HomeGOVERNANCEലൈക്കിന് അച്ച...

ലൈക്കിന് അച്ചടക്കനടപടി, സ്റ്റേഷനിൽ കയറി നിരങ്ങിയാൽ താമ്രപത്രം

-

Reading Time: 4 minutes

ഒരു ഫേസ്ബുക്ക് പോസ്റ്റ്. അതിനു കീഴിൽ ഒരു ‘ലൈക്ക്’. അത്രയേ വേണ്ടിവന്നുള്ളൂ തിരുവല്ലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ആർ.പി.അരവിന്ദിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ. ‘അരവിന്ദ് അഭയം’ എന്ന ഫേസ്ബുക്ക് പ്രൊഫൈൽ അരവിന്ദിന്റേതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും, സി.പി.എം. നേതാവ് ഐ.പി.ബിനുവിന്റെ കുറിപ്പിന് ലൈക്ക് ചെയ്തതിലൂടെ പൊലീസ് സേനയുടെ നിഷ്പക്ഷതയ്ക്കും പ്രതിച്ഛായയ്ക്കും മങ്ങലേറ്റെന്നുമാണ് സസ്പെൻഷൻ ഉത്തരവിലെ ന്യായീകരണം. അരവിന്ദിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവ് പറയുന്നു. അതായത് കേരള പൊലീസിന്റെ പുതിയ അച്ചടക്കസമവാക്യം ഇങ്ങനെ വായിക്കാം: ഫേസ്ബുക്കിൽ വിരൽ ഒന്നു തൊട്ടാൽ — സസ്പെൻഷൻ. പൊലീസ് സ്റ്റേഷനിലേക്ക് സംഘം കയറുകയും പൊലീസ് വാഹനം തടയുകയും കസ്റ്റഡിയിലുള്ളയാളുടെ അടുത്തെത്തുകയും ചെയ്താൽ ഒരു പ്രശ്നവുമില്ല. ഒടുവിൽ ആ കടന്നുകയറ്റത്തിന്റെ ദൃശ്യങ്ങൾ വരുമ്പോൾ അന്വേഷണം എന്ന നാടകം. ഈ രണ്ടു സംഭവങ്ങളും ഒരേ പൊലീസ് സംവിധാനത്തിനകത്താണ് നടക്കുന്നത് എന്നതാണ് വിരോധാഭാസം.

ബിനു എഴുതിയത് പൊലീസിനെതിരെയോ?

അരവിന്ദ് ലൈക്ക് ചെയ്തുവെന്ന പേരിൽ നടപടി നേരിട്ട ഐ.പി.ബിനുവിന്റെ കുറിപ്പ് പൊലീസ് സേനയെ ഒന്നടങ്കം അപമാനിക്കുന്നതല്ല. ഒരു പ്രത്യേക പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തെ വിമർശിക്കുകയും പൊലീസ് സേനയുടെ മാന്യത സംരക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് അതിന്റെ ഉള്ളടക്കം. സസ്പെൻഷനിലേക്കു നയിച്ചതായി ചൂണ്ടിക്കാട്ടപ്പെടുന്ന കുറിപ്പ് ഇങ്ങനെ:

