ഒളിമ്പിക്സിലടക്കം ഇന്ത്യക്ക് 150ലേറെ ഷൂട്ടിങ് മെഡലുകൾ നേടിത്തന്ന പരിശീലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ.സണ്ണി തോമസ് വിടപറഞ്ഞു. ഒരു കാലഘട്ടം തന്നെ അവസാനിക്കുന്നു.
ഷൂട്ടിങ്ങിൽ ഇന്ത്യ നേടിയ മെഡൽത്തിളങ്ങൾക്കു പിന്നിൽ ഷൂട്ടിങ് ടീമിൻ്റെ പ്രധാന പരിശീലകനായിരുന്ന സണ്ണി തോമസിൻ്റെ അധ്വാനവും അർപ്പണവുമുണ്ടെന്നത് ഏവരും അംഗീകരിക്കുന്ന കാര്യമാണ്. 1993 മുതൽ 2012 വരെ 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിൻ്റെ പരിശീലകനായിരുന്നു സണ്ണി തോമസ്. 2004ൽ ആതൻസ് ഒളിംപിക്സിൽ രാജ്യവർധൻ സിങ് റാത്തോഡ് വെള്ളി നേടിയപ്പോൾ ഇന്ത്യയുടെ ഒളിംപിക് ചരിത്രത്തിലെ ആദ്യ വ്യക്തിഗത വെള്ളി മെഡലായി അത്. 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ അഭിനവ് ബിന്ദ്ര സ്വർണമണിഞ്ഞപ്പോൾ അത് ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമായി. 2012ലെ ലണ്ടൻ ഒളിംപിക്സിൽ വിജയകുമാർ വെള്ളിയും ഗഗൻ നരങ് വെങ്കലവും നേടിയപ്പോഴും സണ്ണി തോമസിലെ പരിശീലകന് അംഗീകാരമെത്തി. ഏഷ്യൻ ഗെയിംസുകളിൽ 29 മെഡലുകളും കോമൺ വെൽത്ത് ഗെയിംസിൽ 95 മെഡലുകളും സണ്ണി തോമസിൻ്റെ കുട്ടികൾ വെടിവച്ചിട്ടു. ലോകകപ്പിലെ നേട്ടങ്ങൾ 50ഓളം.

കോട്ടയം തിടനാട് മേക്കാട്ട് കാഥികനായ കെ.കെ.തോമസിൻ്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബർ 26നാണ് സണ്ണി തോമസിൻ്റെ ജനനം. കാളകെട്ടിയിലും ഈരാറ്റുപേട്ടയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം എം.ഡി. സെമിനാരിയിൽ യൂ.പി., ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം സി.എം.എസിൽ നിന്ന് ഫിസിക്‌സിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് തേവര സേക്രഡ് ഹാർട്ട് കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി നിയമിതനായി. അവിടെ നിന്ന് 1964ൽ ഉഴവൂർ സെൻ്റ് സ്റ്റീഫൻ കോളേജിൽ ഇംഗ്ലീഷ് വിഭാഗം മേധാവി ആയി എത്തി. 1997ൽ വിരമിക്കുന്നതു വരെ അവിടെ തുടർന്നു.
വളരെ ചെറുപ്പം മുതൽ ഷൂട്ടിങ്ങിൽ കമ്പമുണ്ടായിരുന്ന സണ്ണി തോമസിൻ്റെ ജീവിതത്തിൽ വഴിത്തിരിവായത് 1965ൽ കോട്ടയം റൈഫിൾ ക്ലബ്ബിൽ ചേർന്നതാണ്. 1965ൽ നടന്ന സംസ്ഥാന ഷൂട്ടിങ്ങിൽ 2 സ്വർണവും 2 വെള്ളിയും 1 വെങ്കലവും നേടി. പിന്നീട് 1970ൽ അഹമ്മദാബാദിൽ വെപ്പൺ ട്രെയിനിങ് സ്‌കൂളിൽ ഷൂട്ടിങ് കോഴ്‌സിനു ചേർന്നു. പിന്നീട് നിരവധി മത്സരങ്ങളിൽ പങ്കെടുത്തു. 1976ൽ ദേശീയ ചാമ്പ്യൻ. 1993ൽ ഇന്ത്യൻ ടീമിൻ്റെ പരിശീലകനായി. അദ്ദേഹത്തിൻ്റെ ശിഷ്യർ നൂറുകണക്കിന് അന്താരാഷ്ട്ര മെഡലുകൾ ഇന്ത്യക്കു സമ്മാനിച്ചു. പരിശീലക മികവിന് 2001ൽ ദ്രോണാചാര്യ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
പ്രശസ്തിയുടെ ഉന്നതങ്ങളിൽ നില്ക്കുമ്പോഴും തികഞ്ഞ എളിമ പുലർത്തിയ ഒരാൾ -പ്രൊഫ.സണ്ണി തോമസിനെക്കുറിച്ച് എൻ്റെ ഓർമ്മ അതാണ്. മാതൃഭൂമിയിൽ കോഴിക്കോട് സെൻട്രൽ ഡെസ്കിൽ സ്പോർട്സ് വാർത്തകൾ കൈകാര്യം ചെയ്തിരുന്ന കാലത്താണ് സണ്ണി സാറിനെ ആദ്യമായി ഫോണിൽ വിളിക്കുന്നത്. യാതൊരു ജാഡയുമില്ലാതെ ദീർഘകാലമായി പരിചയമുള്ള പോലുള്ള അദ്ദേഹത്തിൻ്റെ സംസാരം നേരിട്ട് ഹൃദയത്തിലേക്കാണ് കയറിയത്. അതോടെ എപ്പോൾ വേണമെങ്കിലും വിളിക്കാവുന്ന അടുപ്പമായി, ബന്ധമായി.
