HomeECONOMYകപ്പൽ പണിയുമോ...

കപ്പൽ പണിയുമോ, കഥ പണിയുമോ?

-

Reading Time: 4 minutes

കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽനിർമാണ പദ്ധതി തുടങ്ങാൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി. ഡി.സതീശൻ്റെ വൻ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ചു. ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി, ടാറ്റ കപ്പൽനിർമാണത്തിൽ നിക്ഷേപിക്കാൻ തയ്യാറാണെന്നും സർക്കാർ ഭൂമി നൽകുമെന്നും, പദ്ധതി ഒരു മാസത്തിനകം അംഗീകരിക്കാമെന്നും അവകാശപ്പെട്ടത്. ഈ വാക്കുകൾ വാർത്തയായി പുറത്ത് വന്നപ്പോൾ കേരളം ഉടൻ കപ്പൽരാജ്യമാകുമെന്ന മട്ടിലായിരുന്നു സതീശഭക്തരുടെ ആവേശം.

ഇപ്പോൾ കഥ മാറുകയാണ്. മുഖ്യമന്ത്രിയുടെ ആ പ്രഖ്യാപനം ഇപ്പോൾ വെള്ളം കയറുന്ന കപ്പലുപോലെ ആടിത്തുടങ്ങുകയാണ്. കാരണം ടാറ്റ വൃത്തങ്ങളിൽനിന്ന് അതിന് മറുവാർത്ത വന്നു. ടാറ്റ ഗ്രൂപ്പിലെ ഒരു മുതിർന്ന എക്സിക്യൂട്ടീവിനെ ഉദ്ധരിച്ച് ഇ.ടി. ഇൻഫ്ര റിപ്പോർട്ട് ചെയ്തത്, കേരളത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തിലോ ഇത്തരമൊരു കപ്പൽനിർമാണ പദ്ധതി നിലവിൽ ടാറ്റയുടെ മേശപ്പുറത്ത് ഇല്ലെന്നാണ്. ടാറ്റ വക്താവ് ഔദ്യോഗിക ഇമെയിലിന് മറുപടി നൽകിയില്ലെങ്കിലും, പേരുവെളിപ്പെടുത്താൻ തയ്യാറാകാത്ത മുതിർന്ന ഉദ്യോഗസ്ഥൻ്റെ പ്രതികരണം മുഖ്യമന്ത്രിയുടെ അവകാശവാദത്തെ നേരിട്ട് ചോദ്യം ചെയ്യുന്നതായിരുന്നു. ഇ.ടി. ഇൻഫ്ര ചെറിയ പുള്ളികളല്ല; വിഴിഞ്ഞം തുറമുഖം എം.എസ്.സിക്ക് അദാനി കച്ചവടമാക്കിയ വിവരം ആദ്യം പുറത്തുവിട്ടത് അവരാണ്.

മുഖ്യമന്ത്രി പറഞ്ഞത് കടലോളം വലുത്

മുഖ്യമന്ത്രിയുടെ വാക്കുകൾ ചെറുതായിരുന്നില്ല. “ടാറ്റ കപ്പൽനിർമാണത്തിൽ നിക്ഷേപിക്കാൻ തയ്യാറാണ്. സർക്കാർ ഭൂമി നൽകും. 10,000 കോടി രൂപയുടെ പദ്ധതി. ഒരു മാസത്തിനകം തീരുമാനം” — കേൾക്കാൻ മനോഹരം. കേരളത്തിൻ്റെ തീരത്ത് തുറമുഖം, അതിനോട് ചേർന്ന് കപ്പൽനിർമാണശാല, പിന്നെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ. വാർത്തയുടെ രൂപത്തിൽ നോക്കുമ്പോൾ എല്ലാം തിളക്കമുള്ളതായിരുന്നു.

പ്രശ്നം ഇത്രയേ ഉള്ളൂ: ഈ തിളക്കത്തിന് പിന്നിൽ രേഖ എവിടെ? ടാറ്റയുടെ ഔദ്യോഗിക കത്ത് എവിടെ? പദ്ധതിരേഖ എവിടെ? ഭൂമി എവിടെ? കേന്ദ്രാനുമതിക്ക് അപേക്ഷ എവിടെ? “ഒരു മാസത്തിനകം അനുമതി” എന്നു പറഞ്ഞാൽ, അതിനു മുമ്പ് കുറഞ്ഞത് ഒരു ഫയൽ എങ്കിലും വേണമല്ലോ. ഇവിടെ ഫയലിനെക്കാൾ മുന്നിൽ വാർത്ത പോയതാണോ എന്നതാണ് ഇപ്പോഴത്തെ പ്രധാന സംശയം.

ടാറ്റയുടെ മേശയിൽ പദ്ധതി ഇല്ലേ?