ക്രമസമാധാന ചുമതലയിലുള്ള ഒരു പൊലീസുദ്യോഗസ്ഥൻ ഒരു വിദ്യാർഥിസംഘടന പ്രതിനിധിയോട് സംസാരിക്കുന്ന ഫോൺ സംഭാഷണം കേട്ടു, അത് കേവലം ഒരു വ്യക്തിഗത വീഴ്ചയല്ല; മറിച്ച്, ജനാധിപത്യ സമൂഹത്തിൽ ക്രമസമാധാനപാലകർ പാലിക്കേണ്ട അടിസ്ഥാനപരമായ പെരുമാറ്റച്ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവിനോട് ഉദ്യോഗസ്ഥൻ നടത്തുന്ന പ്രകോപനപരമായ സംസാരം പൊലീസിന്റെ റൂൾ ബുക്കിനും സർവീസ് ചട്ടങ്ങൾക്കും നിരക്കാത്തതാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതും, നിയമവാഴ്ച ഉറപ്പുവരുത്തേണ്ടതും പൊലീസിന്റെ ചുമതലയാണ്. എന്നാൽ, അധികാരത്തിന്റെ ബലത്തിൽ പൗരന്മാരോട്, പ്രത്യേകിച്ച് ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർത്ഥി സമൂഹത്തോട് അപമര്യാദയായും പ്രകോപനപരമായും സംസാരിക്കുന്നത് അവരുടെ ഔദ്യോഗിക പദവിക്ക് ചേർന്നതല്ല. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്കും അഭിപ്രായപ്രകടനങ്ങൾക്കും നേരെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ വാചികമായ പ്രകോപനങ്ങൾ സൃഷ്ടിക്കുമ്പോൾ, അത് വലിയ ക്രമസമാധാന പ്രശ്നങ്ങളിലേക്ക് വഴിതുറക്കാനേ ഉപകരിക്കൂ. നിയമത്തിന്റെ അതിർവരമ്പുകൾ കാത്തുസൂക്ഷിക്കേണ്ടവർ തന്നെ അത് ലംഘിക്കുമ്പോൾ, പൊതുജനങ്ങൾക്ക് പൊലീസ് സംവിധാനത്തിലുള്ള വിശ്വാസമാണ് തകരുന്നത്. ഈ സംഭവത്തിൽ ഉന്നത പൊലീസ് അധികാരികളും സർക്കാരും അടിയന്തരമായി ഇടപെടേണ്ടതുണ്ട്. ഭരണഘടനാപരമായ അതിരുകൾ ലംഘിച്ച് സംസാരിച്ച ഉദ്യോഗസ്ഥനെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുകയും, പൊതുജനങ്ങളോടും ജനപ്രതിനിധികളോടും പെരുമാറേണ്ട മാന്യതയെക്കുറിച്ച് പൊലീസ് സേനയിൽ കൃത്യമായ അവബോധം ഉറപ്പുവരുത്തുകയും വേണം.

ഇതിൽ പൊലീസ് സേനയെ തകർക്കാനുള്ള ആഹ്വാനമില്ല; നിയമലംഘനത്തിന് പ്രേരണയില്ല; രഹസ്യ പൊലീസ് വിവരം പുറത്തുവിടുന്നില്ല. ഒരു ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തെ വിമർശിച്ച് പൊലീസ് സേന തന്നെ സ്വന്തം പെരുമാറ്റച്ചട്ടം പാലിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. അതിനെ ലൈക്ക് ചെയ്തതാണോ സേനയുടെ ‘മഹിമയ്ക്ക്’ ഭീഷണി എന്നതാണ് ചോദ്യം.

അതേ എസ്.ഐയുടെ പെരുമാറ്റത്തിൽ വീഴ്ചയെന്ന് പൊലീസ് തന്നെ

ഐ.പി.ബിനുവിന്റെ പോസ്റ്റിനു പിന്നിലുള്ള സംഭവത്തിൽ കന്റോൺമെന്റ് എസ്.ഐ. ജി.ഗോകുൽ എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ.നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതി ഉയർന്നിരുന്നു. “എന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽനിന്ന് നിന്നെ പൊക്കിക്കൊണ്ടുപോകും” എന്ന തരത്തിലുള്ള സംഭാഷണം പുറത്തുവന്നതോടെ എ.ഡി.ജി.പി. അന്വേഷണം പ്രഖ്യാപിച്ചു; സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോർട്ട് തേടി; എസ്.ഐയോടും വിശദീകരണം ആവശ്യപ്പെട്ടു. പിന്നാലെ വന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് എസ്.ഐയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചുവെന്നും ഫോൺ സംഭാഷണത്തിൽ ആഭ്യന്തരമന്ത്രിയുടെ പേര് പരാമർശിച്ചത് അനുചിതമാണെന്നും രേഖപ്പെടുത്തി. അപ്പോൾ ചോദ്യം സ്വാഭാവികമാണ്: ഒരു ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ വീഴ്ചയുണ്ടെന്ന് പൊലീസ് സംവിധാനത്തിന്റെ സ്വന്തം അന്വേഷണ റിപ്പോർട്ട് പറയുന്നു; അതേ പെരുമാറ്റത്തെ വിമർശിച്ച പോസ്റ്റിന് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ‘ലൈക്ക്’ ചെയ്തു; ഇപ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ടത് വിമർശിക്കപ്പെട്ട പെരുമാറ്റത്തിന്റെ ഉടമയല്ല, ലൈക്ക് ചെയ്തയാൾ. ഇതാണ് അച്ചടക്കത്തിന്റെ പുതിയ ഗണിതം.

