എനിക്കിത് ഒരു കെട്ടകാലമാണെന്നു തോന്നുന്നു. പ്രിയപ്പെട്ടവരെ ഒന്നൊന്നായി നഷ്ടപ്പെടുന്ന ഒരു കെട്ടകാലം. എട്ടും പൊട്ടും തിരിയാതെ ജീവിതത്തിൻ്റെ കനൽവഴികളിൽ ഉഴറി നടന്നിരുന്ന കാലത്ത് കൈപിടിച്ചു നടത്തിയവർ, ഇടറുമ്പോൾ തോളിൽ കൈവെച്ചവർ, ഒന്നും ചോദിക്കാതെ മുന്നോട്ടു തള്ളിവിട്ടവർ — അവരൊക്കെ ഓരോരുത്തരായി മറഞ്ഞുപോകുന്നു.
കുറച്ചു ദിവസം മുമ്പാണ് എൻ.ആർ.എസ്.ബാബു സാർ യാത്രയായത്. ഇന്നിതാ എൻ.എസ്.ഐസക് സാറും പോയിരിക്കുന്നു.
രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയത് ഒരു മരണം അന്വേഷിച്ചായിരുന്നു. ദേവികയുടെ സുഹൃത്തും ഗവ. വനിതാ കോളേജിൽ സഹപ്രവർത്തകയുമായിരുന്ന അനിതയുടെ പപ്പ അന്തരിച്ചെന്നറിഞ്ഞ് അങ്ങോട്ടേക്കു പോകുകയായിരുന്നു. വീട്ടിൽ നിന്ന് അധികം ദൂരമില്ല അവിടേക്ക്. അങ്ങോട്ടേക്കുള്ള വഴിയിൽ അനിതയുടെ പപ്പയുടെ ചരമവാർത്ത മറ്റൊരു സുഹൃത്തായ സഞ്ജിത ടീച്ചർ അയച്ചുകൊടുത്തത് ദേവിക വായിച്ചു: “ആകാശവാണി മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ.എസ്. ഐസക് അന്തരിച്ചു.”
ഞാൻ ഞെട്ടിത്തരിച്ചുപോയി. പൊടുന്നനെ കാർ ഒതുക്കി ബ്രേക്ക് ചവിട്ടി നിർത്തി. കുറച്ചുനേരം ഒന്നും പറയാനായില്ല. ഒരു ദീർഘശ്വാസം മാത്രമാണ് ഉള്ളിൽനിന്ന് പുറത്ത് വന്നത്. “അനിത ഐസക്ക് എന്ന പേരിലുള്ളത് ഈ ഐസക്ക് സാറാണോ?” -ഞാൻ അമ്പരപ്പോടെ ചോദിച്ചു. എൻ്റെ മുഖഭാവത്തിലെ പെട്ടെന്നുള്ള മാറ്റം കണ്ട് ദേവിക ആശയക്കുഴപ്പത്തിലായി — “അനിതയുടെ പപ്പയെ അറിയുമോ?”
അറിയുമോ എന്ന ചോദ്യത്തിന് അവിടെ അർഥമില്ലായിരുന്നു. കാരണം, ഐസക് സാർ എന്നെ വിളിച്ചിരുന്നത് “എടാ മോനേ” എന്നായിരുന്നു. എന്നെ മാത്രമല്ല, അദ്ദേഹത്തെക്കാൾ പ്രായം കുറഞ്ഞ എല്ലാവരെയും അങ്ങനെ തന്നെയായിരുന്നു വിളിക്കുക. സഹപ്രവർത്തകരെ “എടാ”, “എടോ” എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്. അതിൽ ചിലർക്കൊക്കെ അദ്ദേഹത്തോട് അല്പം അലോസരമുണ്ടായിരുന്നതും സത്യം. പക്ഷേ, ആ വിളിയുടെ ഉള്ളിൽ അധികാരത്തിൻ്റെ കട്ടിയുണ്ടായിരുന്നില്ല. നിറഞ്ഞ സ്നേഹത്തിൻ്റെ ചൂടായിരുന്നു. എല്ലാവരോടും അടുപ്പമുണ്ടായിരുന്ന, എല്ലാവരെയും സ്വന്തം ആളുകളായി കണ്ടിരുന്ന ആ മനുഷ്യൻ അത്തരം അലോസരങ്ങളൊന്നും ഒരിക്കലും കാര്യമാക്കിയില്ല.