സണ്ണി സാറിനെ ഞാൻ നേരിട്ട് കാണുന്നത് ഡൽഹിയിൽ 2010ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെച്ചാണ്. നഗരത്തിൽ നിന്ന് 20 കിലോമീറ്ററോളം അകലെയുള്ള ഡോ.കർണി ഷൂട്ടിങ് റേഞ്ചിലായിരുന്നു ഷൂട്ടിങ് മത്സരങ്ങൾ. ഡൽഹിയിലെ ട്രാഫിക്കിൽ ഏതാണ് ഒന്നര മണിക്കൂറോളം യാത്രയുള്ളതിനാലാവണം മത്സരത്തിൻ്റെ ആദ്യ ദിവസം അവിടെയെത്തിയ മാധ്യമപ്രവർത്തകർ വിരലിലെണ്ണാവുന്നവർ മാത്രം. അതിൽ മലയാളിയായി ഞാൻ മാത്രം. ആദ്യമായി നേരിൽ കാണുമ്പോൾ വർഷങ്ങളായി അടുപ്പമുള്ളതുപോലെ ഊഷ്മളമായി എന്നോടദ്ദേഹം സംസാരിച്ചു. മത്സരത്തിൻ്റെ ഓരോ ഷോട്ടും കഴിയുമ്പോൾ ലൈവായി അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങൾ ഞാൻ കുറിച്ചെടുത്തു.
എൻ്റെ മഹാഭാഗ്യത്തിനെന്നോണം ആദ്യ ദിവസം തന്നെ ഇന്ത്യ സ്വർണ മെഡൽ വെടിവെച്ചിട്ടു. ഗഗൻ നരംഗായിരുന്നു ജേതാവ്. സണ്ണി സാറിൻ്റെ സഹായത്തോടെ നരംഗുമായി എക്സ്ക്ലൂസീവ് ഇൻ്റർവ്യൂ. സ്വർണ മെഡൽ വന്നതോടെ ഷൂട്ടിങ് റേഞ്ചിലേക്ക് മാധ്യമപ്പട കുതിച്ചെത്തി. പിന്നെ മത്സരങ്ങൾ അവസാനിക്കുന്ന ദിവസം വരെ അവിടേക്ക് മാധ്യമങ്ങളുടെ കുത്തൊഴുക്കായിരുന്നു. എല്ലാവർക്കും സണ്ണി സാറിനെ വേണം. പക്ഷേ, ആ തിരക്കുകൾക്കിടയിലും എനിക്ക് എപ്പോൾ വേണമെങ്കിലും തള്ളിക്കയറി ചെന്ന് അദ്ദേഹത്തിൻ്റെ കൈ പിടിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
സണ്ണി സാറിൻ്റെ കമൻ്റുകൾ മാതൃഭൂമിയിൽ പംക്തിയുടെ രൂപമെടുക്കാൻ താമസമുണ്ടായില്ല. അക്കാര്യം പറഞ്ഞപ്പോൾ സാറിന് നിറഞ്ഞ സന്തോഷം. സണ്ണി സാർ പറഞ്ഞു തരും. ഒരു സ്റ്റെനോഗ്രാഫറെ പോലെ ഞാൻ എഴുതിയെടുക്കും. പ്രത്യേകിച്ച് എഡിറ്റിങ്ങിന്റെയൊന്നും ആവശ്യമില്ലാത്ത ക്ലീൻ കോപ്പി, കോളേജ് അധ്യാപകനായിരുന്നതിൻ്റെ ഗുണം. ഷൂട്ടിങ് മത്സരങ്ങളുണ്ടായിരുന്ന ദിവസങ്ങളിൽ മുഴുവൻ പ്രൊഫ.സണ്ണി തോമസിൻ്റെ പേരിൽ അത് മാതൃഭൂമി സ്പോർട്സ് പേജിൽ അച്ചടിച്ചു വന്നു. ഇന്ത്യയിൽ അന്ന് ഏറ്റവും വിലപിടിപ്പുള്ള കായിക പരിശീലകൻ്റെ കുറിപ്പ് -നാഷണൽ എക്സ്ക്ലൂസീവ്.
