Home FRIENDSHIP ‘ബേബി&#...

‘ബേബി’ അല്ലാത്ത ബേബി

Reading Time: 2 minutes

പുളിക്കല്‍ തോമസ് ബേബി എന്ന പി.ടി.ബേബി അന്തരിച്ചു. മാതൃഭൂമി പത്രത്തിൻ്റെ സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്റര്‍. എൻ്റെ മാതൃഭൂമിക്കാലത്തെ അടുത്ത സൗഹൃദങ്ങളില്‍ ഒരാള്‍.

പേരിൽ ബേബി ആയിരുന്നുവെങ്കിലും അവൻ ശരിക്കും ‘ബേബി’ ആയിരുന്നില്ല. ഒരു ബഹുമുഖ പ്രതിഭയായിരുന്നു. ഒരു സംഭവമായിരുന്നു.

സ്‌പോര്‍ട്‌സാണ് ഞങ്ങളെ ഒരുമിപ്പിച്ചത്. എഴുത്തിലും പേജ് ഡിസൈനിലും ഒരു പോലെ മികവു തെളിയിച്ച അസാമാന്യപ്രതിഭ.

പി.ടി.ബേബി

2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പ്, 2004ലെ ആതന്‍സ് ഒളിമ്പിക്‌സ്, 2006ല്‍ ജര്‍മ്മനിയില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് എന്നിവയെല്ലാം മാതൃഭൂമിക്കു വേണ്ടി ഞങ്ങളൊരുമിച്ച് കോഴിക്കോട്ടിരുന്നു കൈകാര്യം ചെയ്തു. പില്‍ക്കാലത്ത് ഇതെല്ലാം ബേബി നേരിട്ടു പോയി റിപ്പോര്‍ട്ട് ചെയ്തത് ചരിത്രം.

2006ല്‍ ബേബി കൊച്ചിയിലേക്കും ഞാന്‍ തിരുവനന്തപുരത്തേക്കും സ്ഥലംമാറി യാത്രയായി. പിന്നീട് മാതൃഭൂമിയോടു തന്നെ ഞാന്‍ വിടപറഞ്ഞു. എങ്കിലും ഇടയ്‌ക്കൊക്കെ ബേബിയെ വിളിച്ചിരുന്നു, സ്‌പോര്‍ട്‌സ് കാര്യങ്ങള്‍ സംസാരിക്കാന്‍ തന്നെ. വിളിക്കുമ്പോഴെല്ലാം ഒരുമിച്ചു ജോലി ചെയ്തിരുന്നപ്പോഴുള്ള അതേ ഊഷ്മളത.

ഭാര്യയുടെ മരണം ഉള്‍പ്പെടെ വ്യക്തിപരമായ ദുരന്തങ്ങള്‍ വേട്ടയാടുമ്പോഴും ജോലിയില്‍ ബേബി പ്രകടിപ്പിച്ച മികവ് അസൂയാവഹമാണ്. ആ പോരാട്ടം ബേബി അവസാനിപ്പിച്ചിരിക്കുന്നു.

വിട.. പ്രിയ സുഹൃത്തേ.. നീയെന്നും ഓര്‍മ്മയിലുണ്ടാവും..
പി.ടി.ബേബി എന്ന ബൈലൈൻ എന്നും നിലനില്ക്കും.

ഓര്‍മ്മച്ചിത്രം

2006ലെ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ ഇറ്റലിയും ഫ്രാന്‍സും തമ്മിലുള്ള മത്സരം നടക്കുന്ന വേള. ഇരിക്കുന്നത് ഇടത്തു നിന്നു വലത്തോട്ട് ഒ.കെ.മുരളീകൃഷ്ണന്‍, ഞാന്‍ (വി.എസ്.ശ്യാംലാല്‍), പി.ജെ.ജോസ്, ആര്‍.ഗിരീഷ് കുമാര്‍, എന്‍.കെ.ഗിരീഷ്, പി.കെ.രവീന്ദ്രന്‍, കെ.ആര്‍.ബൈജു, പി.ടി.ബേബി, എന്‍.എന്‍.സജീവന്‍. പിന്നില്‍ നില്‍ക്കുന്നവര്‍ ടി.അജിത് കുമാര്‍, ആര്‍.ശരത് കൃഷ്ണ.
Previous articleഡബ്ൾ ഡോസ്
Next articleThe ‘Inhuman’ Anchor
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

NO COMMENTS

COMMENTSCancel reply

Exit mobile version