ഇ.ടി. ഇൻഫ്ര റിപ്പോർട്ട് പ്രകാരം, മുഖ്യമന്ത്രിയുടെ പ്രസ്താവന ടാറ്റ ഗ്രൂപ്പിനെയും അതിശയിപ്പിച്ചു. “അദ്ദേഹം പറഞ്ഞത് അദ്ദേഹം ഉദ്ദേശിച്ചതുതന്നെയാണോ എന്ന് സംശയമുണ്ട്” എന്നായിരുന്നു ഒരു മുതിർന്ന ടാറ്റ ഉദ്യോഗസ്ഥൻ്റെ പ്രതികരണം. “അദ്ദേഹത്തിന് നമ്മൾ അറിയാത്ത എന്തെങ്കിലും അറിയുന്നില്ലെങ്കിൽ, ഇത്രയും വലിയ അതിശയോക്തി രാഷ്ട്രീയ നേതാവിനുപോലും കൂടുതലാണ്” -ടാറ്റ ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തുവെന്ന് ഇ.ടി. ഇൻഫ്ര പറയുന്നു.

ഇവിടെ ചോദിക്കേണ്ട കാര്യമുണ്ട്: ടാറ്റ അറിയാത്ത ടാറ്റ നിക്ഷേപം കേരള സർക്കാർ എങ്ങനെ അറിഞ്ഞു? കമ്പനി അറിയാത്ത പദ്ധതി മുഖ്യമന്ത്രിയുടെ മേശയിൽ എങ്ങനെ എത്തി? ആ കപ്പൽശാലയിലെ കപ്പൽ കടലിൽ ഇറങ്ങുന്നതിന് മുമ്പ് പദ്ധതി വാർത്തയിൽ ഇറങ്ങിയോ?

നിക്ഷേപ വാർത്തയോ, നിക്ഷേപകർക്ക് സിഗ്നലോ?

ഈ പ്രഖ്യാപനത്തിന് ഒരു രാഷ്ട്രീയ പശ്ചാത്തലവുമുണ്ട്. വിഴിഞ്ഞം തുറമുഖത്തിലെ അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി ലോകത്തിലെ വലിയ കണ്ടെയ്നർ ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിക്ക് കൈമാറാനുള്ള നീക്കം വിവാദമായിരുന്നു. ആ ഇടപാടിനെക്കുറിച്ച് സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിച്ചില്ലെന്ന അസംതൃപ്തി സർക്കാർ പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെ, നിക്ഷേപകർ കേരളത്തെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാനായി ടാറ്റ നിർദേശത്തെക്കുറിച്ചുള്ള വിവരം നിയന്ത്രിതമായി പുറത്തുവിട്ടതാണെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞതായി മനോരമയുടെ ഒരു വാർത്തയിൽ ജാമ്യമെടുത്തിട്ടുണ്ട്.

അതായത്, നിക്ഷേപകരെ ആശ്വസിപ്പിക്കാൻ വാർത്ത ഇറക്കിയതാണെങ്കിൽ, വാർത്തയ്ക്കുതന്നെ നിക്ഷേപമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. നിക്ഷേപകവിശ്വാസം ഉണ്ടാക്കാൻ പറഞ്ഞ കഥ, കമ്പനി വൃത്തങ്ങളിൽനിന്നുള്ള നിഷേധത്തോടെ സർക്കാർവിശ്വാസ്യതയെ തന്നെയാണ് പരീക്ഷിക്കുന്നത്.

കപ്പൽശാലയ്ക്ക് വേണ്ടത് പ്രസ്താവനയല്ല, ഭൂമിയും കടൽമുഖവും

കപ്പൽനിർമാണ ക്ലസ്റ്റർ എന്നു പറയുന്നത് സാധാരണ വ്യവസായ പാർക്ക് അല്ല. വലിയ കപ്പൽശാലയും അനുബന്ധ വ്യവസായങ്ങളും കയറ്റിറക്ക സൗകര്യങ്ങളും വൻ അടിസ്ഥാനസൗകര്യങ്ങളും ചേർന്നതാണ് അത്. ഇ.ടി. ഇൻഫ്ര റിപ്പോർട്ട് പ്രകാരം, ഒരു ഗ്രീൻഫീൽഡ് കപ്പൽനിർമാണ ക്ലസ്റ്ററിന് ഏകദേശം 2 കിലോമീറ്റർ വാട്ടർഫ്രണ്ടും 2000 ഏക്കർ ഭൂമിയും ആവശ്യമാണ്. കേരളത്തിൽ അത്രയും അനുയോജ്യമായ ഭൂമിയും കടൽമുഖവും കണ്ടെത്തുക പ്രയാസകരമാണെന്ന് കപ്പൽനിർമാണ വ്യവസായവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ മുഖ്യമന്ത്രിയുടെ അവകാശവാദം വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. 2000 ഏക്കർ ഭൂമി എവിടെ? 2 കിലോമീറ്റർ വാട്ടർഫ്രണ്ട് എവിടെ? സ്ഥലം കണ്ടെത്തിയിട്ടുണ്ടോ? ഭൂമി ഏറ്റെടുക്കൽ തുടങ്ങി വെച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ, “ഭൂമി നൽകും” എന്ന വാക്ക് കടലിൽ വരച്ച വരയല്ലേ?

