Reading Time: 4 minutes

ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങള്‍ സ്വതന്ത്ര ഇടങ്ങളാണ്. അവിടെ ആര്‍ക്കും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. ആ അഭിപ്രായത്തോട് മറ്റുള്ളവര്‍ക്ക് യോജിക്കാം, വിയോജിക്കാം. ആ വിയോജനം രേഖപ്പെടുത്താം. എന്നാല്‍ ഒരാള്‍ ഇതേ പറയാവൂ, ഇത് പറയാന്‍ പാടില്ല എന്നൊക്കെ നിര്‍ബന്ധിച്ചാല്‍ ശരിയാവുമോ? ഈ നിര്‍ബന്ധമാണ് അസഹിഷ്ണുത. ഹിന്ദുത്വവാദികള്‍ക്കും സംഘികള്‍ക്കും സഹിഷ്ണുതയില്ല എന്നാണ് ഇടതുപക്ഷക്കാര്‍ ആക്ഷേപിക്കുന്നത്. എന്നാല്‍, ഇടതുപക്ഷക്കാരുടെ സഹിഷ്ണുത എന്താണെന്ന് കഴിഞ്ഞ ദിവസം ബോദ്ധ്യപ്പെട്ടു. ഇതാണ് സഹിഷ്ണുതയെങ്കില്‍ അസഹിഷ്ണുത എന്തായിരിക്കും!!

കഴിഞ്ഞ ദിവസം പ്രവാസികളായ രണ്ട് മുഖപുസ്തക സുഹൃത്തുക്കളുടെ അസഹിഷ്ണുത അസഹനീയമായപ്പോള്‍ അവരെ ഒഴിവാക്കുകയും അവരുടെ അധിക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് പോസ്റ്റിടുകയും ചെയ്തിരുന്നു. കൈയില്ലാത്തവന്‍ കൈ വെച്ചുകെട്ടി അടി കൊടുക്കുന്ന രീതിയിലായിരുന്നു അവരുടെ ഇടപെടല്‍. ഒരു എതിര്‍കക്ഷി ബഹുമാനമില്ലാതെയുള്ള പെരുമാറ്റം അംഗീകരിക്കാനാവുമായിരുന്നില്ല. സി.പി.എം. സൈബര്‍ ഗുണ്ടകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അവരെ അണ്‍ഫ്രണ്ട് ചെയ്തതിനാല്‍ എന്റെ പോസ്റ്റില്‍ ടാഗ് ചെയ്യാനാവുമായിരുന്നില്ല. ഇന്‍ബോക്‌സില്‍ അവര്‍ക്ക് മറുപടി നല്‍കി ദീര്‍ഘമായ വാദപ്രതിവാദത്തിനു താല്പര്യമുണ്ടായിരുന്നില്ല എന്നതിനാലാണ് പരസ്യമായി പോസ്റ്റിട്ടത്. ഞാന്‍ ഉദ്ദേശിക്കുന്നത് ആരെയാണെന്ന് അവര്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും വ്യക്തമായി മനസ്സിലാവുന്ന തരത്തിലായിരുന്നു പോസ്റ്റ്.

