Home GOVERNANCE സ്വർണ്ണക്കൊള്...

സ്വർണ്ണക്കൊള്ള കേസിൽ എല്ലാം പ്രതികളുടെ നിയന്ത്രണത്തിൽ

Reading Time: < 1 minute

‘സ്വർണ്ണം കട്ടത് ആരപ്പാ’ എന്ന പാട്ടും പാടി അധികാരത്തിലേറിയ യു.ഡി.എഫ്. ദിവസങ്ങൾക്കകം സ്വർണ്ണക്കൊള്ള കേസ് അട്ടിമറിയുമായി മുന്നോട്ടു പോകുമ്പോൾ ശ്രദ്ധാകേന്ദ്രമാകുന്നത് സ്മാർട്ട് ക്രിയേഷൻസ്. കേസിൽ പ്രതിസ്ഥാനത്തുള്ള തങ്ങളുടെ അഭിഭാഷകനെ വാദിയായ സർക്കാരിൻ്റെ അഭിഭാഷകനായി ഉയർത്താൻ മാത്രം എന്തു സ്വാധീനമാണ് സ്മാർട്ട് ക്രിയേഷൻസിനുള്ളത് എന്ന ചോദ്യമാണ് ശക്തമായി ഉയരുന്നത്.

സ്മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകൻ കെ.ബി.പ്രദീപിനെ സ്പെഷൽ ഗവ. പ്ലീഡറാക്കാനുള്ള തീരുമാനമെടുത്തത് നിയമ വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി.സതീശൻ നേരിട്ടാണ്. ഇതോടെ സ്വർണ്ണക്കൊള്ള കേസ് പൂർണ്ണമായും പ്രതിഭാഗത്തിൻ്റെ നിയന്ത്രണത്തിലായി. പ്രതിയുടെ ദൗര്‍ബല്യം അറിയുന്ന ഒരാള്‍ അഭിഭാഷകനായി വരുന്നത് നല്ലതല്ലേയെന്ന ചോദ്യവുമായി വിഷയം ലഘൂകരിക്കാനും വഴിതിരിച്ചുവിടാനുമാണ് ദേവസ്വം മന്ത്രി കെ.മുരളീധരൻ ശ്രമിച്ചത്.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ചെന്നൈ ആസ്ഥാനമായ സ്മാർട്ട് ക്രിയേഷൻസിന് നിർണ്ണായക പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കണ്ടെത്തിയിരിക്കുന്നത്. 2019ൽ ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളുടെയും ശ്രീകോവിൽ വാതിൽഭാഗങ്ങളുടെയും സ്വർണ്ണം പൊതിഞ്ഞ ചെമ്പുപാളികൾ അറ്റകുറ്റപ്പണിക്കും സ്വർണ്ണം പൂശലിനുമായി സ്മാർട്ട് ക്രിയേഷനസിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് ഈ പാളികളിൽ ഉണ്ടായിരുന്ന യഥാർത്ഥ സ്വർണ്ണത്തിൻ്റെ ഒരു ഭാഗം രാസപ്രക്രിയയിലൂടെ വേർതിരിച്ചെടുത്തുവെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.

എസ്.ഐ.ടിയുടെ റിമാൻഡ് റിപ്പോർട്ട് പ്രകാരം സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ. പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ റോദ്ദം ജുവൽസ് ഉടമ ഗോവർദ്ധനും പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് സ്വർണ്ണം അപഹരിക്കുന്ന ഗൂഢാലോചനയിൽ പങ്കാളികളായിരുന്നു. സ്മാർട്ടിൽ വേർതിരിച്ചെടുത്ത സ്വർണ്ണത്തിൻ്റെ ഒരു ഭാഗം പിന്നീട് ബെല്ലാരിയിലെ ഗോവർദ്ധന് കൈമാറിയതായും അന്വേഷണ സംഘം കണ്ടെത്തി.

കേരള ഹൈക്കോടതി പരിശോധിച്ച രേഖകൾ പ്രകാരം സ്മാർട്ട് ക്രിയേഷൻസിന് നിലവിലുള്ള സ്വർണ്ണപ്പാളിക്ക് മുകളിൽ നേരിട്ട് സ്വർണ്ണം പൂശാനുള്ള സാങ്കേതിക ശേഷിയില്ലായിരുന്നുവെന്നും, അതിനാൽ പഴയ സ്വർണ്ണപ്പാളി ആദ്യം നീക്കം ചെയ്തശേഷമാണ് ജോലി നടത്തിയതെന്നും പറഞ്ഞിട്ടുണ്ട്. ഈ പ്രക്രിയയ്ക്കിടെ ലഭിച്ച സ്വർണ്ണത്തിൻ്റെ മുഴുവൻ അളവും ദേവസ്വം ബോർഡിന് തിരിച്ചുകിട്ടിയില്ലെന്നതാണ് കേസിൻ്റെ പ്രധാന ആരോപണം. ഏകദേശം 475 ഗ്രാം സ്വർണ്ണത്തിൻ്റെ കണക്ക് ലഭിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്.

സ്മാർട്ട് ക്രിയേഷൻസിൻ്റെ സി.ഇ.ഒ. പങ്കജ് ഭണ്ഡാരിയെ എസ്.ഐ.ടി. അറസ്റ്റ് ചെയ്യുകയും പിന്നീട് അദ്ദേഹത്തിനെതിരെ അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. അറസ്റ്റിനെതിരെ ഭണ്ഡാരി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയെങ്കിലും അദ്ദേഹത്തിന് ഗൂഢാലോചനയിലും സ്വർണ്ണം അപഹരിക്കുന്ന പദ്ധതിയിലും പങ്കുണ്ടെന്ന് അന്വേഷണ ഏജൻസി കോടതിയിൽ വാദിച്ചു. കോടതിയിൽ വിജയിക്കാനാവാത്തതിനാലാണ് ആരോപണവിധേയർ ഇപ്പോൾ ബ‍ദൽ മാർഗ്ഗങ്ങൾ തേടുന്നത് എന്നാണ് നിഗമനം. തങ്ങൾക്കെതിരെ വാദിക്കുന്ന വക്കീലായി സ്വന്തം ആളെത്തന്നെ നിയമിക്കാനായതോടെ സ്മാർട്ട് ക്രിയേഷൻസ് ഈ കേസ് പൂർണ്ണമായും അവരുടെ നിയന്ത്രണത്തിലാക്കിക്കഴിഞ്ഞു.

Previous articleമാധ്യമ ‘വിലക്കി’ൽ നിന്ന് മാധ്യമ ‘നിയന്ത്രണ’ത്തിലേക്കുള്ള ദൂരം
Next article‘സ്മാ‌ർട്ടാ’യി ഹൈക്കോടതിയെയും മറികടന്ന് സ‍ർക്കാ‍ർ
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

NO COMMENTS

COMMENTSCancel reply

Exit mobile version