HomeGOVERNANCE'സ്മാ‌ർട്ടാ'യ...

‘സ്മാ‌ർട്ടാ’യി ഹൈക്കോടതിയെയും മറികടന്ന് സ‍ർക്കാ‍ർ

-

Reading Time: < 1 minute

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ ഹൈക്കോടതി സ്വീകരിച്ച മുൻകരുതൽ അട്ടിമറിച്ച് സർക്കാർ. കേസിലെ പ്രതിഭാഗം അഭിഭാഷകനെ സർക്കാരിൻ്റെ ഭാഗം തന്നെ പറയാൻ നിയോഗിച്ചതോടെയാണ് അട്ടിമറിക്ക് വഴിയൊരുങ്ങിയത്. കോടതിയെ തന്നെ പറ്റിക്കുന്ന നടപടിയാണ് പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷൻസിനു വേണ്ടി സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചത്.

ശബരിമല സ്പെഷൽ കമ്മീഷണർ റിപ്പോർട്ട് 2023-25ൻ്റെ അടിസ്ഥാനത്തിൽ 2025ൽ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലൂടെയാണ് വിഷയം ജനശ്രദ്ധയിലെത്തുന്നത്. ഈ കേസിൽ കക്ഷി ചേരാൻ സ്മാർട്ട് ക്രിയേഷൻസും ഉണ്ണികൃഷ്ണൻ പോറ്റിയും ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. അങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് വിഷയം പ്രത്യേക അന്വേഷണ സംഘത്തിനെക്കൊണ്ട് (എസ്.ഐ.ടി.) അന്വേഷിപ്പിക്കണമെന്ന നിർദ്ദേശം എൽ.ഡി.എഫ്. സർക്കാർ മുന്നോട്ടുവെയ്ക്കുന്നത്.

ഇതു പരിഗണിച്ച ഹൈക്കോടതി വിഷയം അന്വേഷിക്കാൻ എസ്.ഐ.ടിയെ നിയോഗിച്ചു. എസ്.ഐ.ടി. അന്വേഷണവിവരങ്ങൾ കോടതിയിൽ കൊടുക്കുമ്പോൾ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിനും ഉണ്ണികൃഷ്ണൻ പോറ്റിക്കും അതു കിട്ടും എന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇതോട ശബരിമല സ്പെഷൽ കമ്മീഷണർ റിപ്പോർട്ടിലെ നടപടികൾ കോടതി അവസാനിപ്പിച്ചു.

എന്നിട്ട് സ്വമേധയാ സ്വീകരിച്ച പുതിയൊരു ഹർജി തുടങ്ങി. ഇതിൽ സ്മാർട്ട് ക്രിയേഷൻസ്, ഉണ്ണികൃഷ്ണൻ പോറ്റി, അവരുടെ അഭിഭാഷകര്‍ എന്നിവരാരും ഇല്ല. സര്‍ക്കാരും സര്‍ക്കാരിൻ്റെ അഭിഭാഷകരും മാത്രമേയുള്ളൂ. അന്വേഷണം സംബന്ധിച്ച ഒരു വിവരവും കിട്ടാതെ പ്രതികളാകെ പെട്ട അവസ്ഥയിലായി. അന്വേഷണപുരോഗതിക്കനുസരിച്ച് നിയമപരമായും അല്ലാതെയുമുള്ള തുടര്‍നടപടികൾ സ്വീകരിക്കാനാവാതെ പ്രതികൾ കുഴങ്ങി. കേസിൽ അവര്‍ കുടുങ്ങുമെന്ന് ഏതാണ്ടുറപ്പായ സാഹചര്യത്തിലാണ് കേരളത്തിൽ ഭരണമാറ്റമുണ്ടാവുന്നത്.

ഭരണം മാറിയപ്പോൾ സര്‍ക്കാരിൻ്റെ അഭിഭാഷകനായിരുന്ന സീനിയർ ഗവ. പ്ലീഡർക്കു പകരം സ്പെഷൽ ഗവ. പ്ലീഡര്‍ അവിടെ വന്നിരിക്കുന്നു. ഏതു വിവരങ്ങളാണോ ഹൈക്കോടതി പ്രതിഭാഗം അഭിഭാഷകരിൽ നിന്നു മറച്ചുവെച്ചത് സര്‍ക്കാര്‍ അഭിഭാഷക വേഷത്തിലെത്തുന്ന അഡ്വ.കെ.ബി.പ്രദീപിന് അതെല്ലാം ലഭ്യമാകുന്നു എന്നതാണ് ഇവിടത്തെ പ്രശ്നം. പ്രതിഭാഗത്തുള്ള സ്മാർട്ട് ക്രിയേഷൻസിന് എന്തു വിവരമാണോ കിട്ടരുതെന്ന് ഹൈക്കോടതിയും എൽ.ഡി.എഫ്. സര്‍ക്കാരും ആഗ്രഹിച്ചത് അത് കൃത്യമായി അവരുടെ ‘സ്വന്തം’ സ്പെഷൽ ഗവ. പ്ലീഡറിലൂടെ അവര്‍ക്കു കിട്ടും. കോടതിയിൽ സര്‍ക്കാരിൻ്റെ വാദം നിരത്തുമ്പോഴും ഈ പരിഗണനയുണ്ടാവും. കേസ് ചവറ്റുകൊട്ടയിലായിക്കഴിഞ്ഞു എന്നതിന് ഇതിലും വലിയ തെളിവ് വേണോ?

V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.