Home SPORTS ഹിറ്റ്മാൻ ടെസ...

ഹിറ്റ്മാൻ ടെസ്റ്റ് മതിയാക്കി

Reading Time: < 1 minute

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ അപ്രതീക്ഷിതമായാണ്‌ വിരമിക്കുന്ന കാര്യം രോഹിത് അറിയിച്ചത്. നേരത്തേ ടെസ്റ്റ് നായകസ്ഥാനത്തുനിന്ന് രോഹിത്തിനെ നീക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

‘ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന കാര്യം എല്ലാവരോടുമായി പങ്കുവെക്കുകയാണ്. വെള്ളക്കുപ്പായത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. വര്‍ഷങ്ങളായി പ്രകടിപ്പിക്കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി കളിക്കും.’ – രോഹിത് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.

2013ല്‍ വിന്‍ഡീസിനെതിരേയാണ് രോഹിത് ശര്‍മ്മയുടെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം. പിന്നീടങ്ങോട്ട് റെഡ്‌ ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമായി. 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 4301 റണ്‍സാണ് രോഹിത്തിൻ്റെ സമ്പാദ്യം. 12 സെഞ്ചുറികളും 18 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. ഒരു ഇരട്ടസെഞ്ചുറിയുമുണ്ട്. 40.57 ആണ് ശരാശരി.

വിരാട് കോഹ്ലി നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത്തെത്തുന്നത്. പിന്നാലെ രോഹിത്തിൻ്റെ നായകത്വത്തില്‍ ഇന്ത്യ 2021-23 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൻ്റെ ഫൈനലിലെത്തിയിരുന്നു. എന്നാൽ അടുത്തിടെ നടന്ന ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയും പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പര കൈവിട്ടതും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതും രോഹിത്തിൻ്റെ നായകസ്ഥാനം തുലാസിലാക്കി. എന്നാല്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയം ആശ്വാസമായി.

24 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച രോഹിത് ആകെ 12 ജയം സ്വന്തമാക്കി. 9 മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ 3 ടെസ്റ്റ് സമനിലയിലായി. ടീമിനെ മികച്ച രീതിയിൽ നയിച്ചെങ്കിലും റെഡ് ബോൾ ഫോർമാറ്റിലുള്ള താരത്തിൻ്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇംഗ്ലണ്ടിനെതിരേ ജൂണില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ടീം പുതിയ നായകനുകീഴിലാണ് കളിക്കുകയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ജേതാക്കളായതിന് പിന്നാലെ രോഹിത് ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇപ്പോഴിതാ ടെസ്റ്റില്‍ നിന്നും വിരമിച്ചതോടെ ഇനി ഏകദിനത്തില്‍ മാത്രമാണ് താരത്തെ കാണാനാവുക.

Previous articleഎളിമ മുഖമാക്കിയ സാർത്ഥക ജീവിതം
Next articleരാജാവ് പടിയിറങ്ങി
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

NO COMMENTS

COMMENTSCancel reply

Exit mobile version