തിരുവനന്തപുരം ആകാശവാണിയുടെ സ്റ്റേഷൻ ഡയറക്ടർ എന്ന നിലയിലാണ് ഞാൻ ഐസക് സാറിനെ ആദ്യം പരിചയപ്പെടുന്നത്. 1990കളുടെ രണ്ടാം പകുതി. വാർത്താബോധമുള്ളവരും തൊഴിൽരഹിതരുമായിരുന്ന അനേകം ചെറുപ്പക്കാരെ പോലെ എൻ്റെയും ഒരു ചെറിയ ആശ്രയം ആകാശവാണിയിലെ വാർത്താധിഷ്ഠിത പരിപാടിയായ പ്രഭാതഭേരി ആയിരുന്നു. പത്രപ്രവർത്തന വിദ്യാർത്ഥിയായിരുന്ന ഞാൻ ‘പത്രപ്രവർത്തനം’ എന്ന വഴിയിലേക്ക് ആദ്യം കാൽവച്ചത് പ്രഭാതഭേരിയിലൂടെയാണ്. വല്ലപ്പോഴും കിട്ടുന്ന ഒരു ചെറിയ അവസരം. അതിലൂടെ കിട്ടുന്ന ചെറിയ സാമ്പത്തിക നേട്ടം. അന്നത്തെ എൻ്റെ ലക്ഷ്യം അത്രയേയുള്ളൂ.
പ്രഭാതഭേരിയിലേക്കുള്ള വരവും പോകലും മാത്രമല്ല, ചില ചില്ലറ സാമൂഹികപ്രവർത്തനങ്ങളുമുണ്ടായിരുന്നതിനാൽ ആകാശവാണിയിലെ പലരുമായും അന്നുതന്നെ സൗഹൃദം ഉണ്ടായിരുന്നു. അവരിൽ ഏറ്റവും പ്രിയപ്പെട്ട ഒരാൾ അന്ന് തിരുവനന്തപുരം നിലയത്തിലെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന എസ്.രാധാകൃഷ്ണൻ — ഞങ്ങളുടെ രാധാകൃഷ്ണൻ ചേട്ടൻ. നല്ലൊരു കലാഹൃദയത്തിൻ്റെ ഉടമ. മികച്ച നാടകപ്രവർത്തകൻ. അദ്ദേഹത്തെ കാണാൻ ഇടയ്ക്കൊക്കെ ഞാൻ ആകാശവാണിയിൽ ചെല്ലാറുണ്ടായിരുന്നു.
അങ്ങനെ ഒരു ദിവസം ചെന്നപ്പോഴാണ് രാധാകൃഷ്ണൻ ചേട്ടൻ പറഞ്ഞത്: “ശ്യാമേ, പുതിയ സ്റ്റേഷൻ ഡയറക്ടർ വന്നിട്ടുണ്ട്. നല്ല മനുഷ്യനാണ്. പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്.” പൊതുവെ ഒതുങ്ങിക്കൂടുന്ന സ്വഭാവമായിരുന്നു എനിക്ക്. വലിയ ഓഫീസർമാരുടെ മുറികളിലേക്കു കയറുക എന്നത് അന്നൊക്കെ എൻ്റെ സ്വഭാവത്തിന് ഒട്ടും ചേർന്ന കാര്യമല്ല. എങ്കിലും അന്ന് എന്തുകൊണ്ടോ രാധാകൃഷ്ണൻ ചേട്ടനെ എതിർക്കാൻ തോന്നിയില്ല.
സ്റ്റേഷൻ ഡയറക്ടറുടെ മുറിക്കു മുന്നിലെ ബോർഡിൽ ഞാൻ ആദ്യമായി ആ പേര് കണ്ടു: “എൻ.എസ്. ഐസക്.” മടിച്ചു മടിച്ചാണ് അകത്തേക്കു കടന്നത്. വലിയ മേശയ്ക്കപ്പുറത്ത് തികഞ്ഞ ഗാംഭീര്യത്തോടെ ഇരിക്കുന്ന മനുഷ്യനെ കണ്ടു. ആ ഗാംഭീര്യം എന്നെ കൂടുതൽ ചെറുതാക്കി. പക്ഷേ, അടുത്ത നിമിഷം എല്ലാം മാറി. “ങ്ഹാ… വാ… വാ… വാ…”
വർഷങ്ങളായി പരിചയമുള്ള ഒരാളെ വിളിക്കുന്നതുപോലെയായിരുന്നു ആ ക്ഷണം. എൻ്റെ ഉള്ളിൽ ഉണ്ടായിരുന്ന ആശങ്കകളും സംശയങ്ങളും അപരിചിതത്വവും ആ ഒറ്റ വിളിയിൽ അലിഞ്ഞുപോയി. രാധാകൃഷ്ണൻ ചേട്ടൻ എന്നെ പരിചയപ്പെടുത്തി. അധികം താമസിയാതെ ഐസക് സാറിൻ്റെ “എടാ മോനേ” രജിസ്റ്ററിൽ ഞാനും ചേർന്നു. പത്രപ്രവർത്തന വിദ്യാർത്ഥിയാണെന്നു പറഞ്ഞപ്പോൾ സാറിന് സന്തോഷമായി. റേഡിയോ ഞങ്ങളുടെ സിലബസിലുണ്ടോ, ആരാണ് പഠിപ്പിക്കുന്നത്, റേഡിയോ പരിപാടിയെക്കുറിച്ച് എന്തറിയാം എന്നിങ്ങനെ അദ്ദേഹം ചോദിച്ചു. പ്രഭാതഭേരിയിലുള്ള എൻ്റെ ചെറിയ അനുഭവം ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ അദ്ദേഹത്തിന് പെരുത്ത് സന്തോഷം. എന്നെ ‘സഹായിക്കാൻ’ ഉറച്ചിരുന്ന അദ്ദേഹത്തിന് വഴി തുറന്നുകിട്ടിയതിൻ്റെ സന്തോഷമായിരുന്നോ അത് എന്ന് ഞാൻ പിന്നീട് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.