മറ്റു സംസ്ഥാനങ്ങൾ കപ്പൽ പണിയുമ്പോൾ കേരളം വാർത്ത പണിയുന്നു?

കേന്ദ്ര സർക്കാർ കപ്പൽനിർമാണ മേഖലയെ ശക്തിപ്പെടുത്താൻ വലിയ പദ്ധതികളുമായി മുന്നോട്ട് പോകുന്നുണ്ട്. ഗ്രീൻഫീൽഡ് കപ്പൽനിർമാണ ക്ലസ്റ്ററുകൾക്കായി തീരസംസ്ഥാനങ്ങൾ തമ്മിൽ മത്സരം നടക്കുകയാണ്. ഗുജറാത്തിലെ പോർബന്ദർ ജില്ലയിൽ ഗ്രീൻഫീൽഡ് കപ്പൽനിർമാണ ക്ലസ്റ്ററിനും വാദിനാറിൽ കപ്പൽപ്പണിശാലയ്ക്കും കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയം തത്വത്തിലുള്ള അനുമതി നൽകിയിട്ടുണ്ട്. വാദിനാറിലെ കപ്പൽപ്പണിശാല കൊച്ചിൻ ഷിപ്പ്‌യാർഡും ദീൻദയാൽ പോർട്ട് അതോറിറ്റിയും ചേർന്നാണ് വികസിപ്പിക്കുന്നത്.

അവിടെ കേന്ദ്രാനുമതി, പദ്ധതി, സ്ഥലം, സ്ഥാപനം, നിക്ഷേപ രൂപരേഖ — എല്ലാം മുന്നോട്ട് നീങ്ങുന്നു. കേരളത്തിൽ ഇപ്പോൾ കാണുന്നത് പ്രഖ്യാപനവും അതിനു പിന്നാലെ നിഷേധവുമാണ്. ഗുജറാത്തിൽ കപ്പൽശാലയ്ക്ക് അനുമതി; കേരളത്തിൽ കപ്പൽശാലയ്ക്ക് വാർത്താ തലക്കെട്ട്. വ്യത്യാസം ചെറുതല്ല.

ടാറ്റ വക്താവ് മിണ്ടിയില്ല; പക്ഷേ സംശയം ഉറക്കെ സംസാരിക്കുന്നു

ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ടിൽ ടാറ്റ സൺസ് വക്താവ് വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചതായി പറയുന്നു. അതേസമയം മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനമാക്കിയുള്ള വാർത്തകൾ പല മാധ്യമങ്ങളിലും വന്നിരുന്നു. ടാറ്റ കപ്പൽനിർമാണത്തിനും കപ്പൽപ്പണിശാലയ്ക്കും താൽപ്പര്യം പ്രകടിപ്പിച്ചെന്ന രീതിയിലും കേരള കൗമുദി ഉൾപ്പെടെ ചില മാധ്യമങ്ങൾ വാർത്ത നൽകി.

അതിനാൽ നിജസ്ഥിതി ഇപ്പോൾ ഇതാണ്: മുഖ്യമന്ത്രിയുടെ അവകാശവാദം ഉണ്ട്. അതിനെ അടിസ്ഥാനമാക്കിയ വാർത്തകൾ ഉണ്ട്. ടാറ്റയുടെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. മറിച്ച്, ടാറ്റയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച നിഷേധ റിപ്പോർട്ട് ഉണ്ട്. ഇത്തരത്തിൽ നിൽക്കുമ്പോൾ 10,000 കോടി രൂപയുടെ പദ്ധതി ഉറപ്പായി പ്രഖ്യാപിക്കുന്നത് ഉത്തരവാദിത്തമുള്ള ഭരണഭാഷയല്ല.

സർക്കാർ പുറത്തുവിടേണ്ട രേഖകൾ

ഇപ്പോൾ സർക്കാർ ചെയ്യേണ്ടത് ലളിതമാണ്. പ്രസ്താവനകളുടെ കപ്പൽക്കളി നിർത്തി രേഖകൾ പുറത്തുവിടണം.