FB.jpg

എന്റെ ലക്ഷ്യം നിറവേറി. അവര്‍ രണ്ടു പേരും എന്റെ പോസ്റ്റ് കാണുകയും അതിനോട് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. അവരുമായി കൂടുതല്‍ തര്‍ക്കിക്കുന്നത് ഒഴിവാക്കാന്‍ ആ പോസ്റ്റ് ഞാന്‍ ഹൈഡ് ചെയ്തിട്ടു. അല്പം കഴിഞ്ഞപ്പോള്‍ തല്പരകക്ഷികള്‍ പ്രചാരണവുമായിറങ്ങി -‘വി.എസ്.ശ്യാംലാല്‍ പ്രവാസികളെ മുഴുവന്‍ അധിക്ഷേപിച്ചു’. വ്യക്തമായ സൂചനയോടെ രണ്ടു പേര്‍ക്കു നല്‍കുന്ന മറുപടി എങ്ങനെ പ്രവാസികള്‍ക്കു മുഴുവനുള്ളതാവും എന്നു മനസ്സിലായില്ല. എന്താണ് പോസ്റ്റില്‍ എഴുതിയിരിക്കുന്നത് എന്ന് ശ്രദ്ധിച്ചു വായിച്ചു പോലും നോക്കാതെ എല്ലാവരും ആക്രമണവുമായിറങ്ങി. ലോകത്ത് ഏറ്റവും നന്നായി പുലഭ്യം പറയാനറിയാവുന്നത് മലയാളികളായ പ്രവാസികള്‍ക്കാണെന്ന് എനിക്കു ബോദ്ധ്യമായി. മരിയ ഷറപ്പോവ അന്തംവിട്ടുപോയതില്‍ അത്ഭുതമില്ല.

സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ശത്രുപക്ഷത്തായ രണ്ട് സി.പി.എം. സൈബര്‍ ഗുണ്ടകള്‍ നടത്തിയ ആസൂത്രിതമായ നീക്കം പൊലിപ്പിച്ചത് സംഘികളും കൊങ്ങികളുമായ പ്രവാസികളാണ് എന്നതാണ് രസകരം. The Sanghis and Congis were very easily taken for a ride by the Commis!! പുലഭ്യപ്രക്ഷേപണത്തില്‍ സംഘികളായിരുന്നു മുന്‍നിരയില്‍. വഴിമുട്ടിയ കേരളത്തിന് ബി.ജെ.പി. വഴികാട്ടുമെന്ന് വീണ്ടും ബോദ്ധ്യമായ നിമിഷങ്ങള്‍.

എന്റെ പോസ്റ്റിനു താഴെ പുലഭ്യം പ്രോത്സാഹിപ്പിക്കാനാവില്ല എന്നതിനാല്‍ അതെല്ലാം ഞാന്‍ തത്സമയം ഡിലീറ്റ് ചെയ്തു. വേറെ പണിയൊന്നുമില്ലാത്തതിനാല്‍ അതു കൃത്യമായി ചെയ്യാനായി. പുലഭ്യം വിഷയമാക്കി ഗവേഷകബിരുദം നേടിയ മിടുക്കന്മാരെ നിഷ്‌കരുണം ബ്ലോക്ക് ചെയ്തു. നേരിട്ടു പരിചയമില്ലാത്തവരെ സൗഹൃപട്ടികയില്‍ നിന്നൊഴിവാക്കുന്ന പ്രക്രിയ കുറച്ചുദിവസമായി നടക്കുന്നുണ്ട്. ഈ സംഭവം അത് ത്വരിതഗതിയിലാക്കി. പുലഭ്യം പറഞ്ഞവരുടെ കൂട്ടത്തില്‍ സുഹൃത്തുക്കളുമുണ്ടായിരുന്നു. എന്നെ പുലഭ്യം പറയുന്നവരെ സുഹൃത്ത് എന്നു വിശേഷിപ്പിക്കേണ്ട കാര്യമില്ലല്ലോ. പക്ഷേ, എല്ലാവരുടെയും കമന്റുകള്‍ ഓടിച്ചു വായിച്ചതിനൊപ്പം അവര്‍ ആരൊക്കെയാണെന്ന് പ്രൊഫൈല്‍ നോക്കി ഉറപ്പുവരുത്തിയിരുന്നു. ഭാവിയില്‍ ഈ ചെന്നായ്ക്കള്‍ ആട്ടിന്‍തോലിട്ടു വന്നാല്‍ എനിക്ക് അബദ്ധം പറ്റരുതല്ലോ.