എന്നെ പരിചയപ്പെടുത്താൻ കൊണ്ടുചെന്ന രാധാകൃഷ്ണൻ ചേട്ടനെയാണ് ഐസക് സാർ എൻ്റെ കാര്യങ്ങൾ നോക്കാൻ ഏല്പിച്ചത്. “അവൻ പരിപാടികൾ ചെയ്യട്ടെ. കൊള്ളാമെങ്കിൽ നമുക്ക് കൊടുക്കാം. എന്താ?” -ചോദ്യമായിരുന്നു. പക്ഷേ, അത് നിർദ്ദേശമാണെന്ന് എനിക്കു മനസ്സിലായി. രാധാകൃഷ്ണൻ ചേട്ടനും അതു മനസ്സിലാക്കി. പിന്നെ ഐസക് സാർ വെട്ടിത്തെളിച്ച വഴിയിലൂടെ ആകാശവാണിയിൽ എത്രയോ പരിപാടികൾക്ക് ഞാൻ എഴുത്താളനായി. സാർ പോണ്ടിച്ചേരിയിലേക്ക് സ്ഥലംമാറിപ്പോകുംവരെ ആകാശവാണി എനിക്ക് അന്നദാതാവായിരുന്നു.
കോട്ടയത്തുകാരൻ അച്ചായൻ്റെ എല്ലാവിധ സ്വഭാവവിശേഷങ്ങളും സ്നേഹത്തോടെ വഹിച്ചിരുന്ന ആളായിരുന്നു ഐസക് സാർ. വലിയ മനസ്സ്. നേരായ വാക്ക്. അടുപ്പമുള്ള ശൈലി. സാറിൻ്റെ നാട്ടിലെ “ഇലവിഴാപൂഞ്ചിറ” ആയിരുന്നു അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ വീക്ക്നെസ്. ആ സ്ഥലത്തെക്കുറിച്ച് എത്ര കഥകൾ കേട്ടിരിക്കുന്നു! മുറിയിലേക്ക് എപ്പോഴെങ്കിലും തല നീട്ടിയാൽ കേൾക്കുന്നത് അതേ വിളി: “വാടാ മോനേ.”
സാർ തിരുവനന്തപുരത്ത് നിന്ന് പോയശേഷം അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല. അതിനിടെ എൻ്റെ വഴിയും മാറി. കലാകൗമുദി വഴി ഞാൻ മാതൃഭൂമിയിലെത്തി. സാർ ഡെപ്യൂട്ടി ഡയറക്ടർ ജനറലായ വിവരം വാർത്തകളിലൂടെയാണ് അറിഞ്ഞത്. റിട്ടയർ ചെയ്തശേഷം അദ്ദേഹം തൻ്റെ പ്രിയപ്പെട്ട “ഇലവിഴാപൂഞ്ചിറ”യിൽ എവിടെയെങ്കിലും വിശ്രമജീവിതത്തിലായിരിക്കും എന്ന് ഞാൻ കരുതി.
പക്ഷേ, അദ്ദേഹം ഇത്ര അടുത്ത് താമസിച്ചിരുന്നുവെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. അനിതയുടെ പപ്പയെക്കുറിച്ച് ദേവിക പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടോ ആ പപ്പയെ ഞാൻ എൻ്റെ ഐസക് സാറുമായി ബന്ധിപ്പിച്ചില്ല. ആകാശവാണിയുമയി ബന്ധിപ്പിച്ചില്ല. പരിചയപ്പെടുത്തലിൻ്റെ ആ ചെറിയ പാലം ഒരിക്കലും പണിയപ്പെട്ടില്ല. ഒടുവിൽ ആ ബന്ധം ഞാൻ അറിഞ്ഞത് അദ്ദേഹത്തിൻ്റെ മരണവാർത്തയിൽ നിന്നാണ്.
