ഉച്ചയ്ക്ക് ഉണ്ണിയാണ് ആ വിവരം വിളിച്ചുചോദിച്ചത്.
‘ശ്യാമേ, ബാബു സാറിന് എന്തോ സംഭവിച്ചുവെന്നു കേൾക്കുന്നു. വല്ലതും അറിഞ്ഞോ.. ഒന്നന്വേഷിക്കൂ..’
ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല.
ഉടനെ പ്രിൻസ് സാറിനെ വിളിച്ചു.
എൻ്റെ അധ്യാപകനും ബാബു സാറിൻ്റെ പ്രിയ ശിഷ്യനുമാണ് എസ്.ഡി.പ്രിൻസ്.
‘ശരിയാണ്. അല്പം മുമ്പായിരുന്നു വീട്ടിൽ വെച്ച്. ഡോക്ടര്‍മാർ മരണം സ്ഥിരീകരിച്ചു.’
ഒരു യുഗം അവസാനിക്കുകയാണ്.
മരണം വേദനാജനകമാണെങ്കിലും ബാബു സാറിനെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒരു പക്ഷേ, അത് ആശ്വാസമായിരിക്കാം.
അസാധാരണ ധിഷണാശാലിയായ ആ മനുഷ്യൻ കുറച്ചു നാളുകളായി മറവിയുടെ ആഴങ്ങളിലായിരുന്നു.
സാറിൻ്റെ നല്ല കാലത്ത് അദ്ദേഹത്തിൻ്റെ ഓർമ്മശക്തി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
പിന്നീട് ആരെയും ഒന്നിനെയും തിരിച്ചറിയാത്ത അവസ്ഥയിൽ അദ്ദേഹത്തെ കണ്ടപ്പോൾ മനസ്സു വല്ലാതെ വേദനിച്ചിരുന്നു.
അടുത്തിടെ അദ്ദേഹത്തെ കാണാൻ പോയിരുന്നു.
കൈയിൽ പിടിച്ച് ഞാൻ പേരു പറഞ്ഞപ്പോൾ തിരിച്ചറിയലിൻ്റെ ഒരു തിളക്കം ആ കണ്ണുകളിൽ കണ്ടുവെന്നു തോന്നി.
പക്ഷേ, അത് എൻ്റെ തോന്നലായിരുന്നോ?

1997 ഡിസംബറില്‍ കലാകൗമുദിയിലാണ് എൻ്റെ പത്രപ്രവര്‍ത്തനം തുടങ്ങുന്നത്.
ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കൂടിയായിരുന്ന ബാബു സാറായിരുന്നു അന്ന് കലാകൗമുദി പത്രാധിപര്‍.
സാറിൻ്റെ വിദ്യാര്‍ത്ഥി എന്ന നിലയിലായിരുന്നു പേട്ടയിലെ ഓഫീസില്‍ കടന്നുകയറ്റം.
ആദ്യമായി കലാകൗമുദിയില്‍ ചെന്ന നിമിഷം ഇന്നും കണ്‍മുന്നിലുണ്ട്.
പുറത്തുനിന്ന് റിസപ്ഷനിലെത്തി നേരെ കയറുന്നത് ബാബു സാറിൻ്റെ മുറിയിലാണ്.
അവിടെ സാറിൻ്റെ മുന്നിലുള്ള കസേരകളിലൊന്നില്‍ അരച്ചന്തിയുറപ്പിച്ച് ഇരുന്നു.
‘അങ്ങകത്ത് ഇ.വി.ശ്രീധരനെന്നും കള്ളിക്കാട് രാമചന്ദ്രനെന്നും പേരുള്ള രണ്ടു കൊമ്പന്മാര്‍ ഇരിപ്പുണ്ട്. അവരുടെ ഇടയില്‍ ഒരു കസേര കാണും. അവിടെപ്പോയിരുന്നോ. പിന്നെ അവിടെ വെറുതെയിരുന്നു കളയരുത്. ഇടയ്ക്കിങ്ങോട്ടൊക്കെ വരണം. ജോലിയുണ്ട്’.
ഇത്രയും പറഞ്ഞ ശേഷം എന്നെ അപ്പോള്‍ അവിടെയുണ്ടായിരുന്ന ‘അസിസ്റ്റൻ്റി’നെ ഏല്പിച്ചു.
പിന്നീട് അമൃതയിലെ ‘നാടകമേ ഉലകം’ എന്ന പരിപാടിയിലൂടെ പ്രശസ്തനായ, ഇപ്പോൾ കേരള സര്‍വകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ.ടി.കെ.സന്തോഷ് കുമാറായിരുന്നു TK Santhoshkumar ആ ‘അസിസ്റ്റൻ്റ്.’
കള്ളിക്കാട് സാറും ഇ.വി. സാറും നിറഞ്ഞ സ്‌നേഹത്തോടെ സ്വീകരിച്ചു.
മറ്റൊരാള്‍ കൂടി അവിടെ ഉണ്ടായിരുന്നു -ഒരു ജ്യേഷ്ഠനെപ്പോലെ കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിച്ച ആര്‍.വേണുഗോപാല്‍.
പിന്നീട് അദ്ദേഹം സർക്കാർ സര്‍വീസിൽ പി.ആര്‍.ഡിയിലെത്തി അവിടെ നിന്നു വിരമിച്ചു.
അന്ന് കേരള കൗമുദിയും കലാകൗമുദിയുമെല്ലാം ഒരുമിച്ചാണ്.