SIYA 2.jpg

അപ്പോഴാണ് ഒരു കമന്റ് ശ്രദ്ധയില്‍പ്പെട്ടത്. ‘നിനക്ക് പോയി ചത്തൂടേടാ..?’ എഴുതിയാളുടെ പ്രൊഫൈല്‍ എടുത്തു. ഒരു കൊച്ചു പയ്യനാണ് -‘ഉമ്മയുടെ സ്വന്തം സിയ‘. അവനെക്കുറിച്ചുള്ള വിവരണം കണ്ട് ഞെട്ടി. എസ്.എഫ്.ഐ. എന്ന സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഏരിയാ കമ്മിറ്റി അംഗമാണ്. സി.പി.എമ്മിനോട് ‘ആഭിമുഖ്യമുള്ള’ വിദ്യാര്‍ത്ഥി സംഘടനയാണ് എസ്.എഫ്.ഐ. പൊതു ഇടങ്ങളിലെ പെരുമാറ്റത്തില്‍ കര്‍ശനമായ അച്ചടക്കമാനകങ്ങള്‍ പുലര്‍ത്തുന്ന സംഘടനയാണ്. പൊതു പെരുമാറ്റത്തില്‍ പാളിച്ച വന്നാല്‍ സംഘടനാനടപടി ഉറപ്പ്. ആ സംഘടനയുടെ നേതാവ് എന്നു പറയുന്ന ചെറുപ്പക്കാരന്റെ പരസ്യപ്രതികരണം എനിക്ക് ശ്ശി ബോധിച്ചു. അവനു പ്രകോപനം തോന്നാനുള്ള കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതാകാം കാരണം. ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടന ഇന്ന് എത്രമാത്രം വളര്‍ന്നിരിക്കുന്നു എന്നു കണ്ടപ്പോള്‍ സന്തോഷം തോന്നി. എന്തൊരു സഹിഷ്ണുത!! പഴയ എസ്.എഫ്.ഐക്കാരനാണ് എന്നു പറഞ്ഞതിനാല്‍ ഒരു കാര്യം കൂടി അനുബന്ധമായി പറയാം, ഇപ്പോള്‍ എനിക്ക് ഒരു രാഷ്ട്രീയ കക്ഷിയോടും പ്രതിപത്തിയില്ല. അതിനാല്‍ നരേന്ദ്ര മോദിയെയും പിണറായി വിജയനെയും ഉമ്മന്‍ ചാണ്ടിയെയുമെല്ലാം ഒരേ പ്ലാറ്റ്‌ഫോമില്‍ അണിനിരത്തുന്നതിന് ബുദ്ധിമുട്ടുമില്ല.

SIYA 1.jpg

പ്രിയപ്പെട്ട പ്രവാസികളെ. നിങ്ങളോട് എനിക്ക് പുച്ഛമാണെന്ന് നിങ്ങളില്‍ ചിലര്‍ കമന്റുകളില്‍ പറഞ്ഞുകണ്ടു. ഞാന്‍ നിങ്ങളെ എന്തിന് പുച്ഛിക്കണം എന്നുകൂടി പറഞ്ഞുതരൂ. കമന്റുമായി വന്നവരില്‍ ഭൂരിപക്ഷത്തിനും എന്നെ അറിയില്ല. അങ്ങനെ എല്ലാവരും അറിയാന്‍മാത്രം സവിശേഷതകളൊന്നും എനിക്കില്ല താനും. അണ്ടര്‍വെയര്‍ കഴുകുന്നതും കണ്ണട വെച്ചുകൊടുക്കുന്നതും പോലെ ഒരു ജോലിയാണ് മാധ്യമപ്രവര്‍ത്തനവും. ഏതു തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്ന് ചിലര്‍ ഉദ്‌ഘോഷിച്ചുകണ്ടു. പഠിക്കുന്ന കാലത്തു തന്നെ അതു നന്നായി ബോദ്ധ്യപ്പെട്ടയാളാണു ഞാന്‍. സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍ പണി ചെയ്താണ് ഞാന്‍ പഠനം പൂര്‍ത്തിയാക്കിയത്. എഴുതാനറിയാവുന്നതു കൊണ്ടും എഴുതാനുള്ള ആഗ്രഹം കൊണ്ടും പത്രപ്രവര്‍ത്തകനായി. ഇന്നുവരെ ഞാനെഴുതിയതു കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ദോഷമുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കൂ. നേട്ടമുണ്ടായിട്ടുള്ള എത്ര പേരെ വേണമെങ്കിലും ഞാന്‍ കാണിച്ചുതരാം. മൂന്നു മാസമായി ശമ്പളം കിട്ടാതിരുന്ന ചില മാധ്യമപ്രവര്‍ത്തക സുഹൃത്തുക്കള്‍ക്ക് എന്റെ എഴുത്തു നിമിത്തം ശമ്പളം ലഭിക്കുന്ന സാഹചര്യമുണ്ടായത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