ഐസക് സാറിൻ്റെ ഭൗതികശരീരം ആംബുലൻസിൽ നിന്ന് വീട്ടിലേക്ക് എടുത്തു കിടത്തുമ്പോൾ തലയ്ക്കൽ പിടിക്കാൻ എനിക്കായത് നിയോഗമായിരിക്കാം. ഒടുവിൽ, നിത്യനിദ്രയിലായിരുന്ന സാറിനരികിൽ നിൽക്കുമ്പോൾ അനിതയോട് പപ്പയുമായുള്ള എൻ്റെ ബന്ധം പറഞ്ഞു. ആ പഴയ ആകാശവാണി ദിവസങ്ങൾ പറഞ്ഞു. “എടാ മോനേ” എന്ന വിളി പറഞ്ഞു. എന്നെ പോലെ എത്രയോ ചെറുപ്പക്കാർക്ക് അദ്ദേഹം തുറന്നുതന്ന വഴികൾ ഓർത്തു. അനിതയുടെ ശബ്ദം ഇടറിയതുപോലെ തോന്നി: “അയ്യോ, അതു സങ്കടമായല്ലോ… പപ്പയ്ക്ക് വലിയ സന്തോഷമായേനേ. പഴയ കൂട്ടുകാരെയൊക്കെ കാണുന്നത് പപ്പയ്ക്ക് വലിയ സന്തോഷമായിരുന്നു.”
ആ വാക്കുകൾ കേൾക്കുമ്പോൾ ഉള്ളിൽ ഒരു ചെറു വേദന കുരുങ്ങി. ഇത്രയും അടുത്ത് ഉണ്ടായിരുന്നിട്ടും കാണാനായില്ല. ഒരു ദിവസം പോയി കൈപിടിച്ച് “സാറേ” എന്നു വിളിക്കാനായില്ല. ഒരിക്കൽക്കൂടി ആ “എടാ മോനേ” കേൾക്കാനായില്ല.
ഐസക് സാർ സൗഹൃദങ്ങളിൽ വലിപ്പച്ചെറുപ്പങ്ങൾ കണ്ടിരുന്നില്ല. പ്രായഭേദങ്ങൾ കണക്കാക്കിയിരുന്നില്ല. ഒരാളെ എങ്ങനെയെങ്കിലും സഹായിക്കാനുള്ള വഴി അന്വേഷിച്ചിരുന്ന മനുഷ്യനായിരുന്നു. ഔദ്യോഗികമായി വലിയ കസേരയിൽ ഇരുന്നിട്ടും ആ കസേരയുടെ വലിപ്പവും അകലവും മനുഷ്യബന്ധങ്ങളിൽ കൊണ്ടുവരാത്ത ഒരാൾ. എല്ലാ അർത്ഥത്തിലും ഒരു പച്ചമനുഷ്യൻ.
ഇന്ന് അത്തരത്തിലുള്ളവർ കുറഞ്ഞുകൊണ്ടിരിക്കുന്നു. ഒരാളെ കണ്ടാൽ ആദ്യം സംശയിക്കുന്നവരല്ല, സഹായിക്കാൻ വഴിയുണ്ടോ എന്ന് നോക്കുന്നവർ. ഒരു ചെറുപ്പക്കാരൻ്റെ മടിപ്പ് കണ്ടാൽ വാതിൽ തുറന്ന് “വാ” എന്ന് വിളിക്കുന്നവർ. കഴിവിനേക്കാൾ മുമ്പ് മനുഷ്യനെ കാണുന്നവർ. അധികാരത്തിനേക്കാൾ മുമ്പ് സ്നേഹം നൽകുന്നവർ. ഐസക് സാർ അത്തരമൊരു അപൂർവ വിഭാഗത്തിൽപ്പെട്ട നല്ല മനുഷ്യനായിരുന്നു.
ഇനി ആകാശവാണിയുടെ പഴയ ഓർമ്മകളിൽ നിന്ന് ഒരിക്കൽക്കൂടി ആ മുറിവാതിൽ തുറക്കുമ്പോൾ, വലിയ മേശയ്ക്കപ്പുറത്തിരുന്ന് വർഷങ്ങളുടെ പരിചയത്തോടെ വിളിക്കുന്ന ആ ശബ്ദം കേൾക്കില്ല -“വാടാ മോനേ.” ആ വിളി അവസാനിച്ചു. പക്ഷേ, അതിൻ്റെ ചൂട് തീർന്നിട്ടില്ല.
ഐസക് സാറിൻ്റെ ആത്മാവിന് നിത്യശാന്തി.