പൊലീസ് ഉദ്യോഗസ്ഥർക്ക് സാധാരണ പൗരനെപ്പോലെ നിയന്ത്രണമില്ലാത്ത രാഷ്ട്രീയപ്രവർത്തന സ്വാതന്ത്ര്യമില്ലെന്നത് ശരിയാണ്. രാഷ്ട്രീയ സ്വഭാവമുള്ള പോസ്റ്റുകൾ പങ്കുവയ്ക്കുന്നതിനും ലൈക്ക് ചെയ്യുന്നതിനുമുള്ള നിയന്ത്രണങ്ങളും സർവീസ് ചട്ടങ്ങളിലുണ്ട്. അതുകൊണ്ട് അരവിന്ദിനോട് വിശദീകരണം തേടിയത് അസാധാരണമല്ല. പക്ഷേ അതിനു ശേഷമാണ് അനുപാതത്തിന്റെ ചോദ്യം ഉയരുന്നത്. ഒരു ‘ലൈക്ക്’ മാത്രം; പോസ്റ്റ് എഴുതിയത് അരവിന്ദല്ല; സ്വന്തം രാഷ്ട്രീയപ്രഖ്യാപനം പ്രസിദ്ധീകരിച്ചിട്ടില്ല; ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയിട്ടില്ല; കേസ് അന്വേഷണം അട്ടിമറിച്ചിട്ടില്ല; ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. എന്നിട്ടും നേരെ സസ്പെൻഷൻ. അച്ചടക്കനടപടിക്ക് ലഭ്യമായ എല്ലാ മാർഗങ്ങളിലും ഏറ്റവും കടുത്ത ഇടക്കാല നടപടികളിലൊന്നിലേക്ക് പോകേണ്ടത്ര എന്ത് ദോഷമാണ് ആ ഒറ്റ ‘ലൈക്ക്’ സേനയ്ക്ക് ഉണ്ടാക്കിയതെന്ന് ഉത്തരവ് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം.

വിരൽ ലൈക്ക് ബട്ടണിൽ; അച്ചടക്കത്തിന്റെ ഇടിമിന്നൽ

പൊലീസ് ഉദ്യോഗസ്ഥന്റെ വിരൽ ഫേസ്ബുക്കിലെ നീല ബട്ടണിൽ ഒന്നു തൊട്ടു. അച്ചടക്കസംവിധാനം ഞെട്ടി. സേനയുടെ പ്രതിച്ഛായ വിറച്ചു. നിഷ്പക്ഷത അപകടത്തിലായി. സസ്പെൻഷൻ ഉത്തരവ് പറന്നു. കേരള പൊലീസിന്റെ മുഴുവൻ വിശ്വാസ്യതയും ആ ഒരു തള്ളവിരലിന്റെ അഗ്രത്തിലായിരുന്നുവെന്ന മട്ടിൽ. പക്ഷേ അടൂരിലേക്ക് എത്തുമ്പോൾ ഇതേ അച്ചടക്കത്തിന്റെ കുതിരയ്ക്ക് പെട്ടെന്ന് കാലുവേദന.

ജൂലൈ 11ന് അടൂർ പൊലീസ് സ്റ്റേഷനിലുണ്ടായ സംഭവം മാസങ്ങൾക്കുശേഷമാണ് സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ വീണ്ടും പൊതുചർച്ചയായത്. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ അറസ്റ്റിലായ യുട്യൂബർ രാജൻ ജോസഫിനെ പൊലീസ് കൊണ്ടുവരുമ്പോൾ കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനം തടയുന്നതും അയാളുടെ അടുത്തേക്ക് നീങ്ങി ആക്രമിക്കുന്നതും സ്റ്റേഷൻ പരിസരത്തേക്ക് കൂട്ടമായി പ്രവേശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ശ്രീനാദേവി ലോക്കപ്പിനു സമീപമെത്തി രാജനുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്; അവർ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ചിട്ടുണ്ടെങ്കിലും സത്യമെന്താണെന്നത് പകൽ പോലെ വ്യക്തം. സംഭവദിവസം തന്നെ കേസ് രജിസ്റ്റർ ചെയ്തുവെന്നും ചിലരെ അറസ്റ്റ് ചെയ്തുവെന്നും ആഭ്യന്തരമന്ത്രി പിന്നീട് വ്യക്തമാക്കി. പക്ഷേ സംഭവം ജൂലൈയിൽ നടന്നിട്ടും സി.സി.ടി.വി. ദൃശ്യങ്ങൾ ഒക്ടോബർ അവസാനം പുറത്തുവന്ന ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയടക്കം പരിശോധിക്കാൻ ഡി.വൈ.എസ്‌.പി. തല വിശദാന്വേഷണം പ്രഖ്യാപിക്കുകയും ഡി.ജി.പി. റിപ്പോർട്ട് തേടുകയും ചെയ്തത് എന്നതും വസ്തുതയാണ്.