എല്ലാ സമൂഹത്തിലും പുഴുക്കുത്തുകളുണ്ട്. പ്രവാസികളിലുണ്ട്, അഭിഭാഷകരിലുണ്ട്, മാധ്യമപ്രവര്‍ത്തകരിലുമുണ്ട്. അത്തരം പുഴുക്കുത്തുകളെ മാറ്റി നിര്‍ത്തിയാല്‍ മാത്രമേ ബന്ധപ്പെട്ട സമൂഹത്തിന് നിലനില്‍പ്പുള്ളൂ. നിങ്ങളുടെ കൂട്ടത്തിലുള്ള രണ്ട് പുഴുക്കുത്തുകളെയാണ് ഞാന്‍ തിരഞ്ഞുപിടിച്ച് വിമര്‍ശിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തിലെ ചില പുഴുക്കുത്തുകള്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങിയതും ഇപ്പോള്‍ കണ്ടു. ഭീഷണിപ്പെടുത്തി പണപ്പിരിവ് ശീലമാക്കിയതിന്റെ പേരില്‍ പൊതുധാരയിലുള്ള മാധ്യമപ്രവര്‍ത്തകര്‍ അകറ്റിനിര്‍ത്തിയിരിക്കുന്ന ഒരു ‘മാധ്യമപ്രവര്‍ത്തകന്‍ (??!!!!)’ എനിക്കെതിരെ വാര്‍ത്ത പടച്ചിരിക്കുന്നു. എന്നെ മാധ്യമപ്രവര്‍ത്തക സുഹൃത്തുക്കള്‍ കൈവിട്ടുവത്രേ. എന്റെ സുഹൃത്തുക്കളുടെ പിന്തുണ ആവശ്യമായ സാഹചര്യം എന്താണുണ്ടായത് എന്നുകൂടി പറഞ്ഞുതന്നാല്‍ ഉപകാരമായി.

എന്താണ് പ്രവാസം? ജീവിതം കരുപ്പിടിപ്പിക്കുന്നതിനായി ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് മറ്റൊരുനാട്ടില്‍ പോയി കഷ്ടപ്പെടുക. അതു കേരളത്തിലെ മറ്റൊരു ജില്ലയിലാകാം, ഇന്ത്യയിലെ മറ്റൊരു നഗരത്തിലാവാം, ലോകത്തെ മറ്റൊരു രാജ്യത്താകാം. ആ കണക്കില്‍ നോക്കുകയാണെങ്കില്‍ ജീവിതത്തില്‍ വലിയൊരു ഭാഗം പ്രവാസി തന്നെയായിരുന്നു ഞാനും. തിരുവനന്തപുരത്തുകാരനായ ഞാന്‍ സ്വന്തം നാട്ടില്‍ കാലുറപ്പിച്ചിട്ട് അധികകാലമായിട്ടില്ല. അതുവരെ ഓട്ടം തന്നെയായിരുന്നു. ദുബായിലും സൗദി അറേബ്യയിലും അമേരിക്കയിലും യൂറോപ്പിലുമൊന്നും ആയിരുന്നില്ലെങ്കിലും കുടുംബത്തെ പിരിഞ്ഞിരിക്കുന്നതിന്റെ വേദന അനുഭവിച്ചിട്ടുണ്ട്. ആ വേദന ഇനി വേണ്ട എന്നതിനാല്‍ത്തന്നെയാണ് മാതൃഭൂമിയിലെ ജോലി വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ച് മുതലാളിയുടെ മുഖത്ത് രാജിക്കത്ത് എറിഞ്ഞുകൊടുത്തിട്ട് ഇറങ്ങിപ്പോന്നത്. അന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ ബഹുമാന്യനായ വീരേന്ദ്രകുമാര്‍ ഇപ്പോഴും ഉട്ടോപ്യയിലും ഉഗാണ്ടയിലും തട്ടിക്കളിച്ച് സന്തോഷിക്കുന്നുണ്ട്.