വലിയ ശരീരമുള്ള, നിറയെ സ്‌നേഹമുള്ള, ഉച്ചത്തില്‍ ചിരിക്കുന്ന എം.എസ്.മണി സാറാണ് എല്ലാത്തിൻ്റെയും രാജാവ് -സര്‍വ്വശക്തനായ ചീഫ് എഡിറ്റര്‍.
ബാബു സാറിൻ്റെ മുറിയില്‍ നിന്ന് ചീഫിൻ്റെ മുറിയിലേക്ക് ഒരു വാതിലുണ്ട്.
ഇടയ്ക്ക് ആ വാതില്‍ തുറന്ന്, ഒരു തല മാത്രം അകത്തേക്കിട്ട്, എൻ്റെ പത്രാധിപര്‍ ആശയവിനിമയം നടത്തുമ്പോഴാണ് ഒരു മിന്നായം പോലെ ചീഫിനെ കണ്ടിട്ടുള്ളത്.
ഇടയ്ക്ക് ഉച്ചത്തിലുള്ള ചിരിയുടെ പ്രതിധ്വനിയിലൂടെ മുഖ്യപത്രാധിപരുടെ സാന്നിദ്ധ്യം ഞാനറിഞ്ഞു.
ചീഫിനെ മുഖാമുഖം വരാതിരിക്കാന്‍ ബോധപൂര്‍വ്വം പരിശ്രമിച്ചു.
കാരണം തുടക്കക്കാരനായ എന്നെ സംബന്ധിച്ചിടത്തോളം അത്രമാത്രം ഉയരങ്ങളിലായിരുന്നു മണി സാര്‍.
പത്രപ്രവര്‍ത്തന പാഠങ്ങള്‍ മുഴുവന്‍ ഞാന്‍ സ്വായത്തമാക്കിയത് കലാകൗമുദിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്താണ്.
നല്ല പത്രപ്രവര്‍ത്തന രീതികള്‍ പഠിച്ചത് ബാബു സാര്‍ അടക്കമുള്ളവരില്‍ നിന്ന്.
ഫോട്ടോ കമ്പോസിങ്ങിലെ രഞ്ജിത്, ജോഷി എന്നിവരില്‍ നിന്ന് കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ പഠിച്ചു.
കേരളകൗമുദി ഫോട്ടോഗ്രാഫര്‍മാരായിരുന്ന എൻ.ശങ്കരൻകുട്ടി, എസ്.എസ്.റാം എന്നിവരില്‍ നിന്ന് അല്പം ‘പടംപിടിത്തം’ പഠിച്ചു.
കരുത്തന്മാര്‍ നിറഞ്ഞതായിരുന്നു അന്നത്തെ കേരള കൗമുദി ബ്യൂറോ.
എം.എം.സുബൈര്‍, കെ.ബാലചന്ദ്രന്‍, എം.ബി.സന്തോഷ്, വി.എസ്.രാജേഷ്, പ്രസന്നകുമാര്‍ തുടങ്ങിയവരൊക്കെ വാര്‍ത്തകള്‍ അമ്മാനമാടുന്നത് ഫോട്ടോകമ്പോസിങ് വാതില്‍ക്കല്‍ നിന്ന് കൗതുകത്തോടെ നോക്കിയിട്ടുണ്ട്.
ഇവരെയെല്ലാം പരിചയപ്പെടത്തിയത് ബാബു സാറാണ്.
അവിടെയെത്തി അധികകാലം കഴിയും മുമ്പ് ഇവരുടെയെല്ലാം മുന്നിൽ ഞാനും ബാബു സാറിൻ്റെ ‘അസിസ്റ്റൻ്റ്’ ആയി മാറി.
കലാകൗമുദിയിൽ ജോലിയുള്ളപ്പോൾ തന്നെ മാതൃഭൂമിയില്‍ ടെസ്‌റ്റെഴുതാനും ഇൻ്റര്‍വ്യൂവിനു പോകാനും എന്നെ പ്രേരിപ്പിച്ചത് ബാബു സാര്‍ തന്നെയാണ്.
അവിടെ ജോലി കിട്ടിയപ്പോള്‍ നിറഞ്ഞ സ്‌നേഹത്തോടെ അദ്ദേഹം അനുഗ്രഹിച്ചയച്ചു.
പിന്നീട് പലയിടത്തും ജോലി ചെയ്തു.
പക്ഷേ, ഓർമ്മയിൽ എന്നുമുള്ളത് ആ കലാകൗമുദിക്കാലവും ബാബു സാറിൻ്റെ വാത്സല്യവും തന്നെ.
ഒരു കാര്യം മാത്രം പറയാം.
കലാകൗമുദിയിൽ ബാബു സാറില്‍ നിന്നു പഠിച്ച ജേര്‍ണലിസം മാത്രമേ ഇന്നും എൻ്റെ കൈവശമുള്ളൂ.
പത്രപ്രവര്‍ത്തനത്തില്‍ ശരിയെന്നു തോന്നുന്നത് ചെയ്യാന്‍ -അതാര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും -ധൈര്യവും ശേഷിയും തന്നത് ആ സ്‌കൂളിലെ പരിശീലനമാണ്.
എൻ.ആർ.എസ്.ബാബു എൻ്റെ ഗുരുനാഥനാണ്.
ആ ഗുരുമുഖത്തു നിന്നു പഠിച്ചതു മാത്രമേ ഇന്നും കൈയിലുള്ളൂ.
ആ സ്നേഹവും കടപ്പാടും ഞാൻ മരിക്കുവോളമുണ്ടാവും.
സാറിന് ഈ ശിഷ്യൻ്റെ വിട..