ഇവിടെ ‘ലൈക്ക്’ ഇല്ല; ക്യാമറ മാത്രമേയുള്ളൂ

ഇവിടെയാണ് താരതമ്യം ഒഴിവാക്കാനാകാത്തത്. തിരുവല്ലത്ത് തെളിവ് — ഒരു ഫേസ്ബുക്ക് ലൈക്ക്; നടപടി — സസ്പെൻഷൻ. അടൂരിൽ തെളിവ് — പൊലീസ് സ്റ്റേഷനിലെ സ്വന്തം സി.സി.ടി.വി.; നടപടി — മാസങ്ങൾക്കുശേഷം വിശദാന്വേഷണം. അടൂരിലെ സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്; അവർക്കെതിരെ അച്ചടക്കനടപടി വേണമോ എന്ന കാര്യത്തിൽ അന്തിമതീരുമാനം വന്നിട്ടില്ല. അപ്പോൾ അരവിന്ദിനോട് പ്രയോഗിച്ച അതിവേഗ അച്ചടക്കത്തിന്റെ മാനദണ്ഡം ഇവിടെ എന്തുകൊണ്ട് കാണുന്നില്ല എന്ന ചോദ്യം സ്വാഭാവികമാണ്.

അടൂർ സംഭവത്തിലെ ആദ്യ എഫ്.ഐ.ആറിൽ ഏകദേശം 20ഓളം ‘കണ്ടാലറിയാവുന്ന’ ആളുകളെക്കുറിച്ചാണ് പരാമർശമുണ്ടായിരുന്നത്. ശ്രീനാദേവിയുടെയും ഫെനി നൈനാന്റെയും പേരുകൾ ഉണ്ടായിരുന്നില്ല. അവരെ കണ്ടാലറിയാത്തതായിരിക്കാം! പിന്നീട് സി.സി.ടി.വി. പുറത്തുവന്നതോടെയാണ് അവരുടെ സാന്നിധ്യവും പൊലീസിന്റെ ഇടപെടലും വീണ്ടും ചോദ്യംചെയ്യപ്പെട്ടത്. എന്നാൽ അരവിന്ദിന്റെ കേസിൽ അത്ര ആശയക്കുഴപ്പമൊന്നുമില്ല. ‘അരവിന്ദ് അഭയം’ ആരുടേതെന്ന് കണ്ടെത്തി; ലൈക്ക് ആരിട്ടെന്ന് കണ്ടെത്തി; വിശദീകരണം തേടി; തൃപ്തിയായില്ല; സസ്പെൻഡ് ചെയ്തു. ഒരു ലൈക്കിന്റെ ഉടമയെ കണ്ടെത്താൻ കഴിയുന്ന സംവിധാനം, സ്വന്തം സ്റ്റേഷനിലെ സി.സി.ടി.വിയിൽ കാണുന്നവരെ തിരിച്ചറിയാനും അതേ വേഗത്തിൽ കഴിയണമെന്ന ചെറിയ പ്രതീക്ഷ പൊതുജനത്തിനുണ്ടാകുന്നത് തെറ്റാണോ?

അച്ചടക്കം ഒരേ തൂക്കത്തിലാകണം

ഒരു പൊലീസ് സേനയ്ക്ക് അച്ചടക്കം അനിവാര്യമാണ്; രാഷ്ട്രീയനിഷ്പക്ഷതയും വേണം; സമൂഹമാധ്യമങ്ങളിൽ ഉദ്യോഗസ്ഥർ നിയന്ത്രണം പാലിക്കേണ്ടതുമുണ്ട്. പക്ഷേ അച്ചടക്കം വിശ്വാസ്യത നേടുന്നത് ശിക്ഷയുടെ കാഠിന്യത്തിലൂടെയല്ല, അതിന്റെ ഒരേപോലുള്ള പ്രയോഗത്തിലൂടെയാണ്. ഒരു ഉദ്യോഗസ്ഥന്റെ ഒരു ക്ലിക്കിനെ സേനയുടെ പ്രതിച്ഛായയ്ക്ക് ഗുരുതര ഭീഷണിയായി കാണുകയും, പൊലീസ് സ്റ്റേഷനകത്ത് നടന്ന കൂടുതൽ ഗുരുതര സംഭവത്തിലെ പൊലീസ് വീഴ്ചയിൽ മാസങ്ങൾക്കുശേഷം മാത്രം അന്വേഷണം ‘തുടങ്ങുക’യും ചെയ്താൽ ജനങ്ങൾ താരതമ്യം ചെയ്യും. അത് രാഷ്ട്രീയമല്ല; സാമാന്യബുദ്ധിയാണ്.