പ്രവാസികള്‍ പാവങ്ങളാണ്. നിങ്ങളെ ആര്‍ക്കും എളുപ്പത്തില്‍ പറ്റിക്കാം. നാടിനെയും അവിടെയുള്ള കുടുംബത്തെയും കുറിച്ച് എപ്പോഴും ചിന്തിക്കുന്ന നിങ്ങളുടെ നിര്‍മ്മല മനസ്സുകളിലേക്ക് ആര്‍ക്കും എളുപ്പത്തില്‍ വിഷം കുത്തിവെയ്ക്കാം എന്നു വരുന്നത് ശരിയല്ല. നിങ്ങളോട് ഒരഭ്യര്‍ത്ഥനയെ ഉള്ളൂ. ഞാന്‍ ആദ്യം എഴുതിയിടുകയും പിന്നീട് നീക്കുകയും ചെയ്ത പോസ്റ്റ് ഒരിക്കല്‍ക്കൂടി മനസ്സിരുത്തി വായിക്കൂ. എന്നിട്ടു തീരുമാനിക്കൂ ഞാനാണോ നിങ്ങളുടെ മനസ്സില്‍ ബുദ്ധിപൂര്‍വ്വം വിഷം കുത്തിവെച്ചവരാണോ തെറ്റു ചെയ്തതെന്ന്. അല്ല, ഇനിയെന്തു തീരുമാനിക്കാന്‍? ആദ്യം തല്ലിക്കൊന്നിട്ട് പിന്നീട് പ്രഥമശുശ്രൂഷാ ഉപകരണം തേടുന്നതില്‍ കാര്യമില്ലല്ലോ!

expatriation 1.jpg

രണ്ടു കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഇനി എന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്റെ സുഹൃത്തുക്കള്‍ മാത്രം വായിച്ചാല്‍ മതി എന്നു തീരുമാനിച്ചു. പോസ്റ്റ് മുക്കിയോ എന്നൊക്കെ ചോദിച്ചുകൊണ്ട് വരണ്ട. ഒന്നും മുക്കിയിട്ടില്ല. നിങ്ങള്‍ക്കു കാണാന്‍ പറ്റില്ല എന്നേയുള്ളൂ. നാട്ടുകാരെക്കൊണ്ട് മുഴുവന്‍ വായിപ്പിച്ച് പ്രശസ്തനാവാന്‍ ആഗ്രഹിക്കുന്നില്ല. ഫേസ്ബുക്ക് പേജ് തല്‍ക്കാലം ഇന്ത്യയിലുള്ളവര്‍ മാത്രം വായിക്കട്ടെ. പുലഭ്യപ്രക്ഷേപണം പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ബാക്കി വരുന്നിടത്തുവെച്ചു കാണാം.

Previous articleഐസ്ക്രീം അലിഞ്ഞുതീരുമോ?
Next articleപുലഭ്യം സ്വാതന്ത്ര്യമല്ല
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here