ടാറ്റ ഗ്രൂപ്പിൽനിന്ന് ഔദ്യോഗിക നിർദേശം ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏത് കമ്പനിയിലാണ് നിന്ന്? ഏത് തീയതിയിലാണ്? ഏത് വകുപ്പിനാണ്? കത്ത് നമ്പർ എന്ത്? പദ്ധതിരേഖ ഉണ്ടോ? ഡി.പി.ആർ. ആവശ്യപ്പെട്ടിട്ടുണ്ടോ? ഭൂമി കണ്ടെത്തിയിട്ടുണ്ടോ? കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് അപേക്ഷ നൽകിയിട്ടുണ്ടോ? ഒരു മാസത്തിനകം അനുമതി നൽകുമെന്ന ആത്മവിശ്വാസം ഏത് ഫയലിലാണ് നിൽക്കുന്നത്?

ഇവയ്ക്ക് മറുപടി നൽകാതെ “ചർച്ചകൾ നടക്കുന്നു” എന്ന മറുപടി പോര. കാരണം ഇത് ചായക്കടയിലെ ചർച്ചയല്ല. 10,000 കോടി രൂപയുടെ നിക്ഷേപം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പ്രഖ്യാപനഭരണത്തിൻ്റെ അപകടം

കേരളത്തിന് നിക്ഷേപം വേണം. കപ്പൽനിർമാണം പോലുള്ള തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ സംസ്ഥാനത്തിന് ആവശ്യവുമാണ്. വിഴിഞ്ഞവും കൊച്ചിയും ചേർന്നുള്ള സമുദ്രവ്യാപാര സാധ്യത കേരളം ഉപയോഗിക്കണം. പക്ഷേ നിക്ഷേപം വരുത്തേണ്ടത് വിശ്വാസ്യതയിലൂടെയാണ്; അതിശയോക്തിയിലൂടെ അല്ല.

ഒരു മുഖ്യമന്ത്രിയുടെ വാക്ക് വിപണിയിലും വ്യവസായലോകത്തും ഭരണകൂടങ്ങളിലും വിലയുള്ളതാണ്. ആ വാക്ക് രേഖകളില്ലാതെ പറന്നാൽ, അത് രാഷ്ട്രീയ പ്രസംഗത്തിൽ കൈയടി കിട്ടാമെങ്കിലും നിക്ഷേപ ലോകത്ത് സംശയം സൃഷ്ടിക്കും. ടാറ്റ പോലൊരു കമ്പനിയുടെ പേരിൽ പ്രഖ്യാപനം നടത്തുമ്പോൾ അതിന് പിന്നിൽ കൃത്യമായ ഔദ്യോഗിക അടിത്തറ വേണം.

കഥയിൽ കപ്പൽ ഉണ്ട്; കപ്പലിൽ കമ്പനി ഇല്ല

ഇപ്പോൾ പുറത്തുള്ള ചിത്രം ഇങ്ങനെയാണ്: മുഖ്യമന്ത്രിയുടെ വാക്കുകളിൽ കപ്പൽശാല ഉണ്ട്. വാർത്തകളിൽ 10,000 കോടി ഉണ്ട്. സർക്കാരിൻ്റെ ആവേശത്തിൽ ഭൂമി ഉണ്ട്. പക്ഷേ ടാറ്റ വൃത്തങ്ങളുടെ മറുപടിയിൽ പദ്ധതി കാണാനില്ല.

ഇത് ഒരു സാധാരണ തെറ്റിദ്ധാരണയാണെങ്കിൽ സർക്കാർ ഉടൻ വ്യക്തമാക്കണം. ചർച്ചയുടെ പ്രാരംഭഘട്ടത്തെ ഉറപ്പായ നിക്ഷേപമായി മുഖ്യമന്ത്രി അവതരിപ്പിച്ചതാണെങ്കിൽ അത് തിരുത്തണം. യഥാർത്ഥത്തിൽ ടാറ്റയുമായി രേഖാമൂലമുള്ള നിർദേശം ഉണ്ടെങ്കിൽ അത് പുറത്തുവിടണം. ഈ മൂന്നു വഴികളിൽ ഒന്നും സ്വീകരിക്കാതെ “മിഷൻ സമുദ്ര”യുടെ തിരമാലയിൽ പ്രഖ്യാപനം ഒഴുക്കിവിടുന്നത് ജനങ്ങളോടുള്ള ഉത്തരവാദിത്തമല്ല.

കേരളം കപ്പൽനിർമാണ കേന്ദ്രമാകട്ടെ. അതിൽ സംശയമില്ല. പക്ഷേ ആദ്യം സർക്കാർ ചെയ്യേണ്ടത് കപ്പൽ പണിയുന്നതല്ല; വിശ്വാസം പണിയുകയാണ്.

ഇപ്പോൾ 10,000 കോടിയുടെ ടാറ്റ കപ്പൽ കേരളത്തിൻ്റെ തീരത്ത് നങ്കൂരമിട്ടിട്ടില്ല.
അത് മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ കടലിൽ മാത്രം ഒഴുകുകയാണ്.
അവിടെ കാറ്റ് കൂടുതലാണ്. തെളിവ് കുറവാണ്.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.