സണ്ണി സാറിന് ശിഷ്യർ മക്കളെപ്പോലായിരുന്നു. അവരുടെ വിജയങ്ങളിൽ അദ്ദേഹം ആഹ്ളാദിക്കുകയും പരാജയങ്ങളിൽ അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ആ പരിശീലകൻ നല്കിയ പ്രചോദനം തന്നെയാണ് ഷൂട്ടിങ് റേഞ്ചിൽ നിന്ന് 14 സ്വർണവും 11 വെള്ളിയും 5 വെങ്കലവുമടക്കം 30 മെഡലുകൾ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കാർ വെടിവെച്ചിടാൻ പ്രേരകമായത്. ഷൂട്ടിങ് മത്സരങ്ങളിലെ ഓവറോൾ ചാമ്പ്യന്മാരും നമ്മൾ തന്നെയായിരുന്നു.
സണ്ണി സാറുമായുള്ള ഉറ്റബന്ധത്തിൻ്റെ തുടക്കമായിരുന്നു ആ കോമൺവെൽത്ത് ഗെയിംസ്. അതിനുശേഷം ഇന്ത്യ ഷൂട്ടിങ്ങിൽ മെഡൽ നേട്ടമുണ്ടാക്കിയപ്പോഴെല്ലാം ഞാൻ സാറിനെ വിളിച്ചു, അഭിനന്ദിച്ചു. സാറും വിശേഷങ്ങൾ പങ്കിട്ടു. പലപ്പോഴും ഷൂട്ടിങ് കടന്ന് സംസാരം സാഹിത്യത്തിലേക്കു വഴിമാറി. ഇംഗ്ലീഷ് അധ്യാപകനായ അദ്ദേഹത്തിന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ആളോടുള്ള പ്രത്യേക ഇഷ്ടം. എൻ്റെ ഭാര്യ ദേവിക സർക്കാർ കോളേജിൽ ഇംഗ്ലീഷ് അധ്യാപിക കൂടിയാണെന്നറിഞ്ഞതോടെ സാറിൻ്റെ ഇഷ്ടം ഇരട്ടിയായി. ഷൂട്ടിങ്ങിൽ ശ്രദ്ധിക്കുമ്പോഴും അദ്ദേഹം സാഹിത്യം ഉപേക്ഷിച്ചിരുന്നില്ല എന്നു സാരം.
2012ലാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തു നിന്ന് അദ്ദേഹം വിരമിച്ചത്. സണ്ണി സാർ പരിശീലകനായിരുന്ന 19 വർഷങ്ങൾ ഇന്ത്യൻ ഷൂട്ടിങ്ങിൻ്റെ സുവർണ കാലഘട്ടമാണ് എന്നു നിസ്സംശയം പറയാം. വിശ്രമകാലത്ത് അദ്ദേഹം സമൂഹമാധ്യമത്തിൽ സജീവമായിരുന്നു. നമ്മളിടുന്ന പോസ്റ്റിൻ്റെ താഴെയൊക്കെ അദ്ദേഹത്തിൻ്റെ ആശംസാ കമൻ്റുകൾ പലപ്പോഴും അത്ഭുതപ്പെടുത്തി. അൽഗോരിതം കുരുക്ക് സൃഷ്ടിക്കുന്ന ഈ കാലത്ത് സാർ എൻ്റെ പോസ്റ്റ് കാണുന്നുണ്ടല്ലോ എന്നതായിരുന്നു അത്ഭുതം. അത്തരം കമൻ്റുകൾ പലപ്പോഴും ഫോൺവിളിയിലും ചർച്ചയിലുമാണ് എത്തിച്ചേരുക. അത് സാർ നന്നായി ആസ്വദിച്ചിരുന്നു, ഞാനും വിറയ്ക്കുന്ന കൈകളോടെയാണ് സണ്ണി സാറിൻ്റെ വിയോഗ വാർത്ത എഴുതിയത്. എന്നെങ്കിലുമൊരിക്കൽ അതു വേണ്ടി വരുമെന്ന് അറിയാമായിരുന്നു. പക്ഷേ, ഇത്രയും പെട്ടെന്ന് പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം. എൻ്റെ അറിവിൽ പ്രൊഫ.സണ്ണി തോമസ് ഒരു പൂർണമനുഷ്യനായിരുന്നു. സാർത്ഥകമായ 85 വർഷങ്ങൾ ഭൂമിയിൽ ചെലവഴിച്ച് അദ്ദേഹം മടങ്ങി.
സണ്ണി സാർ.. അങ്ങ് എന്നും എൻ്റെ ഓർമയിലുണ്ടാവും..