HomeFRIENDSHIPവിക്ടറിന് വിട...

വിക്ടറിന് വിട

-

Reading Time: < 1 minute

രാവിലെ വളരെ വൈകിയാണ് ഉണർന്നത്.
കൈയിലൊരു ചായക്കപ്പുമായി പതിവുപോലെ അലക്ഷ്യമായി സമൂഹമാധ്യമങ്ങൾ പരതുമ്പോൾ ആദ്യം കണ്ടത് മാധ്യമപ്രവര്‍ത്തകൻ വിക്ടർ ജോസഫിന് ആദരാജ്ഞലി അ‍ർപ്പിക്കുന്ന കാർ‍ഡാണ്.
ഞെട്ടിപ്പോയി..
ഉറപ്പാക്കാൻ ഇന്ത്യാവിഷനിലെ പഴയ സഹപ്രവർത്തകരുടെ INDIAVISION FAMILY വാട്ട്സാപ്പ് ഗ്രൂപ്പിൽ പോയി നോക്കി.
ശരിയാണ്..
വിക്ടർ പോയി..

എന്നിലെ എഴുത്താളൻ എന്നോടു തന്നെ ചോദിച്ചു.
എന്തെങ്കിലും എഴുതണ്ടേ?
വാക്കുകൾക്ക് ക്ഷാമം.
കണ്ണുകൾ നിറഞ്ഞ് കാഴ്ച മങ്ങുന്നു.
എനിക്കിത് പതിവുള്ളതല്ലല്ലോ!
വിക്ടറിൻ്റെ ചിരിക്കുന്ന മുഖം എൻ്റെ മുന്നിൽ.
എൻ്റെ അവസ്ഥ കണ്ട് അവൻ ചിരിക്കുകയാണ്.

വിക്ടറിൻ്റെ ചിത്രം പരതിയപ്പോൾ കിട്ടിയത് ഇന്ത്യാവിഷൻ മൈക്കുമായി നില്ക്കുന്നതാണ്.
തികച്ചും അനുയോജ്യമായ ചിത്രം.
കാരണം, വിക്ടറിലെ മാധ്യമപ്രവ‍‌ർത്തകൻ്റെ മികവ് ഏറ്റവും പ്രകടമായത് ഇന്ത്യാവിഷൻ കാലത്താണെന്ന് ഞാൻ വിശ്വസിക്കുന്നു.
ഞാനും വിക്ടറും ഇന്ത്യാവിഷനിൽ ഒരുമിച്ചുണ്ടായിരുന്നത് രണ്ടര വർഷം മാത്രമാണ്.
അതിൽ ഒരു ദിവസം പോലും ഒരിടത്ത് ഒരുമിച്ചു ജോലി ചെയ്തിട്ടില്ല.
എങ്കിലും ഞങ്ങൾ തമ്മിൽ എങ്ങനെയോ അടുത്ത സൗഹൃദമുണ്ടായിരുന്നു.

ഒരു വാർത്തയുടെ തുടർച്ചയായുണ്ടായ ഫോൺവിളിയിലൂടെയാണ് വിക്ടറിനെ പരിചയപ്പെടുന്നത്.
പിന്നീട് ആ വിളി പതിവായി.
ഞാൻ അവൻ്റെ ചേട്ടനായി, അവൻ അനിയനും.
വാർത്തയുടെ കാര്യങ്ങൾ മാത്രമല്ല, വ്യക്തിപരമായ വിഷയങ്ങളും ഞങ്ങൾ ചര്‍ച്ച ചെയ്തു -നേരിട്ട് തമ്മിൽ കാണുന്നതിന് എത്രയോ മുമ്പു തന്നെ.
ഒടുവിൽ അവൻ നേരിൽ ആദ്യമായി കണ്ട നിമിഷം ഒരിക്കലും മറക്കാനാവാത്തതായി.
ഒരു മനുഷ്യന് ഇങ്ങനൊക്കെ സ്നേഹം വിതറാൻ പറ്റുമോ?

ഇന്ത്യാവിഷനിൽ എല്ലാവരും കുടുംബാംഗങ്ങളായിരുന്നു.
നല്ല കാലത്ത് ഓരോരുത്തർക്കും സ്വന്തം കാലിൽ നില്ക്കാനാവും.
എന്നാൽ പ്രതിസന്ധിയാവുമ്പോൾ എല്ലാവരും പരസ്പരം താങ്ങാവും.
അങ്ങനെ ഒരു അടുത്ത ബന്ധം രൂപപ്പെടും.
ഇന്ത്യാവിഷനിലുള്ളവര്‍ മുഴുവൻ ഒരു കുടുംബമായത് അങ്ങനെയാണോ എന്നറിയില്ല.
അവിടെ പ്രതിസന്ധി ഒഴിഞ്ഞ കാലം അപൂര്‍വമായിരുന്നല്ലോ..
പക്ഷേ, വിക്ടറുമായുള്ള അടുപ്പം അങ്ങനെ മാത്രമായിരുന്നില്ല.
അവൻ അതുക്കും മേലെ ആയിരുന്നു.

ഇന്ത്യാവിഷൻ പ്രവർത്തനം നിലച്ചു.
ഞങ്ങൾ പലവഴിക്കു പിരിഞ്ഞു.
വിക്ട‌ർ ഇടയ്ക്കൊക്കെ വിളിക്കുമായിരുന്നു.
തിരക്കുകളിൽ ക്രമേണ അതു കുറഞ്ഞു, ഇല്ലാതായി.
പക്ഷേ, അവൻ എവിടെയോ ഉണ്ട് എന്നെനിക്കറിയാമായിരുന്നു.
എൻ്റെ ഫോൺബുക്കിൽ ഇപ്പോഴും അവൻ്റെ നമ്പ‌ർ Victor Joseph Indiavision എന്നു തന്നെയാണുള്ളത്.
എന്നെങ്കിലുമൊരിക്കൽ അവൻ വിളിച്ചാലോ!

ഇനി ആ വിളി വരില്ല..
വിക്ടര്‍ യാത്രയായിരിക്കുന്നു..
വിട.. പ്രിയ അനിയാ..

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.