിഴക്കൻ കോംഗോയിൽ വർഷങ്ങളായി സായുധ സംഘർഷങ്ങളും കൂട്ടക്കൊലകളും തുടരുകയാണ്. ലക്ഷക്കണക്കിന് ആളുകൾ സ്വന്തം വീടുകൾ ഉപേക്ഷിച്ച് അഭയാർഥികളായി മാറി. അനേകർ കൊല്ലപ്പെട്ടു. എന്നിട്ടും ലോകമാധ്യമങ്ങളിൽ ഈ ദുരന്തത്തിന് ലഭിക്കുന്ന ശ്രദ്ധ വളരെ പരിമിതമാണെന്ന വിമർശനം ശക്തമാണ്.
മത്സരത്തിന് പിന്നാലെ ലുമുംബ വേയുടെ പ്രതിഷേധം സാമൂഹികമാധ്യമങ്ങളിൽ വൈറലായി. റോയിട്ടേഴ്സ്, സി.എൻ.എൻ., ബി.ബി.സി., യു.എസ്.എ. ടുഡേ, വാൾ സ്ട്രീറ്റ് ജേണൽ, ഇ.എസ്.പി.എൻ., സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് തുടങ്ങി പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ സംഭവം റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിൻ്റെ പ്രതിഷേധവും പാട്രിസ് ലുമുംബയുമായുള്ള ബന്ധവും അവയെല്ലാം വിശദീകരിച്ചു. എന്നാൽ, ലുമുംബയുടെ കൊലപാതകവും അതിൻ്റെ ചരിത്രപരമായ രാഷ്ട്രീയ പശ്ചാത്തലവും, കോംഗോയിലെ ധാതുസമ്പത്തിനെ ചുറ്റിപ്പറ്റിയുള്ള ആഗോള ശക്തികളുടെ താൽപര്യങ്ങളും, ഇന്നും തുടരുന്ന അസ്ഥിരതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പല റിപ്പോർട്ടുകളും വിശദമായി പരാമർശിച്ചില്ല.
ചരിത്രകാരന്മാരുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും ഒരു വിഭാഗം പറയുന്നത്, കോംഗോയിലെ കോബാൾട്ടും കോൾട്ടാനും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ധാതുസമ്പത്തിൻ്റെ നിയന്ത്രണമാണ് രാജ്യത്തിൻ്റെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്നെന്നാണ്. സ്വാതന്ത്ര്യാനന്തര കോംഗോയിൽ ലുമുംബ ഉയർത്തിയ ദേശീയ വിഭവങ്ങളുടെ അവകാശവാദവും അദ്ദേഹത്തിൻ്റെ കൊലപാതകവും പിന്നീട് രാജ്യത്ത് രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളും ഇന്നും വ്യാപകമായ ചർച്ചകൾക്ക് വിഷയമാണ്.
ഫിഫ ക്യാമറകൾ ആ ദൃശ്യം ഏതാനും നിമിഷങ്ങൾക്കുള്ളിൽ മാറ്റിയിരിക്കാം. എന്നാൽ ചുവന്ന സ്യൂട്ടണിഞ്ഞ ഒരാൾ 90 മിനിറ്റ് അനങ്ങാതെ നിന്ന ആ നിശ്ശബ്ദ പ്രതിഷേധം ലോകം കേൾക്കാൻ തയ്യാറാകാത്ത ഒരു ജനതയുടെ വേദനയെയാണ് വീണ്ടും ഓർമ്മിപ്പിച്ചത്.
“ലുമുംബ ജീവിക്കുന്നു” — ആ സന്ദേശം ഒരു വ്യക്തിയെക്കുറിച്ചല്ല; ചരിത്രം മറക്കാതിരിക്കാൻ ശ്രമിക്കുന്ന ഒരു ജനതയെക്കുറിച്ചാണ്.