ഐ.പി.ബിനുവിന്റെ പോസ്റ്റിന്റെ അവസാന ആവശ്യം പോലും പൊലീസിനെ തകർക്കുക എന്നതല്ല; “പൊതുജനങ്ങളോടും ജനപ്രതിനിധികളോടും പെരുമാറേണ്ട മാന്യതയെക്കുറിച്ച് പൊലീസ് സേനയിൽ കൃത്യമായ അവബോധം ഉറപ്പുവരുത്തണം” എന്നതാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ തെറ്റായി പെരുമാറിയാൽ അത് ചൂണ്ടിക്കാട്ടുന്നത് മുഴുവൻ സേനയെയും അപമാനിക്കുന്നതാണോ? അങ്ങനെയാണെങ്കിൽ പൊലീസ് സംവിധാനത്തിന്റെ സ്വന്തം സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടുകൾ എന്താണ് ചെയ്യുന്നത്? അവയും ‘സേനയെ വിമർശിക്കുന്ന രേഖകൾ’ ആണോ? അതിലെ വീഴ്ച കണ്ടെത്തലുകൾക്ക് ലൈക്ക് ചെയ്താൽ അടുത്ത സസ്പെൻഷൻ ആരുടേത്?

ആഭ്യന്തരവകുപ്പ് മറുപടി പറയണം

ആർ.പി.അരവിന്ദിന്റെ സസ്പെൻഷൻ പിൻവലിക്കണമോ എന്നത് വകുപ്പുതലവും നിയമപരവുമായ നടപടിക്രമത്തിലൂടെ തീരുമാനിക്കേണ്ടതാണ്. പക്ഷേ സർക്കാരും പൊലീസ് നേതൃത്വവും പൊതുസമൂഹത്തോട് ചില കാര്യങ്ങൾ വിശദീകരിക്കണം. ഒരു ഫേസ്ബുക്ക് ലൈക്ക് മാത്രം സസ്പെൻഷന് മതിയായ ഗുരുതര അച്ചടക്കലംഘനമാണെന്ന് തീരുമാനിച്ചത് ഏത് കൃത്യമായ മാനദണ്ഡത്തിലാണ്? ആ പോസ്റ്റിലെ ഏത് വാചകമാണ് പൊലീസ് സേനയെ അപകീർത്തിപ്പെടുത്തുന്നതായി കണ്ടെത്തിയത്? പോസ്റ്റിന്റെ വിഷയമായ എസ്.ഐയുടെ പെരുമാറ്റത്തിൽ സ്പെഷൽ ബ്രാഞ്ച് തന്നെ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ, അതിനെ അനുകൂലിച്ച ഒരു ലൈക്കിലൂടെ സേനയുടെ നിഷ്പക്ഷത എങ്ങനെയാണ് തകർന്നത്? അടൂർ പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ അതേ അച്ചടക്കത്തിന്റെ വേഗം അവിടെയും ഉണ്ടാകുമോ? ഇവയ്ക്ക് വ്യക്തമായ മറുപടി വേണം.

പൊലീസിന്റെ അച്ചടക്കം ഫേസ്ബുക്കിൽ മാത്രം ജീവിക്കുന്ന ഒന്നാകരുത്; പൊലീസ് സ്റ്റേഷനിലും അതുണ്ടാകണം. ഒരു ഉദ്യോഗസ്ഥന്റെ സ്വകാര്യ അക്കൗണ്ടിലെ ചെറിയ നീല അടയാളം കണ്ടെത്താൻ കഴിയുന്ന അതേ സംവിധാനം സ്വന്തം സ്റ്റേഷനിലെ വലിയ സി.സി.ടി.വി. സ്ക്രീനും കാണണം. ലൈക്ക് ചെയ്തയാളെ തിരിച്ചറിയാൻ മണിക്കൂറുകൾ മതി എങ്കിൽ പൊലീസ് വാഹനം തടയുന്നവരെയും സ്റ്റേഷൻ പരിസരത്ത് നിയമലംഘനം നടത്തുന്നവരെയും തിരിച്ചറിയാൻ മാസങ്ങൾ വേണ്ടിവരരുത്. അരവിന്ദിന്റെ ഒരു ‘ലൈക്ക്’ സേനയുടെ പ്രതിച്ഛായയെ തകർക്കുമെന്നാണ് സസ്പെൻഷൻ ഉത്തരവിന്റെ ആശങ്കയെങ്കിൽ, അച്ചടക്കത്തിലെ ഇരട്ട അളവുകോൽ അതിനേക്കാൾ വലിയ നാശമാണ് ആ പ്രതിച്ഛായയ്ക്ക് ഉണ്ടാക്കുക.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ജി-ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.